അതിശയിപ്പിക്കും അഗോഡ കോട്ട
Tuesday, January 10, 2023 4:46 PM IST
സഞ്ചാരികളുടെ മനംമയക്കുന്ന സ്വപ്നസുന്ദരി....ഗോവ! രാജ്യത്തെ മറ്റു വിനോദസഞ്ചാരകേന്ദ്രങ്ങളില്നിന്നു ഗോവയെ വ്യത്യസ്തമാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. വിദേശഭരണകാലത്തെ നിര്‍മിതികള്‍ മുതല്‍ ആധുനികവത്ക്കരിച്ച ബീച്ചുകള്‍ വരെ ഗോവയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നു.
ഗോവയിലെത്തിയാല്‍ ഒരിക്കലും കാണാന്‍ വിട്ടുപോകരുത് അഗോഡ കോട്ട. ആരെയും അതിശയിപ്പിക്കുകയും ആകര്‍ഷിക്കുകയും ചെയ്യുന്ന നിര്‍മിതയാണ് അഗോഡ കോട്ട. ഇന്ത്യയിലെ മനോഹരമായ പൈതൃക നിര്‍മിതികളിലൊന്നാണ് അഗോഡയിലെ കോട്ട. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണ് കോട്ട പരിപാലിച്ചുപോരുന്നത്.
1612ലാണ് അഗോഡ കോട്ട നിര്‍മിക്കുന്നത്. ഡച്ചുകാരില്നിന്നുള്ള ആക്രമണങ്ങള്‍ ചെറുക്കാനാണ് പോര്‍ട്ടുഗീസുകാര്‍ ഇവിടെ കോട്ട പണിതുയര്‍ത്തിയത്. കണ്ടോലിം ബീച്ചിന് തെക്കുഭാഗത്തായി മണ്ഡോവി നദിയുടെ തീരത്താണ് കോട്ട സ്ഥിതിചെയ്യുന്നത്. കോട്ടയ്ക്കകത്തുള്ള നീരുറവയില്നിന്നാണ് അതിന് അഗോഡ എന്നു പേരു വരാന്‍ കാരണം. അഗോഡ എന്നാല്‍ പോര്‍ട്ടുഗീസ് ഭാഷയില്‍ ജലമുള്ളത് എന്നാണര്‍ഥം.
കോട്ടയ്ക്കകത്ത് 1864ല്‍ സ്ഥാപിച്ച ലൈറ്റ് ഹൗസ് ഏഷ്യയിലെതന്നെ ഏറ്റവും വലിയ ലൈറ്റ് ഹൗസുകളില്‍ ഒന്നാണ്. അക്കാലത്തു ചരക്കുനീക്കങ്ങളുമായി ബന്ധപ്പെട്ട യുറോപ്യന്‍ രാജ്യങ്ങളില്‍നിന്നെത്തുന്ന കപ്പലുകള്‍ കോട്ടയുമായി ഇടപാടുകള്‍ നടത്തിയിരുന്നു. കോട്ടയില്‍നിന്നാണ് കപ്പലിലേക്ക് ആവശ്യമായ ശുദ്ധജലം ശേഖരിച്ചിരുന്നത്.
കോട്ടയെ രണ്ടുഭാഗങ്ങളായി തിരിച്ചിരുന്നു. മുകള്‍ത്തട്ട് കപ്പലുകള്‍ക്ക് വെള്ളം നിറയ്ക്കാനുള്ള ഭാഗമായി മാറ്റി. കോട്ടയുടെ താഴ്ത്തട്ട് പോര്‍ട്ടുഗീസ് കപ്പലുകള്‍ക്ക് സുരക്ഷിതമാക്കി വയ്ക്കാനുള്ള ഭാഗമായിരുന്നു. അടിയന്തരസാഹചര്യങ്ങളില്‍ രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളും കോട്ടയിലുണ്ട്.
പോര്‍ട്ടുഗീസിലെ സലസാര്‍ ഭരണകാലത്ത് കോട്ടയെ ജയിലാക്കി മാറ്റി. സലസാറുടെ രാഷ്ട്രീയ എതിരാളികളെ ഇവിടെയെത്തിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അഗോഡയുടെ ഒരു ഭാഗം സെന്‍ട്രല്‍ ജയിലായും പ്രവര്‍ത്തിക്കുന്നു. 2015വരെ ഗോവയിലെ ഏറ്റവും വലിയ ജയിലായിരുന്നു അഗോഡ.
കണ്ടോലിം ബീച്ചും കോട്ടയും ലൈറ്റ് ഹൗസും കാണാന്‍ വിനോദസഞ്ചാരികള്‍ ധാരാളമായി എത്തുന്നു. എത്നിക് വസ്ത്രങ്ങളും മറ്റും ലഭിക്കുന്ന തിരക്കേറിയ മാര്‍ക്കറ്റും അഗോഡയിലുണ്ട്. ഗോവയില്‍ നിന്നു വളരെയെളുപ്പം കോട്ടയിലും ബീച്ചിലുമെത്താം. എയര്‍പോട്ടില്‍നിന്നും റെയില്‍വേ സ്റ്റേഷനില്‍ നിന്നും അഗോഡ കോട്ടയിലെത്താന്‍ ടാക്സികള്‍ ലഭിക്കും.