പുകവലിക്കാനുള്ള പ്രേരണ മറികടക്കാം
Friday, June 2, 2023 1:02 PM IST
പുകവലി നിർത്താനുള്ള ദിവസം തെരഞ്ഞെടുത്തു കഴിഞ്ഞാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
പുകവലിക്കരുത്, എപ്പോഴും പലതരം ജോലികളിൽ തിരക്കിലാവുക, നിക്കോട്ടിൻ റീപ്ലേസ്മെന്റ് തെറാപ്പി (എൻആർടി) ഉപയോഗിക്കാൻ തെരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ അതിന്റെ ഉപയോഗം ഉടൻ ആരംഭിക്കുക, പുകവലി നിർമാർജന പരിപാടിയിൽ പങ്കെടുക്കുകയോ അല്ലെങ്കിൽ അതിനായി സ്വയം തെരഞ്ഞെടുത്ത പദ്ധതി പിന്തുടരുകയോ ചെയ്യുക,
കൂടുതൽ വെള്ളവും ജ്യൂസും കുടിക്കുക, മദ്യം ഉപയോഗിക്കുന്നവരാണെങ്കിൽ അതും ഒഴിവാക്കുക, പുകവലിക്കുന്ന വ്യക്തികളുമായുള്ള സമ്പർക്കം ഒഴിവാക്കുക, പുകവലിക്കാനുള്ള ശക്തമായ പ്രേരണയുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക.
പുകവലി നിർത്തുന്ന ദിവസത്തിൽ പലതവണ പുകവലിക്കാനുള്ള ത്വര നിങ്ങൾക്ക് മിക്കവാറും അനുഭവപ്പെടും.
പുകവലിക്കാനുള്ള പ്രേരണ ചെറുക്കാൻ ഇനിപ്പറയുന്ന പ്രവർത്തനങ്ങൾ നിങ്ങളെ സഹായിച്ചേക്കാം:
ആസക്തി കടന്നുപോകുന്നതുവരെ കാത്തിരിക്കുക, പുകവലിക്കാനുള്ള ത്വര പലപ്പോഴും മൂന്ന് മുതൽ അഞ്ച് മിനിറ്റിനുള്ളിൽ വരുന്നു, ആഴത്തിലുള്ള ശ്വസനം. മൂന്ന് പ്രാവശ്യം എന്ന കണക്കിൽ സാവധാനം ശ്വാസം എടുത്തുവിടുക, ആസക്തിയെ മറികടക്കാൻ വെള്ളം അല്പാൽപ്പമായി കുടിച്ചുകൊണ്ടിരിക്കുക, സ്വയം ശ്രദ്ധ തിരിക്കാൻ മറ്റെന്തെങ്കിലും ചെയ്യുക. വേണമെങ്കിൽ പുറത്ത് നടക്കാൻ പോകുക.
നിക്കോട്ടിൻ റീപ്ലേസ്മെന്റ് തെറാപ്പി
പുകവലി ഉപേക്ഷിക്കാൻ സഹായിക്കുന്ന മികച്ച മാർഗമാണിത്. പുകവലി ഉപേക്ഷിക്കാനുള്ള നിങ്ങളുടെ ശ്രമത്തെ തടസപ്പെടുത്തിയേക്കാവുന്ന ആസക്തിയും പിൻവലിക്കൽ ലക്ഷണങ്ങളും കുറയ്ക്കാൻ എൻആർടിക്ക് കഴിയും.
നിങ്ങളുടെ ശരീരത്തെ സിഗരറ്റിൽ നിന്ന് അകറ്റുന്നതിനും പുകയിലയിൽ കാണപ്പെടുന്ന മറ്റ് രാസവസ്തുക്കളിൽ നിന്ന് നിങ്ങളെ ഒഴിവാക്കുന്നതിനും ഇടയിൽ നിയന്ത്രിത അളവിൽ നിക്കോട്ടിൻ നൽകുന്നതിനാണ് എൻആർടികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ചില നിക്കോട്ടിൻ റീപ്ലേസ്മെന്റ് തെറാപ്പി സംവിധാനങ്ങൾ:
തൊലിപ്പുറത്ത് ഒട്ടിക്കുന്നവ, ച്യൂയിംഗ് ഗം, ലോസേൻജസ്, മൂക്കിൽ ഉപയോഗിക്കുവാനുള്ള നേസൽ സ്പ്രേ (ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിൽ മാത്രം), ഇൻഹേലർ (ഡോക്ടറുടെ കുറിപ്പടി
ഉണ്ടെങ്കിൽ മാത്രം).
വിവരങ്ങൾ: ഡോ.ദീപ്തി ടി.ആർ
മെഡിക്കൽ ഓഫീസർ,
മലബാർ കാൻസർ കെയർ സൊസൈറ്റി, കണ്ണൂർ
ഫോൺ - 0497 2705309, 62382 65965.