വിലപിക്കുന്ന പീഡിതൻ (സങ്കീ 22)
ഫാ. മൈക്കിൾ കാരിമറ്റം
Sunday, December 17, 2023 3:14 PM IST
വ്യത്യസ്ത ജീവിതസാഹചര്യങ്ങളിൽ വ്യക്തികൾ തനിച്ചും സമൂഹമായി ഒരുമിച്ചും ദൈവത്തിനു മുന്പിൽ സമർപ്പിക്കുന്ന പ്രാർഥനകളാണ് സങ്കീർത്തനങ്ങൾ. ഇവയിൽ ഒരു ഗണം സങ്കീർത്തനങ്ങൾ ‘വിലാപങ്ങൾ’ എന്നറിയപ്പെടുന്നു. ഇവ 56 എണ്ണമുണ്ട്.
ഇവയിൽ വ്യക്തികളുടെയും സമൂഹങ്ങളുടെയും വിലാപങ്ങളുണ്ട്. വ്യക്തിയുടെ വിലാപങ്ങളിൽപ്പെടുന്ന ഒന്നാണ് 22-ാം സങ്കീർത്തനം. ഇതിലെയും മറ്റു ചില വ്യക്തിഗത വിലാപങ്ങളിലെയും വിലാപങ്ങൾ ഈശോയിൽ നിറവേറിയ പ്രവചനങ്ങളായി സുവിശേഷങ്ങൾ എടുത്തുകാട്ടുന്നുണ്ട്.
അതികഠിനമായ പീഡനങ്ങളിലൂടെ കടന്നുപോകുന്ന ഒരു വ്യക്തിയുടെ വിലാപമായിട്ടാണ് 22-ാം സങ്കീർത്തനം അവതരിപ്പിച്ചിരിക്കുന്നത്. വേദനയുടെയും ദുഃഖത്തിന്റെയും പാരമ്യം സൂചിപ്പിക്കാൻ അനേകം പ്രതീകങ്ങൾ ഉപയോഗിച്ചിരിക്കുന്നു. ശത്രുക്കളുടെ ആക്രമണം, പീഡനം, അവഹേളനം ഇതെല്ലാമാണ് വിലാപവിഷയങ്ങൾ. എല്ലാവരും ഉപേക്ഷിച്ചു, ദൈവംപോലും കൈവിട്ടു എന്നു വിലപിക്കുന്പോഴും നിരാശയിലല്ല സങ്കീർത്തനം അവസാനിക്കുന്നത്.
കർത്താവ് എന്നേക്കുമായി കൈവിടുകയില്ല എന്നുറച്ചു വിശ്വസിച്ചുകൊണ്ട് സഹായത്തിനായി യാചിക്കുകയും കർത്താവ് പ്രാർഥന കേൾക്കും എന്ന ബോധ്യത്തോടെ നന്ദിപറയുകയും ചെയ്യുന്ന സങ്കീർത്തകൻ ദൈവത്തെ സകല ജനതകളുടെയും രാജാവും സർവലോക നിയന്താവുമായി ഏറ്റുപറയുന്നു. ഈ സങ്കീർത്തനത്തിലെ പല വാക്യങ്ങളും ഈശോയിൽ പൂർത്തിയായ പ്രവചനങ്ങളായിരുന്നു എന്ന് പീഡാനുഭവ വിവരണങ്ങൾ വ്യക്തമാക്കുന്നു.
ഈ സങ്കീർത്തനത്തിന്റെ ആദ്യവാക്യം ഈശോ കുരിശിൽ കിടന്ന് ഉരുവിടുന്നതായി മർക്കോസും മത്തായിയും രേഖപ്പെടുത്തിയിട്ടുണ്ട്. “എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു!’’ ഈ നിലവിളി നിരാശയിൽനിന്നു വരുന്നതായി തോന്നാം.
ലോകത്തിന്റെ പാപങ്ങൾ സ്വന്തം ചുമലിൽ വഹിച്ച് പാപപരിഹാര ബലിയായി സ്വയം അർപ്പിക്കുന്ന ഈശോയുടെ ശബ്ദമാണിത്. ദൈവത്താൽ തിരസ്കരിക്കപ്പെടുകയാണ് പാപത്തിനുള്ള ആത്യന്തികശിക്ഷ. നരകവും അതുതന്നെ. എന്നാൽ ഈ വാക്കുകൾ വിലാപങ്ങളുടെ തുടക്കം മാത്രമാണ്.
സങ്കീർത്തകൻ തുടർന്നു വിവരിക്കുന്ന പീഡനങ്ങൾ ഈശോയിൽ അക്ഷരാർഥത്തിൽ പൂർത്തിയായി. “കാണുന്നവരെല്ലാം എന്നെ അവഹേളിക്കുന്നു’’ (സങ്കീ 22,8). ശത്രുക്കൾ ഈശോയെ പരിഹസിച്ച കാര്യം മത്തായി രേഖപ്പെടുത്തുന്നുണ്ട് (മത്താ 27,43). “എന്റെ അണ്ണാക്ക് ഓടിന്റെ കഷണംപോലെ വരണ്ടിരിക്കുന്നു.
എന്റെ നാവ് അണ്ണാക്കിൽ ഒട്ടിയിരിക്കുന്നു’’(സങ്കീ 22,15). ഈ വാക്കുകൾ സൂചിപ്പിക്കുന്ന കഠിനമായ ദാഹം ഈശോ പ്രകടിപ്പിക്കുന്നു: “എനിക്കു ദാഹിക്കുന്നു’’ (യോഹ 19,28). “ദാഹത്തിന് അവർ എനിക്കു വിനാഗിരി തന്നു’’ (സങ്കീ 69,21) എന്ന പ്രവചനവും നിറവേറുന്നു.
“അവരെന്റെ കാലുകൾ കുത്തിത്തുളച്ചു’’ (സങ്കീ 22,16) എന്ന വിലാപം ഈശോയെ കുരിശിൽ തറച്ചപ്പോൾ പൂർത്തിയായി. “എന്റെ വസ്ത്രങ്ങൾ അവർ പങ്കിട്ടെടുത്തു’’ (സങ്കീ 22,18) എന്ന പ്രവചനം നിറവേറിയത് മത്തായി 27,35ൽ രേഖപ്പെടുത്തിയിരിക്കുന്നു.
അതുപോലെ വസ്ത്രത്തിനുവേണ്ടി കുറിയിടുന്നതും (യോഹ 19,24). “തങ്ങൾ കുത്തി മുറിവേല്പിച്ചവനെ നോക്കി ഏകജാതനെ പ്രതി എന്നപോലെ ദുഃഖത്തോടെ വിലപിക്കും’’ (സഖ 12,10) എന്ന പ്രവചനവും നിറവേറിയതായി യോഹ 19,37ൽ കാണാം.
ഈശോയുടെ ജനനംപോലെതന്നെ പീഡാസഹനവും മരണവും പ്രവാചകന്മാരും സങ്കീർത്തകന്മാരും വഴി ദൈവം മുൻകൂട്ടി അറിയിച്ചിരുന്നു. മരണം മാത്രമല്ല, മരണാനന്തരം സംഭവിച്ച പുനരുത്ഥാനവും.