ഈജിപ്തിൽനിന്നു വിളിക്കും (ഹോസി 11,4)
ഫാ. മൈക്കിൾ കാരിമറ്റം
Saturday, December 23, 2023 3:09 PM IST
“ഇസ്രയേൽ ശിശുവായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു. ഈജിപ്തിൽനിന്ന് ഞാൻ എന്റെ മകനെ വിളിച്ചു’’ (ഹോസി 11,1).
ബിസി 721ൽ അസീറിയയുടെ ആക്രമണത്തിൽ ഇസ്രയേൽ തകർന്നു. അനേകർ നാടുകടത്തപ്പെട്ടു. ഈ ദുരന്തങ്ങൾ മുന്നിൽക്കണ്ട് അതൊഴിവാക്കാൻ വേണ്ടിയാണ് ഹോസിയ അയയ്ക്കപ്പെട്ടത്. മാനസാന്തരത്തിനുള്ള ഹോസിയയുടെ ആഹ്വാനത്തിലെ ഒരു വാക്യം ഈശോയിൽ പൂർത്തീകരിക്കപ്പെട്ടതായി മത്തായി സുവിശേഷകൻ എടുത്തുകാട്ടുന്നു.
ഇസ്രയേൽ ജനത്തിന്റെ തെരഞ്ഞെടുപ്പും വിളിയും ദൈവസ്നേഹത്തിന്റെ അടയാളമായിരുന്നു. സാർവത്രികരക്ഷയും സകല ജനതകൾക്കും അനുഗ്രഹവും നൽകാൻവേണ്ടി ദൈവം ഏബ്രഹാമിനെ തെരഞ്ഞെടുത്തു. ഉടന്പടിയിലൂടെ വാഗ്ദാനങ്ങൾ നൽകി. സന്തതി പരന്പരകൾക്കും ഈ വാഗ്ദാനം നൽകപ്പെട്ടെങ്കിലും യാക്കോബും മക്കളും ഈജിപ്തിൽ വിപ്രവാസികളായി. അവരിലൂടെയും വാഗ്ദാനം നിറവേറുമെന്ന് ദൈവം ഉറപ്പ് നൽകി. ഇപ്പോൾ അടിമകളായി കഴിയുന്ന ഏബ്രഹാമിന്റെ മക്കളായ ഇസ്രയേൽ ജനത്തെ അവിടുന്ന് ‘എന്റെ പുത്രൻ’ എന്നാണ് വിളിക്കുന്നത് (പുറ 4,23).
അടിമത്തത്തിന്റെ ചരിത്രം ഓർമിപ്പിച്ചുകൊണ്ട് ജനത്തെ മാനസാന്തരത്തിനു പ്രേരിപ്പിക്കുകയാണ് ഹോസിയ. തങ്ങൾ ദൈവമക്കളാണെന്ന കാര്യം അവർ അറിയണം, അംഗീകരിക്കണം, അതനുസരിച്ച് ജീവിക്കണം. പക്ഷെ, പ്രവാചകന്റെ ആഹ്വാനം ഫലശൂന്യമായി. എങ്കിലും ഈ വചനത്തിൽ ഒരുപക്ഷെ പ്രവാചകൻ പോലും തിരിച്ചറിയാതിരുന്ന ഒരു സത്യം ദൈവം ഒളിപ്പിച്ചുവച്ചിരുന്നു. അതാണ് ഈശോയിൽ വെളിപ്പെട്ടതായി മത്തായി എടുത്തുകാട്ടുന്നത്.
ഇസ്രയേൽ ജനം കടന്നുപോന്ന വഴികളിലൂടെ ഈശോയും കടന്നുപോയി. ഇസ്രയേലിന്റെ വളർച്ചയെ ഭയന്ന ഫറവോ അവരുടെ ആൺകുഞ്ഞുങ്ങളെ കൊല്ലാൻ കല്പിച്ചു (പുറ 1,15-22). ഇതിനു സമാന്തരമായി ഈശോയുടെ ജനനവേളയിൽ ഹേറോദേസ് ശിശുവധം നടപ്പാക്കി (മത്താ 2,16). ഈ അപകടത്തിൽനിന്നു രക്ഷപ്പെടാനാണ് ദൈവകല്പന പ്രകാരം ജോസഫ് മറിയത്തെയും ശിശുവിനെയും കൊണ്ട് ഈജിപ്തിലേക്ക് പലായനം ചെയ്തത്. അവരുടെ തിരിച്ചുവരവ് ഇസ്രയേലിന്റെ പുറപ്പാടനുഭവം സ്വന്തമാക്കാൻ ഈശോയ്ക്ക് അവസരമേകി.
പുറപ്പാടു സംഭവത്തിൽ ദൈവം ഒരു ജനത്തെ സ്വന്തം പുത്രനായി ദത്തെടുക്കുകയായിരുന്നു. ഇവിടെ സ്വന്തം പുത്രനെ ഒരു പുറപ്പാടനുഭവത്തിലൂടെ കടത്തിവിടുകയാണ്. ഹോസിയായുടെ പ്രവചനത്തിന്റെ സാക്ഷാത്കാരം! പുറപ്പാടുസംഭവം ഈശോയുടെ പുറപ്പാടിന്റെ പ്രതീകമായിരുന്നു.
ഇസ്രയേലിന്റെ പുറപ്പാടിൽ മോശയായിരുന്നു നേതാവ്. എന്നാൽ ദൈവപുത്രനായ ഈശോ ഒരു പ്രത്യേക ജനത്തെയല്ല, സകല ജനതകളെയും ദൈവരാജ്യത്തിലേക്ക് നയിക്കുന്നു. തന്റെ ജീവിതത്തിലൂടെ യാഥാർഥ്യമാക്കിയ പുറപ്പാടനുഭവത്തിലേക്ക് ഓരോ വ്യക്തിയെയും ക്ഷണിക്കുന്നു. ശിശുവധവും പലായനവും തിരിച്ചുവരവുമെല്ലാം ഇന്നും പ്രസക്തമായ പ്രതീകങ്ങൾതന്നെ.
ഇസ്രയേൽ ജനത്തെയും തന്റെ പുത്രനായ ഈശോയെയും ഈജിപ്തിൽനിന്നു വിളിച്ച ദൈവം ഇന്നും ഓരോ വ്യക്തിയെും പേരുചൊല്ലി വിളിക്കുന്നു.
സ്വന്തം മകനും മകളുമായി സ്വീകരിക്കുന്നു. പാപ, മരണങ്ങളുടെ അടിമത്തത്തിൽനിന്ന് ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നു. ലക്ഷ്യം നശ്വരമായ കാനാൻ ദേശമല്ല, ദൈവത്തോടൊന്നിച്ച് അവിടത്തെ സ്നേഹവും അതു നൽകുന്ന ശാന്തിയും സമാധാനവും സന്തോഷവും അനുഭവിച്ച് എന്നേക്കും ജീവിക്കുന്ന ദൈവരാജ്യത്തിലേക്ക്. ദൈവത്തിന്റെ വിളിക്ക് കാതോർക്കാം. പ്രതികരിക്കാം.