പിതാവും കർത്താവും (സങ്കീ 2,7)
ഫാ. മൈക്കിൾ കാരിമറ്റം
Sunday, December 17, 2023 3:13 PM IST
കർത്താവ് എന്നോട് അരുൾ ചെയ്തു: നീ എന്റെ പുത്രനാണ്. ഇന്നു ഞാൻ നിനക്ക് ജന്മം നൽകി (സങ്കീ 2,7). 150 പ്രാർഥനാഗാനങ്ങളുടെ സമാഹാരമാണ് ബൈബിളിലെ ഏറ്റവും ദീർഘഗ്രന്ഥമായ സങ്കീർത്തന പുസ്തകം. ഈ പ്രാർഥനാസമാഹാരത്തിലെ 11 പ്രാർഥനകൾ (2; 18; 20; 21; 45; 72; 89; 121; 110; 132; 144) രാജകീയ സങ്കീർത്തനങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നു.
രാജാവിന്റെ അഭിഷേകം, സിംഹാസനാരോഹണം, കിരീടധാരണം, വിവാഹം, ശത്രുക്കളുടെമേൽ വിജയം, ഇവയുടെ വാർഷികാഘോഷം മുതലായ സാഹചര്യങ്ങളിൽ രാജാവിനെ അനുമോദിക്കുകയും രാജാവിനെ നല്കിയ ദൈവത്തിനു നന്ദിയും സ്തുതിയും അർപ്പിക്കുകയും രാജാവിനുവേണ്ടി പ്രാർഥിക്കുകയും ചെയ്യുന്ന ഈ സങ്കീർത്തനങ്ങളിൽ ഭാവിയിൽ വരാനിരിക്കുന്ന ഒരു രാജാവിനെക്കുറിച്ചുള്ള സൂചനകൾ കാണാം.
പ്രത്യക്ഷത്തിൽ ഭൂമിയിൽ ഇരിക്കുന്ന രാജാവിനെക്കുറിച്ചാണ് സങ്കീർത്തകൻ പ്രതിപാദിക്കുന്നതെങ്കിലും രാജാവിനു നല്കുന്ന പലവിശേഷണങ്ങളും ഒരു മാനുഷിക രാജാവിന്റെ പരിധികളിൽ ഒതുങ്ങിനില്ക്കുന്നവയല്ല.
അതിന് ഏറ്റവും വ്യക്തമായൊരു ഉദാഹരണമാണ് രണ്ടാം സങ്കീർത്തനം. ഒരാളെ രാജാവായി അഭിഷേകം ചെയ്യുന്ന അവസരത്തിൽ അഭിഷേകം ചെയ്യുന്ന പുരോഹിതൻ പറയുന്ന വാക്കുകളാണ് “നീ എന്റെ പുത്രനാണ്, ഇന്നു ഞാൻ നിനക്കു ജന്മം നൽകി’’ എന്ന പ്രഖ്യാപനം. അഭിഷേകം വഴി ദൈവം അയാളെ തന്റെ പുത്രനായി ദത്തെടുക്കുന്നു എന്നാണ് സങ്കല്പം.
ദൈവത്തിന്റെ ദത്തുപുത്രനും പ്രതിനിധിയുമായി പരിഗണിക്കപ്പെടുന്ന രാജാവ് വരാനിരിക്കുന്ന രക്ഷകന്റെ പ്രതീകമായിരുന്നു എന്ന് സാവധാനമാണ് വെളിപ്പെട്ടത്. രാജാഭിഷേക വേളയിൽ പുത്രനായി ദത്തെടുക്കപ്പെടുന്ന രാജാവ് വരാനിരിക്കുന്ന യഥാർഥ ദൈവപുത്രന്റെ, ദത്തുപുത്രന്റെയല്ല, ദൈവം തന്നെ ആയ ദൈവപുത്രന്റെ പ്രതീകമായിരുന്നു.
“ഇന്നു ഞാൻ നിനക്കു ജന്മം നല്കി’’ എന്ന പ്രസ്താവന പ്രത്യക്ഷത്തിൽ രാജാഭിഷേകത്തെയാണ് ഉദ്ദേശിക്കുന്നതെങ്കിലും കാലത്തിനതീതമായി നിത്യതയിൽ പിതാവിൽ നിന്നു ജനിക്കുന്ന ദൈവപുത്രനെക്കുറിച്ചുള്ള ഒരു സൂചന ഈ പ്രഖ്യാപനത്തിൽ കാണാം.
“കർത്താവ് എന്റെ കർത്താവിനോടരുൾചെയ്തു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളും നീ എന്റെ വലതുവശത്തിരിക്കുക’’ (സങ്കീ 110,1) ദൈവം രാജാവിനോടു പറയുന്ന വചനമായി അവതരിപ്പിക്കുന്ന ഈ പ്രഖ്യാപനത്തിൽ കർത്താവ് എന്ന പദം രണ്ടു തവണ പ്രത്യക്ഷപ്പെടുന്നുണ്ട്. ആദ്യത്തേത് ദൈവത്തെ സൂചിപ്പിക്കുന്നു എന്ന് വ്യക്തം. രണ്ടാമത്തേത് രാജാവിനെയാണ് സൂചിപ്പിക്കുന്നത് എന്നു സാഹചര്യത്തിൽനിന്നനുമാനിക്കാം. എന്നാൽ ഒരു മാനുഷിക രാജാവിനെ എങ്ങനെ കർത്താവ് എന്നു വിളിക്കും?
തന്റെ അധികാരത്തെ ചോദ്യം ചെയ്ത യഹൂദനേതാക്കളുടെ മുന്പിൽ ഈശോ ഉന്നയിച്ച ഈ ചോദ്യത്തിന് (മത്താ 22,45) ഉത്തരം നല്കാൻ അവർക്കു കഴിഞ്ഞില്ല. ദാവിദ് വരാനിരിക്കുന്ന മിശിഹാ രാജാവിനെ കർത്താവ് എന്ന് വളിക്കുന്നെങ്കിൽ അയാൾ ഒരു സാധാരണമനുഷ്യൻ മാത്രമായിരിക്കുകയില്ല, മനുഷ്യനായി അവതരിക്കുന്ന ദൈവംതന്നെ ആയിരിക്കും എന്ന നിഗമനത്തിലേക്കാണ് ഈ സങ്കീർത്തനവാക്യം നയിക്കുന്നത്. ദാവീദിന്റെ പുത്രനായി അവതരിക്കുന്ന ദൈവപുത്രൻ.
“നിന്റെ ദിവ്യസിഹാസനം എന്നേക്കും നിലനില്ക്കുന്നു. നിന്റെ ചെങ്കോൽ നീതിയുടെ ചെങ്കോലാണ് ’’ (സങ്കീ 45,6), ന്ധന്ധനിന്റെ സന്തതിയെ എന്നേക്കുമായി ഞാൻ ഉറപ്പിക്കും. നിന്റെ സിംഹാസനം തലമുറകളോളം നിലനില്ക്കും’’ (സങ്കീ 89,4), “ദാവിദിനായി ഞാൻ ഒരു കൊന്പു മുളപ്പിക്കും.
എന്റെ അഭിഷിക്തനുവേണ്ടി ഒരു ദീപം ഒരുക്കിയിട്ടുണ്ട്’’ (സങ്കീ 132,17) മുതലായ സങ്കീർത്തന വാക്യങ്ങൾ ദാവിദിന്റെ പുത്രനായി ജനിക്കുന്ന, ഒരേ സമയം ദൈവവും മനുഷ്യനുമായ, പുത്രനും കർത്താവുമായ രക്ഷകനെ സൂചിപ്പിക്കുന്നുണ്ട്.
ഈ പ്രവചനങ്ങളെല്ലാം ദാവിദിന്റെ പട്ടണമായ ബേത്ലഹേമിൽ ജനിച്ച ഈശോയിൽ പൂർത്തിയായി.