മറ്റു മാർഗമില്ലാതെ എത്തിപ്പെട്ടവർ...
Tuesday, February 21, 2023 3:05 PM IST
ഏറെ ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് ആ യുവതികൾ സംസാരിക്കാമെന്നു സമ്മതിച്ചത്. തങ്ങളുടെ തൊഴിലിനെ ബാധിക്കരുതെന്ന മുന്നറിയിപ്പും ഉണ്ടായിരുന്നു. ശ്രുതി, സോന, ഇഷാനാ, സ്വാതി, സഫിയ (യഥാർഥ പേരുകളല്ല).
നഗരത്തിലെ വിവിധ സ്പാകളിൽ തെറാപ്പിസ്റ്റുകളായി ജോലി ചെയ്യുന്നവർ. അവരെ പരിചയപ്പെടുത്തിയതാകട്ടെ ആലുവാക്കാരിയായ മറ്റൊരു തെറാപ്പിസ്റ്റും. തിരക്കൊഴിഞ്ഞ ഒരു വൈകുന്നേരം മറൈൻഡ്രൈവിലെ കോഫി ഷോപ്പിലിരുന്ന് അവർ മനസ് തുറന്നു. അതിൽ ചിലർ പ്രാരാബ്ദങ്ങളുടെ ഭാണ്ഡക്കെട്ടഴിച്ചപ്പോൾ കണ്ണുനീരിന്റെ പ്രവാഹമായിരുന്നു.
അറിഞ്ഞ് പണം തന്ന കസ്റ്റമർ
വയനാടുകാരി ശ്രുതി ആത്മഹത്യാ മുനന്പിൽനിന്നാണ് ഈ ജോലിക്കാരിയായത്. ലഹരിക്ക് അടിമപ്പെട്ട് ആത്മഹത്യ ചെയ്ത ഭർത്താവിന്റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് മാസങ്ങൾ കഴിയും മുന്പേ അഞ്ചും എട്ടും വയസുള്ള കുഞ്ഞുങ്ങളുമായി ഭർതൃവീട്ടിൽനിന്ന് ഇറങ്ങേണ്ടിവന്നവളാണ് 30കാരിയായ ശ്രുതി. ബന്ധുവായ സ്ത്രീയുമായി എറണാകുളത്തുവന്ന് കുറഞ്ഞ വാടകയുള്ള വീട്ടിൽ താമസം തുടങ്ങി.
പത്രത്തിൽ പരസ്യം കണ്ടാണ് സ്പായിൽ ജോലിക്കായി ചേർന്നത്. മസാജിംഗ് എന്തെന്ന് അറിയാത്ത അവൾക്ക് ആദ്യമൊക്കെ ഈ ജോലി കഠിനമായിരുന്നു. പക്ഷേ കുഞ്ഞുങ്ങളെ ഓർത്ത് ജോലിയിൽ തുടർന്നു.
ഒരിക്കൽ താൻ അറ്റൻഡ് ചെയ്ത ഒരു കസ്റ്റമർ തന്റെ അവസ്ഥയറിഞ്ഞ് മസാജ് ചെയ്യിപ്പിക്കാതെ 10,000 രൂപ ടിപ്പ് നൽകി മടങ്ങിയ കാര്യവും കൂട്ടത്തിൽ സുന്ദരിയായ ശ്രുതി നന്ദിയോടെ പറഞ്ഞു.
യുവതികളുമായി സംസാരിച്ചിരിക്കെയാണ് അടുത്ത കസേരയിൽ ചായ കുടിച്ചുകൊണ്ടിരുന്ന സുമുഖനായ ഒരു യുവാവ് ശ്രുതിയുടെ അടുത്തെത്തി മനസിലായോയെന്ന് ചോദിച്ചത്. യുവതി അറിയില്ലെന്നു പറഞ്ഞു മുഖംതിരിച്ചു.
അയാൾ പരിചയഭാവത്തിൽ അൽപനേരം അവിടെനിന്നശേഷം മടങ്ങി. അയാൾ അവിടെനിന്നു പോയപ്പോൾ ശ്രുതി പറഞ്ഞു, അത് രണ്ടാഴ്ച മുന്പ് ഞാൻ മസാജ് ചെയ്ത കേസാണ്. ഒരിക്കൽ അറ്റൻഡ് ചെയ്തതാണെങ്കിലും പിന്നീടൊരിക്കലും ഞങ്ങളാരും പരിചയഭാവം കാണിക്കാറില്ല’- ശ്രുതി വിദൂരതയിലേക്ക് നോക്കി പറഞ്ഞു.
ഭർത്താവ് അറിഞ്ഞുകൊണ്ട്
കല്ലായി സ്വദേശിയായ സഫിയയുടെ ഭർത്താവിന് ഭാര്യയുടെ ജോലി എന്താണെന്ന് വ്യക്തമായി അറിയാം. സ്പായിൽ എത്തിക്കുന്നതും തിരിച്ചുകൊണ്ടുപോകുന്നതും അയാൾതന്നെയാണ്. ജോലിക്ക് പോകാൻ മടിയനായ ഭർത്താവ് ഭാര്യ കൊണ്ടുവരുന്ന പണത്തിൽ സുഖജീവിതം നയിച്ചുപോരുകയാണ്.
"ഇന്ന് ജീവിതച്ചെലവ് കൂടുതലല്ലേ. വാടകവീട്ടിലാണ് ഞങ്ങൾ നാലു പേർ താമസിക്കുന്നത്. രണ്ടാഴ്ച കൂടുന്പോൾ ബോഡി പോളിഷ് ചെയ്യണം. വില കൂടിയ വസ്ത്രങ്ങൾ വേണം. മേക്കപ്പ് സാധനങ്ങൾ വാങ്ങണം. അല്ലെങ്കിൽ മാർക്കറ്റിൽ ഡിമാൻഡ് കാണില്ല. ഇതിനുള്ള പൈസ എല്ലാം എന്റെ വരുമാനത്തിൽനിന്നാണ് എടുക്കുന്നത്.’ സഫിയ പറയുന്നു.
പ്രായത്തിൽ പ്രശ്നമില്ല
സ്പാകളിൽ പ്രായം കുറഞ്ഞ യുവതികൾക്കല്ലേ ഡിമാൻഡ് എന്നു ചോദിച്ചപ്പോൾ കൂട്ടത്തിൽ സീനിയറായ സോനയ്ക്ക് ഇല്ലെന്നായിരുന്നു മറുപടി. ഒരിക്കൽ സിറ്റിംഗിനു വന്നിട്ടുള്ള പല കസ്റ്റമർമാരും പിന്നീടും വിളിക്കാറുണ്ടെന്നാണ് 42കാരിയായ ഇവർ പറയുന്നത്. ടിപ്പായി മാത്രം 20,000 - 30,000 രൂപ വരെ മാസം കിട്ടുന്നവർ ഞങ്ങളുടെ കൂടെയുണ്ട്.
തെറാപ്പിസ്റ്റായിനിന്ന് നഗരത്തിലെ പല സ്ഥലങ്ങളിലും രണ്ടും മൂന്നും സ്പാകൾ ആരംഭിച്ചവരും ഉണ്ടെന്ന് ഈ യുവതികൾ പറയുന്നു. കസ്റ്റമർമാർ വളരെ മാന്യമായി ഇടപെടുന്നവരാണ്. പക്ഷേ ചില ഇതരസംസ്ഥാനക്കാരും പ്രായമായ പുരുഷൻമാരും ഉപദ്രവിക്കാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ തങ്ങളും നല്ല അടിവച്ചുകൊടുക്കാറുണ്ടെന്ന് ഇവർ പറയുന്നു.
ഇടുക്കി, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, വയനാട്, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ളവരാണ് തെറാപ്പിസ്റ്റുകളായി പ്രവർത്തിക്കുന്ന സ്ത്രീകളിൽ ഏറെയും. വലിയ ശന്പളം വാഗ്ദാനം ചെയ്താണ് ഇവരെ ഇതിലേക്ക് എത്തിക്കുന്നത്. എന്നാൽ ഒരിക്കൽ ശരീരം വിറ്റാൽ അതിൽനിന്ന് പിൻമാറാൻ കഴിയില്ലെന്ന് അവർ പറയുന്നു.
നിയമപാലകർക്കും രാഷ്ട്രീയ സ്വാധീനമുള്ളവർക്കുമൊക്കെ സ്പാ ബിസിനസു നടത്തുന്നവരുമായി അടുത്ത ബന്ധമുള്ളതുകൊണ്ട് കേസുകൾ ഉണ്ടായാലും എളുപ്പത്തിൽ രക്ഷപ്പെട്ടു പോരാനാകും. ഇടപാടുകാരിൽ ചിലരെങ്കിലും ഇത്തരത്തിലുള്ളവരാണെന്നും പെണ്കുട്ടികൾ സമ്മതിക്കുന്നു.
മക്കൾ പട്ടിണി കിടക്കാതിരിക്കാൻ...
കണ്ണൂരുകാരിയായ സ്വാതി അഞ്ചു വർഷം മുന്പാണ് കൊച്ചി നഗരത്തിൽ എത്തിയത്. 20-ാം വയസിൽ ഇഷ്ടപ്പെട്ട പുരുഷനൊപ്പം വീട്ടിൽനിന്ന് ഇറങ്ങിയതാണ്. സ്ഥിരം മദ്യപാനിയായ അയാൾ മൂന്നു പെണ്കുഞ്ഞുങ്ങളെ സമ്മാനിച്ചശേഷം ജോലിക്കെന്നു പറഞ്ഞ് മുംബൈയിലേക്ക് വണ്ടി കയറി. പിന്നീട് തിരിച്ചുവന്നില്ല.
സ്വാതിയുടെ പിന്നീടുള്ള ജീവിതം കഷ്ടപ്പാടുകളുടേതായിരുന്നു. എറണാകുളത്ത് ഒരു ജോലി തരപ്പെടുത്തിത്തരാമെന്നു പറഞ്ഞ് ഒരു സ്നേഹിതയാണ് കൊച്ചിയിലേക്കു വരാൻ പറഞ്ഞത്. മക്കളെ സ്വന്തം അമ്മയുടെ കൈകളിലേൽപ്പിച്ച് എറണാകുളത്തേക്ക് വണ്ടി കയറുന്പോൾ എന്താണ് ജോലി എന്നുപോലും അറിയില്ലായിരുന്നു.
മൂന്നു കുത്തുങ്ങളും അമ്മയും രണ്ടു സഹോദരിമാരും അടങ്ങുന്ന കുടുംബത്തിന്റെ പട്ടിണി മാറ്റണം. അതായിരുന്നു മനസിൽ. നഗരത്തിലെ ഒരു സ്പായിൽ ടെലി കോളർ ജോലിയെന്നു പറഞ്ഞു ചേർന്നു. 10,000 രൂപ കിട്ടുമായിരുന്നു. മറ്റു രണ്ടു യുവതികളും അവിടെയുണ്ടായിരുന്നു.
കൂടുതൽ പണം വേണമെങ്കിൽ തെറാപ്പിസ്റ്റായി നിൽക്കാൻ സ്പാ ഉടമ പറഞ്ഞപ്പോൾ മറ്റൊന്നും ആലോചിച്ചില്ലെന്നു സ്വാതി പറയുന്നു. ‘ഇപ്പോൾ എന്റെ കൈയിൽ ആവശ്യത്തിനു പണമുണ്ട്. വീടുവച്ചു. രണ്ടു സഹോദരിമാരെ പ്ലസ്ടുവരെ പഠിപ്പിച്ചു. കുഞ്ഞുങ്ങളും വലുതായി.
ഞാൻ എറണാകുളത്ത് തുണിക്കടയിൽ ജോലി ചെയ്യുന്നുവെന്നാണ് വീട്ടുകാരോടും നാട്ടുകാരോടുമൊക്കെ പറഞ്ഞിരിക്കുന്നത്’. ഈ തൊഴിൽ ചെയ്യുന്നതിൽ കുറ്റബോധമില്ലെയെന്ന ചോദ്യത്തിനും സ്വാതിക്ക് വ്യക്തമായ മറുപടി ഉണ്ടായിരുന്നു. ജീവിക്കാനായിട്ടാണ് ഞാൻ ഈ ജോലി ചെയ്യുന്നത്. എന്റെ കുഞ്ഞുങ്ങളെ പട്ടിണിക്കിടാതിരിക്കാൻ’. - കണ്ണീരിന്റെ നനവുള്ള ശബ്ദത്തിൽ സ്വാതി പറഞ്ഞു നിർത്തി.
(തുടരും)