മുളയും ശാഖയും (ഏശ 11,1-9)
ഫാ. മൈക്കിൾ കാരിമറ്റം
Wednesday, December 13, 2023 3:43 PM IST
"ജെസ്സെയുടെ കുറ്റിയിൽനിന്ന് ഒരു മുള കിളിർത്തുവരും. അവന്റെ വേരിൽനിന്ന് ഒരു ശാഖ പൊട്ടിക്കിളിർക്കും' (ഏശ 11,1).
വരാനിരിക്കുന്ന രക്ഷകനെക്കുറിച്ചുള്ള ഈ പ്രവചനത്തിനു രണ്ടു ഭാഗങ്ങളുണ്ട്. ആദ്യഭാഗം, 1-5 വാക്യങ്ങൾ, രക്ഷകന്റെ ഉറവിടം, സ്വഭാവ സവിശേഷതകൾ, പ്രവർത്തനങ്ങൾ എന്നിവ വിവരിക്കുന്നു. രണ്ടാംഭാഗം, 6-9 വാക്യങ്ങൾ, ആ പ്രവർത്തനങ്ങളിലൂടെ പ്രപഞ്ചത്തിൽ സംജാതമാകുന്ന പുതിയ അവസ്ഥാവിശേഷങ്ങൾ അവതരിപ്പിക്കുന്നു. മനസിലാക്കാൻ എളുപ്പമുള്ള പ്രതീകങ്ങൾ പ്രവചനത്തെ ഏറെ ആകർഷകമാക്കുന്നു.
കുറ്റിയും വേരും ഉറവിടത്തെ സൂചിപ്പിക്കുന്ന പ്രതീകങ്ങളാണ്. ദാവീദിന്റെ പിതാവായ ജസ്സെയാണ് ഇവിടെ വരാനിരിക്കുന്ന രക്ഷകന്റെ പിതാവായിനില്ക്കുത്. മുളയും ശാഖയും രാജാവിന്റെ പ്രതീകങ്ങളാണ്. റോമാക്കാർക്കെഴുതിയ ലേഖനത്തിൽ യഹൂദരും വിജാതീയരും തമ്മിൽ നിലനില്ക്കേണ്ട ഐക്യം സൂചിപ്പിക്കുന്പോൾ വി. പൗലോസ് ഈ പ്രവചനഭാഗം ഉദ്ധരിക്കുന്നുണ്ട്. ‘ജെസ്സെയിൽനിന്ന് ഒരു മുള പൊട്ടിപ്പുറപ്പെടും. വിജാതീയരെ ഭരിക്കാനുള്ളവവൻ ഉദയംചെയ്യും' (റോമാ 15,12).
വരാനിരിക്കുന്ന രക്ഷകൻ രാജാവായിരിക്കും. ആ രാജാവിന്റെ സവിശേഷതകൾ എന്നു തുടർന്നു വിവരിക്കുന്നു. കർത്താവിന്റെ ആത്മാവ് അവന്റെമേൽ ആവസിക്കും, അവനെ നിരന്തരം നയിക്കും. ആത്മാവിന്റെ പ്രത്യേകതകളായി ആറു കാര്യങ്ങൾ എടുത്തുപറയുന്നു. ജ്ഞാനം, വിവേകം, ഉപദേശം, ശക്തി, അറിവ്, ദൈവഭക്തി.
രാജാവിന്റെമേൽ ആവസിക്കുന്ന പരിശുദ്ധാത്മാവിന്റെ ഈ സവിശേഷതകൾ നീതിപൂർവകമായ ഭരണത്തിനു സഹായിക്കും. അവന്റെ ഉള്ളിൽ സന്തോഷം നിറയ്ക്കും. അവന്റെ വചനം ശക്തമായിരിക്കും. വചനം നിയമമാകും, നിയമം നടപ്പിലാക്കും. നീതിയും വിശ്വസ്തതയും അവന്റെ ആയുധങ്ങളായിരിക്കും. ഇപ്രകാരം നീതി നടപ്പിലാക്കുന്ന രാജാവിനെക്കുറിച്ച് വീണ്ടും ഏശ 32,1ൽ ഒരു പ്രവചനം കാണാം.
ദൈവത്തിന്റെ ആത്മാവിനാൽ നിറഞ്ഞ് നയിക്കപ്പെടുന്ന രാജാവിന്റെ ഭരണംവഴി സംജാതമാകുന്ന പുതിയ സംവിധാനത്തെ സമാധാനപൂർണമായ ഭൂമിയുടെ ഉദാഹരണത്തിലൂടെ വിവരിക്കുന്നു. സമാധാനം മനുഷ്യർ തമ്മിൽ മാത്രമല്ല, എല്ലാ സൃഷ്ടികളുടെ ഇടയിലും നിലനില്ക്കും. പുലിയും സിംഹവും വിഷസർപ്പവുമെല്ലാം നിരുപദ്രവകാരികളായി മാറും. ആർക്കും ആരെയും ഭയപ്പെടേണ്ടിവരില്ല. സന്പൂർണമായ സമാധാനവും സന്തോഷവും നിലനില്ക്കുന്ന പ്രപഞ്ചത്തിന്റെ പ്രതീകങ്ങളാണിവയെല്ലാം.
ഇതിന്റെയെല്ലാം അടിസ്ഥാനമായി നില്ക്കുന്നു യഥാർഥജ്ഞാനം. "സമുദ്രജലംകൊണ്ടെന്നപോലെ ഭൂമി കർത്താവിനെക്കുറിച്ചുള്ള ജ്ഞാനംകൊണ്ടു നിറയും' (ഏശ 11,9). "കർത്താവിനെക്കുറിച്ചുള്ള ജ്ഞാനം' എന്ന വിവർത്തനം പൂർണമല്ല. കർത്താവിനെക്കുറിച്ച് അറിയുകയല്ല, കർത്താവിനെ അറിയുക എന്നാണ് (Knowledge of the Lord).
ഇതു കേട്ടറിവും കണ്ടറിവും മാത്രമല്ല, അതിനപ്പുറം ആഴമേറിയ അനുഭവിച്ചുള്ള അറിവാണ്. അതാണ് യഥാർഥ ജ്ഞാനം. കർത്താവ് ആരെന്ന് അനുഭവിച്ചറിയുന്നവരിൽ ശത്രുതയോ വിദ്വേഷമോ അവശേഷിക്കുകയില്ല. യഥാർഥമായ നീതിബോധം ഉള്ളിൽ നിറയും; എല്ലാവരെയും സഹോദരങ്ങളായി കാണാൻ കാഴ്ച തെളിയും.
യഥാർഥമായ ദൈവാനുഭവവും അതു നല്കുന്ന ആന്തരിക സമാധാനവും സമൂഹത്തിൽ ശാശ്വത ശാന്തി സംജാതമാക്കും. അതായിരിക്കും ജെസ്സെയുടെ കുറ്റിയിൽനിന്നു കിളിർക്കുന്ന മുളയായ രാജാവിന്റെ പ്രവൃത്തി. ഇതു ഭൗതിക രാജാക്കന്മാരുടെ കഴിവുകൾക്കപ്പുറമാണ്.
ദൈവാത്മാവിനാൽ നിറഞ്ഞ് നയിക്കപ്പെടുന്ന രാജാവ് ദൈവം തന്നെ ആയിരിക്കും. ഈ പ്രതീക്ഷയാണ് ദാവീദിന്റെ ഗോത്രത്തിൽ പിറന്ന ഈശോയിൽ പൂർത്തിയായത്. "നീതിയുടെ ഫലം സമാധാനമായിരിക്കും.' നീതിയുടെ പരിണതഫലം പ്രശാന്തതയും എന്നേക്കുമുള്ള പ്രത്യാശയും' (ഏശ 12,17) എന്നു പ്രവാചകൻ ആവർത്തിക്കുന്നുണ്ട്.