കത്തെഴുത്ത് ദിനമെല്ലാം കാര്യമായി കൊണ്ടാടുന്പോഴും ഇന്ത്യയിൽ പോസ്റ്റോഫീസുകൾ അടച്ചുപൂട്ടൽ ഭീഷണിയിലാണെന്ന് പലരും ഓർക്കാറില്ല. കത്തെഴുത്ത് ഒരു ശീലവും ജീവിതത്തിന്റെ ഭാഗവുമായിരുന്ന അവസ്ഥയിൽ നിന്ന് കത്തെഴുത്ത് ഒരു ബുദ്ധിമുട്ടുള്ള ജോലിയായി മാറിയ കാലമാണിന്ന്.
ഇംഗ്ലീഷിലും മലയാളത്തിലും മംഗ്ലീഷിലും സന്ദേശങ്ങൾ നിമിഷ നേരം കൊണ്ട് അയക്കുന്നവരിൽ നിന്ന് സ്വീകർത്താവിലേക്ക് എത്തുന്ന ഇക്കാലത്ത്, പറയാനുള്ളത് മുഖത്തു നോക്കിയും അല്ലാതെയും കടലുകൾക്കും മാമലകൾക്കും അപ്പുറത്താണെങ്കിലും പറയാൻ സാധിക്കുന്ന പുതിയ കാലത്ത് കത്തെഴുത്ത് മെനക്കെട്ട പണിയാണെന്ന് പുതിയ തലമുറ പറയുന്പോഴും അതില്ലാതാകരുതെന്ന് ആഗ്രഹിക്കുന്നവർ ഇപ്പോഴും കത്തെഴുതുന്നുണ്ട്.
പഴയ ഇൻലന്റിൽ വന്ന കത്തുകൾ ഒരു നിധി പോലെ സൂക്ഷിച്ചെടുത്തു വെച്ചിട്ടുള്ളവരുമുണ്ട്. ഇന്റർനെറ്റ് വിപ്ലവത്തിന്റെ രക്തസാക്ഷിയെന്ന് ഒരു പരിധി വരെ തപാൽ ഓഫീസുകളെ വിശേഷിപ്പിക്കുന്നവരുണ്ട്.
മണിയോർഡറിനു പകരം നിമിഷ നേരം കൊണ്ട് പണം ആവശ്യക്കാരന്റെ കൈക്കുന്പിളിലെത്തിക്കുന്ന ഡിജിറ്റൽ സംവിധാനം വന്നപ്പോൾ, കന്പിയടിക്കുക എന്നത് ഒരു ചരിത്രകാലം മാത്രമായി മാറിയപ്പോൾ പോസ്റ്റോഫീസുകളിലേക്ക് ആളുകൾ എത്താതെയായി.
ഒരുകാലത്ത് ഇന്ത്യൻ ഗ്രാമങ്ങളേയും വികസനം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഗ്രാമാന്തരങ്ങളിലെ നാട്ടുപ്രദേശങ്ങളേയും വികസനപാതയിലുള്ള നഗരങ്ങളേയും കോർത്തിണക്കിയ ഒന്നായിരുന്നു ഇന്ത്യൻ തപാൽ സേവനം.
ഇന്ന് നിക്ഷേപങ്ങൾ സ്വീകരിക്കൽ, ബില്ലുകൾ സ്വീകരിക്കൽ, മെയിൽ ഡെലിവറി ഫോമുകളുടെ വിൽപന, ഇൻഷുറൻസ് നിക്ഷേപ പദ്ധതികൾ എന്നിവയെല്ലാമാണ് പ്രധാനമായും പോസ്റ്റോഫീസുകളെ പിടിച്ചുനിർത്തുന്നത്.
നിലനിന്നുപോകാൻ ശരിക്കും പാടുപെടുന്ന ഇന്ത്യൻ തപാൽ മേഖല... അപ്പോഴാണ് ഞങ്ങൾക്കൊരു പോസ്റ്റോഫീസ് വേണം എന്ന ആവശ്യം ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ടുമെന്റിന് കിട്ടിയത്.
നന്ദിയുണ്ട്....ഈ ഒരാവശ്യം ഉന്നയിച്ചതിന്...വരും തലമുറയ്ക്ക് പോസ്റ്റോഫീസ് എന്ന സംവിധാനം ഇന്ത്യയിലുണ്ടായിരുന്നു എന്ന് കാണിച്ചുകൊടുക്കുന്നതിന് വേണ്ടി..തലയെടുപ്പോടെ തൃശൂർ അയ്യന്തോൾ ജില്ല കോടതി കെട്ടിട സമുച്ചയത്തിൽ പോസ്റ്റോഫീസ് പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു...