പുതിയ തുടക്കം
പുതിയ തുടക്കം
തീർഥാടനം–46 / ഫാ. ജേക്കബ് കോയിപ്പള്ളി

ക്രിസ്തുവിന്റെ ജീവിതചരിതം അദ്ഭുതങ്ങളാൽ മുഖരിതമാണ്. വാഗ്ദാനങ്ങളുടെ പൂർത്തീകരണമായി വന്നവൻ തന്റെ ജീവിതസായാഹ്നത്തിൽ വരുംകാല തലമുറയ്ക്കായി തന്റെ സാന്നിധ്യത്തെ ഊട്ടിയുറപ്പിച്ച ദിവസമായിരുന്നു പെസഹാ. പെസഹാനാളിൽ അപ്പം കൈയിലെടുത്തു വാഴ്ത്തി മുറിച്ചപ്പോൾ അവൻ വാഴ്ത്തിയതും മുറിച്ചതും തന്റെ തന്നെ ശരീരത്തെ ആയിരുന്നു. യഥാർഥത്തിൽ പെസഹാ, ശരീരം വാഴ്ത്തപ്പെട്ട ദിവസമാണ്. വാഴ്ത്തപ്പെട്ട ശരീരത്തിനു നിത്യജീവൻ പ്രദാനം ചെയ്യുന്ന ഭക്ഷണമാകാം എന്നു പഠിപ്പിച്ച ദിനമാണ്. ശരീരങ്ങളെ കുർബാനയാക്കി മാറ്റാൻ ലോകത്തെ മുഴുവൻ ആഹ്വാനം ചെയ്ത ദിനമാണ്.

നമുക്കു മുമ്പേ കുർബാനയായവൻ തന്റെ ശരീരം നമുക്കായി നല്കിക്കൊണ്ടു കുർബാനയാകാനുള്ള പ്രതിബന്ധങ്ങളെ അതിജീവിക്കാൻ നമ്മെ ഓർമിപ്പിച്ച ദിനമാണ്. പെസഹാ എന്നതു ദൈവദൂതൻ കടന്നുപോയതിന്റെ, വിശ്വാസികളുടെ ഭവനങ്ങളെ സംരക്ഷിച്ച കടന്നുപോകലിന്റെ, തിരുനാളായിരുന്നു. എന്നാൽ, തന്റെ ജീവിതസായാഹ്നത്തിലെ പെസഹാ വഴിയായി ക്രിസ്തു നിത്യമായി കടന്നുവരുന്നതിന്റെ, അപ്പമായി ഹൃദയങ്ങളിൽ വസിക്കുന്നതിന്റെ, നിത്യമായ സാന്നിധ്യത്തിന്റെ വാഴ്ത്തപ്പെട്ട ഓർമകൾ പുതിയ ഇസ്രയേലിനു സമ്മാനിക്കുകയായിരുന്നു. ക്രിസ്തു തന്റെ ഓർമ നിലനിർത്തിയതു കല്ലിലും മണ്ണിലും കെട്ടിടം പണിതല്ല. തന്റെ ശരീരം വാഴ്ത്തി വിഭജിച്ചാണ്.

പെസഹാ എന്ന ദിനം പൗരോഹിത്യ തിരുനാൾ ദിനമായി നാം കാണാറുണ്ട്. തന്റെ ശരീരം വാഴ്ത്തി വിഭജിച്ചു പുരോഹിതനായ ക്രിസ്തു ബലിയർപ്പിച്ചതു വഴി പൗരോഹിത്യത്തിന്റെയും ശരീരമായ വചനം അപ്പത്തിന്റെ രൂപം സ്വീകരിച്ചപ്പോൾ വിശുദ്ധ കുർബാനയുടെ ദിവസവുമൊക്കെയായി നാം ആചരിക്കുന്നു. എന്നാൽ, പെസഹാ ഈ രണ്ടു വസ്തുതകൾക്കുമപ്പുറം മറ്റൊരു ജീവിത യാഥാർഥ്യവുമായി ബന്ധപ്പെട്ടു നില്ക്കുന്നുണ്ട്. പെസഹായിൽ, തന്റെ ശരീരം വാഴ്ത്തി മുറിച്ചു നിത്യജീവനുള്ള ഫലങ്ങൾ ക്രിസ്തു പുറപ്പെടുവിച്ച അതേ അനുഭവത്തിലേയ്ക്കല്ലേ വിവാഹം എന്ന സത്യം വിരൽചൂണ്ടുന്നത്?

പെസഹായിലും വിവാഹത്തിലും നടക്കുന്നതു ശരീരത്തിന്റെ വാഴ്ത്തലല്ലേ? മുറിച്ചു പങ്കുവയ്ക്കപ്പെടുന്നതിനു മുമ്പായി കർത്താവിനു സഭയോടുള്ള സ്നേഹമായും സഭയ്ക്കു കർത്താവിനോടുള്ള സ്നേഹമായും വിവാഹം എന്ന കൂദാശ പങ്കാളികളെ രൂപപ്പെടുത്തുമ്പോൾ അവ ശരീരത്തിന്റെ വാഴ്ത്തലായില്ലേ? പെസഹായിൽ ക്രിസ്തു മുറിച്ചു നല്കിയപോലെ ജീവിതകാലം മുഴുവൻ ഒരു മുറിച്ചുനല്കലല്ലേ വിവാഹം? എന്റെ ശരീരം ഭക്ഷിക്കുന്നവൻ ഒരു നാളിലും മരിക്കില്ല എന്ന തിരുമൊഴി ഓരോ കുർബാനയിലും നാം ആവർത്തിക്കുന്നുണ്ട്. വിവാഹം എന്ന രഹസ്യത്തിലെ നിത്യത ഒരാൾ എത്രമാത്രം പങ്കാളിക്കു ഭക്ഷണമാവുന്നു എന്നുള്ളതിലാണ് അടങ്ങിയിരിക്കുക. ഓരോ മുറിക്കപ്പെടീലിലും വാഴ്ത്തപ്പെട്ട ഒരോർമ അഥവാ മരണമില്ലാത്ത ഒരോർമയാണു ജീവിതപങ്കാളികൾ പരസ്പരം സമ്മാനിക്കുക.

മരിക്കുന്ന മനുഷ്യനു മരണമില്ലാത്ത ഓർമകൾകൊണ്ട് എന്തു നേട്ടം? അതിൽ താത്വികത ഇല്ലല്ലോ എന്ന ചോദ്യം ഇവിടെ സ്വാഭാവികം. എന്നാൽ, ജീവിക്കുന്ന ശരീരത്തിൽ അമർത്യമായ ഒരാത്മാവുണ്ട്. ആ ആത്മാവ് വാഴ്ത്തപ്പെട്ട ഓർമകളുടെ കാവൽ സൂക്ഷിപ്പുകാരനാണ്. തെറ്റു ചെയ്തു കഴിയുമ്പോൾ നേരെയാകണം എന്ന വിങ്ങൽ ശരീരത്തിന്റേതല്ല ആത്മാവിന്റേതാണ്. വളരെ കഷ്ടപ്പെട്ടു സമയമെടുത്ത് ഒരാളെ സഹായിക്കുമ്പോൾ ശരീരക്ഷീണത്തെ മറികടന്ന് ആത്മാവിലുണ്ടാകുന്ന ആനന്ദം നാം അനുഭവിച്ചിട്ടുള്ളവരാണ്.

യഥാർഥത്തിൽ പെസഹായിൽ സംഭവിച്ചതു സകല മുറിവുകളുടെ വേദനയിലും അതിനെ മറികടക്കാൻ തക്കവണ്ണം ആത്മാവ് സജ്‌ജമായതാണ്. കുരിശിനെ മഹത്വപ്പെടുത്താനും കൈകളും കാലുകളും തുളയ്ക്കുന്ന ആണികളേയും വിലാവ് തുറക്കുന്ന കുന്തമുനയേയും ശരീരത്തെ മുറിപ്പെടുത്തുന്ന ചാട്ടവാറുകളേയും അതിജീവിക്കുന്ന അമർത്യതയുടെ ആത്മാവ് ശരീരത്തിലേയ്ക്കു സമ്പൂർണമായി ആവാഹിക്കപ്പെട്ടു. എല്ലാ മർദനങ്ങൾക്കും തികഞ്ഞ വേദനയുണ്ടായിരുന്നു. പക്ഷേ ആ വേദന വഴി സംജാതമാകുന്ന സ്നേഹത്തിന്റെ നിത്യസ്മാരകം ആ വേദനകളിൽ സംഭവിക്കാമായിരുന്ന സ്വാഭാവിക നിരാശകളെ അതിജീവിക്കാൻ കാരണമായി.

പെസഹാ വിവാഹത്തിന്റെയും കുടുംബങ്ങളുടെയും തിരുനാൾ ദിനമാകണം. ശരീരങ്ങൾ വാഴ്ത്തി മുറിക്കപ്പെട്ടതിന്റെ ഈ തിരുനാൾ ദിനം, പരസ്പരം മുറിച്ചു നല്കാനുള്ള ഊർജത്തിന്റെ സ്രോതസായി ദമ്പതികൾ കാണണം. സ്വാർഥതയില്ലാത്ത മുറിച്ചുനല്കലിലൂടെ മരണമില്ലാത്ത ഒരുപാട് ഓർമകൾ കൊയ്തെടുക്കാൻ ദമ്പതികൾക്കു കഴിയണം.

സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും വേണ്ടിയുള്ള പരക്കംപാച്ചിലിലാണു മനുഷ്യൻ എന്നു നം കേട്ടിട്ടുണ്ട്. എന്നാൽ, നിത്യം ഓർമിക്കപ്പെടാൻ തക്കവണ്ണം സ്വന്തം ജീവിതത്തെ പരിവർത്തനപ്പെടുത്തുക എന്നതാണ് എല്ലാ പരക്കംപാച്ചിലുകളുടെയും പ്രതിവിധി. ക്രിസ്തുവിന്റെ ഈ ലോകജീവിതത്തിലെ പുതിയ അധ്യായം കുറിക്കലായിരുന്നു പെസഹാ. കടന്നുപോകലിന്റെ തിരുനാളിനെ കടന്നുവരവാക്കിയ പുതിയ തുടക്കം നമ്മുടെ ജീവിതങ്ങൾക്ക് ആവേശം മാത്രമല്ല പരിവർത്തനവും നല്കട്ടെ.