കർത്താവിന്റെ ദാസൻ (ഏശ 42,1-7)
ഫാ. മൈക്കിൾ കാരിമറ്റം
Wednesday, December 13, 2023 3:45 PM IST
""ഇതാ, ഞാൻ താങ്ങുന്ന എന്റെ ദാസൻ. ഞാൻ തെരഞ്ഞെടുത്ത എന്റെ പ്രീതിപാത്രം. ഞാൻ എന്റെ ആത്മാവിനെ അവനു നൽകി; അവൻ ജനങ്ങൾക്ക് നീതി പ്രദാനം ചെയ്യും '' (ഏശ 42,1)
ബിസി 587ൽ ബാബിലോൺ സൈന്യം ജറൂസലെം കീഴടക്കി. മതിലുകൾ ഇടിച്ചുനിരത്തി. ദേവാലയം അഗ്നിക്കിരയാക്കി. രാജാവിനെയും ആയിരക്കണക്കിനു നഗരവാസികളെയും തടവുകാരാക്കി ബാബിലോണിലേക്ക് നാടുകടത്തി. അതോടെ ഇസ്രായേലിൽ രാജഭരണം അവസാനിച്ചു. ബാബിലോൺ പ്രവാസം ആരംഭിച്ചു.
ദുഃഖമകറ്റുന്ന, പ്രത്യാശയും ധൈര്യവും നല്കുന്ന ഈ അധ്യായങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഒരു നിഗൂഢ കഥാപാത്രമാണ് ""കർത്താവിന്റെ ദാസൻ''. ""എബെദ് യാഹ്വേ'' എന്നു ഹീബ്രുവിൽ. പല വ്യാഖ്യാനങ്ങൾ ഉണ്ടെങ്കിലും ആരാണ് ഈ ദാസൻ എന്ന കാര്യത്തിൽ വ്യാഖ്യാതാക്കൾക്കിടയിൽ തർക്കമുണ്ട്.
ഈ ദാസൻ പ്രത്യേക വ്യക്തിയാണെന്നുള്ള സൂചനകൾ കാണാൻ കഴിയും, പ്രത്യേകിച്ചു ചില കീർത്തനങ്ങളിൽ; വരാനിരിക്കുന്ന രക്ഷകനെക്കുറിച്ചുള്ള പ്രവചനങ്ങളായി കാണാവുന്ന നാലു കീർത്തനങ്ങൾ (ഏശ 42,1-9; 49,1-7; 50,4-11; 52,13-53,12). ദാസഗീതികൾ എന്നാണ് ഇവ പൊതുവേ അറിയപ്പെടുന്നത്. ഈ കീർത്തനങ്ങളിൽ ഇതുവരെ കണ്ട മോശയെപ്പോലൊരു പ്രവാചകന്റെയും ദാവീദിന്റെ പുത്രനായ രാജാവിന്റെയും ചിത്രങ്ങളിൽ നിന്നു വ്യത്യസ്തമായി പല പുതിയ കാര്യങ്ങളും കാണാം.
""ഇതാ ഞാൻ താങ്ങുന്ന എന്റെ ദാസൻ '' എന്ന ആമുഖത്തോടെ തുടങ്ങുന്ന ഒന്നാം കീർത്തനം ഈ നിഗൂഢ വ്യക്തിയുടെ ചില സവിശേഷതകൾ എടുത്തുകാട്ടുന്നു. സ്വന്തമായൊരു പദ്ധതിയോ തീരുമാനമോ ഇല്ലാതെ, എല്ലാം തന്റെ യജമാനനിൽ നിന്നു സ്വീകരിക്കുന്ന, യജമാനന്റെ ഹിതം തന്റെ ജീവിത ദൗത്യമായി ഏറ്റെടുത്തിരിക്കുന്ന, വ്യക്തിയാണ് ഈ "" ദാസൻ''.
എന്നാൽ ഇവിടെ യജമാനനും ദാസനും തമ്മിലുള്ള ബന്ധം അടിമയും ഉടമയും തമ്മിലുള്ള ബന്ധം പോലെയല്ല എന്ന് അടുത്ത വിശേഷണം വ്യക്തമാക്കുന്നു, ""എന്റെ പ്രീതിപാത്രം''. ഇവിടെ ഒരു പിതൃപുത്രബന്ധമാണ് തെളിഞ്ഞുവരുന്നത്. പുത്രനെ അതീവ സ്നേഹത്തോടെ കാത്തു പാലിക്കുന്ന പിതാവ്.
ദാസനു നല്കിയിരിക്കുന്ന ദാനമാണ് ആത്മാവ്. ഈ ദാസനിൽ വസിച്ച് അവനെ നയിക്കാൻ ദൈവം നല്കിയിരിക്കുന്ന ആത്മാവായിരിക്കും ദാസന്റെ ശക്തിയുടെ ഉറവിടം. ഒച്ചവയ്ക്കാതെ, ബഹളം കൂട്ടാതെ, നിശബ്ദവും ശാന്തവുമായി പ്രവർത്തിക്കുന്ന ദാസൻ എല്ലാവർക്കും നീതി ലഭ്യമാക്കും.
നീതി, മോചനം ഇതു രണ്ടും സാധ്യമാകുന്നത് ദൈവത്മാവിന്റെ പ്രവർത്തനത്താലാണ്. ആ പ്രവർത്തനമാകട്ടെ വെളിച്ചത്തിലേയ്ക്കു നയിക്കലും. ജനം, ജനതകൾ എന്ന രണ്ടു ഗണങ്ങൾ ഇസ്രായേൽ ജനത്തെയും സകല ലോകജനതകളെയും സൂചിപ്പിക്കുന്നു.
അജ്ഞതയുടെ തടവറയായ അന്ധകാരത്തിൽ കഴിയുന്ന എല്ലാവരെയും യഥാർഥ ജ്ഞാനത്തിന്റെ പ്രകാശത്തിലേയ്ക്കു നയിക്കുകയാണ് ദാസന്റെ ദൗത്യം. തെറ്റായ ധാരണകളും ബോധ്യങ്ങളും അടിച്ചേൽപ്പിക്കുന്ന അടിമത്തത്തിൽനിന്നു മോചിതരാകാൻ യഥാർത്ഥ ജ്ഞാനം ലഭിക്കണം. അതാണ് പ്രകാശത്തിന്റെ ദൗത്യം.
ജനതകൾക്ക് പ്രകാശമായി നല്കപ്പെടുന്ന കർത്താവിന്റെ ദാസൻ മനുഷ്യാത്മാവിന്റെ അന്തരാളത്തിൽ നിന്നു നിരന്തരം ഉയരുന്ന, ""തമസോമ ജ്യോതിർഗമയ '' (അന്ധകാരത്തിൽനിന്ന് പ്രകാശത്തിലേക്ക് നയിക്കണമേ) എന്ന പ്രാർഥനയ്ക്ക് ദൈവം നല്കുന്ന മറുപടിയാണ്. ആ ദാസൻ, ""ഞാൻ ലോകത്തിന്റെ പ്രകാശമാകുന്നു ''(യോഹ 8:12) എന്നു സ്വയം വെളിപ്പെടുത്തിയ ഈശോ മിശിഹായിലേയ്ക്കു വിരൽ ചൂണ്ടുന്ന പ്രതീകമാണ്.