മൈഗ്രേൻ ട്രിഗറുകൾ കണ്ടെത്തി ഒഴിവാക്കാം
Thursday, July 27, 2023 12:59 PM IST
മൈഗ്രേൻ ചികിത്സയിൽ മൂന്നു സുപ്രധാന ഘടകങ്ങളാണുള്ളത്. ഒന്ന് - മൈഗ്രേനുണ്ടാക്കുന്ന ട്രിഗറുകൾ(ഉത്തേജക ഘടകങ്ങൾ) എന്തെന്നു കണ്ടുപിടിച്ച് അവ ഒഴിവാക്കുക.
രണ്ട് -കൃത്യമായ ജീവിത - ഭക്ഷണ ശൈലിയിലൂടെ മൈഗ്രേനെ പടിക്കുപുറത്തു നിർത്തുക. മൂന്ന് - മരുന്നുകളുടെ ഉപയോഗം.
ഓരോരുത്തരിലും മൈഗ്രേനു നിദാനമാകുന്ന ട്രിഗറുകളെ കണ്ടെത്തുക തന്നെ ആദ്യപടി. തങ്ങൾക്ക് ഹാനികരമാകുന്ന ട്രിഗറുകൾ കണ്ടുപിടിച്ച് ഒഴിവാക്കുന്നതാണ് പ്രധാന മുൻകരുതൽ. പ്രധാനമായി പത്തു ട്രിഗറുകളാണത്.
കൃത്യസമയത്ത് ഉറങ്ങാൻ കിടക്കുകയും ഉണരുകയും ചെയ്യുക
കൃത്യമായ ദിനചര്യകളിലുള്ള വ്യതിയാനങ്ങൾ. ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന സമയങ്ങൾ മാറ്റുക. ദീർഘയാത്രകളും മറ്റും ഇതിന് കാരണമാകുന്നു. അതുകൊണ്ട് കൃത്യസമയത്ത് ഉറങ്ങാൻ കിടക്കുകയും ഉണരുകയും ചെയ്യുക.
അന്തരീക്ഷ വ്യതിയാനങ്ങൾ ശ്രദ്ധിക്കുക
അന്തരീക്ഷ-കാലാവസ്ഥാ വ്യതിയാനങ്ങൾ മൈഗ്രേന് ഉത്തേജകഘടകങ്ങളാകുന്നു. അമിത ചൂടും തണുപ്പും ട്രിഗറുകളാകുന്നു. വെട്ടിത്തിളങ്ങുന്ന പ്രകാശ രശ്മികൾ തലവേദനയുണ്ടാക്കുന്നു.
അതുകൊണ്ട് ഇത് ഒഴിവാക്കുക. നിർജലീകരണം ഉണ്ടാവരുത്. ധാരാളം വെള്ളം കുടിക്കുക.
മൈഗ്രേനു കാരണങ്ങളാകുന്ന ഭക്ഷണപദാർഥങ്ങൾ
മൈഗ്രേനു കാരണങ്ങളാകുന്ന ഭക്ഷണപദാർഥങ്ങൾ എന്തെന്ന് അറിയുക. ചോക്ലേറ്റ്, ബനാന, ചീസ്, വിനാഗരി, സോയാസോസ്, ചുവന്ന വൈൻ, നാരങ്ങ, കാപ്പി തുടങ്ങിയവ തലവേദനയ്ക്കുള്ള ഉദ്ദീപന ഘടകമാകുന്നു.
കൂടാതെ ഭക്ഷണപദാർഥങ്ങളിലടങ്ങിയിട്ടുള്ള രാസചേരുവകളായ മോണോസോഡിയം ഗ്ലൂട്ടാമെയ്റ്റ്, സൽഫൈയ്റ്റ്, നൈട്രേറ്റ്, അസ്പർട്ടാം, ചൈനീസ് ഭക്ഷണത്തിലെ അജിനോമോട്ടോ തുടങ്ങിയവ കഠിനമായ കൊടിഞ്ഞിക്കു തുടക്കമിടുന്നു. ഇവ ഒഴിവാക്കാൻ ശ്രമിക്കുക.
സമയത്തു ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കാം
കൃത്യസമയത്തു ഭക്ഷണം കഴിക്കുക. ഭക്ഷണക്രമങ്ങൾ തെറ്റിക്കുന്നതും തലവേദനയുണ്ടാക്കുന്നു. വിശന്നിരിക്കുന്നതും നന്നല്ല. രക്തത്തിൽ പഞ്ചസാര കുറഞ്ഞുപോകുന്നതും ഹാനികരം.
ചെറിയ അളവിലുള്ള ആഹാരം കൃത്യമായ സമയക്രമങ്ങളിൽ പലപ്രാവശ്യം കഴിക്കുന്നത് ഉത്തമം.
വിവരങ്ങൾ - ഡോ. ശുഭ ജോർജ് തയ്യിൽ MBBS, MIHS, MNHF(USA)
ഹെഡ് എയ്ക് സ്പെഷലിസ്റ്റ്. വെണ്ണല, കൊച്ചി.