മറുനാടൻ ലഹരിയിൽ മയങ്ങി കേരളം
ലഹരി ആസ്വാദനത്തിന് പുതുവഴികൾ തേടുന്ന ന്യൂ ജനറേഷന് പോലും ഇന്ന് പ്രിയങ്കരമാണ് മറുനാടൻ പുകയില ഉത്പന്നങ്ങൾ. നാടൻ ബീഡിയും വെറ്റിലയിൽ ചുണ്ണാമ്പ് തേച്ച് അതിൽ പുകയിലയും അടക്കയും കൂട്ടിയുള്ള നാടൻ മുറുക്കും അന്ന്യം നിന്നു പോകുന്ന കേരളത്തിൽ മറുനാടൻ പാൻമസാലകൾ ഹരമായി മാറുകയാണ്. തൊഴിൽ തേടിയെത്തിയ ഇതരസംസ്‌ഥാനക്കാർക്കിടയിൽ മാത്രം കണ്ടുവന്നിരുന്ന ലഹരി നാട്ടുകാർക്കിടയിലും പുതുരീതിയായി പരക്കുന്നു. നാട്ടുകാരും ഇതിന്റെ ഇഷ്‌ടക്കാരായി മാറിയതോടെ ഇതെവിടെയും സുലഭം. മറുനാടൻ ലഹരിയിൽ മയങ്ങുകയാണിന്ന് നമ്മുടെ കേരളം. ഇതരസംസ്‌ഥാനക്കാരോടൊപ്പം കുടിയേറിയ ലഹരിയെക്കുറിച്ചൊരു അന്വേഷണം.

<യ>വലിച്ചുവിട്ടാൽ പുക മാത്രമല്ല; കിട്ടാനുണ്ടൊരു കിറുങ്ങൽ

പശ്ചിമ ബംഗാളിലെ കോൽക്കത്ത കേന്ദ്രീകരിച്ചുള്ള പുകയില ഉത്പന്ന കമ്പനികളുടെ പ്രധാന ഹബ്ബാണിന്ന് കേരളം. ബംഗാളി ബീഡിയെന്ന പേരിൽ പ്രശസ്തമായ ഇതിന്റെ ആസ്വാദകരായി നാട്ടുകാരും ഏറെയുണ്ട്. കിലൻ, സുജൻ, ധൂം തുടങ്ങിയ ബംഗാളി ബീഡികൾക്ക് അവിടത്തെക്കാളും ഡിമാൻഡാണ് ഇവിടെ. പന്ത്രണ്ട് ബീഡിയടങ്ങിയ ഒരു പാക്കറ്റിന് വില അഞ്ചു രൂപ മാത്രം. വിലക്കുറവും വലിച്ചാൽ ചെറിയൊരു കിറുങ്ങലും കിട്ടുന്നതുകൊണ്ട് നാടൻ ബീഡി വലിക്കാരും ഇതിൽ ആകൃഷ്‌ടരായി. നേരത്തെ നഗരങ്ങളിൽ മാത്രം കിട്ടിയിരുന്ന ബംഗാളി ബീഡികൾ ഇപ്പോൾ ഗ്രാമപ്രദേശങ്ങളിലെ പെട്ടിക്കടകളിൽ പോലും ലഭ്യമാണ്. ഇതരസംസ്‌ഥാനക്കാരെ പ്പോലെ നാട്ടുകാരും ഇതിന്റെ ആവശ്യക്കാരായതോടെ കച്ചവടം കൂടയതായി ചെറുകിട വ്യാപാരികൾ പോലും സമ്മതിക്കുന്നു. ഇത്തരം ബീഡികൾ കണ്ടെടുത്തു നശിപ്പിക്കാൻ നിയമവും കേരളത്തിനില്ല. എന്നിരുന്നാലും വേണ്ടത്ര പുകയില വിരുദ്ധ മുന്നറിയിപ്പില്ലാത്ത പായ്ക്കറ്റുകളിൽ വിൽപന നടത്തുന്ന ഇത്തരം ബീഡികൾ എക്സൈസ് പിടിച്ചെടുത്ത് ഇടയ്ക്ക് നശിപ്പിക്കാറുണ്ട്.

<യ>ചുണ്ടിനും പല്ലിനുമിടയിൽ ഒളിപ്പിക്കാനൊരു ലഹരി

ആർക്കും സംശയം തോന്നാതെ കിറുങ്ങി നടക്കാനുമുണ്ട് മാർഗം. പുകയിലെ ഉത്പന്നങ്ങൾ നേരിട്ടും ചില മിശ്രിതങ്ങൾ തിരുമ്മി ചേർത്തും ചുണ്ടിനും പല്ലിനുമിടയിൽ വച്ചാൽ മാത്രം മതി. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇതിന്റെ ആവശ്യക്കാരായതോടെ ചില പുകയില ഉത്പന്നങ്ങൾക്ക് കേരളത്തിൽ നിരോധനം ഏർപ്പെടുത്തേണ്ടി വന്നു. ദുർബലമായ വകുപ്പുകൾമാത്രം ചുമത്താൻ കഴിയുന്ന നിയമത്തെ വകവയ്ക്കാതെ നിരോധിത പുകയില ഉത്പന്നങ്ങളുടെ വിൽപന തകർക്കുകയാണ്.

എക്സൈസും പോലീസും പരിശോധനകൾ കർശനമാക്കുകയും കച്ചവടക്കാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്നത് പതിവാണെങ്കിലും ഇതെല്ലാം ഇന്നു നാട്ടിൽ സുലഭം തന്നെ. ഹാൻസ്, ശംഭു, മിനാർ തുടങ്ങിയ പേരുകളിൽ ഒട്ടുമിക്ക കടകളിലും രഹസ്യമായിത് വിറ്റുവരികയാണ്.

ഈ കൂട്ടത്തിലെ മറ്റൊരു വിഭവമാണ് തമ്പാക്ക്. പ്രത്യേക തരത്തിൽ കൂട്ടിത്തിരുമ്മി ഇതും വായ്ക്കുള്ളിൽ ഒളിപ്പിക്കാറാണ് പതിവ്. ഇതുകൂടാതെ ബംഗാളിലെ ഒരു പ്രത്യേകതരം വൃക്ഷത്തിന്റെ തൊലിയിൽ നിന്നു വേർ തിരിച്ചെടുക്കുന്ന പേസ്റ്റും ഇപ്പോൾ ലഹരിക്കായി ഉപയോഗിക്കുന്നുണ്ട്. ഈ മിശ്രിതം പാലിൽ ചേർത്ത് കഴിച്ചാൽ ഈ ലഹരിയിൽ രണ്ടു ദിവസം വരെ മയങ്ങാൻ കഴിയുമെന്നാണ് അനുഭവസ്‌ഥർ വെളിപ്പെടുത്തുന്നത്. പുകയിലയുടെ കുഴമ്പ് രൂപത്തിലുള്ള മിശ്രിതവും ലഹരിയുടെ മറ്റൊരു രീതിയാണ്.


<യ>ചവച്ചു തുപ്പുന്നത് ലഹരി വറ്റിയ വെറ്റിലക്കൂട്ട്

നാടൻ മുറുക്കാൻ കടകളുടെ കാലം കഴിഞ്ഞെങ്കിലും കാത്തിരിക്കുന്നത് ഇന്ന് പാതയോരങ്ങളിലെ പാൻവാലകളാണ്. പുകയിലയുടെ നേർത്ത ലഹരിയിൽ മുറുക്കാൻ ആസ്വദിച്ചിരുന്നവരിൽ പലരുമിന്ന് ഉത്തരേന്ത്യൻ പാനിന്റെ പ്രണയിതാക്കളായി മാറി. സാദയിൽ തുടങ്ങി, മാവ, എക്സോപ്പീസ്, ചാർസോപ്പീസ് എന്നീ പേരുകളിൽ വെറ്റിലയിൽ പൊതിഞ്ഞു നൽകുന്ന ലഹരി ചവച്ചുതുപ്പി നിർവൃതികൊള്ളുകയാണ് പലരുമിപ്പോൾ. പത്തു രൂപയ്ക്കുള്ളിൽ കിട്ടുന്ന ഈ മുറുക്കാൻ കൂട്ടിന് കുട്ടികൾ വരെ അടിമകളായി മാറിയിരിക്കുന്നു. കാൻസർ അടക്കമുള്ള മാരക രോഗങ്ങൾക്ക് കാരണമാകുന്ന ഇത്തരം ഉത്തരേന്ത്യൻ മുറുക്കാൻ കടകൾ മുട്ടിനു മുട്ടിനാണ് മുളച്ചുപൊന്തിയിരുന്നത്. എക്സൈസ് വകുപ്പിന്റെ അധിപനായി ഋഷിരാജ് സിംഗ് വന്നതോടെ ചില മാറ്റങ്ങൾ ദൃശ്യമായിട്ടുണ്ട്. വിദ്യാലയങ്ങൾക്ക് സമീപത്തെ പുകയില ഉത്പന്ന വിൽപനയുടെ ദൂരപരിധി 100 മീറ്ററിൽ നിന്നും 500 മീറ്ററാക്കി മാറ്റിയതോടെ പല പാൻവാലകൾക്കും കുട ചുരുക്കേണ്ടി വന്നിരിക്കുകയാണ്.

<യ>കഞ്ചാവിനുമുണ്ട് കഥപറയാൻ

കഞ്ചാവ് ചെടി ലേബർ ക്യാമ്പിൽ നട്ടുവളർത്തിയതിന് പിടിയിലായ രണ്ട് ഇതരസംസ്‌ഥാനക്കാരെ ചോദ്യം ചെയ്ത ആലുവ എസ്ഐ അവരുടെ മറുപടി കേട്ട് ഞെട്ടി. ‘കഞ്ചാവ് വളർത്തലും അത് ഉപയോഗിക്കുന്നതും അവരുടെ നാട്ടിൽ അത്രവലിയ കുറ്റമല്ലത്രെ.’ ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. എക്സൈസ് വകുപ്പിൽ ഏറ്റവും കൂടുതൽ കഞ്ചാവ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് ഇതരസംസ്‌ഥാനക്കാരുടെ പേരിലാണ്. ഇവരുടെ എണ്ണം ഏറിയതോടെ കഞ്ചാവിന്റെ വിപണനവും കണക്കുവിട്ട് വർധിച്ചിരിക്കുകയാണ്. ഇവർ സ്വയം ഉപയോഗിക്കാൻ കൊണ്ടുവന്നിരുന്ന കഞ്ചാവിന് നാട്ടുകാരും ആവശ്യക്കാരായതോടെ ഇതരസംസ്‌ഥാന തൊഴിലാളികളിൽ പലരും ലഹരിയുടെ കരിയർമാരും ചില്ലറ വിൽപ്പനക്കാരുമായി മാറി. ഇന്ന് കഞ്ചാവ് ഏതു മുക്കിലും മൂലയിലും ലഭിക്കുന്നതരത്തിലായി കേരളം.

<യ>ബോധവത്കരണം ഫലവത്താകുന്നില്ല

പുകയില ഉത്പന്നങ്ങളുടെ അതിരുവിട്ട ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണെന്ന കാര്യം ആർക്കും അറിയാഞ്ഞിട്ടല്ല. ഉത്പന്നങ്ങളുടെ കവറുകൾക്കു മുന്നിൽ ഇത് ഉപയോഗിച്ചാലുണ്ടാകുന്ന ദുരന്ത ദൃശ്യങ്ങൾ മനോഹരമായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്. എന്നിട്ടും അറിയാത്തവരായി നടിക്കുകയാണ് പലരും. കാൻസർ ബമ്പർ സമ്മാനമായി ലഭിക്കുന്ന ഈ ലഹരി ആസ്വാദനത്തിനെതിരേ നിരന്തരമായ ബോധവത്കരണം ആവശ്യമായി വന്നിരിക്കുകയാണ്. മനുഷ്യശരീരത്തിന്റെ പ്രവർത്തനത്തെ കാർന്നുതിന്നുന്ന നിക്കോട്ടിൻ പ്രധാന വില്ലനായ പുകയില ഉത്പന്നങ്ങൾ ബഹിഷ്കരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അധികൃതർ അനങ്ങാപ്പാറ നയം സ്വീകരിച്ചിരുന്നാൽ നഷ്‌ടമാകുന്നത് നാളെയുടെ പ്രതീക്ഷകളിലെ ആരോഗ്യമാണ്.

<യ>–റിയാസ് കുട്ടമശേരി