അമ്മത്തണലിൽ....
Wednesday, January 25, 2023 6:11 PM IST
""അമ്മയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനം. കണ്ണൂരിലെ കക്കാട് എന്ന ഗ്രാമപ്രദേശത്ത് വളർന്ന അമ്മയ്ക്ക് ഔപചാരികമായ വലിയ വിദ്യാഭ്യാസം ഒന്നും ഉണ്ടായിരുന്നില്ല. എങ്കിലും സംസ്കൃതത്തിൽ അറിവുണ്ടായിരുന്നു. എന്റെ കുട്ടിക്കാലത്ത് മഹാഭാരതവും ഭഗവത്ഗീതയും അമ്മ വായിച്ചു തന്നു.
നമ്മുടെ പുരാണേതിഹാസങ്ങൾ നൽകുന്ന മഹത്തരങ്ങളായ സന്ദേശങ്ങൾ അന്നേ മനസിലുറച്ചതാണ്. ഭഗവത്ഗീതയിലെ ഉപദേശങ്ങൾ എല്ലാക്കാലത്തും മനുഷ്യന്റെ പ്രശ്നപരിഹാരത്തിനു സ്വീകരിക്കാവുന്നതാണ്. ഫലം നോക്കാതെ കർമം ചെയ്യുക എന്ന തത്വവും കുട്ടിക്കാലത്ത് ഞാൻ പഠിച്ചതാണ്.
പുരാണങ്ങൾ കൂടാതെ തകഴിയുടേയും കേശവദേവിന്റെയും ബഷീറിന്റെയും എംടിയുടേയും സാഹിത്യലോകത്തേക്കുള്ള വഴി തുറന്നു തന്നതും അമ്മതന്നെ. വായനശാലയിൽനിന്നു പുസ്തകങ്ങൾ എടുത്ത് വായിച്ചശേഷം നോവലുകളിലെ കഥാപാത്രങ്ങളെക്കുറിച്ച് അമ്മയും ഞാനും ചർച്ച ചെയ്യുമായിരുന്നു. എം.ടി. വാസുദേവൻ നായരുടെ നാലുകെട്ട് വായിച്ചു കഴിഞ്ഞപ്പോൾ അമ്മ ചോദിച്ചു. "അപ്പുണ്ണിയുടെ ജീവിതത്തെക്കുറിച്ച് എന്തു തോന്നുന്നു.
തറവാട്ടിൽനിന്നും അപ്പുണ്ണിയെ വല്യമ്മാമ പുറത്താക്കുന്നതിനെക്കുറിച്ചുള്ള പരാമർശം എങ്ങനെ അനുഭവപ്പെട്ടു'. വിശാലമായ വായനയിലേക്ക് മാത്രമല്ല സ്വന്തമായൊരു വീക്ഷണവും ചിന്താഗതിയും ഉണ്ടാക്കുവാനും പ്രേരണയായത് അമ്മയാണ്. അമ്മയുടെ ജീവിതം, വിശ്വാസങ്ങൾ, സ്നേഹം, ശിക്ഷണം എല്ലാം എന്റെ ജീവിതത്തിൽ കരുത്തായി മാറി.''
സിപിഐയുടെ സംസ്ഥാനത്തെ മുതിർന്ന നേതാക്കളിലൊരാളായ പന്ന്യൻ രവീന്ദ്രൻ തന്റെ ജീവിതത്തിനു വഴികാട്ടിയായ അമ്മ യശോദയെപ്പറ്റി ഇങ്ങനെ ഓർക്കുന്നു. സത്യത്തിന്റെ വഴിയിലൂടെ മാത്രമേ സഞ്ചരിക്കാവൂ എന്നും സത്യം മാത്രമേ പറയാവൂ എന്നുമുള്ള അമ്മയുടെ ഓർമപ്പെടുത്തലുകൾ തന്റെ പൊതുജീവിതത്തെ നയിക്കുന്ന ഘടകങ്ങളാണെന്ന് പന്ന്യൻ രവീന്ദ്രൻ പറയുന്നു.
""ഞങ്ങളുടെ ചെറുപ്പത്തിൽത്തന്നെ അച്ഛനെ നഷ്ടപ്പെട്ടിരുന്നു. പിന്നെ മണ്ണ് ചുമന്നും ഏറെ കഷ്ടപ്പെട്ട് അധ്വാനിച്ചുമാണ് ഞങ്ങൾ കുട്ടികളെ അമ്മ വളർത്തിയത്. അമ്മ തികഞ്ഞ ഒരു കമ്യൂണിസ്റ്റായിരുന്നു, കമ്യൂണിസ്റ്റ് പ്രവർത്തകയല്ല. എനിക്ക് മൂന്നു വയസുള്ളപ്പോഴാണ് കമ്യൂണിസ്റ്റ് ആചാര്യനായിരുന്ന എകെജിക്ക് ചുവന്ന മാലയണിയുവാനുള്ള ഭാഗ്യം ലഭിച്ചത്. അമ്മ എന്നെ ഒക്കത്തെടുത്താണ് മാലയണിയിക്കുന്നത്. കുട്ടിയായിരുന്ന കാലം മുതൽ അമ്മ പറയും- "നീ എകെജിക്കു മാലയിട്ട കുട്ടിയാണെന്ന്.' ഈ വാക്കുകൾ എന്നിൽ വലിയൊരു അഭിമാനവും ഉത്തരവാദിത്തവും ഉണ്ടാക്കിയിരുന്നു.
അമ്മ ഞങ്ങൾ കുട്ടികൾക്കു നൽകിയ ശിക്ഷണത്തിന്റെ മഹത്വം എത്ര വലുതായിരുന്നു എന്ന് ഞാൻ ആലോചിക്കാറുണ്ട്. പ്രത്യേകിച്ചും ഇന്നത്തെ നമ്മുടെ സാമൂഹ്യ അവസ്ഥകളിൽ. തല്ലുക, ശാസിക്കുക, കുറ്റപ്പെടുത്തുക അങ്ങനെ ഒന്നും ചെയ്യാതെ തന്നെ നേർവഴിയിലേക്ക് മക്കളെ നയിക്കുവാൻ അമ്മയ്ക്ക് സാധിച്ചു.
എനിക്ക് പതിനേഴു വയസുള്ള കാലത്ത് സുഹൃത്തിന്റെ വീട്ടിൽ വച്ചാണ് ജീവിതത്തിൽ ആദ്യമായി ഞാൻ മദ്യപിക്കുന്നത്. സുഹൃത്തിന്റെ സഹോദരൻ മിലിട്ടറിയിൽനിന്നു കൊണ്ടുവന്ന റമ്മാണ് ഞാൻ കഴിച്ചത്. സുഹൃത്തിന്റെ വീട്ടിൽനിന്നും ഭക്ഷണമൊക്കെ കഴിച്ചശേഷം രാത്രി വളരെ ഇരുട്ടിയാണ് ഞാൻ വീട്ടിലെത്തിയത്. കാലുകൾ നിലത്തുറയ്ക്കുന്നുണ്ടായിരുന്നില്ല. വാതിലിൽ മുട്ടിയപ്പോൾ അമ്മയാണ് വാതിൽ തുറന്നത്. അമ്മ എന്നെ നോക്കി പിന്നെ ഒന്നും മിണ്ടാതെ അകത്തേക്ക് കയറിപ്പോയി.
രക്ഷപ്പെട്ടു എന്ന് എനിക്ക് തോന്നി. മുറിയിൽ കയറിയ ഉടനെ ഞാൻ ഉറങ്ങിപ്പോവുകയും ചെയ്തു. രാവിലെ അമ്മ എന്നോട് ചോദിച്ചു- "എടാ നീ ഇന്നലെ രാത്രി വൈകുവോളം എവിടെയായിരുന്നു.' (വലിയ സ്നേഹം വരുന്പോഴാണ് അമ്മ എടാ എന്ന് വിളിക്കുക). ഞാൻ ഒന്നും മിണ്ടിയില്ല. അമ്മ എന്റെ കണ്ണുകളിലേക്ക് തറപ്പിച്ചു നോക്കി പിന്നെ ഉറച്ച ശബ്ദത്തിൽ പറഞ്ഞു-"നീ ഇന്നലെ മദ്യപിച്ചു അല്ലേ. നിന്റെ ആദ്യത്തേയും അവസാനത്തേയും മദ്യപാനമായിരിക്കണമിത്.'
അമ്മ ഇതു പറയുന്പോൾ അമ്മയുടെ കണ്ണുകളിൽനിന്നു ചുടുകണ്ണീർ ഒലിച്ചിറങ്ങുന്നത് ഞാൻ കണ്ടിരുന്നു. അതെന്നെ വല്ലാതെ നടുക്കി. പിന്നെ എവിടെ മദ്യം കണ്ടാലും ആരെന്നെ മദ്യപിക്കുവാൻ വിളിച്ചാലും എനിക്ക് അമ്മയുടെ കണ്ണീർ ഓർമ വരും. ഒരുപക്ഷെ മദ്യപിച്ചതിനു അമ്മ എന്നെ തല്ലിയിരുന്നെങ്കിൽ എനിക്ക് മാറ്റം ഉണ്ടാകുമായിരുന്നില്ല.
1978ൽ ഞാൻ സോവിയറ്റ് യൂണിയനിൽ പോയപ്പോൾ വോഡ്ക കഴിക്കാൻ പലരും നിർബന്ധിച്ചു. വോഡ്ക അവിടെ ജനകീയ മദ്യമാണ്. ബ്രഷ്നേവും ക്രൂഷ്ചേവും കഴിക്കുന്നതാണെന്ന് അവർ പറഞ്ഞു. ഞാൻ അന്ന് വളരെ ചെറുപ്പവും. കമ്യൂണിസ്റ്റുകാർ അവിടെനിന്ന് വോഡ്ക കഴിക്കുന്നില്ലെങ്കിൽ പിന്നെന്ത് കമ്യൂണിസ്റ്റാണെന്ന് ചിലർ. ഞാൻ കമ്യൂണിസ്റ്റുകാരനായത് എന്റെ അമ്മ എന്നെ പ്രസവിച്ചതുകൊണ്ടാണെന്ന് ഞാൻ പറഞ്ഞു.
അമ്മ മദ്യം നിരോധിച്ചിരിക്കുകയാണ്. വോഡ്കയല്ല ഏതു മദ്യം കണ്ടാലും എനിക്ക് അമ്മയുടെ കണ്ണുനീരാണ് ഓർമ വരുന്നത്. അതുകൊണ്ട് ഞാനില്ല. മൈനസ് ഡിഗ്രിയിലുള്ള അന്നത്തെ കൊടുംതണുപ്പിൽ എനിക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞതും ആ കണ്ണീരോർമ എന്റെ ഉള്ളിൽ പിടഞ്ഞതുകൊണ്ടു തന്നെ. ''