തായ്ലന്റിലെ കടുവ ക്ഷേത്രം പ്രസിദ്ധിയിൽ നിന്നു കുപ്രസിദ്ധിയിലേക്ക്...
കഴുത്തിൽ ബെൽറ്റ് ഇട്ട് നായ്ക്കളെപ്പോലെ തുടലിൽ ഒപ്പം സഞ്ചരിക്കുന്ന കടുവകളായിരുന്നു തായ്ലൻഡിലെ കടുവ ക്ഷേത്രം എന്നറിയപ്പെടുന്ന ബുദ്ധക്ഷേത്രത്തിൽ ഒരാഴ്ച മുമ്പുവരെ വിഹരിച്ചിരുന്നത്. ക്ഷേത്രദർശനം എന്നതിനേക്കാളുപരി ടൂറിസത്തിനു പ്രാധാന്യം നല്കിക്കൊണ്ടാണ് ഇവിടെ കടുവകളെ വളർത്തിത്തുടങ്ങിയത്. 2001ൽ ഏഴു കടുവകളുമായി ടൂറിസം പദ്ധതി തുടങ്ങിയ ക്ഷേത്രത്തിൽനിന്ന് കഴിഞ്ഞ ആഴ്ച സർക്കാർ ഏറ്റെടുത്തത് 137 കടുവകളെ. ആദ്യകാലം മുതൽ ഉയർന്നുവന്നിരുന്ന ആക്ഷേപങ്ങളെല്ലാം ശരിയാണെന്ന് ഉറപ്പിക്കുന്നതായിരുന്ന തെളിവുകളായിരുന്നു വന്യജീവി സംഘടനകളും സർക്കാരും സംയുക്‌തമായി നടത്തിയ പരിശോധനയിൽ ഇവിടെനിന്നു ലഭിച്ചത്. മൃഗക്കടത്തും കൊലയും ഇവിടെ വ്യാപകമായിരുന്നു. മാത്രമല്ല കടുവകളുടെ നിയമവിരുദ്ധമായ പ്രജനനവും ഇവിടെ നടത്തിയിരുന്നു.

പ്രസിദ്ധിയിൽനിന്ന് കുപ്രസിദ്ധിയിലേക്ക്

2001ൽ പ്രവർത്തനം തുടങ്ങിയെങ്കിലും ലോകം ഈ ബുദ്ധക്ഷേത്രത്തെ ശ്രദ്ധിച്ചുതുടങ്ങിയിട്ട് ഏതാണ്ട് അഞ്ചു വർഷമേ ആകുന്നുള്ളൂ. കടുവകളെ നായ്ക്കളെപ്പോലെ ഇണക്കിവളർത്തി ഒപ്പം കൊണ്ടുനടക്കാം എന്നത് ടൂറിസ്റ്റുകളെ ഇവിടേക്ക് ആകർഷിച്ചു. ആരെയും ഭയപ്പെടുത്തുന്ന മാംസാഹാരിയായ കടുവയെ കേവലം കൈയിലെ തുടലിൽ നിയന്ത്രിച്ചുകൊണ്ടുനടക്കാൻ ലഭിക്കുന്ന അവസരം ആരു പാഴാക്കും? ടൂറിസ്റ്റുകളുടെ പ്രവാഹത്തിൽ ആ നാടും വികസിച്ചു. ഒപ്പം ഈ കടുവക്ഷേത്രവും.

തായ്ലൻഡിലെ കാഞ്ചനപുരി പ്രവിശ്യയിലാണ് കടുവക്ഷേത്രം പ്രവർത്തിച്ചിരുന്നത്. 1994ൽ വനത്തിനുള്ളിൽ അഞ്ചു ഹെക്ടർ സ്‌ഥലത്ത് ക്ഷേത്രത്തോടൊപ്പം വന്യജീവി സംരക്ഷണകേന്ദ്രം എന്ന രീതിയിലാണ് ഈ ക്ഷേത്രം സ്‌ഥാപിതമായത്. 1999ൽ ഗ്രാമവാസികൾക്കു വനത്തിൽനിന്നു ലഭിച്ച കടുവക്കുട്ടിയെ ക്ഷേത്രത്തിന് നല്കി. പിന്നീട് നിരവധി കടുവക്കുട്ടികൾ ഇവിടേയ്ക്കെത്തി. ഒന്നര പതിറ്റാണ്ടുകൊണ്ട് ഈ വർഷം ജനുവരിയിൽ അത് 150 ആയി.

വിവാദം നേരത്തെയും

തുടങ്ങിയകാലം മുതൽ ക്ഷേത്രത്തിലെ പ്രവർത്തനങ്ങൾക്കെതിരേ വലിയ ആരോപണങ്ങളുയർന്നിരുന്നു. വാണിജ്യ താത്പര്യങ്ങൾക്കായും മൃഗക്കടത്തിനുമാണ് ഇത് പ്രവർത്തിച്ചിരുന്നതെന്നായിരുന്നു വന്യജീവി സംരക്ഷണ പ്രവർത്തകരുടെ വാദം. സംരക്ഷിത ഇനത്തിൽപ്പെട്ട 38 ഇനം പക്ഷികളെയാണ് 2005ൽ ഇവിടെനിന്നു കണ്ടെത്തിയത്. ലൈസൻസില്ലാതെയുള്ള ഈ വളർത്തലിന്റെ പേരിൽ കേസുണ്ടായി.

മേയ് അവസാന വാരമാണ് തായ്ലൻഡ് വൈൽഡ്ലൈഫ് കൺസർവേഷൻ ഓഫീസ് (ഡബ്ല്യുസിഒ) ഇവിടത്തെ നിയമവിരുദ്ധപ്രവർത്തനങ്ങളെ ഗൗരവപൂർവം കാണുന്നത്. സർക്കാർ ഇടപെട്ടു. 137 കടുവകളെ ഇവിടെനിന്ന് കണ്ടെത്തി. 40 കടുവക്കുട്ടികളുടെ ജഡങ്ങൾ കടുവകൾക്കുള്ള ഭക്ഷണപ്പുരയിലെ ഫ്രീസറിൽനിന്നും 30 എണ്ണത്തിനെ ടിന്നിലടച്ച നിലയിലും കണ്ടെത്തി. ചില ജഡങ്ങൾക്ക് അഞ്ചു വർഷത്തിലേറെ പഴക്കമുണ്ടായിരുന്നു. ഇതോടെ കടുവക്ഷേത്രത്തിലെ പ്രവർത്തനങ്ങൾക്ക് ഷട്ടറിടേണ്ട അവസ്‌ഥയായി.

<ശാഴ െൃര=/ളലമേൗൃല/േീറമ്യബ2016ഖൗില07മെ2.ഷുഴ മഹശഴി=ഹലളേ>

നിയമവിരുദ്ധ പ്രജനനം

സംരക്ഷിത ഇനത്തിൽപ്പെട്ട മൃഗമാണ് കടുവ. 1992ലെ തായ് വൈൽഡ് ആനിമൽസ് റിസർവേഷൻ ആൻഡ് പ്രൊട്ടക്ഷൻ ആക്ട് പ്രകാരം ഇവയുടെ പ്രജനനം ഒരു ഫാം പോലെയുള്ള സ്‌ഥലത്ത് നടത്താൻ അനുമതിയില്ല. എന്നാൽ, അതാണ് ഇവിടെ വ്യാപകമായി നടത്തിവന്നിരുന്നത്. സർക്കാരിൽനിന്ന് അനുമതി വാങ്ങിയിരുന്നില്ലെന്നത് മറ്റൊരു കാര്യം. എങ്കിലും കടുവകളുടെ സംരക്ഷണം മുന്നിൽകണ്ട് സർക്കാർ മൗനാനുവാദം നല്കി.

കടുവക്ഷേത്രത്തിലെ കടുവകൾക്കായി അടുത്തകാലത്ത് രംഗത്തെത്തിയത് 39 സംഘടനകളാണ്. ഇവർ സംയുക്‌തമായി നാഷണൽ പാർക്ക്സ് ഓഫ് തായ്ലൻഡ് ഡയറക്ടർ ജനറലിനു നല്കിയ കത്താണ് ക്ഷേത്രത്തിനെതിരേ അന്വേഷണം നടത്താൻ സർക്കാരിനെ പ്രേരിപ്പിച്ചത്. ഇവിടെ നടന്ന 12 കയയറ്റിറക്കുമതികളെക്കുറിച്ചും കത്തിൽ പരാമർശിച്ചിരുന്നു. പ്രകൃത്യായുള്ള സാഹചര്യങ്ങളിൽനിന്നു വിട്ട് കടുവകളുടെ പ്രജനനം നടത്താൻ മൃഗശാലകളിൽ പ്രത്യേക സംവിധാനങ്ങൾ സജ്‌ജമാക്കിയിട്ടുണ്ട്. എന്നാൽ, ഇവിടെ അതില്ല. ലാഭം മാത്രം ലക്ഷ്യംവച്ചുള്ള വളർത്തലാണെന്നതിൽ ഇതും ഒരു തെളിവായി.
2006ൽ എബിസി ന്യൂസ് മൂന്നു ദിവസം ഇവിടെ ചെലവഴിച്ചിട്ടും ഇവിടത്തെ നിയമവിരുദ്ധ പ്രവർത്തനങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കടുവകളെ ഇവിടെ നന്നായി പരിപാലിക്കുന്നുവെന്നായിരുന്നു അവരുടെ റിപ്പോർട്ട്. പ്രജനനത്തിനു ശേഷം കടുവകളെ കാട്ടിലേക്ക് തിരികെവിടും എന്നും ക്ഷേത്രം പ്രഖ്യാപിച്ചിരുന്നു.


സെൽഫിക്കെതിരേയും പ്രതിഷേധം

കടുവകൾക്കൊപ്പം സെൽഫി എടുക്കുന്നതിൽ 2014ലെ ലോക കടുവദിനത്തിൽ കെയർ ഫോർ ദ വൈൽഡ് ഇന്റർനാഷണൽ എന്ന സംഘടന രംഗത്തെത്തി. കേവലം വിനോദത്തിനുവേണ്ടി നിങ്ങളുടെതന്നെ ജീവൻ നശിപ്പിക്കരുതെന്നായിരുന്നു സംഘടനയുടെ സിഇഒ ഫിലിപ് മാൻസ്ബ്രിഡ്ജ് പറഞ്ഞത്. കാരണം കടുവകൾക്കൊപ്പം സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ കടുവകൾ ആക്രമിച്ച പേരിൽ കടുവക്ഷേത്രത്തിലേതുൾപ്പെട 60 കേസുകളാണ് ആ വർഷം റിപ്പോർട്ട് ചെയ്തത്.

റെയിഡ് ഒരു വർഷം മുമ്പേ തുടങ്ങിയത്

2015 ഫെബ്രുവരിയിലാണ് കടുവക്ഷേത്രത്തിനെതിരേ ഔദ്യോഗിക അന്വേഷണം ആരംഭിച്ചത്. സംരക്ഷിത ഇനത്തിൽപ്പെട്ട എല്ലാ പക്ഷികളെയും അന്ന് ഇവിടെനിന്ന് വന്യജീവി സംരക്ഷണ വിഭാഗം ഏറ്റെടുത്തു. അത്തരം പക്ഷികളെ വളർത്താനുള്ള അനുമതി ക്ഷേത്രത്തിനുണ്ടായിരുന്നില്ല. കൂടുതൽ അന്വേഷണങ്ങൾക്കും രേഖകൾക്കും വേണ്ടി കടുവകളുടെ കാര്യം അന്ന് നീട്ടിവയ്ക്കുകയായിരുന്നു. ഇതേത്തുടർന്ന് ക്ഷേത്രം ഒരു മൃഗശാലയാക്കി മാറ്റാനുള്ള ഒരുക്കങ്ങൽ നടത്തിവരുന്നതിനിടെയാണ് വീണ്ടും റെയിഡ് നടക്കുന്നത്.

ബുദ്ധസന്യാസിമാർ വരുമാനത്തിനും വില്പനയ്ക്കുമായാണ് കടുവകളുടെ പ്രജനനം നടത്തുന്നതെന്ന് നാഷണൽ ജ്യോഗ്രഫിക് ആരോപിച്ചിരുന്നു. ഈ വർഷം ജനുവരിയിൽ ഇതിനെ സാധൂകരിക്കുന്ന രണ്ടു റിപ്പോർട്ടുകളും പുറത്തുവന്നു. കഴിഞ്ഞ മാസം അവസാനം അധികൃതർ ക്ഷേത്രം റെയ്ഡ് ചെയ്തു. കടുവകളെ സർക്കാർ ഏറ്റെടുത്ത് സുരക്ഷിത സ്‌ഥാനങ്ങളിലേക്കു മാറ്റി.

റെയ്ഡിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

മേയ് അവസാനം ആരംഭിച്ച റെയ്ഡും ഏറ്റെടുക്കലും കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. 137 കടുവകളെ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റി. ഇതിനിടെയാണ് 40 കടുവക്കുട്ടികളെ ഫ്രീസറിൽനിന്നു കണ്ടെത്തിയത്. ചില കടുവക്കുട്ടികൾക്ക് റെയ്ഡിന് അല്പം മുമ്പ് മാത്രമാണ് ജീവൻ നഷ്‌ടപ്പെട്ടിരുന്നതെന്നുള്ളത് അധികൃതരെ ഞെട്ടിച്ചു. മാസങ്ങളായി ഇവിടെ നടക്കുന്ന പ്രജനനങ്ങൾ ക്ഷേത്രം സർക്കാരിനെ അറിയിച്ചിരുന്നില്ല. ഇത് നിയമവിരുദ്ധ പ്രജനനത്തിന് മറ്റൊരു ഉദാഹരണമായി. കടുവത്തൊലിയുള്ള ആയിരത്തിലധികം ഏലസുകളും പൂർണമായുള്ള രണ്ടു കടുവത്തോലുകളും പത്തു കടുവപ്പല്ലുകളും കണ്ടെത്തി. റെയ്ഡ് തുടങ്ങി രണ്ടു ദിവസം പിന്നിട്ടപ്പോഴേക്കും ഇവിടത്തെ ബുദ്ധസന്യാസിമാരിൽ ഏറിയ പങ്കും സ്‌ഥലംവിട്ടിരുന്നു.

ജൂൺ മൂന്നിന് ടിന്നിലടച്ച 30 കടുവക്കുട്ടികളെയും കണ്ടെത്തി. ഇംഗ്ലീഷിൽ ലേബൽ ചെയ്തിരുന്ന ഈ ടിന്നുകൾ കടുവക്കടത്തലിനും വില്പനയ്ക്കുമുള്ള സാധ്യതയ്ക്ക് ഉറപ്പേകി. കൂടാതെ ഒരു കരടിയുടെ ജഡം, പോത്തിന്റെ ശരീര ഭാഗങ്ങൾ എന്നിവയും റെയ്ൽനിന്നു ലഭിച്ചു. മൂന്നു സന്യാസിമാരുൾപ്പെടെ അഞ്ചു പേരെ കസ്റ്റഡിയിലെടുത്തു.

കടുവകൾക്കിനി പുതിയ സംരക്ഷണകേന്ദ്രം

കടുവക്ഷേത്രത്തിൽനിന്ന് ഏറ്റെടുത്ത കടുവകൾക്കായി പുതിയ സംരക്ഷണകേന്ദ്രം ഒരുക്കാനുള്ള തയാറെടുപ്പിലാണ് സർക്കാർ. ഇത്നായി വൈൽഡ്ലൈഫ് നാഷണൽ പാർക്ക് മൃഗസംരക്ഷണ സംഘടനയായ ഫോർ പാവ്സിന്റെ സഹകരണം തേടിയിട്ടുണ്ട്.

കടുവകൾ

കടുവകളെല്ലാം പൂർണ ആരോഗ്യത്തോടെയാണെങ്കിലും ഇവയുടെ ഭക്ഷണക്രമം എന്താണെന്ന് വൃക്‌തമായി കണ്ടെത്താൻ സർക്കാരിനു കഴിഞ്ഞിട്ടില്ല. വംശനാശഭീഷണി നേരിടുന്ന ഇന്തോചൈനീസ് കടുവ, ബംഗാൾ കടുവ, അടുത്തിടെ കണ്ടെത്തിയ മലയൻ കടുവ തുടങ്ങിയ ഇനങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. നിയമവിരുദ്ധപ്രജനനമായതിനാൽ ഇവയുടെ ക്രോസ് ബ്രീഡുകളും ഇവിടെയുണ്ടായിരുന്നു. വിനോദസഞ്ചാരികളോട് അടുപ്പം കാണിക്കാനായി കടുവകൾക്ക് മയക്കുമരുന്നു നല്കിയിരുന്നുവെന്ന ഗുരുതര ആരോപണവുമുണ്ട്.

കടുവകളുടെ നിയമവിരുദ്ധ സംരക്ഷണവും പ്രജനനവും കടത്തലും എല്ലാം തെളിഞ്ഞ സാഹചര്യത്തിൽ കടുവക്ഷേത്രത്തിന്റെ പ്രവർത്തനങ്ങൾ പൂർണമായും സർക്കാർ അടച്ചുപൂട്ടി.

<യ> –ഐബിൻ കാണ്ടാവനം