പുതിയ ഉടന്പടി (ജറെ 31,31-37)
ഫാ. മൈക്കിൾ കാരിമറ്റം
Tuesday, December 19, 2023 3:35 PM IST
“കർത്താവ് അരുൾചെയ്യുന്നു. ഇസ്രയേൽ ഗോത്രത്തോടും യൂദാഗോത്രത്തോടും ഞാൻ ഒരു പുതിയ ഉടന്പടി ചെയ്യുന്ന ദിവസം വരുന്നു’’ (ജറെ 31, 31).
ഇരുകക്ഷികളും സമ്മതിച്ചുള്ള കരാർ എന്നാണ് ഉടന്പടിയെ നിർവചിക്കുക. അതു വ്യക്തികളോ സമൂഹങ്ങളോ രാജ്യങ്ങളോ തമ്മിലാകാം. ദൈവവും മനുഷ്യനും തമ്മിൽ സ്ഥാപിക്കപ്പെടുന്ന ബന്ധത്തെ ഉടന്പടി എന്നാണു ബൈബിൾ വിശേഷിപ്പിക്കുന്നത്. “ബെറിത്” എന്നു ഹീബ്രുവിൽ. ബൈബിൾ തന്നെയും ഉടന്പടി എന്നാണ് അറിയപ്പെടുന്നത്. (ശരിയായ വിവർത്തനം പഴയ ഉടന്പടി, പുതിയ ഉടന്പടി എന്നാണ്, നിയമം എന്നല്ല).
ദൈവം മനുഷ്യനുമായി ചെയ്യുന്ന അഞ്ച് ഉടന്പടികളെക്കുറിച്ച് ബൈബിൾ പ്രതിപാദിക്കുന്നുണ്ട്. നോഹയുമായും (ഉൽപ 9,8-17) ഏബ്രഹാമുമായും (ഉൽപ 15,17-21; 17,1-8) ഇസ്രയേൽ ജനതയുമായി സീനായ് മലയിൽവച്ചും (പുറ 19-24) ദാവീദുമായും (2 സാമു 7,8-16) ചെയ്തവയാണ് നാലെണ്ണം. പ്രവാസത്തിന്റെ വെളിച്ചത്തിൽ ജെറമിയ പ്രവചിക്കുന്നതാണ് അഞ്ചാമത്തേത് (ജറെ 31,31-37).
ഭാവിയിൽ ദൈവം സ്ഥാപിക്കാൻ പോകുന്ന പുതിയ ഉടന്പടിയുടെ കാലം പ്രവാചകൻ പറയുന്നില്ല. എന്നാൽ, ഇതിന്റെ സവിശേഷതകൾ വിവരിക്കുന്നുണ്ടുതാനും. പുതിയ ഉടന്പടിയുടെ അലംഘനീയമായ നിബന്ധനകൾ പാലിക്കാൻ ദൈവംതന്നെ അവരെ ശക്തിപ്പെടുത്തും.
“ഞാൻ നിയമം അവരുടെ ഉള്ളിൽ നിക്ഷേപിക്കും; അവരുടെ ഹൃദയത്തിൽ എഴുതും. ഞാൻ അവരുടെ ദൈവവും അവർ എന്റെ ജനവുമായിരിക്കും’’ (ജറെ 31, 33). ദൈവം ആന്തരിക പ്രചോദനങ്ങളായി നൽകുന്ന ഈ ഉടന്പടി വ്യവസ്ഥകൾ ഹൃദയങ്ങളെ നവീകരിക്കും; ദൈവഹിതം അറിയാനും അനുസരിക്കാനും പ്രാപ്തരാക്കുന്ന ആന്തരികശക്തി നൽകും.
ഈ ഉടന്പടിയിലൂടെ ലഭിക്കുന്ന വലിയ ദാനമാണ് ദൈവജ്ഞാനം (ജറെ 31,34). ഒരു നൂറ്റാണ്ടുമുന്പ് ഏശയ്യാ നൽകിയ പ്രവചനത്തിന്റെ വിശദീകരണവുമാണിത് (സമുദ്രം ജലം കൊണ്ടെന്നപോലെ ഭൂമി ദൈവജ്ഞാനത്താൽ നിറയും - ഏശ 11,9).
പഴയ ഉടന്പടിയും നിയമങ്ങളും പാപബോധം ജനിപ്പിക്കുമെങ്കിലും പാപമോചനം നൽകാൻ പ്രാപ്തമായിരുന്നില്ല. പുതിയ ഉടന്പടിയുടെ അടിസ്ഥാന ഘടകമായിരിക്കും പാപമോചനം. “അവരുടെ അകൃത്യങ്ങൾക്ക് ഞാൻ മാപ്പുനൽകും. അവരുടെ പാപം മനസിൽ വയ്ക്കുകയില്ല’’ (ജറെ 31,34).
അലംഘനീയമായ ഈ ഉടന്പടിക്കു മാറ്റം വരികയില്ല. ഈ ഉടന്പടിയിലൂടെ ദൈവം തന്റെ ജനമായി തെരഞ്ഞെടുത്ത ഇസ്രയേലിനെ അവിടന്ന് ഒരിക്കലും ഉപേക്ഷിക്കുകയില്ല (ജറെ 31,35-37).
ഹൃദയത്തിൽ എഴുതിയ, മനുഷ്യനെ സമഗ്രമായി നവീകരിക്കുന്ന, അലംഘനീയമായ പുതിയ ഉടന്പടി ഒരു വാഗ്ദാനമായിരുന്നു - വലിയ പ്രതീക്ഷ ഉണർത്തുന്ന വാഗ്ദാനം.
അതു പൂർത്തിയാക്കുന്നവനാണ് ഈശോ. അന്ത്യത്താഴവേളയിൽ അപ്പത്തിന്റെയും വീഞ്ഞിന്റെയും പ്രതീകങ്ങളിലൂടെ തന്റെ ശരീരരക്തങ്ങൾ ബലിഭോജനമായി നൽകിക്കൊണ്ട് ഈശോ വാഗ്ദാനം പൂർത്തിയാക്കി. “ഈ പാനപാത്രം നിങ്ങൾക്കുവേണ്ടി ചിന്തപ്പെടുന്ന എന്റെ രക്തത്തിലുള്ള പുതിയ ഉടന്പടിയാണ്’’ (ലൂക്ക 22,20).