വൈദ്യുതി ലാഭിക്കാം, പണവും....
കേരളത്തിലെ ജലസംഭരണികളിൽ വെള്ളം വറ്റിയാൽ കേരളത്തിലെ വൈദ്യുതിയും വറ്റിവരളും. സംസ്‌ഥാനത്തെ വൈദ്യുതി ഉപഭോഗം ഇത്തവണ സർവകാല റിക്കാർഡിൽ എത്തിയിരുന്നു. കെഎസ്ഇബി നൽകുന്ന കണക്കുകൾ പ്രകാരം ഇക്കഴിഞ്ഞ ഏപ്രിൽ മാസം പകുതിയോടെ 80.38 ദശലക്ഷം യൂണിറ്റ് വരെയായി വൈദ്യുതി ഉപയോഗം ഉയർന്നു. ഇത് സർവകാല റിക്കാർഡാണ്. കഴിഞ്ഞ വർഷത്തെ കൂടിയ ഉപയോഗം 65 ദശലക്ഷം യൂണിറ്റായിരുന്നു. ഇത്തവണത്തെ പ്രതിദിന ഉപയോഗം പരമാവധി 72–73 ദശലക്ഷം യൂണിറ്റിലെത്തി നിൽക്കുമെന്നായിരുന്നു കെഎസ്ഇബിയുടെ കണക്കുകൂട്ടൽ. എന്നാൽ പ്രതീക്ഷിച്ച സമയത്ത് മഴ ലഭിക്കാതായതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. കേരളത്തിലെ വൈദ്യുതി ആവശ്യം പ്രതിവർഷം ഏഴുമുതൽ എട്ടു ശതമാനം വരെ വർധിക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ ഇത്രയും വൈദ്യുതി കേരളത്തിൽ ഉൽപാദിപ്പിക്കുന്നില്ല. അതിനാൽ വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കുകയാണ് നമുക്ക് ചെയ്യാനാകുന്നത്. സാങ്കേതിക വിദ്യയുടെ വളർച്ചയോടെ കുറഞ്ഞ വൈദ്യുതിയിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന നിരവധി ഉൽപന്നങ്ങളാണ് ഇന്നു വിപണിയിലുള്ളത്. എൽഇഡി ബൾബുകൾ മുതൽ ഇൻവെർട്ടർ എസി വരെയുള്ള വൈദ്യുതോപകരണങ്ങൾ കുറഞ്ഞ വൈദ്യുതിയിൽ ഉപയോഗിക്കാൻ പോന്നവയാണ്.

<യ> വീടുകളിൽ വൈദ്യുതി ലാഭിക്കാം

ഒരാവശ്യവുമില്ലാതെ എത്രമാത്രം വൈദ്യുതിയാണ് നാം വീടുകളിൽ വെറുതേ കത്തിച്ചു കളയുന്നത്? അനാവശ്യമായി ലൈറ്റുകളും ഫാനുകളും ഉപയോഗിക്കുന്നു. നമ്മുടെ വീടുകളിൽ ടിവി, എസി, മ്യൂസിക് സിസ്റ്റം തുടങ്ങിയവയെല്ലാം റിമോട്ടിൽ മാത്രം ഓഫ് ചെയ്യുന്നതാണ് നമ്മുടെ പതിവ്. എന്നാൽ ഈ ശീലമൊക്കെ മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. റിമോട്ടിൽ ഓഫ് ചെയ്താലും ചെറിയ തോതിൽ വൈദ്യുതിയുടെ ഉപയോഗം നടന്നുകൊണ്ടിരിക്കും. വീടുകളിലെ വൈദ്യുതി ഉപയോഗത്തിൽ രണ്ടു ശതമാനത്തോളം വൈദ്യുതി ഇത്തരത്തിൽ നഷ്‌ടപ്പെടുന്നുവെന്നാണ് കണക്ക്.

<യ>ലൈറ്റുകൾ

സാധാരണ ബൾബുകൾക്കു പകരം എൽഇഡി ബൾബുകൾ ഉപയോഗിക്കുന്നത് വൈദ്യുതി ബില്ലിൽ നല്ല കുറവുണ്ടാക്കാൻ സഹായിക്കും. 60 വാട്സിന്റെ ഒരു സാധാരണ ബൾബിൽ നിന്നു ലഭിക്കുന്നതിലധികം പ്രകാശം ഒൻപത് വാട്സിന്റെ എൽഇഡി ബൾബിൽ നിന്നും ലഭിക്കും. എൽഇഡി ബൾബുകൾ ഉപയോഗിക്കുന്നതിലൂടെ 75 ശതമാനം വരെ വൈദ്യുതി ലാഭിക്കാം. കുറച്ചുനാൾ മുൻപ് വരെ പ്രചാരം നേടിയിരുന്ന സിഎഫ്എൽ ലൈറ്റുകളുടെ പരമാവധി ആയുസ് 10,000 മണിക്കൂർ വരെയാണ്. എന്നാൽ എൽഇഡി ബൾബുകളുടെ ആയുസ് 50,000 മണിക്കൂറിലേറെയാണ്.

*സീറോ വാട്സ് ബൾബുകൾ എന്ന പേരിൽ അറിയപ്പെടുന്ന കളർ ബൾബുകൾ 10 മുതൽ 30 വാട്സ് വരെ വൈദ്യുതി ഉപയോഗിക്കുന്നവയാണ്. ഇവയ്ക്ക് പകരം ഒരു വാട്ടിന്റെയോ 0.5 വാട്ടിന്റെയോ എൽഇഡി ബൾബുകൾ ഉപയോഗിക്കുന്നത് വൈദ്യുത ചാർജ് കുറയ്ക്കുന്നതിന് സഹായിക്കും.

*ഉപയോഗം കഴിഞ്ഞ് ലൈറ്റുകളും ഫാനുകളും മറ്റ് ഇലകട്രോണിക് ഉപകരണങ്ങളും ഓഫാക്കാൻ മറക്കരുത്. വൈകുന്നേരമായാൽ ഒന്നു ശ്രദ്ധിച്ചാൽ ഒന്നു രണ്ടു ലൈറ്റുകളെങ്കിലും നാം അനാവശ്യമായി ഓണാക്കിയിരിക്കുന്നതു കാണാം. ഇത് ശ്രദ്ധാപൂർവം ഓഫാക്കുക.

*സ്ലീം ട്യൂബ് ലൈറ്റുകൾ ഉപയോഗിക്കുന്നത് വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിന് സഹായിക്കും. ബൾബുകളും ട്യൂബുകളും സമയാസമയത്തു തുടച്ചുവൃത്തിയാക്കുന്നതിനും ശ്രദ്ധിക്കണം. ഇത് ബൾബിൽ നിന്നും ട്യൂബിൽ നിന്നുമുള്ള മുഴുവൻ പ്രകാശവും ലഭിക്കുന്നതിന് സഹായിക്കും.

<യ>കെട്ടിട നിർമാണം

വീടുകളും കെട്ടിടങ്ങളും നിർമിക്കുമ്പോൾ മുറികളിലേക്ക് പരമാവധി കാറ്റും വെളിച്ചവും ലഭിക്കുന്ന തരത്തിൽ ജനാലകളും വാതിലുകളും നിർമിക്കുക. ഇതിലൂടെ എസി, ഫാൻ, ലൈറ്റുകൾ എന്നിവയുടെ ഉപയോഗം നമുക്ക് കുറയ്ക്കാനാകും.

സൂര്യപ്രകാശം ഉള്ളപ്പോൾ ജനലുകൾ തുറന്നിടുകയും കർട്ടനുകൾ ഉയർത്തി വയ്ക്കുകയും ചെയ്യാം. ഇതുമൂലവും ലൈറ്റുകളുടെയും ഫാനുകളുടെയും ഉപയോഗം ഒഴിവാക്കാം. പകൽസമയത്ത് പ്രകൃതിയിൽ നിന്നു ലഭിക്കുന്ന പ്രകാശം പരമാവധി പ്രയോജനപ്പെടുത്തണം.

<യ>ഫാനുകൾ

മണിക്കൂറിൽ 90 വാട്സ് വരെ വൈദ്യുതി ഉപയോഗിക്കുന്നവയാണ് നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന പഴയ ഫാനുകൾ. എന്നാൽ ഇന്ന് 35 മുതൽ 50 വാട്സ് വരെ വൈദ്യുതി ഉപയോഗത്തിൽ പ്രവർത്തിക്കുന്നതും നല്ല കാറ്റുള്ളതുമായ ഫാനുകൾ വിപണിയിൽ ലഭ്യമാണ്.

*ഭാരംകുറഞ്ഞതും വൈദ്യുതി ഉപയോഗം കുറഞ്ഞതുമായ ഫാനുകൾ ഉപയോഗിക്കുക.

*സാധാരണ റെഗുലേറ്ററുകൾക്കു പകരം ഇലകട്രോണിക് റെഗുലേറ്ററുകൾ ഉപയോഗിക്കുക. ഇത് കുറഞ്ഞ വൈദ്യുതിയാണ് ഉപയോഗിക്കുന്നത്.

*ഫാനുകളുടെ ബ്ലേഡുകൾ യഥാസമയം വൃത്തിയാക്കുക. ഇത് ഫാനുകൾക്ക് നല്ല ഒഴുക്ക് സാധ്യമാക്കുകയും കൂടുതൽ കാറ്റ് ലഭിക്കുകയും ചെയ്യും.

<യ>അയൺ ബോക്സ്

തുണികൾ ഇസ്തിരിയിടുമ്പോൾ കൂടുതൽ തുണികൾ ഒരുമിച്ച് ഇസ്തിരിയിടുന്നത് വൈദ്യുതി ചാർജ് കുറയ്ക്കുന്നതിന് സഹായിക്കും. ഒന്നോ രണ്ടോ തുണികളായി ഇസ്തിരിയിടുന്നത് വൈദ്യുതിയുടെ ഉപയോഗം വർധിപ്പിക്കും.

<യ>കംപ്യൂട്ടർ

കംപ്യൂട്ടറുകളുടെയും ലാപ്ടോപ്പുകളുടെയും ഉപയോഗം കഴിഞ്ഞാൽ ഉടനടി ഓഫ് ചെയ്യണം. വളറെ കുറച്ച് സമയത്തേക്ക് ഉപയോഗിക്കുന്നില്ലെങ്കിൽ കംപ്യൂട്ടറിന്റെ മോണിട്ടർ മാത്രമായും ഓഫ് ചെയ്യാം. കംപ്യൂട്ടർ സ്ലീപ്പ് മോഡിൽ ക്രമീകരിച്ചാൽ ഉപയോഗിക്കാത്ത സമയത്ത് അവ കട്ടോഫ് ആകും. ഇത് വൈദ്യുതിയുടെ ഉപയോഗം *0 ശതമാനം വരെ കറയ്ക്കുന്നതിന് സഹായിക്കും. കംപ്യൂട്ടറിനേക്കാൾ കുറച്ചു വൈദ്യുതിയാണ് ലാപ്ടോപ്പുകൾ ഉപയോഗിക്കുന്നത്.

<യ>ഫ്രിഡ്ജിന്റെ ഉപയോഗം

വൈദ്യുത ക്ഷമതയുള്ളതും സ്റ്റാർ ലേബൽ ഉള്ളതുമായ ഫ്രിഡ്ജുകൾ മാത്രം ഉപയോഗിക്കുക. ഫ്രിഡ്ജ് അനാവശ്യമായി തുറക്കുന്നത് ഒഴിവാക്കുക. വായുസഞ്ചാരമുള്ളിടത്ത് ഫ്രിഡ്ജ് സ്‌ഥാപിക്കണം. ഭിത്തിയോട് ചേർത്ത് ഫ്രിഡ്ജ് വയ്ക്കരുത്. ഫ്രിഡ്ജിൽ കുത്തിനിറച്ച് സാധനങ്ങൾ വയ്ക്കുന്നതും ഫ്രീസറിൽ ഐസ് കുമിഞ്ഞ് കൂടുന്നതും ഒഴിവാക്കണം.


* ചൂടായ ഭക്ഷണ സാധനങ്ങൾ തണുത്തതിനു ശേഷം മാത്രമേ ഫ്രിഡ്ജിൽ വയ്ക്കാവൂ.

*പാത്രങ്ങളിലോ ഡെപ്പകളിലായോ ആയി പച്ചക്കറികളും മറ്റു സാധനങ്ങളും ഫ്രഡ്ജിൽ സൂക്ഷിക്കുക.

*വലിയതോതിൽ വൈദ്യുതി ഉപയോഗിക്കുന്ന പഴയഫ്രിഡ്ജുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് മാറ്റുക.

<യ>എസി

ഗൃഹോപകരണങ്ങളിൽ ഏറ്റവുമധികം വൈദ്യുതി ഉപയോഗിക്കുന്നത് എസിയാണ്. അതുകൊണ്ടുതന്നെ സ്റ്റാർ ലേബൽ പതിച്ചതും വൈദ്യുതി ഉപയോഗം കുറഞ്ഞതുമായ എയർ കണ്ടീഷണറുകൾ മാത്രം ഉപയോഗിക്കുക. അടുത്ത കാലത്ത് പ്രചാരത്തിൽവന്ന ഇൻവെർട്ടർ എസി കുറഞ്ഞ വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. പഴയ 1.5 ടൺ എസി മണിക്കൂറിൽ 1.5 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കും. എന്നാൽ ഇൻവെർട്ടർ എസി 0.91 യൂണിറ്റ് വൈദ്യുതി മാത്രമാണ് ഉപയോഗിക്കുന്നത്.

<യ>ഐഎസ്ഇഇആർ

ഇൻവെർട്ടർ എസികളുടെ ഊർജക്ഷമതയെ കുറിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി ഏർപ്പെടുത്തിയിട്ടുള്ള റേറ്റിങ് സംവധാനമാണ് ഇന്ത്യൻ സീസൺ എനർജി എഫിഷ്യന്റ് റേഷ്യോ(ഐഎസ്ഇഇആർ). ഒരു എസി മുറിയിൽ നിന്നു വലിച്ചെടുക്കുന്ന ചൂടും ഇതിനായി ഉപയോഗിക്കുന്ന ഊർജവും തമ്മിലുള്ള അനുപാതമാണ് ഐഎസ്ഇഇആർ. ഐഎസ്ഇഇആർ *.5 ലഭിച്ചാൽ അതിനെ 5 സ്റ്റാർ ആയി കണക്കാക്കുന്നു.

*എസി സമായാസമയത്ത് നന്നായി സർവീസ് ചെയ്യുകയും കേടുപാടുകൾ തീർക്കുകയും ചെയ്യുക, പ്രത്യേകിച്ച് വേനൽകാലത്ത് ഉപയോഗിക്കുന്നതിന് മുമ്പ്.

*നമ്മുടെ മുറിക്ക് ആവശ്യമായ കപ്പാസിറ്റിയുള്ള എയർ കണ്ടീഷണറുകൾ മാത്രം വാങ്ങുക.

*ശീതീകരിച്ച മുറി എപ്പോഴും തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നത് ഒഴിവാക്കുക. ഈ മുറി ലീക്ക് പ്രൂഫാണെന്ന് ഉറപ്പാക്കണം.

<യ>വാഷിംഗ് മെഷീൻ

വാഷിംഗ് മെഷീൻ വാങ്ങുമ്പോഴും ഊർജക്ഷമത ഉറപ്പാക്കി വാങ്ങുക. ദിവസവും വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നതിനു പകരം മെഷീൻ നിറയാനുള്ള വസ്ത്രങ്ങൾ ആയതിന് ശേഷം മാത്രം വാഷിംഗ് മെഷീൻ ഉപയോഗിക്കുക. വാഷിംഗ് മെഷീനിലെ ഡ്രൈയറുകൾ അത്യാവശ്യസമയത്ത് മാത്രം ഉപയോഗിക്കുക.

<യ>മോട്ടോറുകൾ

സാധാരണ ഉപയോഗിക്കുന്ന മോട്ടോറുകളെക്കാൾ ഊർജക്ഷമതയുള്ള മോട്ടോറുകൾ ഉപയോഗിച്ചാൽ വൈദ്യുതി ഉപഭോഗത്തിൽ അഞ്ച് ശതമാനം കുറവുണ്ടാകും.

*മോട്ടോർ സ്‌ഥാപിച്ചിരിക്കുന്ന സ്‌ഥലത്ത് വേണ്ടത്ര വായുസഞ്ചാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കാരണം മോട്ടോറിന്റെ പ്രവർത്തനതാപം വർധിക്കുമ്പോൾ അതിന്റെ ആയുസ് പകുതിയായി കുറയും.

*വോൾട്ടേജിലെ ഏറ്റക്കുറച്ചിലുകൾ പരിശോധിക്കുകയും ത്രീ ഫേസ് പവർ സപ്ലൈ ബാലൻസ് ചെയ്യുകയും ചെയ്യണം.

*മൂന്ന് തവണയിൽ കൂടുതൽ മോട്ടോർ റീവൈൻഡിംഗ് ചെയ്ത് ഉപയോഗിക്കരുത്.

*മോട്ടോർ തണുപ്പിക്കുന്നതിനായി ഉപയോ ഗിക്കുന്ന കൂളിംഗ് ഫാൻ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. മോട്ടോർ കൂടുതൽ ചൂടാകുന്നത് അതിന്റെ കാര്യക്ഷമതയെ ബാധിക്കും.

*മോട്ടോറുകൾക്ക് സമയാസമയത്ത് ലൂബ്രിക്കന്റ് നൽകുക.

*വാട്ടർ പമ്പിൽ നിന്നു ഘടിപ്പിക്കുന്ന പിവിസി പൈപ്പുകൾ കൃത്യമായ അളവിൽ ഉള്ളതാണെന്ന് ഉറപ്പാക്കുക.

<യ>വ്യവസായ മേഖല

ഊർജക്ഷമതയുള്ള വൈദ്യുതോ പകരണങ്ങൾ ഉപയോഗിക്കുന്നതിലൂടെയാണ് വ്യവസായ സംരംഭങ്ങൾക്ക് വൈദ്യുതി ലാഭിക്കാനാകുന്നത്. ഇക്കാര്യത്തിൽ വൈദ്യുതി ഉപകരണങ്ങളുടെ ഗുണനിലവാരം പ്രധാന ഘടകമാണ്. ഒരു സംരംഭത്തിൽ വൈദ്യു തിയുമായി ബന്ധപ്പെട്ട അനേകം ഉപകരണങ്ങൾ ഉണ്ടാകുമെങ്കിലും അവയിൽ ഓരോന്നിലും കൂടുതൽ ഊർജക്ഷമത കൈവരിക്കുന്നതിലൂടെ മാത്രമേ വ്യവസാ യ സംരംഭങ്ങൾക്ക് വൈദ്യുതി ബിൽ കുറയ്ക്കാനാകൂ. ഊർജസംരക്ഷണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിലൂടെ ഓരോ വ്യവസായ യൂണിറ്റിലും പ്രതിവർഷം 10 മുതൽ 20 ശതമാനം വരെ വൈദ്യുതി ലാഭിക്കാനാകുമെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. പ്രതിമാസം ഒരു ലക്ഷം രൂപയുടെ വൈദ്യുതി ബിൽ അടയ്ക്കുന്ന ഒരു സംരംഭത്തിന് ഊർജസംരക്ഷണ നടപടികൾ സ്വീകരിക്കുന്നതിലൂടെ പ്രതിവർഷം കുറഞ്ഞത് ഒന്നര ലക്ഷം മുതൽ രണ്ടര ലക്ഷം വരെ രൂപയുടെ ലാഭം നേടാനാകും. ചെറുകിട സംരംഭങ്ങൾ, ഹോട്ടലുകൾ, ആശുപത്രികൾ, തുണിക്കടകൾ, നിർമാണ യൂണിറ്റുകൾ തുടങ്ങിയ ഓരോ സംരംഭത്തിന്റെയും സവിശേഷതകൾ അനുസരിച്ച് അനുയോജ്യമായ ഊർജ സംരക്ഷണ നടപടികൾ സ്വീകരിക്കണമെന്നു മാത്രം. സംസ്‌ഥാനത്തെ വ്യവസായ മേഖല ഊർജക്ഷമത കൈവരിക്കുന്നതിനും ഊർജത്തിന്റെ ഉപഭോഗം കുറയ്ക്കുന്നതിനും വേണ്ടി സംസ്‌ഥാന സർക്കാർ എനർജി ഓഡിറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. എല്ലാ ഹൈ ടെൻഷൻ, എക്സ്ട്രാ ഹൈ ടെൻഷൻ സംരംഭങ്ങളും മൂന്ന് വർഷത്തിലൊരിക്കൽ എനർജി ഓഡിറ്റ് നടത്തിയിരിക്കണമെന്നാണ് നിബന്ധന.

* വ്യവസായ യൂണിറ്റുകളിലെ യന്ത്രങ്ങളുടെ ശേഷി പൂർണതോതിൽ ഉപയോഗപ്പെടുത്താൻ ശ്രമിക്കുക.

* പീക്ക് ടൈമിൽ വൻകിട വ്യവസായങ്ങൾക്കുള്ള വൈദ്യുതിനിരക്ക് വളരെയേറെ ഉയർന്നതാണ്. പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യങ്ങളിൽ ചെറുകിട വ്യവസായങ്ങൾക്കും ഇത് ബാധകമാക്കിയേക്കും. അതിനാൽ അത്യാവശ്യപ്രവർത്തനങ്ങൾ ഒഴികെയുള്ള അനുബന്ധ ജോലികൾ നേരത്തെ തന്നെ ചെയ്യണം. പീക്ക് ടൈമിലെ വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനായി ജനറേറ്ററുകൾ ഉപയോഗിക്കുകയുമാകാം.

<യ> –റിച്ചാർഡ് ജോസഫ്