കാടിന്റെ താളം കാൽപന്ത് കളിയിലേക്ക്...
Friday, February 3, 2023 7:14 PM IST
ഫുട്ബോൾ കളിക്ക് അതിന്റേതായ ഒരു താളമുണ്ട്. കാലുകൊണ്ട് അടിച്ചു തെറിപ്പിക്കുന്നതാണെങ്കിൽ പോലും ആ പന്തു തട്ടലുകൾക്ക് ഒരു റിഥം എപ്പോഴുമുണ്ട്. കാടിന്റെ താളം കാൽപന്ത് കളിയിലേക്ക് ആവാഹിക്കുകയാണ് തൃശൂരിലെ രണ്ട് ആദിവാസി ഊരുകളിലെ ഒരു കൂട്ടം ചെറുപ്പക്കാർ.
പന്തുമായി എതിരാളിയെ വെട്ടിച്ച് ഗോൾമുഖത്തേക്ക് മുന്നേറുന്ന ലയണൽ മെസിയെ പോലെ ആകാൻ, പ്രതിരോധങ്ങളുടെ കോട്ടകൊത്തളങ്ങളെ നിഷ്പ്രഭമാക്കി ഗോൾ വല കുലുക്കാൻ കഴിയുന്ന എംബാപെയുടെ ഉരുക്കിന്റെ ദൃഢതയുള്ള ഷോട്ടുകളുതിർക്കാൻ, ഏതു പത്മവ്യൂഹത്തിൽ പെട്ടാലും പന്തും റാഞ്ചിയെടുത്ത് എതിരാളിയുടെ ഗോൾമുഖത്ത് നിമിഷനേരം കൊണ്ട് ചെന്നെത്തുന്ന തന്ത്രജ്ഞനായ നെയ്മറെ പോലെയാകാൻ, ഇന്ത്യൻ ഫുട്ബോളിലെ കറുത്ത മുത്ത് ഐ.എം. വിജയനെ പോലെയാകാൻ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്തെ ആദിവാസി ഊരുകളിൽ നിന്ന് അവർ ജേഴ്സിയണിഞ്ഞ് ഒരുങ്ങുകയാണ്.
തൃശൂർ ജില്ലയിലെ മണിയൻകിണർ, ഒളകര ആദിവാസി ഊരുകളിലെ യുവാക്കൾ ആണ് ഇപ്പോൾ ഫുട്ബോളിന്റെ പരിശീലന കളിത്തട്ടിൽ ഉള്ളത്. പീച്ചി വന്യജീവി വിഭാഗം ഇവർക്ക് പ്രഫഷണൽ ഫുട്ബോളിന്റെ പരിശീലനം നൽകാൻ തീരുമാനിച്ചത് ഫുട്ബോളിനോട് ഇവർക്കുള്ള കമ്പവും ആവേശവും തിരിച്ചറിഞ്ഞിട്ടു തന്നെയാണ്.
കാടിന്റെ താളം ഹൃദയത്തിൽ മാത്രമല്ല കാൽപന്തുകളിയിലും ഇവർ പ്രകടമാക്കുന്നു എന്ന് മനസിലാക്കിയതോടെയാണ്, ഒഴിഞ്ഞ പറമ്പുകളിലും മൈതാനത്ത് വെറുതെ പന്ത് തട്ടി കളിച്ചിരുന്ന ഇവർക്ക് ഫുട്ബോളിൽ ശരിയായ പരിശീലനം നൽകാൻ പീച്ചി വന്യജീവി വിഭാഗം തീരുമാനമെടുത്തതെന്ന് പീച്ചി വാഴാനി വന്യജീവി സങ്കേതം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ സുമു സ്കറിയ പറഞ്ഞു.
കാൽത്തളിർ എന്ന പേരിട്ടിരിക്കുന്ന പരിശീലന പരിപാടി വഴി രണ്ട് ആദിവാസി കോളനികളിൽ നിന്നുമായി മുപ്പത്തിഅഞ്ചോളം പേർക്കാണ് ഫുട്ബോൾ പരിശീലനം നൽകുന്നത്. ആദിവാസി യുവാക്കളുടെ ശാരീരിക, മാനസിക ആരോഗ്യം മെച്ചപ്പെടുത്തുക, മദ്യം മയക്കുമരുന്ന് ലഹരികളിൽ അടിമപ്പെടാതെ നോക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽകണ്ടുകൊണ്ട് പീച്ചി ഫോറസ്റ്റ് ഡെവലപ്മെന്റ് ഏജൻസിയാണ് പരിശീലന പരിപാടി വിഭാവനം ചെയ്തു നടപ്പിൽവരുത്തുന്നത്.
ആദിവാസി ഊരിലെ യുവാക്കൾക്കിടയിൽ മികച്ച ഫുട്ബോൾ കളിക്കാർ ഉണ്ടെന്ന് ഉറപ്പാണ്. അവരെ കണ്ടെത്താൻ പ്രശസ്ത ഇന്ത്യൻ ഫുട്ബോൾ താരം സി.കെ. വിനീതും ഈ സംരംഭത്തിന് എല്ലാ പിന്തുണയുമായി ഒപ്പം ചേരുന്നുണ്ട്.

പരിശീലന വേളയിൽ പ്രതിഭ തെളിയിക്കുന്ന ആദിവാസി യുവാക്കൾക്ക് തന്റെ നേതൃത്വത്തിൽ ആരംഭിച്ച എ13 അക്കാദമി വഴി സൗജന്യ പരിശീലനം ഉറപ്പാക്കുമെന്ന് സി.കെ. വിനീത് ഉറപ്പ് നൽകുന്നു. അതുവഴി കേരളത്തിന്റെ പ്രഫഷണൽ ഫുട്ബോളിലേക്ക് തൃശൂർ ജില്ലയിലെ മണിയൻകിണർ, ഒളകര ആദിവാസി ഊരുകളിലെ പ്രതിഭാധനരായ ഫുട്ബോൾ കളിക്കാരെ എത്തിക്കാൻ സാധിക്കുമെന്നതാണ് നേട്ടം. സി.കെ. വിനീതിന്റെ നേതൃത്വത്തിൽ നേരത്തെ സൈലന്റ് വാലിയിലും ഇതുപോലെ ആദിവാസി യുവാക്കൾക്ക് അവസരം നൽകിയിരുന്നു.
തൃശൂരിൽ പരിശീലനം തുടരുന്ന മണിയൻകിണർ, ഒളകര ആദിവാസി ഊരുകളിലെ ആദിവാസി യുവാക്കൾ ആവേശത്തിലാണ്. കാടും മേടും കയറിയിറങ്ങിയ ഇവർക്ക് കാലുകളിൽ കാടിന്റെ താളത്തിനൊപ്പം കാൽപന്തിന്റെ താളവും കൂടിച്ചേരുമ്പോൾ അതൊരു പുതിയ അനുഭവമാവുകയാണ്.
വെറുതെ പന്ത് തട്ടി കളിച്ചതിൽ നിന്ന് ശരിയായ ഫുട്ബോൾ കളിയുടെ ചിട്ടവട്ടങ്ങളിലേക്കുള്ള പരിശീലന വഴികൾ ഇവർ വിജയകരമായി തന്നെ പിന്നിട്ടു കൊണ്ടിരിക്കുന്നു.
ആഴ്ചയിൽ രണ്ടുദിവസമാണ് പരിശീലനം ഇപ്പോൾ ഉള്ളത്. ഇവർക്കുള്ള സ്പോർട്സ് കിറ്റ് പരിശീലനത്തിന്റെ ഉദ്ഘാടന വേളയിൽ വിതരണം ചെയ്തിരുന്നു. ഒരു പ്രഫഷണൽ ഫുട്ബോൾ ടീമിനെ സജ്ജമാക്കുന്ന അതേ ആർജ്ജവത്തോടെയാണ് പീച്ചി വന്യജീവി വിഭാഗം ഈ ടീമിനെ കളത്തിൽ ഇറക്കുന്നത്.
കളിക്കാരിൽ നിന്നും ഒരു മികച്ച ഫുട്ബോൾ ടീമിനെ വാർത്തെടുത്ത് തുടർച്ചയായി ജില്ലാ സംസ്ഥാന തല ക്ലബ് മൽസരങ്ങളിൽ പങ്കെടുപ്പിക്കുകയെന്ന ലക്ഷ്യമാണുള്ളതെന്ന് പീച്ചി വൈൽഡ് ലൈഫ് വാർഡൻ പി.എം. പ്രഭു പറഞ്ഞു. പരിശീലനത്തിന്റെ ചെലവ് പീച്ചി എഫ്ഡിഎ ആണ് വഹിക്കുന്നത്.
ആദിവാസി ഊരുകൾക്ക് അടുത്തുള്ള സ്ഥലത്താണ് പരിശീലനം നൽകുന്നത്. രണ്ടുമാസം ഇവർക്ക് പരിശീലനം നൽകും. അതിനുശേഷം സി.കെ. വിനീത് തൃശൂരിലെത്തി ഇവരിൽ നിന്നും മികച്ച കളിക്കാരെ കണ്ടെത്താൻ ടെസ്റ്റ് നടത്തും. ഇപ്പോൾതന്നെ കൂട്ടത്തിൽ മികച്ച ഭാവി വാഗ്ദാനം ആകുന്ന കളിക്കാർ ഉണ്ടെന്ന് വിനീത് സ്പോട്ട് ചെയ്തിട്ടുണ്ട്.
പരിശീലന കാലയളവിൽ മികവ് കാട്ടുന്നവരെ വിനീതിന്റെ അക്കാദമി പ്രഫഷണലായി പരിശീലിപ്പിക്കും. കാടിനെ സ്നേഹിച്ചും കാടിനോട് പൊരുതിയും വളർന്ന ആദിവാസി യുവാക്കൾ കാൽപന്തുകളിയിലും കളിക്കളത്തിലും മിന്നിത്തിളങ്ങുന്നതിൽ ആർക്കും സംശയമില്ല. 18 വയസു മുതൽ 25 വയസുവരെയുള്ളവർ പരിശീലന കൂട്ടത്തിലുണ്ട്. ക്ലീറ്റസ്, ഫ്രാങ്കോ, ലൈസൻസ്ഡ് കോച്ച് പ്രതാപൻ എന്നിവരാണ് ഇവരെ ഇപ്പോൾ പരിശീലിപ്പിക്കുന്നത്.
പരിശീലനത്തിന്റെ ഉദ്ഘാടനം നടന്ന കണ്ണമ്പ്ര പഞ്ചായത്ത് ടർഫ് ഗ്രൗണ്ടിൽ സി.കെ. വിനീതും കൂടെ മുൻ ഇന്ത്യൻ ഫുട്ബോൾ താരം റിനോ ആന്റോയും ഉണ്ടായിരുന്നു. കളിക്കാർക്ക് റിനോ ആന്റോ മാർഗനിർദേശങ്ങൾ നൽകുകയും പരിശീലനത്തിന്റെ തുടർ മേൽനോട്ടം ഉറപ്പു നൽകുകയും ചെയ്തു.
പരിശീലനം തുടരുമ്പോൾ ഓരോ കളിക്കാരനും ആവേശത്തിലാണ്. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തങ്ങളെ എത്തിക്കണമെന്ന് പലരും പ്രസംഗിക്കാറുണ്ടെങ്കിലും അത് പ്രാവർത്തികമാക്കാൻ മുൻകൈയെടുത്ത പീച്ചി വന്യജീവി വിഭാഗത്തോട് ഇവർക്ക് പറഞ്ഞാൽ തീരാത്ത നന്ദിയും കടപ്പാടുമുണ്ട്.
ഇത് ഞങ്ങൾക്ക് ലഭിച്ച ഒരു നല്ല അവസരമാണ്. ഇത് ഞങ്ങൾ ശരിക്കും പ്രയോജനപ്പെടുത്തും - പരിശീലനത്തിന്റെ ഇടവേളയിൽ കളിക്കാർ ഉറപ്പു തന്നു. ആ ഉറപ്പിന് ഏതു പേമാരിയിലും വീഴാത്ത കാട്ടിലെ വൻമരങ്ങളുടെ ദൃഢതയുണ്ടായിരുന്നു.