ദാവീദിന്റെ പുത്രൻ
ഫാ. മൈക്കിൾ കാരിമറ്റം
Saturday, December 9, 2023 3:31 PM IST
കർത്താവ് അതു ചെയ്യുന്നു. ‘ദിനങ്ങൾ തികഞ്ഞു നീ പൂർവികരോടു ചേരുന്പോൾ നിന്റെ ഔരസപുത്രനെ ഞാൻ ഉയർത്തി അവന്റെ രാജ്യം സുസ്ഥിരമാക്കും. അവൻ എനിക്ക് ആലയം പണിയും. അവന്റെ സിംഹാസനം ഞാൻ എന്നേക്കും സ്ഥിരപ്പെടുത്തും. ഞാൻ അവനു പിതാവും അവൻ എനിക്കു പുത്രനുമായിരിക്കും (2 സാമു 7,12-14).
രക്ഷകനെക്കുറിച്ചുള്ള പ്രവചനങ്ങളിൽ ഏറ്റവും പ്രസിദ്ധമാണ് നാഥാൻ പ്രവാചകൻ വഴി ദൈവം ദാവീദിനു നല്കിയ ഈ വാഗ്ദാനം. ദാവീദ് ശത്രുക്കളെയെല്ലാം തോല്പിച്ച് രാജ്യം സുസ്ഥിരമാക്കി. ജറൂസലെമിൽ കൊട്ടാരം നിർമിച്ചു വാസമുറപ്പിച്ചു. ഉടന്പടിയുടെ പേടകം ജറൂസലെമിൽ കൊണ്ടുവന്നു പ്രതിഷ്ഠിച്ചു. അതിനുശേഷം ദൈവത്തിനുവേണ്ടി ഒരാലയം പണിയണം എന്ന ആഗ്രഹം നാഥാൻ പ്രവാചകനെ അറിയിച്ച് ദൈവഹിതം ആരാഞ്ഞു. അപ്പോൾ ദാവീദിനു ലഭിച്ച മറുപടിയിലാണ് ഏറ്റവും പ്രധാനപ്പെട്ട ഈ പ്രവചനം. സുദീർഘമായ പ്രവചനത്തിൽ ദാവീദിനുവേണ്ടി ദൈവം ചെയ്ത കാര്യങ്ങൾ വിശദമായി വിവരിച്ചതിനുശേഷം ഭാവിയെ സംബന്ധിക്കുന്ന സുപ്രധാനമായ വാഗ്ദാനങ്ങൾ നൽകുന്നു.
അതിമനോഹരമായ ദേവാലയം നിർമിച്ച സോളമനെക്കുറിച്ചാണ് ഈ പ്രവചനം എന്നു തോന്നാം. എന്നാൽ, അതു ഭാഗികമായേ ശരിയെന്നു പറയാൻ കഴിയൂ. ഇവിടെ സൂചിപ്പിച്ചിരിക്കുന്ന നിത്യമായ രാജത്വം, ശാശ്വതമായ സിംഹാസനം, ദൈവപുത്രസ്ഥാനം തുടങ്ങിയ പല പ്രമേയങ്ങൾക്കും പ്രത്യക്ഷത്തിൽ കാണുന്നതിനേക്കാൾ ആഴമേറിയ അർഥമുണ്ട്.
രാജാവിനെ ദൈവം പുത്രനായി ദത്തെടുക്കുന്ന കർമമാണ് രാജാഭിഷേകം എന്ന കാഴ്ചപ്പാടും വിശ്വാസവും ഇസ്രയേൽ ജനത്തിനിടയിലും നിലനിന്നിരുന്നു. ഈ പ്രവചനം അതിന് അടിസ്ഥാനമായി കരുതപ്പെടുകയും ചെയ്യുന്നു. എന്നാൽ, രക്ഷാചരിത്രത്തിന്റെ മുന്നേറ്റത്തിൽ ഈ പ്രവചനത്തിന്റെ ആഴമേറിയ ധ്വനികൾ കൂടുതൽ വ്യക്തമായി.
ബിസി 587ൽ ബാബിലോൺ സൈന്യം ജറൂസലെം കീഴടക്കി സോളമൻ നിർമിച്ച ദേവാലയം അഗ്നിക്കിരയാക്കി. രാജാവിനെ അടിമയാക്കി നാടുകടത്തി. അതോടെ ദാവീദിന്റെ സിംഹാസനം ശൂന്യമായി. രാജത്വം അവസാനിച്ചു. പ്രവാസത്തിൽനിന്നു മടങ്ങിവന്നവർ ദേവാലയം പുതുതായി നിർമിച്ചെങ്കിലും ഇസ്രയേലിൽ പിന്നീട് രാജാവുണ്ടായിട്ടില്ല. ബിസി 575ൽ പുനർ നിർമിച്ച ദേവാലയം എഡി 70ൽ റോമാക്കാർ ചുട്ടെരിച്ചു. അതിനുശേഷം ഇസ്രായേലിൽ ദേവാലയവുമില്ല.
ഈ സാഹചര്യത്തിൽ രാജത്വം, സിംഹാസനം, ദേവാലയം എന്നിവയ്ക്കെല്ലാം ആത്മീയമായ അർഥസൂചനകൾ ഉണ്ടെന്നു വ്യക്തമായി. ദാവീദിന്റെ പിൻതലമുറയിൽ ഒരു രാജാവു ജനിക്കും. അവൻ ഒരേസമയം മനുഷ്യനും ദൈവവുമായിരിക്കും. ദാവീദിന്റെ മകനായി ജനിക്കുന്ന ദൈവപുത്രൻ. അവൻ സ്ഥാപിക്കുന്നത് ദാവീദിന്റെയും സോളമന്റെയും സാമ്രാജ്യമല്ല, ദൈവരാജ്യമായിരിക്കും. അവൻ പണിയുന്നത് മനുഷ്യനിർമിതമായ ദേവാലയമായിരിക്കുകയില്ല. അവന്റെ ശരീരംതന്നെ ആയിരിക്കും യഥാർഥ ദേവാലയം. ആ ശരീരത്തിനും വിവിധ മാനങ്ങളുണ്ട്.
മനുഷ്യാവതാരവേളയിൽ ദൈവവചനം മാംസമായെത്തുന്നതാണ് യഥാർഥ ദേവാലയം. ‘വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു’ (യോഹ 1,14) അതേസമയം ഈശോമിശിഹായെ ഏക രക്ഷകനും ദൈവവുമായി വിശ്വസിച്ച് ഏറ്റുപറഞ്ഞ് ജീവിക്കുന്ന സഭയും അവിടത്തെ ശരീരമാണ്. ‘മൗതികശരീരം’ എന്നു പറയും (എഫേ 1,23). മാത്രമല്ല ഈശോയിൽ വിശ്വസിക്കുന്ന ഓരോ വ്യക്തിയും അവിടത്തെ വാസസ്ഥലവും അതിനാൽത്തന്നെ ദേവാലയവുമാണ് (1 കോറി 6, 19).
അനശ്വരമായ ദൈവരാജ്യം സ്ഥാപിച്ച്, തന്റെതന്നെ മൗതികശരീരമായ ദേവാലയത്തിൽ വസിക്കുന്ന ദൈവത്തിന്റെ പുത്രൻ ചരിത്രത്തിൽ ദാവീദിന്റെ പുത്രനായി ജനിക്കും എന്നു നാഥാൻ വഴി ദൈവം വാഗ്ദാനം ചെയ്യുന്നതാണ് ഈ പ്രവചനം.
ദാവീദിന്റെ ശാരീരിക പിൻതലമുറകളിൽ പലർക്കും വഴിപിഴച്ചു, ശിക്ഷയും ലഭിച്ചു. എന്നാൽ, ദാവീദിന്റെ രാജ്യവും സിംഹാസനവും പ്രതിനിധാനം ചെയ്യുന്ന ദൈവരാജ്യം അനശ്വരമായിരിക്കും. ഈ വാഗ്ദാനമാണ് ശാരീരികമായല്ലെങ്കിൽ നിയമത്തിനു മുന്പിൽ, ദാവീദ് വംശജനായ ജോസഫിന്റെ മകനായി ദാവീദിന്റെ പട്ടണമായ ബെത്ലഹെമിൽ ഈശോയിൽ പൂർത്തിയായത്.