അന്ധകാരത്തിൽ പ്രകാശം
ഫാ. മൈക്കിൾ കാരിമറ്റം
Wednesday, December 13, 2023 3:31 PM IST
“അന്ധകാരത്തിൽ കഴിഞ്ഞ ജനം മഹത്തായ ഒരു പ്രകാശം കണ്ടു. കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെമേൽ പ്രകാശം ഉദിച്ചു. നമുക്കായി ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രൻ നല്കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും. വിസ്മനീയനായ ഉപദേഷ്ടാവ്, ശക്തനായ ദൈവം, നിത്യനായ പിതാവ്, സമാധാനത്തിന്റെ രാജാവ് എന്ന് അവൻ വിളിക്കപ്പെടും.
ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജ്യത്തിലും അവന്റെ ആധിപത്യം നിസീമമാണ്, അവന്റെ സമാധാനം അനന്തവും. നീതിയിലും ധർമത്തിലും എന്നേക്കും അതു സ്ഥാപിച്ച് പരിപാലിക്കാൻ തന്നെ, സൈന്യങ്ങളുടെ കർത്താവിന്റെ തീക്ഷ്ണത ഇതു നിറവേറ്റും’’ (ഏശ 9,27).
വരാനിരിക്കുന്ന രക്ഷകനെക്കുറിച്ച് സമഗ്രമായൊരു ചിത്രം അവതരിപ്പിക്കുന്നതാണ് ഏശയ്യായുടെ പുസ്തകത്തിലെ ഈ രണ്ടാമത്തെ പ്രവചനം. എന്താണ് ഈ പ്രവചനത്തിന്റെ സാഹചര്യം? അസീറിയൻ രാജാവായ തിഗ്ലാത്ത് പിലേസർ III ബിസി 734ൽ ആദ്യം സിറിയയും തുടർന്ന് ഇസ്രായേലും കീഴടക്കി. അനേകായിരങ്ങളെ അടിമകളാക്കി നാടുകടത്തി (2 രാജാ 17). ഈ ദുരന്തങ്ങളുടെ തുടക്കത്തിലാണ് ഈ പ്രവചനം നല്കപ്പെട്ടത്.
അസീറിയൻ ആക്രമണത്തിൽ തകർന്ന് എല്ലാം നഷ്ടപ്പെട്ടവരാണ് “അന്ധകാരത്തിൽ കഴിയുന്ന ജനം’’. അവർ കാണുന്ന, അവർക്കുവേണ്ടി ഉദിക്കുന്ന പ്രകാശം പുതിയൊരു രാജാവിന്റെ ജനനമാണ്. ആ രാജാവിന്റെ സവിശേഷതകൾ 6,7 വാക്യങ്ങളിൽ വിവരിക്കുന്നു.
ഈ വാഗ്ദാനം അവർ മനസിലാക്കിയ അർഥത്തിൽ നിറവേറിയില്ല. പ്രതീക്ഷകൾ സഫലമായില്ല. എന്നാൽ, ഈ പ്രവചനത്തിനു പ്രത്യക്ഷത്തിൽ കാണുന്നതിനേക്കാൾ ആഴമേറിയ അർഥമുണ്ട്.
അന്ധകാരത്തിൽ കഴിയുന്ന ജനം അസീറിയ കീഴടക്കിയ ഇസ്രായേൽ ജനം മാത്രമല്ല, അത് സകലമനുഷ്യരുമാണ്. വിവിധ കാരണങ്ങളാൽ പാപത്തിന്റെയും മരണത്തിന്റെയും ദുഃഖത്തിന്റെയും നിരാശയുടെയും എല്ലാം അടിമത്തമാണ് അന്ധകാരം വരുത്തുന്നത്. അവർക്കുവേണ്ടി ഉദിക്കുന്ന പ്രകാശമാണ് ദൈവം അയയ്ക്കുന്ന ദൈവം തന്നെയായ രക്ഷകൻ.
അവൻ സകല അടിമത്തവും അവസാനിപ്പിക്കും. യുദ്ധങ്ങൾ ഇല്ലാതാക്കും. ലോകജനതകളുടെ മുഴുവൻ അധിപനും സർവജ്ഞനുമായിരിക്കും അവൻ. ദൈവം തന്നെയാണ് അവനിൽ പ്രവർത്തിക്കുന്നത്, അഥവാ അവൻ ദൈവത്തിന്റെ തന്നെ അവതാരമായിരിക്കും.
ആർക്കും തോല്പിക്കാനോ ചെറുത്തുനിൽക്കാനോ കഴിയില്ലാത്തവിധം ശക്തനായ അവൻ നിത്യനായ പിതാവായിരിക്കും. പിതാവ് മക്കളെ എന്നപോലെ സകല ജനതകളെയും അവൻ പരിപാലിക്കും, നയിക്കും, ഭരിക്കും. അവന്റെ രാജ്യത്തിനും ഭരണത്തിനും അവസാനമുണ്ടാകില്ല. നിത്യനായ രാജാവ്, സനാതന രാജ്യം. ആ രാജ്യത്തിന്റെ മൂന്നു സവിശേഷതകൾ പ്രത്യേകം എടുത്തു പറയുന്നു.
“സദ്ഖാ’’ എന്ന ഹീബ്രു വാക്കാണ് “നീതി’’ എന്നു വിവർത്തനം ചെയ്യുന്നത്. സമൂഹത്തിൽ എല്ലാവർക്കും ഓരോരുത്തർക്കും അർഹമായതു ലഭിക്കുന്ന അവസ്ഥയാണ് ഈ പദം അർഥമാക്കുന്നത്.
ഈ സംവിധാനത്തിന് എന്തെങ്കിലും കോട്ടം തട്ടിയാൽ, ആർക്കെങ്കിലും നീതി നിഷേധിക്കപ്പെട്ടാൽ, അതു പരിഹരിക്കാൻ ആവശ്യമായതാണ് “ധർമം’’ എന്നു വിവർത്തനം ചെയ്യുന്ന “മിഷ്പാത്ത്’’. വിധിക്കുക എന്നർഥമുള്ള “ഷാഫ്ത്’’ എന്ന ക്രിയാധാതുവിൽനിന്ന് രൂപം കൊണ്ടതാണ് ഈ വാക്ക്. നിഷേധിക്കപ്പെടുന്ന നീതി നടപ്പിലാക്കാൻ ഇത് സഹായിക്കും. ഒരു കാരണവശാലും ആർക്കും നീതി നിഷേധിക്കപ്പെടില്ല എന്ന് ധർമനിഷ്ഠ ഉറപ്പുവരുത്തും.
ഇപ്രകാരം നീതി നിലനിൽക്കുന്ന അവസ്ഥയാണ് സമാധാനം.“ശാലോം’’ എന്നു ഹീബ്രുവിൽ. നാലു തരത്തിലുള്ള ബന്ധങ്ങളുടെ സന്തുലിതാവസ്ഥയാണ് സമാധാനം കൊണ്ട് അർഥമാക്കുന്നത്. വ്യക്തികൾ തമ്മിൽ തമ്മിലും എല്ലാ വ്യക്തികൾക്കും പ്രപഞ്ചത്തോടും ഓരോ വ്യക്തിക്കും തന്നോടുതന്നെയും ഇതിനെല്ലാം അടിസ്ഥാനമായ ദൈവത്തോടും ഉള്ള ദൈവ നിശ്ചിതവും നിയമാധിഷ്ഠിതവുമായ ബന്ധത്തിന്റെ സന്തുലിതാവസ്ഥയാണ് “ശാലോം’’ അഥവാ സമാധാനം.
ജനിക്കാൻ പോകുന്ന രാജശിശു ദൈവമായിരിക്കും. അവൻ ദൈവത്തിന്റെ ഭരണം ഈ ഭൂമിയിൽ നടപ്പിലാക്കും. എല്ലാവർക്കും നീതി പ്രദാനം ചെയ്യും. അങ്ങനെ ശാശ്വതമായ സമാധാനം സംജാതമാകും. ഭൂമിയെ, മനുഷ്യഹൃദയങ്ങളെ, ഗ്രസിച്ചിരിക്കുന്ന അന്ധകാരം അകലും. എങ്ങും പ്രകാശം പ്രസരിക്കും. ഒരിക്കലും അസ്തമിക്കാത്ത, ശാശ്വതമായ ശാന്തിയും സമാധാനവും സന്തോഷവും എല്ലാവർക്കും ലഭിക്കും. ഇതാണ് ദൈവം വാഗ്ദാനം ചെയ്യുന്നത്.
ഈ വാഗ്ദാനത്തിന്റെ പൂർത്തീകരണമാണ് ബേത്ലഹെമിൽ ആ രാത്രി സംഭവിച്ചത്. അന്ധകാരത്തിൽ പ്രകാശമുദിച്ചു. അന്ധകാരത്തിൽ കഴിയുന്ന ജനത്തിന് പ്രത്യാശയുടെ പ്രകാശമായി അവൻ വീണ്ടും ജനിക്കുന്നു. അതിന്റെ ഓർമപ്പെടുത്തലും ആഘോഷവുമാണ് ക്രിസ്മസ്. അതിനുള്ള ഒരുക്കമാണ് മംഗളവാർത്തക്കാലം. ആ പ്രകാശത്തിലേക്കു കണ്ണുകൾ തുറക്കാം. ഉള്ളിലെ അന്ധകാരം അകറ്റാൻ പ്രാർഥിക്കാം. ശ്രമിക്കാം. “തമസോമാ ജ്യോതിർ ഗമയാ.’’