ഇടയരാജാവ് (എസെ 34)
ഫാ. മൈക്കിൾ കാരിമറ്റം
Wednesday, December 20, 2023 4:09 PM IST
“ഞാൻ അവയ്ക്ക് ഒരു ഇടയനെ, എന്റെ ദാസനായ ദാവീദിനെ നിയമിക്കും. അവൻ അവയെ മേയ്ക്കും. അവൻ അവയെ പോറ്റുകയും അവരുടെ ഇടയനായിരിക്കുകയും ചെയ്യും. കർത്താവായ ഞാൻ അവരുടെ ദൈവമായിരിക്കും. എന്റെ ദാസനായ ദാവീദ് അവരുടെ രാജാവാകും. കർത്താവായ ഞാൻ ഇതു പറഞ്ഞിരിക്കുന്നു’’ (എസെ 34,23-24).
ബിസി 598ൽ ബാബിലോണിലേക്കു നാടുകടത്തപ്പെട്ടവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരാളാണ് ‘എസക്കിയേൽ’ എന്ന പേരിൽ അറിയപ്പെടുന്ന പ്രവാചകൻ. എല്ലാം നഷ്ടപ്പെട്ട് നിരാശയിൽ കഴിയുന്ന പ്രവാസികളോടാണ് എസെക്കിയേൽ മുഖ്യമായും പ്രസംഗിച്ചത്. അനേകം പ്രതീകങ്ങളിലൂടെ ദൈവത്തിന്റെ കരുണയും സ്നേഹവും പരിപാലനയും പ്രവാചകൻ ചിത്രീകരിച്ചു.
തങ്ങൾ നേരിടുന്ന സകല ദുരന്തങ്ങളുടെയും കാരണം കർത്താവിനോട് കാട്ടിയ അവിശ്വസ്തതയാണ്. ജനത്തെ വഴി തെറ്റിച്ച നേതാക്കളെ മാറ്റി ഉത്തമ ഇടയൻമാരെ അവർക്ക് നൽകും. വീണ്ടും സമാധാനവും സന്തുഷ്ടിയും ഉണ്ടാകും. ഇപ്രകാരമുള്ള പ്രബോധനങ്ങളിൽ നല്ല ഇടയന്റെ ചിത്രം പ്രത്യേകം ശ്രദ്ധാർഹമാകുന്നു.
34-ാം അധ്യായം മുഴുവൻ ഇടയന്റെ പ്രതീകത്തിലൂടെയാണ് രക്ഷാചരിത്രം ചിത്രീകരിക്കുന്നത്. അധ്യായം മൂന്നു ഭാഗമായി തിരിച്ചിരിക്കുന്നു. ആദ്യത്തെ 10 വാക്യങ്ങൾ (34,1-10) ഇസ്രയേലിനെ വഴി തെറ്റിച്ച്, നശിപ്പിക്കുന്ന ഇടയൻമാരുടെ ദുഷ്കൃത്യങ്ങൾ വിവരിക്കുന്നു.
രണ്ടാം ഭാഗം (എസെ 34,11-22) ദൈവം തന്നെ ഇടയനായി തന്റെ ജനത്തെ നയിക്കുന്നു എന്ന് അനേകം പ്രതീകങ്ങളിലൂടെ ഉറപ്പുകൊടുക്കുന്നു. “ഞാൻ തന്നെ എന്റെ ആടുകളെ അന്വേഷിച്ച് കണ്ടുപിടിക്കും... നീതിപൂർവം അവയെ പോറ്റും. മേലിൽ അവ ആർക്കും ഇരയാവുകയില്ല.’’ കർത്താവാണ് എന്റെ ഇടയൻ എന്ന 23-ാം സങ്കീർത്തനത്തിന്റെ ഒരു വിശദീകരണം പോലെ തോന്നാം ഈ ചിത്രീകരണം.
എപ്രകാരമായിരിക്കും ദൈവം തന്റെ അജഗണമായ ജനത്തെ പരിപാലിക്കുക എന്നത് മൂന്നാംഭാഗത്ത് (എസെ 34,23-31) വിവരിക്കുന്നു. ദൈവം നേരിട്ടായിരിക്കും ജനത്തെ നയിക്കുന്നത്. അതിനായി ഒരു നല്ല ഇടയനെ നിയമിക്കും. ‘ദാസനായ ദാവീദ്’ എന്ന് ആ ഇടയനെ വിശേഷിപ്പിക്കുന്നു. വരാനിരിക്കുന്ന രക്ഷകനെക്കുറിച്ചുള്ള ഒരു പ്രവചനമാണ് ഇവിടെ നല്കപ്പെടുന്നത്. നല്ല ഇടയനായി ദൈവം ചെയ്യും എന്നു പറഞ്ഞ കാര്യങ്ങൾ ഈ ഇടയനിലൂടെ ആയിരിക്കാം പൂർത്തിയാവുക.
പിതാവിന്റെ ആടുകളെ മേയ്ച്ചു നടന്ന ഇടയനായ ദാവീദിനെയാണ് ദൈവം തെരഞ്ഞെടുത്ത് രാജാവായി അഭിഷേകം ചെയ്തത്. അങ്ങനെ ഒരാൾതന്നെ ഇടയനും രാജാവുമായി. രാജഭരണത്തിന് ആവശ്യമായൊരു സവിശേഷത ഇടയന്റെ ചിത്രത്തിലൂടെ ഊന്നിപ്പറയുന്നു. ആടുകളുടെ നന്മ മാത്രം ആഗ്രഹിക്കുന്ന, ആടുകളെ നിരന്തരം പോറ്റുന്ന, അപകടങ്ങളിൽനിന്ന് കാത്തുപാലിക്കുന്ന, വഴിതെറ്റിയതിനെ അന്വേഷിച്ചു കണ്ടെത്തുന്ന നല്ല ഇടയൻ. ഇതായിരിക്കണം രാജാവിന്റെ സ്വഭാവം. ഇതായിരിക്കണം രാജഭരണത്തിന്റെ ലക്ഷ്യം.
“അവരുമായി ഒരു സമാധാന ഉടന്പടി ഞാൻ ഉറപ്പിക്കും’’ (എസെ 34,25). ജറെമിയായിലൂടെ നല്കപ്പെട്ട പുതിയ ഉടന്പടിയെക്കുറിച്ചുള്ള വാഗ്ദാനം ഇവിടെ ആവർത്തിക്കുന്നു. ദൈവം അയയ്ക്കാൻ പോകുന്ന രാജാവ് ദാവീദിന്റെ വംശത്തിൽ നിന്നായിരിക്കും. അയാൾ നല്ല ഇടയനായിരിക്കും. ദൈവം ചെയ്യാൻ പോകുന്ന പുതിയ ഉടന്പടി അയാളിലൂടെ ആയിരിക്കും നല്കപ്പെടുക.
ഈ വാഗ്ദാനങ്ങളെല്ലാം “ഞാൻ നല്ല ഇടയനാകുന്നു’’ (യോഹ 10,11) എന്നു സ്വയം വിശേഷിപ്പിച്ച ഈശോയിൽ നിറവേറ്റി. ആടുകൾക്കുവേണ്ടി സ്വന്തം ജീവൻ സമർപ്പിക്കുന്ന നല്ല ഇടയനാണ് അവിടന്ന്. ഒരേസമയം നല്ല ഇടയനും രാജാവും പുതിയ ഉടന്പടിയുടെ സ്ഥാപകനുമായ ഈശോയിൽ എസെക്കിയേൽ അവതരിപ്പിച്ച രക്ഷകന്റെ ചിത്രം യാഥാർഥ്യമായി.