വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
Thursday, September 28, 2023 1:20 PM IST
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറുന്നു. അവിടെയിരുന്ന് ആസ്വദിച്ചു ഭക്ഷണം കഴിക്കുന്നു.
ഭക്ഷണം മുഴുവൻ കഴിച്ചശേഷം കൂളായി മടങ്ങുന്നു. ചിപിൻക്യൂ ഇക്കോളജിക്കൽ പാർക്കിലാണു സംഭവം നടന്നത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
മെക്സിക്കോയിലെ ഒരു വിരുന്നുസത്കാരസംഘം ഭക്ഷണം കഴിക്കുന്നതിനിടെയാണു കരടി എത്തിയത്. ഒരമ്മയും മകനും ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മേശയുടെ മുകളിലേക്കു ചാടിക്കയറിയ കരടി അവിടെയുണ്ടായിരുന്ന ഭക്ഷണം കഴിക്കുകയായിരുന്നു.
അമ്മയും മകനും മേശയുടെ മുന്നിലെ കസേരയില്‍ ഭയന്ന് വിറച്ചിരിക്കുന്നതും കരടിയിൽനിന്നു മറച്ച് പിടിക്കാന്‍ അമ്മ മകനെ തന്റെ നെഞ്ചോട് ചേര്‍ക്കുന്നതും വീഡിയോയില്‍ കാണാം.
മേശയിലുണ്ടായിരുന്ന ഭക്ഷണം മുഴുവൻ കഴിച്ചശേഷമാണ് കരടി പിൻവാങ്ങിയത്. മെക്സിക്കോ സിറ്റിയിലെ സിൽവിയ മാസിയാസ് തന്റെ മകൻ സാന്റിയാഗോയുടെ 15ാം ജന്മദിനം ആഘോഷിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.