എച്ച്പിവി അപകടകരം
Tuesday, September 26, 2023 12:36 PM IST
ലൈംഗികാരോഗ്യം
ലൈംഗികബന്ധം വഴി പകരുന്ന രോഗങ്ങൾ മുപ്പതിലേറെയാണ്. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് എച്ച്പിവി എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന ഹ്യൂമൻ പാപ്പിലോമ വൈറസ് ആണ്.
ലൈംഗിക ബന്ധം സജീവമായി തുടരുന്ന സ്ത്രീകളിലും പുരുഷന്മാരിലും എൺപത് ശതമാനം പേരിലെങ്കിലും പലപ്പോഴായി ഇത് അനുഭവപ്പെടാറുണ്ട്. വളരെ അപൂർവമായി ചില സ്ത്രീകളിൽ ഇത് ഗർഭാശയ കാൻസറിന് കാരണമാകാറുണ്ട്.
നേരത്തേ കണ്ടെത്താം
ഏറെ സ്ത്രീകളിൽ ഗർഭാശയമുഖത്ത് ഉണ്ടാകുന്ന കാൻസറിന്റെ ഫലമായി മരണം സംഭവിക്കാറുണ്ട്. എന്നാൽ, ഇപ്പോൾ ഗർഭാശയമുഖത്ത് കാൻസർ ഉണ്ടാകാനുള്ള സാധ്യത നേരത്തേ കണ്ടുപിടിക്കാൻ കഴിയും.
അതിന്റെ ഫലമായി ഗർഭാശയ മുഖത്തെ കാൻസറും അതിന്റെ ഫലമായി ഉണ്ടാകുന്ന മരണങ്ങളും കുറഞ്ഞിട്ടുണ്ട്.
വെള്ളപോക്ക് ചികിത്സിക്കണം
സ്ത്രീകളിൽ വെള്ളപോക്ക് ഉണ്ടാകുമ്പോൾ അത് അസ്ഥിയുരുക്കം എന്ന പേരിൽ ഒരുപാടുപേർ ചികിത്സ ചെയ്യാറുണ്ട് എന്നുള്ളതാണ്. അത് ശരിയല്ല. അസ്ഥി ഉരുകുകയില്ല.
ഉരുകിയാൽ തന്നെ അതിലെ പോകാൻ വഴിയും ഇല്ല. അതുകൊണ്ട് വെള്ളപോക്ക് ശരിയായ രീതിയിൽ ചികിത്സിക്കണം. ബഹുഭൂരിപക്ഷം പേരിലും ദിവസങ്ങൾക്കകം പരിഹാരം കാണാൻ കഴിയുന്നതാണ്.
സ്തനാർബുദം
ഒരുപാട് പേരിൽ മരണത്തിന്, പലരിലും അകാലമരണത്തിന് കാരണമാകുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് സ്തനാർബുദം.
വീട്ടിൽവച്ചുതന്നെ സ്വയം സ്തനപരിശോധന
ഡോക്ടറുടെ നിർദേശപ്രകാരം വീട്ടിൽവച്ചുതന്നെ സ്ത്രീകൾക്ക് സ്വയം സ്തന പരിശോധന നടത്താവുന്നതാണ്. എന്തെങ്കിലും അസ്വാഭാവികത തോന്നുകയാണ് എങ്കിൽ അത് നേരത്തേ തന്നെ മനസിലാക്കാവുന്നതുമാണ്.
നാൽപത് വയസ് കഴിഞ്ഞ സ്ത്രീകൾ കൊല്ലത്തിൽ ഒരു പ്രാവശ്യമെങ്കിലും ഡോക്ടറെ കാണണം. ഡോക്ടർ നിർദേശിക്കുന്ന പരിശോധനകൾക്കു വിധേയമാകണം.
ഇസ്തിരിയിട്ട ശേഷം ഉപയോഗിക്കുക
അടിവസ്ത്രങ്ങൾ നല്ല ചൂടിൽ ഉപയോഗിക്കുന്നതാണ് ആരോഗ്യകരം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 98460 73393.