സർ പോന്നോളൂ, ഇവിടെ എല്ലാമുണ്ട്...
Tuesday, February 21, 2023 2:59 PM IST
കുവൈറ്റിൽ ഷിപ്പിംഗ് കന്പനി ഉദ്യോഗസ്ഥനായ മനു അടുത്തിടെ അവധിക്കു നാട്ടിലെത്തിയപ്പോൾ ഒരു സ്പായിൽ പോയി ആയുർവേദ ബോഡി മസാജ് ചെയ്യാൻ തീരുമാനിച്ചു. ശാരീരികാസ്വസ്ഥതകളെത്തുടർന്നാണ് മസാജിംഗിനു തീരുമാനിച്ചത്. അടുത്ത സുഹൃത്തുക്കളോട് സൂചിപ്പിച്ചപ്പോൾ അവർ പച്ചക്കൊടി കാട്ടി. നെറ്റിൽ പരതി കലൂരിലുള്ള ഒരു സ്പായിലെ നന്പറിലേക്കു വിളിച്ചു.
ഫോണെടുത്ത പെണ്കുട്ടി പലവിധ മസാജുകളെക്കുറിച്ച് വാതോരാതെ സംസാരിച്ചു. ആയുർവേദ ബോഡി മസാജ് മാത്രമാണ് ഉദ്ദേശിക്കുന്നതെന്നും പുരുഷ തെറാപ്പിസ്റ്റുകൾ ഉണ്ടാവില്ലേ എന്നും ചോദിച്ചപ്പോൾ സർ പോന്നോളൂ, സർവീസ് ഇഷ്ടപ്പെടുമെന്നായിരുന്നു പെണ്കുട്ടിയുടെ മറുപടി. ഒടുവിൽ ടൈം ഫിക്സ് ചെയ്തു. ചെറായിയിൽനിന്നു കലൂരിലെ സ്പായിലേക്ക് ഒരു സുഹൃത്തിനൊപ്പം മനു എത്തി.
റിസ്പഷനിലെ ഗ്ലാസ് ഷെൽഫിൽ ആയുർവേദ മരുന്നുകളും തൈലങ്ങളുമൊക്കെ കുപ്പികളിലാക്കി വച്ചിരിക്കുന്നതു കണ്ടപ്പോൾ സെറ്റപ്പ് ആയുർവേദ മസാജിംഗ് സെന്റർ ആണെന്നു മനു മനസിൽ വിചാരിച്ചു.
എന്നാൽ മസാജിംഗ് മുറിയിലെ രീതികൾ കണ്ടപ്പോൾ പന്തികേടു മണത്തു. അല്പവസ്ത്രധാരികളായ പെൺകുട്ടികൾ മാത്രമാണ് മസാജിംഗിനുണ്ടായിരുന്നത്. ആയുർവേദ മസാജിംഗ് അല്ല നടത്താൻ പോകുന്നതെന്ന് അവരുടെ ശരീരഭാഷയിൽനിന്നു മനസിലായി. അപ്പോൾത്തന്നെ തിരികെ പോന്നതിനാൽ മാനം പോയില്ലെന്ന് ഈ ചെറുപ്പക്കാരൻ ആശ്വാസത്തോടെ പറയുന്നു.
തട്ടിക്കൂട്ട് തെറാപ്പിസ്റ്റുകൾ
സ്പാകളിൽ മസാജ് ചെയ്യാൻ നിൽക്കുന്ന പെണ്കുട്ടികൾ തെറാപ്പിസ്റ്റുകൾ എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. എന്നാൽ മസാജിംഗിന്റെ പ്രാഥമിക വിവരങ്ങൾപോലും അറിയാതെ മസാജ് ചെയ്യുന്നവരാണ് തട്ടിക്കൂട്ട് സ്പായിലെ തെറാപ്പിസ്റ്റുകളിൽ ചിലരെങ്കിലും. ജീവിതപ്രാരാബ്ദങ്ങളിൽനിന്ന് കരകയറാനായി തെറാപ്പിസ്റ്റുകൾ ആയി മാറേണ്ടിവന്നരാണ് കൂട്ടത്തിൽ ഏറെയും.
കൊച്ചി നഗരത്തിൽ പ്രവർത്തിക്കുന്ന ഏഴ് സ്പാകളിലെ തെറാപ്പിസ്റ്റുകളുടെ വിവരങ്ങൾ ശേഖരിച്ചതിൽനിന്ന് 20 മുതൽ 28 വയസുവരെയുള്ള യുവതികളാണ് ഇക്കൂട്ടത്തിലേറെയുമെന്നു വ്യക്തമായി. വിവാഹിതരും അവിവാഹിതരും ഇതിലുണ്ട്. വിവാഹിതർക്കാണത്രെ മസാജിംഗ് മാർക്കറ്റിൽ ഡിമാൻഡ്. മലയാളികൾക്കൊപ്പം നേപ്പാളി, പഞ്ചാബി, ഫിലിപ്പീൻസ് യുവതികളും തെറാപ്പിസ്റ്റുകളായി കൊച്ചി നഗരത്തിൽ പ്രവർത്തിക്കുന്നു.
മസാജ് വിത്ത് ഹാപ്പി എൻഡിംഗ്!
മസാജുകൾ പലവിധമുണ്ട്. ഇവയ്ക്കു പല ഫീസും ആണ്. ഫുൾ ബോഡി മസാജ് വിത്ത് ഹാപ്പി എൻഡിംഗിനാണ് ഡിമാൻഡ്. വൈറ്റിലയെ ഒരു സ്പായിലേക്ക് എത്തുന്ന ഫോണ്വിളികളിൽ ഏറെയും ഈ മസാജിനക്കുറിച്ചു ചോദിച്ചുകൊണ്ടുള്ളതെന്നാണ് അവിടത്തെ ടെലി കോളറായ യുവതി പറഞ്ഞത്.
സോഫ്ട് മസാജ്, ഓയിൽ മസാജ്, ക്രീം മസാജ്, ജെൽ മസാജ്, പൗഡർ മസാജ്, ബോഡി പെയിൻ റിലീഫ് മസാജ് വിത്ത് ഹാപ്പി എൻഡിംഗ്, സ്വീഡിഷ് വിത്ത് കേരള ട്രഡീഷണൽ മസാജ്, തായ് മസാജ്, ഡബിൾ ഗേൾ മസാജ് വിത്ത് മാജിക്കൽ ഹാപ്പി എൻഡിംഗ്, നോർമൽ മസാജ് വിത്ത് ഹാപ്പി എൻഡിംഗ്, ഫുൾ ബോഡി ഓയിൽ മർമ ചികിത്സ മസാജ്, സെമി സ്ലീപ്പ് മസാജ്, ബോഡി ടു ബോഡി ഫുൾ നൂഡ് മസാജ് വിത്ത് ഹാപ്പി എൻഡിംഗ്, ബട്ടർഫ്ളൈ ഡബിൾ ലേഡി മസാജ് വിത്ത് ടു ടൈം ഹാപ്പി എൻഡിംഗ്, ഐസ്ക്രീം മസാജ്, ഹണി മസാജ്, ചോക്ലേറ്റ് മസാജ്, കപ്പിൾ മസാജ്, ക്രോസ് മസാജ്... തുടങ്ങിയ മസാജുകളാണ് പാലാരിവട്ടം, എറണാകുളം നോർത്ത്, ഇടപ്പള്ളി, കടവന്ത്ര എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിവിധ സ്പാകളിലുള്ളത്.
മണിക്കൂറിന് 4,000 രൂപ വരെ
മണിക്കൂറിന് 2,000 മുതൽ 4,000 രൂപ വരെ ഈടാക്കുന്ന സ്പാകളാണ് ഏറെയും. നോർമൽ ഫുൾ ബോഡി മസാജ് വിത്ത് ഹാപ്പി എൻഡിംഗ് 2000 രൂപ, ബോഡി ടു ബോഡി ഫുൾ നൂഡ് മസാജ് വിത്ത് ഹാപ്പി എൻഡിംഗ് 4000 രൂപ, ബട്ടർഫ്ളൈ ഡബിൾ ലേഡി മസാജ് വിത്ത് ടു ടൈം ഹാപ്പി എൻഡിംഗ് 3000 രൂപ... ഈരീതിയിലാണ് ഹൈടെക് പെണ്വാണിഭത്തിനു തുക ഈടാക്കുന്നത്.
അത്തറും മുല്ലപ്പൂവും മണക്കുന്ന സ്പാകളിലെ ശീതീകരിച്ച മുറിക്കുള്ളിൽ ലൈംഗിക സുഖം തേടാൻ എത്ര പണം മുടക്കാനും ആളുണ്ടെന്ന് ഇവിടങ്ങളിലെ തിരക്കുകൾ വ്യക്തമാക്കുന്നു.
സ്പാകൾ തേടി കൂടുതലായി എത്തുന്നത് 25 മുതൽ 32 വരെ പ്രായമുള്ള യുവാക്കളാണ്. കസ്റ്റമറുമായി മസാജിംഗ് റൂമിൽ പ്രവേശിച്ചാൽ കൃത്യം ഒരു മണിക്കൂർ ആകുന്പോൾതന്നെ റിസ്പഷനിസ്റ്റ് വാതിലിൽ മുട്ടും. എക്സ്ട്രാ പണം നൽകാമെന്നു വച്ചാലും സമയം നീട്ടി നൽകില്ല.
തെറാപ്പിസ്റ്റിനെ സെലക്ട് ചെയ്യാം
സ്പായിൽ മസാജിംഗിനായി കസ്റ്റമർ എത്തിയാൽ റിസപ്ക്ഷനിൽ പേരും ഫോണ് നന്പറും വാങ്ങിയ ശേഷം അവിടെയുള്ള തെറാപ്പിസ്റ്റുകളെ കാണിക്കും. അവരിൽ ഇഷ്ടമുള്ളവരെ സെലക്ട് ചെയ്യാം. ഓരോ മസാജിംഗിന്റെയും രീതി അനുസരിച്ച് സുതാര്യമായ അൽപ വസ്ത്രവും മറ്റ് സുരക്ഷാ മാർഗങ്ങളും തെറാപ്പിസ്റ്റിന് സ്പാതന്നെ നൽകുന്നുണ്ട്. അടുത്തിടെയായി മറുനാടൻ സ്ത്രീകളെ തേടിയെത്തുന്ന കസ്റ്റമർമാരുടെ എണ്ണം കൂടുന്നതായി കടവന്ത്രയിലെ ഒരു സ്പാ ഉടമ പറയുന്നു.
തെറാപ്പിസ്റ്റുകളുടെ യഥാർഥ പേരല്ല കസ്റ്റമറിനു മുന്നിൽ പറയുന്നത്. പല കസ്റ്റമർമാരും സ്വകാര്യ വിവരങ്ങൾ അറിയാൻ ശ്രമിക്കുമെങ്കിലും വെളിപ്പെടുത്താറില്ലെന്ന് യുവതികൾ പറഞ്ഞു. വീട്ടിലും നാട്ടിലുമൊക്കെ ഇവർ മെട്രോ നഗരത്തിലെ ആയുർവേദ ആശുപത്രിയിൽ ജോലി ചെയ്യുന്ന തെറാപ്പിസ്റ്റുകളാണ്.
ടിപ്പാണ് മുഖ്യം
െതെപ്പിസ്റ്റിന് സ്പാ അനുവദിച്ചിരിക്കുന്ന പ്രതിമാസ ശന്പളം 12,000 മുതൽ 15,000 രൂപ വരെയാണ്. പ്രവൃത്തി പരിചയവും പെർഫോമൻസും അനുസരിച്ച് അതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും.
ചില സ്പാകളിൽ തെറാപ്പിസ്റ്റിന് ഭക്ഷണമോ താമസ സൗകര്യമോ വാഗ്ദാനം ചെയ്യാറുമുണ്ട്. എന്നാൽ ടിപ്പാണ് ഇതിൽ മുഖ്യം. കസ്റ്റമറിന് തെറാപ്പിസ്റ്റിനെ ഇഷ്ടമായാൽ ടിപ്പായി എത്ര തുക വേണമെങ്കിലും നൽകും. ഒരാളിൽനിന്നു 1000 രൂപ വരെ തെറാപ്പിസ്റ്റുകൾക്ക് ടിപ്പ് ലഭിക്കാറുണ്ട്. ഈ തുക സ്പാ ഉടമയുടെ പരിധിയിൽ വരുന്നതല്ല. മസാജിംഗ് റൂമിൽ വച്ച് തെറാപ്പിസ്റ്റുകൾക്ക് കസ്റ്റമർ പണം നേരിട്ടു നൽകുന്നതാണ് രീതി.
ഇത്തരത്തിൽ ഒരു ദിവസം അഞ്ചും ആറും കസ്റ്റമറെ വരെ അറ്റൻഡ് ചെയ്യുന്ന തെറാപ്പിസ്റ്റുകളുമുണ്ട്. പ്രതിമാസം 20,000 രൂപ വരെ ടിപ്പ് ഇനത്തിൽ കിട്ടാറുണ്ടെന്ന് കൊല്ലം സ്വദേശിനിയായ ഒരു തെറാപ്പിസ്റ്റ് പറഞ്ഞു. വർഷങ്ങളോളം മുംബൈയിലെ സ്പായിൽ ജോലി ചെയ്തിരുന്ന ഇവർ കൊച്ചിയിലെ കസ്റ്റമേഴ്സ് കുഴപ്പക്കാരല്ലെന്ന അഭിപ്രായക്കാരിയാണ്. ചിലർ പേഴ്സണലായി അവർക്ക് ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക് തെറാപ്പിസ്റ്റുകളെ കൊണ്ടുപോകാറുണ്ട്.
ഇത്തരം സിറ്റിംഗുകൾക്ക് തെറാപ്പിസ്റ്റുകൾ ചോദിക്കുന്ന അത്രയും പണം നൽകണം. ഒരിക്കൽ അറ്റൻഡ് ചെയ്ത തെറാപ്പിസ്റ്റിനെ വീണ്ടും അന്വേഷിച്ചുവരുന്ന കസ്റ്റമർമാരും കുറവല്ല. എന്നാൽ സർവീസ് ചോദിച്ചുള്ള വിളികൾ എത്തുന്പോൾ പ്രായം കുറഞ്ഞ പുതിയ തെറാപ്പിസ്റ്റുകളാണ് തങ്ങളുടെ സ്പായുടെ പ്രത്യേകതയെന്നാണ് ടെലികോളർമാർ മറുപടി പറയാറുള്ളത്.
(തുടരും)