നീതിയുടെ ശാഖ (ജറെ. 23, 1-8)
ഫാ. മൈക്കിൾ കാരിമറ്റം
Tuesday, December 19, 2023 3:32 PM IST
“കർത്താവ് അരുൾച്ചെയ്യുന്നു: ഇതാ ഞാൻ ദാവീദിന്റെ വംശത്തിൽ നിന്ന് “നീതിയുടെ ശാഖ’’ മുളപ്പിക്കുന്ന ദിവസം വരുന്നു. കർത്താവ് അരുൾ ചെയ്യുന്നു. അവൻ രാജാവായി വാഴുകയും ബുദ്ധിപൂർവം ഭരിക്കുകയും ചെയ്യും. നാട്ടിൽ നീതിയും ന്യായവും അവൻ നടപ്പാക്കും. അവന്റെ നാളുകളിൽ യൂദാ രക്ഷിക്കപ്പെടും. ഇസ്രായേൽ സംരക്ഷിതമായിരിക്കും. “കർത്താവാണു ഞങ്ങളുടെ നീതി’’ എന്ന പേരിലായിരിക്കും അവൻ അറിയപ്പെടുക (ജറെ. 23,5-6).
ഇസ്രയേൽ ചരിത്രത്തിന്റെ അതി നിർണായകമായൊരു കാലഘട്ടത്തിൽ അയയ്ക്കപ്പെട്ട പ്രവാചകനാണ് ജറെമിയാ. ജോസിയാ രാജാവ് സമൂലമായൊരു മതനവീകരണത്തിന് ശ്രമിച്ച കാലം. വിഗ്രഹാരാധന നിരോധിച്ചു.
ദൈവാരാധനയും ബലിയർപ്പണവും ജറൂസലെമിൽ മാത്രം കേന്ദ്രീകരിച്ചു. ഈ കാലഘട്ടത്തിലാണ് ജറെമിയാ പ്രവാചകൻ രംഗപ്രവേശനം ചെയ്യുന്നത്, ബിസി 626ൽ. അദ്ദേഹത്തിന്റെ പ്രബോധനങ്ങളിൽ വരാനിരിക്കുന്ന ഒരു രാജാവിനെയും പുതിയ സംവിധാനങ്ങളെയും കുറിച്ചുള്ള അനേകം സൂചനകൾ കാണാം. അതിൽ ഏറ്റം പ്രധാനപ്പെട്ടതാണ് ആരംഭത്തിൽ ഉദ്ധരിച്ച പ്രവചനം.
ജനത്തെ നയിക്കാൻ പുതിയൊരു രാജാവിനെ നൽകും. അവൻ ദാവീദിന്റെ വംശത്തിലായിരിക്കും ജനിക്കുക. “നീതിയുടെ ശാഖ’’എന്ന വിശേഷണം പ്രത്യേക ശ്രദ്ധയർഹിക്കുന്നു. രാജാവിനെ സൂചിപ്പിക്കുന്ന പദമാണ് “ശാഖ’’. ആ രാജാവിന്റെ പ്രത്യേകത ആയിരിക്കും “നീതി’’. സ്ദാഖാ എന്ന് ഹീബ്രുവിൽ.
ഈ രാജാവ് ഭരിക്കുന്പോൾ നാട്ടിൽ നീതിയും ന്യായവും സംജാതമാകും. നിലനില്ക്കും. “മിഷ്പാത്’’ എന്ന ഹീബ്രുവാക്കാണ് “ന്യായം’’എന്നു വിവർത്തനം ചെയ്യുന്നത്. നീതി നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ അത് പുനഃസ്ഥാപിക്കാനുള്ള നിയമസംവിധാനത്തെയാണ് ഈ പദം മുഖ്യമായും സൂചിപ്പിക്കുന്നത്. രണ്ടു പദങ്ങളും കൂടിയാകുന്പോൾ സകലർക്കും നീതി ലഭിക്കും എന്ന് ഉറപ്പു വരുത്തുന്നു. ഇതാണ് വരാനിരിക്കുന്ന രാജാവിൽനിന്നു പ്രതീക്ഷിക്കുന്നത്.
വരാനിരിക്കുന്ന രാജാവിനു നല്കുന്ന പേരുതന്നെയാണ് ഏറ്റവും ശ്രദ്ധേയം “ഞങ്ങളുടെ നീതി കർത്താവ്’’. “യാഹ്വേ സ്ദെഖേനു’’എന്ന് ഹീബ്രുമൂലം.
ഞങ്ങളുടെ നീതി കർത്താവ് എന്നപേര് വരാനിരിക്കുന്ന രാജാവിന്റെ സ്വഭാവവും പ്രവൃത്തികളും സൂചിപ്പിക്കുന്നു. ജറെമിയായുടെ ശ്രോതാക്കൾ നേരിടുന്ന അടിമത്തത്തിനപ്പുറം പുതിയൊരു ചക്രവാളം വിരിയും. ചിതറിപ്പോയ ജനത്തെ ഒരുമിച്ചുകൂട്ടി പുതിയ ഉടന്പടിയിലൂടെ അവരെ പുതിയൊരു ജനതയാക്കി രൂപപ്പെടുത്തി വളർത്താൻ ദാവീദിന്റെ വംശത്തിൽനിന്ന് ഒരു രാജാവ് വരും. ഇനി അവർ ശത്രുക്കളെ ഭയപ്പെടേണ്ടിവരില്ല. അവർക്ക് നീതി നിഷേധിക്കപ്പെടില്ല.
ജറെമിയാ അറിയിച്ച നാശവും പ്രവാസവും യാഥാർഥ്യമായി. ബിസി 538ൽ പ്രവാസം അവസാനിച്ചെങ്കിലും തിരിച്ചുവന്ന ജനത്തിന് പുതിയ രാജാവിനെ ലഭിച്ചില്ല. ജറെമിയാ സ്വപ്നം കണ്ട നീതിയുടെ ശാഖ ഭൗതികമായൊരു സാമ്രാജ്യം സ്ഥാപിക്കുന്ന രാജാവായിരുന്നില്ല.
നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമായ ദൈവരാജ്യം ഉദ്ഘാടനം ചെയ്ത മിശിഹായിലാണ് ഈ പ്രവചനം നിറവേറിയത്. അവന്റെ പേരാണ് “യാഹ്വേ സ്ദെഖേനു’’-കർത്താവ് നമ്മുടെ നീതി.