മൂന്നര മാസത്തോളം ആയുസുള്ള ഒരു വണ്ട് ഈ കാലയളവിൽ 500 ഓളം മുട്ടയിടുമെന്നാണ് കണക്ക്. ഇതിൽ ഏറെയും വിരിഞ്ഞു പുഴുക്കൾ ആകും. ഒരു ഹോബിയായി ആരംഭിച്ച പുഴുവളർത്തൽ കാര്യമായതോടെ ഇതിന്റെ വിപണനസാധ്യതയെക്കുറിച്ചു ദീപു ചിന്തിക്കാൻ തുടങ്ങി. ഇതോടെ തുരത്താൻ ഉള്ളതല്ല മറിച്ച് വളർത്താൻ ഉള്ളവയാണ് വണ്ടുകൾ എന്ന് ദീപു സ്വയം മനസിലാക്കുകയും മറ്റുള്ളവരെ മനസിലാക്കികൊടുക്കുകയും ചെയ്യുകയായിരുന്നു.
പുഴു മാർക്കറ്റിംഗ്സമൂഹമാധ്യമങ്ങളിലൂടെയാണ് ദീപു പുഴു മാർക്കറ്റ് ചെയ്തത്. പക്ഷികളെ വളർത്തുന്ന ചില സുഹൃത്തുക്കൾക്കും ഉത്പന്നത്തിന്റെ പ്രചാരണത്തിനായി പുഴുക്കളെ സൗജന്യമായും നൽകി.
അങ്ങനെ കണ്ടും കേട്ടുമറിഞ്ഞ് ഇന്ന് ദീപുവിന്റെ പുഴുവിന് ആവശ്യക്കാർ ഏറെയാണ്. ഇപ്പോൾ സംസ്ഥാനത്തിന് അകത്തും പുറത്തും വിവിധ സ്ഥലങ്ങളിലേക്ക് തീറ്റ പുഴുക്കളെ ദീപു കൊറിയറായി അയച്ചു കൊടുക്കുന്നുണ്ട്.
വായുസഞ്ചാരമുള്ള പെട്ടിയിലാണ് പാക്കിംഗ്. ഒരു പുഴുവിന് ഒരു രൂപ മുതൽ രണ്ടു രൂപ വരെ വില ലഭിക്കുമെന്നതിനാൽ മോശമല്ലാത്ത വരുമാനമാണ് ലഭിക്കുന്നത്. സാമൂഹിക മാധ്യമങ്ങൾ വഴിയാണ് പ്രധാനമായും വിപണനം.
പുഴുഫ്രൈ നമ്മുടെ നാട്ടിലുമെത്തുമോപക്ഷികളുടെ തീറ്റ എന്നതിനപ്പുറം നമ്മുടെ നാട്ടിൽ മനുഷ്യന്റെ ആഹാരം എന്ന ഒരു വിപണന സാധ്യത ഈ പുഴുക്കൾക്കു വരുംകാലങ്ങളിൽ ഉണ്ടാകുമെന്നാണ് ദീപു ഉറപ്പിച്ചു പറയുന്നത്. ചൈന, സിംഗപ്പൂർ, ഹോംങ്കോംഗ്, മലേഷ്യ എന്നീ വികസിത രാജ്യങ്ങളിലെല്ലാം തന്നെ എല്ലാവരുടേയും തീൻമേശയിൽ മറ്റ് ഇഴജന്തുക്കൾക്കൊപ്പം പുഴുക്കളും ഒരു വിഭവമാണെന്ന് ദീപു വിശദമാക്കുന്നു.
ഇത്തരം പുഴുക്കളെ കഴിക്കുന്നവർ ഇപ്പോൾ തന്നെ നമ്മുടെ ഇടയിലുണ്ട്. ഇത്തരക്കാരെ ലക്ഷ്യമിട്ട് പല സൂപ്പർമാർക്കറ്റുകളും കണ്ടെയ്നറുകളിൽ പുഴുക്കളെ വില്പനയ്ക്ക് എത്തിച്ചു തുടങ്ങിയിട്ടുമുണ്ട്.
എന്നാൽ മറ്റുള്ളവർ അറപ്പ് പ്രകടിപ്പിക്കുന്നത് കാണേണ്ടി വരുന്നതിനാൽ ആരും ഇത് ഷെയർ ചെയ്യുന്നില്ലെന്നാണ് ദീപു പറയുന്നത്. ഈ വിപണി പച്ചപിടിച്ചാൽ കാലക്രമേണ നമ്മുടെ രാജ്യത്തും പുഴു വളർത്തലിന് വലിയ വിപണന സാധ്യതകൾ തെളിയുമെന്നാണ് ദീപുവിന്റെ അഭിപ്രായം.