കഴുതപ്പുറത്തു വരുന്ന രാജാവ്
ഫാ. മൈക്കിൾ കാരിമറ്റം
Saturday, December 23, 2023 3:11 PM IST
“സിയോന് പുത്രീ, അതിയായി ആനന്ദിക്കുക. ജറൂസലെം പുത്രീ, ആർപ്പുവിളിക്കുക. ഇതാ നിന്റെ രാജാവ് നിന്റെ അടുത്തേക്കു വരുന്നു. അവൻ പ്രതാപവാനും ജയശാലിയുമാണ്. അവൻ വിനയാന്വിതനായി കഴുതപ്പുറത്ത്, കഴുതക്കുട്ടിയുടെ പുറത്ത് കയറിവരുന്നു” (സഖ 9,9).
പന്ത്രണ്ട് ചെറിയ പ്രവാചകന്മാരിൽ ഒരാളായ സഖറിയായുടെ പുസ്തകത്തിലാണ് ഈ പ്രവചനം രേഖപ്പെടുത്തിയിരിക്കുന്നത്. ദൈവം നൽകാൻ പോകുന്ന രക്ഷയെ വിവരിക്കുന്നതിനിടയിൽ ഭാവി രാജാവിനെക്കുറിച്ചു പ്രതിപാദിക്കുന്നതാണ് ചർച്ചാവിഷയമായ പ്രവചനം. ബിസി ആറാം നൂറ്റാണ്ടിന്റെ അവസാനം ജറൂസലെമിൽ പ്രസംഗിച്ച സഖറിയാ പ്രവാചകൻ ശത്രുരാജ്യങ്ങളുടെ ആക്രമണങ്ങളെക്കുറിച്ചു പറയുന്പോഴാണ് വരാനിരിക്കുന്ന രാജാവിനെപ്പറ്റി സംസാരിക്കുന്നത്.
രാജാവ് സഞ്ചരിക്കുന്ന കഴുതയ്ക്ക് പ്രത്യേക പ്രാധാന്യം നൽകുന്നതായി കാണാം. പലതിന്റെയും പ്രതീകമാണ് കഴുത. സാധാരണ സംസാരഭാഷയിൽ കഴുത വിഡ്ഢിത്തത്തിന്റെയും നിസാരതയുടെയും അടയാളമാണല്ലോ. എന്നാൽ, ബൈബിളിൽ കഴുതയെ നിസാരവത്കരിക്കുന്നില്ല.
രാജകീയ മൃഗമായി കഴുത പ്രത്യക്ഷപ്പെടുന്നതും ബൈബിളിൽത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട് (രാജാ 1,38). യുദ്ധത്തിനു പോകുന്പോൾ രാജാക്കന്മാർ കുതിരപ്പുറത്താണ് പോകുക.
യുദ്ധത്തിനുള്ള ഉപകരണവും പ്രതീകവുമാണ് പടക്കുതിര. എന്നാൽ, യുദ്ധം ജയിച്ചു പട്ടണത്തിലേക്കു മടങ്ങിവരുന്നതു കഴുതപ്പുറത്തായിരിക്കും. ഇനി ശക്തിയുടെയും വേഗത്തിന്റെയും ആവശ്യമില്ല. ശാന്തിയും സമാധാനവും സംസ്ഥാപിതമായിരിക്കുന്നു. അങ്ങനെ കഴുത വിജയത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമായി മാറുന്നു, ഒപ്പം വിനയത്തിന്റെയും.
ഈ പ്രവചനം ഈശോയിൽ പൂർത്തിയായി എന്ന് നാലു സുവിശേഷങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റു മൂന്നു സുവിശേഷങ്ങൾ കഴുതക്കുട്ടി എന്നു രേഖപ്പെടുത്തുന്പോൾ (മർക്കോ 11,2; ലൂക്കാ 10,10; യോഹ 12,14) മത്തായി മാത്രം കഴുതയെയും കഴുതക്കുട്ടിയെയും എന്ന്, അതും രണ്ടു തവണ (മത്താ 27,2,7), രേഖപ്പെടുത്തിയിക്കുന്നു.
ഒരു കാര്യം വ്യക്തം. ആരും ഇതുവരെ കയറിയിട്ടില്ലാത്ത കഴുതയുടെ പുറത്തായിരിക്കും പുതിയ രാജാവ് ജറൂസലെമിലേക്കു വരിക.
രാജാവിന്റെ നഗരപ്രവേശവുമായി ബന്ധപ്പെട്ട് പ്രവാചകൻ തുടർന്നു വരച്ചുകാട്ടുന്നത് (സഖ 9,10) സമഗ്രമായ സമാധാനത്തിന്റെ ചിത്രമാണ്. രഥവും പടക്കുതിരയും വില്ലും എല്ലാം യുദ്ധോപകരണങ്ങളാണ്. ഇനി അവയുടെ ഒന്നും ആവശ്യമുണ്ടാവില്ല. ദൈവംതന്നെ ആയിരിക്കും സകല ജനതകൾക്കും സമാധാനം നൽകുന്നത്. കഴുതപ്പുറത്തു വരുന്ന രാജാവ് ലോകം മുഴുവന്റെയുംമേൽ ഭരണം നടത്തും. നീതിയും സമാധാനവും സന്തോഷവും എല്ലാവർക്കും എന്നേക്കും ലഭ്യമാക്കുന്ന ഭരണം. അതാണ് പുതിയ രാജാവ് നടത്തുക. അതുതന്നെയാണ് ദൈവരാജ്യം.
ഈ പ്രതീക്ഷകളെല്ലാം നിറവേറ്റുന്നതായിരുന്നു ഈശോയുടെ നഗരപ്രവേശം. കഴുതപ്പുറത്തു വരുന്ന ഈശോയെ എതിരേൽക്കാനായി വന്ന ജനങ്ങളുടെ ചെയ്തികൾ എല്ലാംതന്നെ പ്രവചനങ്ങളുടെ പൂർത്തീകരണമായിരുന്നു. വഴിയിൽ വസ്ത്രങ്ങൾ വിരിച്ചാണ് രാജാവിനു പരവതാനി ഒരുക്കിയത് (2 രാജാ 9,13). മരച്ചില്ലകൾ മുറിച്ചു വഴിയിൽ നിരത്തിയതും അതുതന്നെ സൂചിപ്പിക്കുന്നു.
രാജാവിലൂടെ ദൈവം നൽകിയ വിജയത്തെ പ്രഘോഷിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നതിന്റെ വിവരണത്തിൽ 118-ാം സങ്കീർത്തനം എടുത്തു പറയുന്ന പലതും ഈശോയുടെ നഗരപ്രവേശനത്തിൽ പൂർത്തിയായി.
“ദാവീദിന്റെ പുത്രന് ഓശാന, കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ. ഉന്നതങ്ങളിൽ ഓശാന” (മത്താ 21,9) എന്ന ജനത്തിന്റെ ജയ്വിളി സങ്കീ 118,25-26 ഉദ്ധരിക്കുന്നു. ഓശാന എന്ന ഉദ്ഘോഷണം തുടക്കത്തിൽ ഒരു യാചനയായിരുന്നു.
“കർത്താവേ രക്ഷിക്കണേ” എന്നർഥമുള്ള “ഹോഷെയാ നാ” എന്ന രണ്ടു ഹീബ്രുവാക്കുകളാണ് ഓശാന ആയത്. “കർത്താവേ ഞങ്ങൾ അങ്ങയോട് അപേക്ഷിക്കുന്നു, ഞങ്ങളെ രക്ഷിക്കണേ” (സങ്കീ 118,25). രാജാവിനെ അയച്ചു രക്ഷിക്കണേ എന്ന പ്രാർഥന പിന്നീട് രാജാവിനെ എതിരേൽക്കാനുള്ള ജയ്വിളിയായി മാറി. അതാണ് ഈശോയെ രാജാവായി സ്വീകരിച്ച ജനം ഉദ്ഘോഷിച്ചത്.