സെറോടോണിൻ ഏറ്റക്കുറച്ചിലും മൈഗ്രേനും
Saturday, July 22, 2023 5:27 PM IST
ആർത്തവവുമായി ബന്ധപ്പെട്ട സ്ത്രൈണ ഹോർമോണുകളുടെ ഏറ്റക്കുറച്ചിലാണ് സ്ത്രീകളിൽ പുരുഷന്മാരെക്കാൾ കൂടുതലായി മൈഗ്രേനുണ്ടാകാനുള്ള പ്രധാന കാരണം.
സ്ട്രെസ്, ഉത്കണ്ഠ, വിഷാദാവസ്ഥ, ദാന്പത്യപ്രശ്നങ്ങൾ ഇവയൊക്കെ തരണം ചെയ്യാനുള്ള സ്ത്രീകളുടെ കഴിവുകുറവുതന്നെ മറ്റൊരു കാരണം. ഏതു നിസാര സംഘർഷാവസ്ഥയുണ്ടാകുന്പോൾ പോലും അവ മൈഗ്രേനിൽ കലാശിക്കുന്ന സ്ത്രീകളുണ്ട്.
ഛർദി
മൈഗ്രേനുണ്ടാകുന്ന സമയത്ത് ബ്രെയിൻ സ്റ്റെമിലെ സവിശേഷഭാഗങ്ങൾ അസാധാരണമായി ഉത്തേജിപ്പിക്കപ്പെടുന്നു. തന്മൂലം ഓക്കാനവും ഛർദിയും ഉണ്ടാകുന്നു.
ചിലർക്ക് ഛർദിക്കുശേഷം തലവേദനയ്ക്ക് ആശ്വാസം ലഭിക്കുന്നു. പ്രത്യേകിച്ച് കുട്ടികളിൽ മ്രൈഗേൻ ശമിപ്പിക്കാനുള്ള ഒരു സഹായ ഘടകമായിട്ടാണ് ഛർദി ഉണ്ടാകുന്നത്.
മൈഗ്രേനും കാഴ്ചയും
ഒഫ്താൽമോപ്ലോജിക് മൈഗ്രേൻ മൂലം നേത്രങ്ങളിൽ വേദനയും ഒപ്പം ഛർദിയുമുണ്ടാകുന്നു. കൊടിഞ്ഞി(മൈഗ്രേൻ) കൂടിയാൽ കണ്ണുകൾ തുറക്കാൻ പറ്റാത്തവിധം അടഞ്ഞുപോകും. കണ്ണുകൾക്കു ചുറ്റുമുള്ള പേശികൾക്ക് തളർച്ചയും വീക്കവുമുണ്ടാകുന്നു.
ഒന്നോ രണ്ടോ ദിവസങ്ങൾ തലവേദന ദീർഘിക്കാം. മൈഗ്രേൻ കണ്ണുകളെ ബാധിക്കുന്നതോടൊപ്പം വിവിധ നേത്രരോഗങ്ങളും കൊടിഞ്ഞിയുണ്ടാകുന്നതിന് കാരണമാകുന്നു.
ഇഡിയോപതിക് ഇൻട്രാക്രേനിയൻ ഹൈപ്പർടെൻഷൻ എന്ന അവസ്ഥയിൽ കഠിനമായ കണ്ണുവേദനയുണ്ടാകാം. ഒപ്പം തലവേദനയും.
മൈഗ്രേനു മുന്നോടിയായി
കൂടാതെ മൈഗ്രേനു മുന്നോടിയായി ഉണ്ടാകുന്ന ഒരനുഭവത്തെ തുടർന്നു കാഴ്ചയ്ക്ക് തകരാർ അനുഭവപ്പെടുന്നു. കാഴ്ച കുറയുക, കണ്ണിൽ ഇരുട്ട് പടരുക, പലതരം വിസ്മയകരമായ കാഴ്ചകൾ കാണുക ഇവയൊക്കെ വിഷ്വൽ ഓറയുടെ സവിശേഷതകളാണ്.
കൂടാതെ ട്രൈജെമിനൽ ഓട്ടേടെമിക് റ്റെഫാൻജിയ എന്ന തലവേദനയോടൊപ്പം ഉണ്ടാകുന്ന രോഗാവസ്ഥയിൽ ഒരു വശത്തെ കണ്ണിന്ചുവപ്പുനിറമുണ്ടാകുകയും കണ്ണുനീർ ധാരധാരയായി ഒഴുകുകയും ശക്തമായ വേദനയുണ്ടാകുകയും ചെയ്യുന്നു.
സെറോടോണിൻ
മൈഗ്രേനു പിന്നിലെ ഏറ്റവും പ്രധാന കാരണം തലച്ചോറിലെ സവിശേഷ രാസവസ്തുവായ ’സെറോട്ടോണി’ന്റെ അപര്യാപ്തത തന്നെ. കുറച്ചുകൂടി വ്യക്തമാക്കിയാൽ സെറോട്ടോണിന്റെ അളവിലെ അസന്തുലിതാവസ്ഥ.
മസ്തിഷ്ക സംവേദന പ്രവർത്തനങ്ങളിലേക്കുള്ള ഒരു പാലമാണെന്ന് പറയാം സെറോട്ടോണിൻ. വിഷാദാവസ്ഥ, ഉത്കണ്ഠ, ഉറക്കക്കുറവ്, വയറുവേദന തുടങ്ങിയവ അനുഭവപ്പെടുന്പോൾ സെറോട്ടോണിൻ അളവിൽ വ്യതിയാനമുണ്ടാകുന്നു.
സെറോട്ടോണിൻ പെട്ടെന്നു കുറയുന്പോൾ മൈഗ്രേൻ ഉണ്ടാകുന്നു. അപ്പോൾ അതു പരിഹരിക്കുകയാണ് സുപ്രധാന നടപടി.
വിവരങ്ങൾ: ഡോ. ശുഭ ജോർജ് തയ്യിൽ MBBS, MIHS, MNHF(USA)
ഹെഡ് എയ്ക് സ്പെഷലിസ്റ്റ്. വെണ്ണല, കൊച്ചി.