സഹനദാസൻ (ഏശ 52,13-51, 12)
ഫാ. മൈക്കിൾ കാരിമറ്റം
Thursday, December 14, 2023 3:54 PM IST
“നമ്മുടെ അതിക്രമങ്ങൾക്കുവേണ്ടി അവൻ മുറിവേല്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങൾക്കുവേണ്ടി അവൻ ക്ഷതമേല്പിക്കപ്പെട്ടു. അവന്റെ മേലുള്ള ശിക്ഷ രക്ഷ നൽകി; അവന്റെ ക്ഷതങ്ങളാൽ നാം സൗഖ്യം പ്രാപിച്ചു’’ (ഏശ 53,5).
ജീവദായകമായ വചനവും ലോകത്തിനു പ്രകാശവുമായി അയയ്ക്കപ്പെട്ട ദാസന്റെ ജീവിതം സുഗമമായിരിക്കുകയില്ല. ആരുടെ വിമോചനത്തിനായി അയയ്ക്കപ്പെടുന്നുവോ ആ ജനം അവനെ സ്വീകരിക്കുകയില്ല. പ്രകാശത്തിനുനേരേ കണ്ണടച്ച് ഇരുട്ടിൽ കഴിയുന്നവർ അവനെ തിരസ്കരിക്കും, എതിർക്കും, പീഡിപ്പിക്കും, വധിക്കും.
ഈ തിരസ്കരണത്തെക്കുറിച്ച് രണ്ടാമത്തെ കീർത്തനത്തിൽ തന്നെ സൂചനയുണ്ട്. “ഞാൻ വ്യർഥമായി അധ്വാനിച്ചു; എന്റെ ശക്തി വ്യർത്ഥമായും നിഷ്ഫലമായും ചെലവഴിച്ചു’’ (ഏശ 49,4). മൂന്നാമത്തെ കീർത്തനത്തിൽ ഈ തിരസ്കരണം പീഡനത്തിലേക്ക് നീങ്ങുന്നതായി കാണാം.
“അടിച്ചവർക്ക് പുറവും താടിമീശ പറിച്ചവർക്കു കവിളും ഞാൻ കാണിച്ചു കൊടുത്തു. നിന്ദയിൽനിന്നും തുപ്പലിൽനിന്നും ഞാൻ മുഖം തിരിച്ചില്ല” (ഏശ 50,6). നാലാമത്തെ കീർത്തനം മുഴുവനായും തിരസ്കരണത്തിന്റെയും അതികഠിനമായ പീഡനത്തിന്റെയും ചിത്രമാണ് വരച്ചുകാട്ടുന്നത്.
കേൾവിക്കാർക്കു മനസിലാക്കാൻ ഏറെ പ്രയാസമുള്ളതായിരുന്നു ഈ വാക്കുകൾ. ആരെക്കുറിച്ചാണ് പ്രവാചകൻ പറയുന്നത് എന്നു സമകാലികർക്കു മാത്രമല്ല ആറു നൂറ്റാണ്ടുകൾക്കുശേഷം ഈ പ്രവചനം വായിച്ച എത്യോപ്യക്കാരൻ രാജസേവകനും മനസിലായില്ല (അപ്പ 8,34). ദൈവം നല്കുന്ന വിമോചനത്തിന്റെ സന്ദേശവുമായി വരുന്ന ദാസനെ എന്തേ ജനം തിരസ്കരിക്കുന്നു? ഇപ്രകാരം ക്രൂരമായി പീഡിപ്പിക്കുന്നു?
ദൈവത്തിന്റെ ദാസൻ വചനമാണ്, ദൈവം തന്നെയായ ദൈവപുത്രനാണ്. “നമ്മുടെ വേദനകളാണ് യഥാർഥത്തിൽ അവൻ വഹിച്ചത്. നമ്മുടെ ദുഃഖങ്ങളാണ് അവൻ ചുമന്നത്’’ (ഏശ 53,4). മനുഷ്യപാപത്തിന്റെ ഫലമായിരുന്നു ഈ ദുഃഖങ്ങളും വേദനകളും. നമ്മുടെ പാപങ്ങൾ ഏറ്റെടുത്തവൻ അതിന്റെ ദുരന്തഫലങ്ങളും അനുഭവിക്കുന്നു.
നമ്മുടെ അകൃത്യങ്ങൾ കർത്താവ് അവന്റെ മേൽ ചുമത്തി (ഏശ 53,6). പാപിയായ മനുഷ്യന്റെ, മനുഷ്യവർഗത്തിന്റെ മുഴുവൻ, പകരക്കാരനായി നില്ക്കുന്നു ഈ സഹനദാസൻ. എന്നാൽ അത്, അതാർക്കും മനസിലാക്കാൻ കഴിഞ്ഞില്ല. “എന്റെ ജനത്തിന്റെ പാപം നിമിത്തമാണ് അവൻ പീഡനമേറ്റ് ജീവിക്കുന്നവരുടെ ഇടയിൽനിന്നു വിഛേദിക്കപ്പെട്ടതെന്ന് അവന്റെ തലമുറയിൽ ആരു കരുതി?’’ (ഏശ 53,8).
സഹനദാസന്റെ ജീവിതം മരണംകൊണ്ടവസാനിക്കുന്നില്ല, മരണത്തിനപ്പുറത്തേക്കു നീളുന്നു; പാപത്തിന്റെയും മരണത്തിന്റെയും മേൽ വിജയം വരിക്കുന്നു (ഏശ 53,10). മനുഷ്യൻ പിൻതലമുറകളിലൂടെ ജീവിക്കുന്നു എന്നായിരുന്നു പൊതുവേ കരുതപ്പെട്ടിരുന്നത്. മരണത്തിൽ നിന്നുള്ള പുനരുത്ഥാനത്തെക്കുറിച്ച് അന്ന് അറിവുണ്ടായിരുന്നില്ല. എന്നാൽ ഈ ദാസന്റെ അന്ത്യം അവന്റെ വ്യക്തിത്വവും ജീവിതവും പോലെ തന്നെ നിഗൂഢമായിരുന്നു. വരാനിരിക്കുന്ന രക്ഷകനിലേക്ക് വിരൽ ചൂണ്ടുന്ന ഒരു പ്രതീകം.
സഹനദാസനെക്കുറിച്ചുള്ള ഈ പ്രവചനം അക്ഷരാർഥത്തിൽ ഈശോയിൽ നിറവേറിയതായി സുവിശേഷങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ലോകത്തിന്റെ പ്രകാശമായി വന്നവനെ ജനം തിരസ്കരിച്ചു. പീഡിപ്പിച്ചു, വധിച്ചു. മനുഷ്യവർഗത്തിന്റെ മുഴുവൻ പാപം സ്വന്തം ചുമലിൽ ഏറ്റെടുക്കുന്ന, സ്വയം ബലിയാകുന്ന കുഞ്ഞാടായിരുന്നു ഈശോ (യോഹ 1,36).
“അവനിൽ നാം എല്ലാവരും ദൈവത്തിന്റെ നീതിയാകേണ്ടതിന് പാപം അറിയാത്തവനെ ദൈവം നമുക്കുവേണ്ടി പാപിയാക്കി’’ (2 കൊറി 5,21) എന്നു പറയുന്പോൾ ഈ പ്രവചനം ഈശോയിൽ പൂർത്തിയായി എന്ന് അപ്പസ്തോലൻ പഠിപ്പിക്കുന്നു.
ഈശോയുടെ പീഡാനുഭവവും മരണവും അവസാനമായിരുന്നില്ല. പാപപരിഹാരമായി സ്വന്തം ജീവൻ അർപ്പിച്ചവൻ മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റു. സഹനദാസന്റെ ജീവിതാന്ത്യത്തെക്കുറിച്ചു നിലനിന്ന നിഗൂഢത ഇവിടെ മറനീക്കുന്നു. ജീവൻ മരണത്തിന്മേൽ വിജയം വരിക്കും എന്ന വ്യംഗ്യമായ സൂചന ഈശോയുടെ ഉത്ഥാനത്തിൽ പൂർത്തിയായി.
സഹനവും മരണവും അനിവാര്യമാണ്. എന്നാൽ അത് അവസാനമല്ല, അനശ്വരമായ ജീവിതത്തിലേക്കു നയിക്കുന്ന വാതിലാണ് എന്ന ഒരു പാഠവും ഈ കീർത്തനത്തിൽനിന്നു ലഭിക്കുന്നു.