നക്ഷത്രവും ചെങ്കോലും
ഫാ. മൈക്കിൾ കാരിമറ്റം
Thursday, December 7, 2023 10:46 AM IST
ഞാൻ അവനെ കാണുന്നു എന്നാൽ ഇപ്പോഴല്ല; ഞാൻ അവനെ ദർശിക്കുന്നു. എന്നാൽ, അടുത്തല്ല. യാക്കോബിൽനിന്ന് ഒരു നക്ഷത്രം ഉദിക്കും. ഇസ്രയേലിൽനിന്ന് ഒരു ചെങ്കോൽ ഉയരും. അത് മോവാബിന്റെ നെറ്റിത്തടം തകർക്കും, ഷേത്തിന്റെ പുത്രന്മാരെ സംഹരിക്കുകയും ചെയ്യും. (സംഖ്യ 24, 77).
രക്ഷകനെ സംബന്ധിച്ച അടുത്ത പ്രവചനം അസാധാരണമായ രീതിയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെ പ്രവചനം നടത്തുന്നത് ഇസ്രയേലിലെ ഒരു ഗോത്രപിതാവോ പ്രവാചകനോ നേതാവോ ഒന്നുമല്ല, മറിച്ച് ഒരു വിജാതീയൻ. തനിക്കെതിരേ പാളയമടിച്ചിരിക്കുന്ന ഇസ്രയേൽ സൈന്യത്തിന്റെ മുന്നിൽ ഭയചകിതനായ മൊവാബു രാജാവ് അവരെ ശപിച്ച് തോല്പിക്കാൻ കൂലിക്കെടുത്ത ഒരു വിജാതീയ മാന്ത്രികനായിരുന്നു ബാലാം.
അയാളുടെ വാക്കുകൾ, അനുഗ്രഹമോ ശാപമോ ആകട്ടെ, ഫലിക്കും എന്നു വിശ്വസിച്ച മൊവാബു രാജാവ് യൂഫ്രട്ടീസ് നദീതീരത്തുനിന്ന് ക്ഷണിച്ചുവരുത്തിയ ബാലാം, ദൈവം നൽകിയ മുന്നറിയിപ്പും താക്കീതും അനുസരിച്ച്, ദൈവം അറിയിക്കുന്നതു മാത്രമേ തനിക്കു പറയാൻ കഴിയൂ എന്ന മുൻ ഉപാധിയോടെയാണ് മൊവാബു രാജാവിന്റെ അടുത്തേക്കു വന്നത്.
ബാലാമിന്റെ നാലു പ്രവചനങ്ങൾ സംഖ്യാ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് (സംഖ്യ 23,7-10. 18-24; 24,3-9. 15-24). നാലു പ്രവചനങ്ങളും ഇസ്രയേലിനു ലഭിക്കാൻ പോകുന്ന വിജയത്തെയും മഹത്വത്തെയും വിവരിക്കുന്നു. “അവരുടെ ദൈവമായ കർത്താവ് അവരോടു കൂടെയുണ്ട്. രാജാവിന്റെ അട്ടഹാസം അവരുടെ ഇടയിൽ മുഴങ്ങുന്നു” (സംഖ്യ 23,21). അതിനാൽ അവരെ ദ്രോഹിക്കാനോ തോല്പിക്കാനോ ആർക്കും കഴിയില്ല. “അവന്റെ രാജാവ് അഗാഗിനേക്കാൾ ഉന്നതനായിരിക്കും, അവന്റെ രാജ്യം മഹത്വമണിയും” (സംഖ്യ 23,7).
രാജാവിനെക്കുറിച്ചുള്ള മൂന്നാമത്തെ സൂചനയും വിവരണവുമാണ് ആരംഭത്തിൽ ഉദ്ധരിച്ചത്. രാജാവിന്റെ സ്വഭാവ സവിശേഷതകൾ സൂചിപ്പിക്കുന്ന പ്രതീകങ്ങളാണ് നക്ഷത്രവും ചെങ്കോലും. ആ രാജാവ് വരാനിരിക്കുന്നതേയുള്ളൂ. ഇപ്പോഴല്ല, അടുത്തല്ല എന്ന് ആവർത്തിക്കുന്നതിലൂടെ ഭാവിയിൽ വരാനിരിക്കുന്ന ഒരു രാജാവിനെയാണ് ബാലാം ദർശനത്തിൽ കാണുന്നത് എന്നു വ്യക്തമാകുന്നു.
വരാനിരിക്കുന്ന രക്ഷകൻ ഇസ്രയേലിൽനിന്നായിരിക്കും. എല്ലാ ശത്രുക്കളെയും സംഹരിച്ച് ശാശ്വത സമാധാനം സ്ഥാപിക്കുന്നവനായിരിക്കും ആ രാജാവ്. വലിയൊരു രാജാവ് ജനിക്കുന്പോൾ ആ വാർത്ത അറിയിച്ചുകൊണ്ട് പുതിയൊരു നക്ഷത്രം ആകാശത്തുദിക്കും എന്ന പുരാതനമായൊരു വിശ്വാസം ഈ പ്രവചനത്തിൽ പ്രകടമാകുന്നു.
ഈശോ ബേത്ലഹേമിൽ ജനിച്ചപ്പോൾ അവനെ അന്വേഷിച്ച് കിഴക്കുനിന്ന് ജ്ഞാനികൾ ഒരു നക്ഷത്രത്തെ അനുഗമിച്ചാണ് വന്നത് (മത്താ 2,2) എന്നു പറയുന്നത് ഈ പ്രവചനത്തിന്റെ പൂർത്തീകരണത്തിലേക്ക് വിരൽചൂണ്ടുന്നു. ശത്രുക്കളെ സംഹരിച്ച് ശാശ്വതമായ സമാധാനം സ്ഥാപിക്കുന്ന രാജാവായിരിക്കും ഇസ്രയേലിൽനിന്നു വരിക. നക്ഷത്രവും ചെങ്കോലും ആ രാജാവിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. ക്രിസ്മസ്കാലത്ത് നക്ഷത്രങ്ങൾ തൂക്കുന്പോൾ ഈ പ്രവചനം അനുസ്മരിക്കാം.