പ്ലാന്റർ ഫാഷ്യൈറ്റിസ് ചികിത്സ
Wednesday, October 4, 2023 2:29 PM IST
ഓരോ പാദത്തിന്റെയും അടിയിലൂടെ കടന്നുപോകുന്ന കുതികാൽ അസ്ഥിയെ കാൽവിരലുകളുമായി ബന്ധിപ്പിക്കുന്ന കട്ടിയുള്ള ടിഷ്യുവാണ് പ്ലാന്റർ ഫാഷ്യ. ഇതിന്റെ വീക്ക മാണ് പ്ലാന്റർ ഫാഷ്യൈറ്റിസ്.
ചികിത്സ എപ്രകാരം?
* ഉപ്പൂറ്റി വേദനയ്ക്ക് കാരണമാകുന്ന ഘടകങ്ങൾ കണ്ടെത്തി ഒഴിവാക്കണം.
* വിശ്രമം, ഐസിംഗ്, ബ്രേസ്, ആന്റി ഇൻഫ്ലമേറ്ററി മരുന്നുകൾ എന്നിവ ഉപയോഗിക്കുക തുടങ്ങിയ ഹോം ചികിത്സകൾ പ്ലാന്റർ ഫാഷ്യൈറ്റിസ് ചികിത്സിക്കുന്നതിനുള്ള ആദ്യ മാർഗങ്ങളാണ്.
* പ്ലാന്റർ ഫാഷ്യൈറ്റിസ് മർദം കുറയ്ക്കാൻ കഴിയുന്ന പ്രത്യേക ഷൂകൾ തുടർച്ചയായി ഉപയോഗിക്കണം. ചില പ്രത്യേക പ്രഷർ പോയിന്റ് ടെസ്റ്റുകൾ നടത്തിയ ശേഷം, ഈ പ്രത്യേക ഷൂകൾ ഇഷ്ടാനുസൃതമായി നിർമിക്കാം.
* വേദന കുറയുന്നില്ലെങ്കിൽ, ലിഗമെന്റിന്റെ കേടായ ഭാഗത്തേക്ക് നേരിട്ട് കോർട്ടികോ സ്റ്റീറോയിഡ് കുത്തിവയ്ക്കുന്നത് സഹായിക്കും.
കുത്തിവയ്പ്പിനുള്ള ഏറ്റവും നല്ല ഭാഗം നിർണയിക്കാൻ സഹായിക്കുന്നതിന് അൾട്രാസൗണ്ട് ഇമേജ് ഉപയോഗിച്ചേക്കാം. കുതികാൽ ചർമത്തിലോ കാലിന്റെ കമാനത്തിലോ സ്റ്റിറോയിഡുകൾ കുത്തിവയ്ക്കുന്നു.
ഫിസിക്കൽ തെറാപ്പി
പ്ലാന്റർ ഫാഷ്യൈറ്റിസ് ചികിത്സയുടെ പ്രധാന ഭാഗമാണ് ഫിസിക്കൽ തെറാപ്പി. ഇത് നിങ്ങളുടെ പ്ലാന്റർ ഫാഷ്യയേയും അക്കില്ലസ് ടെൻഡോണുകളും നീട്ടാൻ സഹായിക്കും.
ഫിസിയോതെറാപ്പിസ്റ്റിന്റെ മേൽനോട്ടത്തിൽ, കാൽ പേശികളെ ശക്തിപ്പെടുത്തുന്നതിനുള്ള വ്യായാമങ്ങൾ പരിശീലിക്കാം, ഇത് നടത്തം സുസ്ഥിരമാക്കാനും പ്ലാന്റർ ഫാഷ്യയിലെ ജോലിഭാരം കുറയ്ക്കാനും സഹായിക്കുന്നു.
ഷോക്ക് വേവ് തെറാപ്പി
വേദന തുടരുകയും മറ്റ് രീതികൾ പ്രവർത്തിക്കുന്നുമില്ലെങ്കിൽ, എക്സ്ട്രാ കോർപോറിയൽ ഷോക്ക് വേവ് തെറാപ്പി ചെയ്യാം. ഈ തെറാപ്പിയിൽ, ലിഗമെന്റിനുള്ളിലെ രോഗശാന്തി ഉത്തേജിപ്പിക്കുന്നതിന് ശബ്ദ തരംഗങ്ങൾ കുതികാലിൽ പ്രയോഗിക്കുന്നു.
ശസ്ത്രക്രിയ
പ്ലാന്റർ ഫാഷ്യൈറ്റിസ് നിയന്ത്രണത്തിലായില്ലെങ്കിൽ, പരിഗണിക്കേണ്ട അടുത്ത ഓപ്ഷൻ ശസ്ത്രക്രിയയാണ്. വേദന കഠിനമായതോ ആറു മുതൽ 12 മാസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്നതോ ആയ സന്ദർഭങ്ങളിൽ മാത്രമാണ് ഇത് ചെയ്യുന്നത്.
പ്ലാന്റർ ഫാഷ്യൈറ്റിസ് അപകടകരമായ ഒരു രോഗമല്ല, പക്ഷേ ഇത് വളരെ അസ്വസ്ഥതയുണ്ടാക്കാം. അതിനാൽ പ്രാരംഭ ഘട്ടത്തിൽ ശരിയായ ചികിത്സയും രോഗം വഷളാക്കുന്ന എല്ലാ ഘടകങ്ങളും ഒഴിവാക്കുന്നതും വളരെ പ്രധാനമാണ്.
വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ,
വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
[email protected]