ഡെങ്കിപ്പനി ഗുരുതരമായാൽ...
Friday, June 23, 2023 6:06 PM IST
കടുത്ത സന്ധിവേദനയ്ക്കും പേശിവേദനയ്ക്കും കാരണമാകുന്നതിനാൽ ഡെങ്കിപ്പനിയെ ബ്രേക്ക് ബോൺ ഫീവർ എന്നും വിളിക്കുന്നു. 105 ഡിഗ്രി വരെ കടുത്തപനി ഇതിന്റെ ലക്ഷണമായി കാണാറുണ്ട്. തീവ്ര വേദനയും ഓക്കാനവും ചർദിയും ഉണ്ടാകും.
കടുത്ത തലവേദനയും വെളിച്ചത്തിലേക്ക് നോക്കാൻ പ്രയാസവും കണ്ണ് ചലിപ്പിക്കുമ്പോൾ വേദന വർധിക്കുന്നതും മറ്റു ലക്ഷണങ്ങളാണ്. കൂടാതെ പനി തുടങ്ങി മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ നെഞ്ചിന്റെ ഭാഗത്ത് ആരംഭിച്ച് തൊലിപ്പുറത്ത് വ്യാപിക്കുന്ന തരത്തിലുള്ള ചില തിണർപ്പുകൾ പ്രത്യക്ഷപ്പെടും.
സാധാരണയായി ശരിയായ വിശ്രമവും ആഹാരവും ചെറിയ ചികിത്സകളും കൊണ്ട് ഡെങ്കിപനി മാറുന്നതാണ്. ഇതിനായി വീര്യംകുറഞ്ഞ ആയുർവേദ മരുന്നുകൾ മതിയാകും.
ഡെങ്കി ഹെമറജിക് ഫിവർ
എന്നാൽ, ഒന്നിലധികം സീറോ ടൈപ്പ് വൈറസുകൾ ഒരുമിച്ച് ബാധിക്കുന്നവരിൽ ഗുരുതരവും മരണത്തിന് കാരണമാകാവുന്നതും സങ്കീർണവുമായ അവസ്ഥയും ഉണ്ടാകാം. രോഗത്തിന്റെ രണ്ടാം ഘട്ടമായ ഇതിനെ ഡെങ്കി ഹെമറജിക് ഫിവർ എന്നാണ് പറയുന്നത്.
ഇതിന് ആശുപത്രിയിൽ കിടത്തിയുള്ള ചികിത്സ ആവശ്യമാണ്. ഡെങ്കിപനി തിരിച്ചറിഞ്ഞാൽ രക്തത്തിലെ പ്ലേറ്റ് ലെറ്റ് കൗണ്ട് പരിശോധിക്കുകയും തീരെ താഴ്ന്നു പോയിട്ടില്ല എന്ന് ഉറപ്പാക്കുകയും വേണം. പ്ലേറ്റ് കൗണ്ട് വളരെ കുറഞ്ഞു പോയിട്ടില്ലെങ്കിൽ സാധാരണ പനിയുടെ ചികിത്സ മതിയാകും.
ഈ അവസ്ഥയിൽ സാധാരണ ലക്ഷണങ്ങൾ കൂടാതെ പെട്ടെന്നുള്ള പനി, മുഖം ചുവന്ന് തുടുക്കുക, വളരെ കടുത്ത വേദന, ക്ഷീണം, മോണയിൽ നിന്നും മൂക്കിൽ നിന്നും ചോര വരിക, രക്തം തുപ്പുകയും ഛർദിക്കുകയും ചെയ്യുക, മലത്തിലൂടെ രക്തം പോവുക , കരൾ വീക്കം എന്നിവയും കാണുന്നു.
രോഗം വർധിച്ച് രക്തചംക്രമണം തടസപ്പെടുന്നതിലൂടെ രക്തസമ്മർദം കുറഞ്ഞു മരണം സംഭവിക്കാം.
ഡെങ്കി ഷോക്ക് സിൻഡ്രോം
ഡെങ്കിപ്പനിയുടെ മൂന്നാം ഘട്ടമായി സംഭവിക്കാവുന്ന ഏറ്റവും ഗുരുതരമായ അവസ്ഥയാണ് ഡെങ്കി ഷോക്ക് സിൻഡ്രോം. ആന്തരിക രക്തസ്രാവം കൂടുതൽ വേഗത്തിൽ സംഭവിച്ച് പെട്ടെന്ന് രക്തസമ്മർദം കുറഞ്ഞ് രോഗി മരണമടയാൻ സാധ്യതയുണ്ട്.
ആശുപത്രികളിൽ കിടത്തിയുള്ള അടിയന്തര ചികിത്സ അനിവാര്യം. ഡെങ്കിപ്പനിയുള്ളവർക്ക് രക്തസമ്മർദം വളരെ കുറഞ്ഞതായി കണ്ടാൽ മറ്റു പരിശോധനകൾ കൂടി നടത്തി രോഗിയുടെ യഥാർഥ സ്ഥിതി മനസിലാക്കേണ്ടതാണ്. ഡെങ്കിപ്പനി ഏതു പ്രായക്കാരെയും ബാധിക്കുന്നതാണ്.
രോഗവാഹകരായ കൊതുക് കടിച്ചാൽ 3 മുതൽ 10 ദിവസത്തിനകം രോഗലക്ഷണങ്ങൾ ആരംഭിക്കും. എല്ലാ ഡെങ്കിപ്പനിയും മരണം ഉണ്ടാക്കുന്നില്ല. ഡെങ്കി ഹെമറേജിക് ഫിവർ, ഡെങ്കിഷോക്ക് സിൻഡ്രോം എന്നിവ സംശയിക്കുന്ന രോഗികളെ ആശുപത്രികളിൽ കിടത്തിചികിത്സിക്കുകയാണ് വേണ്ടത്.
പെട്ടെന്ന് രോഗം കുറയ്ക്കാൻ ഡോക്ടറെ നിർബന്ധിക്കുന്നതും ചികിത്സയുടെ ഇടയ്ക്ക് രോഗിയെ മറ്റിടങ്ങളിലേക്ക് മാറ്റുന്നതും പലപ്പോഴും രോഗിയുടെ അവസ്ഥ വഷളാക്കുന്നതായി കണ്ടുവരുന്നു.
വിവരങ്ങൾ - ഡോ. ഷർമദ് ഖാൻ BAMS, MD
സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ - 94479 63481.