ദേശാടന പക്ഷികളായ ചരത്തലയന് തിത്തിരി, വെള്ളക്കൊക്കാന് കുളക്കോഴി, പട്ടക്കോഴി, ചാരമുണ്ടി, ചെന്തലയന് അരിവാള്ക്കൊക്കന്, കൊമ്പന് കുയില്‍ എന്നിവയെ സര്‍വേയില്‍ കാണാനായെന്ന് ഹ്യൂം സെന്റര്‍ ഡയറക്ടര്‍ സി.കെ. വിഷ്ണുദാസ് പറഞ്ഞു.
പച്ചഎരണ്ട ,വാലന്‍ താമരക്കോഴി,പുള്ളിച്ചുണ്ടന്‍ താറാവ്, ചെറിയ നീര്‍കാക്ക, താമരക്കോഴി തുടങ്ങിയ തദ്ദേശീയ ഇനം പക്ഷികളും സര്‍വേ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു.
വര്‍ധിച്ച വൈവിധ്യത്തിനിടയിലും പക്ഷികളുടെ മൊത്തത്തിലുള്ള എണ്ണത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നേരിയ കുറവുണ്ടായതായി വിഷ്ണുദാസ് പറഞ്ഞു. സര്‍വേയില്‍ 1,425 പക്ഷികളെയാണ് എണ്ണി തിട്ടപ്പെടുത്താന്‍ കഴിഞ്ഞത്.
കഴിഞ്ഞ തവണ ഇത് 1,621 ആയിരുന്നു. കാരാപ്പുഴ അണയിലും പരിസര പ്രദേശങ്ങളിലും ചൂളന്‍ എരണ്ടയുടെ എണ്ണം കുറയുകയാണ്. ആവാസ വ്യവസ്ഥയുടെ തകറാറിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നതെന്ന് സര്‍വേ സംഘത്തില്‍പ്പെട്ടവര്‍ പറഞ്ഞു.
കാരാപ്പുഴ റിസര്‍വോയറുമായി ബന്ധപ്പെട്ടുകിടക്കുന്ന ആഴം കുറഞ്ഞ ജലാശയങ്ങളെ ചുറ്റിപ്പറ്റിയാണ് വയനാട്ടിലെ തണ്ണീര്‍ത്തട ആവാസവ്യവസ്ഥ നിലകൊള്ളുന്നതെന്ന് സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ എം.ടി. ഹരിലാല്‍ പറഞ്ഞു.
തുടര്‍ച്ചയായ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ആവശ്യകത വ്യക്തമാക്കുന്നതാണ് സര്‍വേ ഫലമെന്ന് കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല പ്രിവന്റീവ് മെഡിസിന് വിഭാഗം അസിസ്റ്റന്റ് പ്രഫ.ആര്.എല്‍. രതീഷ് പറഞ്ഞു.