കൊതുകുകടിയും സന്ധിവേദനയും
Tuesday, June 27, 2023 1:29 PM IST
ഈ പനിക്കാലത്ത് കൊതുകുകടി മൂലം സന്ധികളെ ബാധിക്കുന്ന അണുബാധയെക്കുറിച്ച് ജനങ്ങൾക്ക് അവബോധമുണ്ടായിരിക്കുക എന്നതു വളരെ പ്രധാനമാണ്.
ചിക്കുൻഗുനിയ, സിക്ക എന്നീ വൈറസ് ബാധകൾ കണ്ടെത്തുന്നതുവരെ ഏറ്റവും സാധാരണയായി കണ്ടിരുന്ന രോഗമാണ് ഡെങ്കിപ്പനി. ഈ മൂന്നു രോഗങ്ങളും പരത്തുന്നത് ഈഡിസ് ഈജിപ്തി എന്ന കൊതുക് ഇനമാണ്.
1. ചിക്കുൻഗുനിയയുടെ ലക്ഷണങ്ങളും അടയാളങ്ങളും എന്തൊക്കെയാണ്?
രോഗവാഹിയായ കൊതുകിന്റെ കടിയേറ്റ ശേഷം ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കാണപ്പെടും. പനി, തലവേദന, പേശീവേദന, തടിപ്പ്, ശക്തമായ സന്ധിവേദന എന്നിവയാണു ലക്ഷണങ്ങൾ.
പെട്ടെന്നു കാണപ്പെടുന്ന തീവ്രമായ ഈയവസ്ഥ ഏഴുമുതൽ പത്തുദിവസം വരെ നീണ്ടുനിൽക്കാം. അതിനുശേഷം ഭൂരിഭാഗം പേരിലും അവസ്ഥ മെച്ചപ്പെടും.
രോഗത്തിന്റെ തീവ്രഘട്ടത്തിൽ എല്ലാ രോഗികൾക്കും സന്ധിവേദനയുണ്ടാകും. ശരീരത്തിന്റെ ഇരുവശങ്ങളിലുമുള്ള അനുരൂപമായ ചെറുതും വലുതുമായ സന്ധികളെയാണ് ബാധിക്കുന്നത്.
80 ശതമാനത്തോളം രോഗികളിലും ശരീരത്തിലെ പേശികളെയും ശരീരഭാഗങ്ങളെയും അവയവങ്ങളെയും അസ്ഥികളെയും ബാധിക്കുകയും ഇത് മൂന്നുമാസത്തിൽ കൂടുതൽ നീണ്ടുനിൽക്കുകയും ചെയ്യാവുന്നതാണ്.
2. ചിക്കുൻഗുനിയ വിട്ടുമാറാത്ത സന്ധിവാതത്തിന് കാരണമാകുന്നുണ്ടോ?
ഗുരുതരമായ ചിക്കുൻഗുനിയ ആമവാതത്തിന്റെ ലക്ഷണങ്ങളാണ് പ്രകടമാക്കുന്നത്. സന്ധികളിലെ വേദന ആഴ്ചകളോ മാസങ്ങളോ നീണ്ടുനിൽക്കും. വളരെ കുറച്ചുപേരിൽ (അഞ്ചുമുതൽ പത്തുശതമാനംവരെ) രണ്ടുവർഷംവരെ നീണ്ടുനിൽക്കാം.
3. ഗുരുതരമായ ചിക്കുൻഗുനിയയുമായി ബന്ധപ്പെട്ട സന്ധിവേദനകൾക്കുള്ള ചികിത്സകൾ എന്താണ്?
വിശ്രമം, ജലപാനം, വേദനയും പനിയും കുറയ്ക്കാനുള്ള മരുന്നുകൾ എന്നിവയാണ് അണുബാധയേറ്റവർക്കുള്ള ചികിത്സ. ചിക്കുൻഗുനിയയ്ക്കായി വാക്സിനുകൾ ലഭ്യമല്ല.
ഗുരുതരമായ ആർത്രൈറ്റിസ് രോഗികൾക്ക് ഹൈഡ്രോക്ലോറോക്വിൻ പോലുള്ള മരുന്നുകൾ ഉപയോഗിക്കാം.
വിവരങ്ങൾ: ഡോ.ജോ തോമസ്
കണ്സൾട്ടന്റ് റൂമറ്റോളജിസ്റ്റ്,
ആസ്റ്റർ മെഡിസിറ്റി, കൊച്ചി.