ബേത്ലെഹെമില്‍ ജനിക്കും (മിക്കാ 5,4-6)
ഫാ. മൈക്കിൾ കാരിമറ്റം
Thursday, December 21, 2023 3:33 PM IST
“ബേത്ലെഹെം-എഫ്രാത്താ, യൂദാഭവനങ്ങളില്‍ ചെറുതാണെങ്കിലും ഇസ്രയേലിനെ ഭരിക്കേണ്ടവന്‍ എനിക്കായി നിന്നില്‍നിന്നു പുറപ്പെടും. അവന് പണ്ടേ, യുഗങ്ങള്‍ക്കുമുമ്പേ ഉള്ളവനാണ്’’(മിക്കാ 5,2).
രക്ഷകനെക്കുറിച്ചുള്ള പ്രവചനങ്ങളില്‍ ഏറ്റവുമധികം അറിയപ്പെടുന്ന ഒന്നാണ് അവന്റെ ജനനസ്ഥലം കൃത്യമായി അറിയിക്കുന്ന ഈ പ്രവചനം. ജറൂസലെംപോലെ പ്രാധാന്യമുള്ള ഒരു പട്ടണമായിരുന്നില്ല ബേത്ലെഹെം. ജറൂസലെമില്‍നിന്ന് ഒമ്പതു കിലോമീറ്റര്‍ തെക്കായി സ്ഥിതിചെയ്യുന്ന ബേത്ലെഹെം ഒരിക്കല്‍ എഫ്രാത്താ എന്ന പേരില്‍ അറിയപ്പെട്ടിരുന്നതിനാല്‍ ബേത്ലെഹെം-എഫ്രാത്ത എന്നു വിളിക്കുന്നു.
യാക്കോബിന്റെ ഇഷ്ടപത്നിയായ റാഹേല്‍ തന്റെ രണ്ടാമത്തെ മകന്റെ ജനനത്തോടെ മരിച്ച് അടക്കപ്പെട്ടത് അവിടെയാണ്. ദുഃഖപുത്രന്‍ എന്നര്‍ഥമുള്ള “ബെനോനി’’ എന്നാണ് റാഹേല്‍ അവനെ വിളിച്ചതെങ്കിലും ‘’വലതുകരത്തിന്റെ ഇഷ്ടപുത്രന്’’ എന്നര്‍ഥമുള്ള ബെന്യാമിന് എന്നാണ് യാക്കോബ് അവനു പേരിട്ടത്(ഉല്പ 35,16-20). ആ പേരാണ് ബെഞ്ചമിന്‍ എന്നുച്ചരിക്കുന്നത്. ഒരേസമയം ജനനത്തിന്റെയും മരണത്തിന്റെയും, ദുഃഖത്തിന്റെയും സന്തോഷത്തിന്റെയും സ്ഥലം. അതാണ് ബേത്ലെഹെം-എഫ്രാത്താ.
റാഹേലിന്റെ മരണസ്ഥലം എന്നതിനേക്കാള്‍ ദാവീദ് രാജാവിന്റെ പട്ടണം എന്ന പേരിലാണ് ബേത്ലെഹെം കൂടുതല്‍ അറിയപ്പെടുന്നത്. അതിനാല്‍തന്നെ വരാന്‍ പോകുന്ന രക്ഷകന് ദാവീദിന്റെ പുത്രനും രാജാവുമായിരിക്കും എന്നു സൂചിപ്പിക്കുന്നു. ജനിക്കാന്‍ പോകുന്ന ശിശുവിനു നല്‍കിയിരിക്കുന്ന വിശേഷണങ്ങള്‍ പലതും ഒരു മാനുഷിക വ്യക്തിയേക്കാള്‍ വലിയ എന്തോ ഒന്നിലേക്ക് സൂചനകള്‍ നല്‍കുന്നതായി തോന്നും.
“ഇസ്രയേലിനെ ഭരിക്കേണ്ടവന്‍’’ എന്ന വിശേഷണം രാജാവിനെയാണു സൂചിപ്പിക്കുന്നത് എന്നതില്‍ സംശയമില്ല. ആ രാജാവ് ജനത്തെ ഭരിക്കുന്നത് ദൈവത്തിന്റെ നാമത്തിലും ദൈവത്തിനുവേണ്ടിയും ആയിരിക്കും എന്ന് “എനിക്കായി’’ എന്ന വിശേഷണത്തിലൂടെ എടുത്തുപറയുന്നു. എന്നാല്‍, ആ രാജശിശുവിന്റെ ഉത്ഭവത്തെയും സ്വഭാവത്തെയുംകുറിച്ചുള്ള അടുത്ത വിവരണം ദുര്‍ഗ്രഹവും നിഗൂഢവുമായ ധ്വനികള്‍ ഉള്‍ക്കൊള്ളുന്നു. “അവന് പണ്ടേ, യുഗങ്ങള്‍ക്കു മുമ്പേ ഉള്ളവനാണ്’’.
ഇതു ദൈവത്തിന്റെതന്നെ സ്വഭാവസവിശേഷതയായി കാണണം. അതിനാല്‍ ബേത്ലെഹെമില്‍ ജനിക്കാന്‍ പോകുന്ന രക്ഷകശിശു ഒരേ സമയം ദാവീദിന്റെ പുത്രനായ രാജാവും ദൈവസ്വഭാവത്തില്‍ പങ്കുചേരുന്ന, ദൈവംതന്നെ ആയ, ദൈവപുത്രനും ആയിരിക്കും എന്ന് ഈ പ്രവചനം സൂചിപ്പിക്കുന്നു.
ഒരേസമയം ഇടയനും രാജാവും, മനുഷ്യനും ദൈവവും. ദാവീദിന്റെ നഗരത്തില്‍ ജനിക്കുന്നവന്‍ ദാവീദിന്റെ ഈ രണ്ടു ദൗത്യങ്ങളും തുടര്‍ന്നു നിര്‍വഹിക്കും. ഭൂമി മുഴുവന്‍ അവന്റെ ഭരണത്തിലും സംരക്ഷണയിലും ആയിരിക്കും; അവന്റെ ഭരണംവഴി സംജാതമാകുന്ന അവസ്ഥയാണ് സമാധാനം.
അവന് സമാധാനം സ്ഥാപിക്കും എന്നല്ല, അവന് നമ്മുടെ സമാധാനമായിരിക്കും എന്നാണ് പ്രവാചകന് പറയുന്നത്. ദാവീദിന്റെ വംശത്തില്‍ ദാവീദിന്റെ പട്ടണമായ ബേത്ലെഹെമില്‍ ജനിച്ച ഈശോയില്‍ ഈ പ്രവചനം പൂര്‍ത്തിയായി എന്ന് അവനെ തേടി കിഴക്കുനിന്നുവന്ന ജ്ഞാനികള്‍ മാത്രമല്ല, അവനെ ഭയന്ന് കൊല്ലാന്‍ ശ്രമിച്ച ഹേറോദേസ് രാജാവും തിരിച്ചറിഞ്ഞു (മത്താ 2,1-12).
ബെഞ്ചമിന്റെ ജനനവും റാഹേലിന്റെ മരണവും സന്തോഷത്തിന്റെയും ദുഃഖത്തിന്റെയും അവസരമായതുപോലെ ഈശോയുടെ ജനനത്തിലും സംഭവിച്ചു. രക്ഷകശിശുവിന്റെ ജനനം ഹേറോദോസിന്റെ ശിശുഹത്യക്കു നിമിത്തമായി (മത്താ 2,16-18).
“റാമായില്‍നിന്ന് ഒരു സ്വരം, വലിയ കരച്ചിലും മുറവിളിയും. റാഹേല്‍ സന്താനങ്ങളെക്കുറിച്ച് കരയുന്നു. അവളെ സാന്ത്വനപ്പെടുത്തുക അസാധ്യം. എന്തെന്നാല്‍ അവള്‍ക്കു സന്താനങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു’’ (മത്താ 2,18). ബാബിലോണ്‍ പ്രവാസത്തെ മുന്നില്‍ക്കണ്ടു വിലപിച്ച ജറെമിയായുടെ ഈ വാക്കുകള്‍ ഈശോയുടെ ജനനവുമായി ബന്ധപ്പെട്ടു നടന്ന ശിശുവധത്തില്‍ പുതിയ അര്‍ഥം കൈവരിച്ചു. അങ്ങനെ ബേത്ലെഹെം വീണ്ടും ജനനത്തിന്റെയും മരണത്തിന്റെയും, സന്തോഷത്തിന്റെയും സ ന്താപത്തിന്റെയും ഇടമായി മാറി.
രക്ഷകന്റെ ഓര്മ ആചരിച്ചു സന്തോഷിക്കുമ്പോള്‍ തങ്ങളുടെ സുഖസന്തോഷങ്ങള്‍ക്കു കുറവു വന്നേക്കാം എന്ന് ഭയന്ന് കോടിക്കണക്കിനു കുഞ്ഞുങ്ങളെ മാതൃഗര്ഭത്തില്വച്ചുതന്നെ കൊന്നൊടുക്കുന്ന ആധുനിക ഹേറോദേസുമാരെക്കുറിച്ച് അവബോധമുണ്ടാകാനും ക്രിയാത്മകമായി പ്രതികരിക്കാനും പ്രേരകമാകണം. ബേത്ലെഹെം-എഫ്രാത്ത, ഒരേ സമയം ജന്മസ്ഥലവും ശവപ്പറമ്പും.