വിനോദമെന്നാൽ കേരളം
ഇന്ത്യയിലെ ഏറ്റവും മികച്ച 15 ശരത്കാല വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒൻപതെണ്ണവും കേരളത്തിലാണെന്ന് പ്രമുഖ ട്രാവൽ സൈറ്റായ ട്രിപ് അഡ്വൈസറിന്റെ അട്രാക്ഷൻസ് ട്രെൻഡ് ഇൻഡക്സ് റിപ്പോർട്ട്.

കഴിഞ്ഞ ശരത്കാലത്തിൽ ഈ കേന്ദ്രങ്ങളിലെത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തിന്റെ അടിസ്‌ഥാനത്തിലാണ് ഇൻഡക്സ് തയാറാക്കിയത്. 2015 സെപ്റ്റംബർ മുതൽ 2016 ഒക്ടോബർ 15 വരെയുള്ള സഞ്ചാരികളുടെ എണ്ണമാണ് അട്രാക്ഷൻസ് ട്രെൻഡ് ഇൻഡക്സിന്റെ മാനദണ്ഡമെന്ന് അധികൃതർ പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. അതിരപ്പിള്ളി വെള്ളച്ചാട്ടം, വയനാട്ടിലെ ബാണാസുര സാഗർ, തേക്കടി പെരിയാർ തടാകം, വാഗമൺ, മാട്ടുപ്പെട്ടി ഡാം, കോവളം ബീച്ച്, കൽപ്പറ്റയിലെ സൂചിപ്പാറ (സെന്റിനെൽറോക് വാട്ടർ ഫാൾസ്) വെള്ളച്ചാട്ടം, കൊച്ചിയിലെ ചെറായി ബീച്ച്, കൽപ്പറ്റയിലെ ചെമ്പ്ര പീക് എന്നിവയാണ് കേരളത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ.
ഗോവയിലെ അർപോര സാറ്റർഡേ നൈറ്റ് മാർക്കറ്റ്, സിക്കിം ഗാംഗ്ടോക്കിലെ നാഥുലചുരം, മഹാരാഷ്ട്ര കാണ്ഡലയിലെ ലോഹ്ഘട്ട് കോട്ട, ന്യൂഡൽഹിയിലെ മുഗൾ ഗാർഡൻ, ഗോവ പോണ്ടായിലെ സഹാകരി സ്പൈസ് ഫാം, ആന്ധ്രയിലെ സാൻ കഡാപ ഗണ്ടികോട്ട ഫോർട്ട് എന്നിവയാണ് രാജ്യത്തെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങൾ. ലോകത്തിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളിൽ ഒന്നായ അതിരപ്പിള്ളി നിർബന്ധമായും സന്ദർശിക്കേണ്ട സ്‌ഥലമാണെന്ന് ഇൻഡക്സിൽ ചൂണ്ടിക്കാട്ടുന്നു. അതിരപ്പിള്ളിയിൽ സന്ദർശകരുടെ എണ്ണത്തിലെ വർധന 507 ശതമാനമാണ്.മണ്ണുകൊണ്ടുള്ള ഡാമുകളിൽ ഇന്ത്യയിലെ ഏറ്റവും വലുതും ഏഷ്യയിൽ രണ്ടാമത്തേതുമായ ബാണാസുര സാഗർ സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ 136 ശതമാനമാണ് വർധന. തേക്കടി വന്യമൃഗസംരക്ഷണ കേന്ദ്രത്തിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ പ്രതിവർഷം 115 ശതമാനം വർധനയാണുള്ളത്. സെന്റിനൽ റോക്ക് എന്ന പേരിലും അറിയപ്പെടാറുള്ള സൂചിപ്പാറ വെള്ളച്ചാട്ടം കാണാനെത്തുന്നവരുടെ എണ്ണത്തിൽ 107 ശതമാനമാണു വർധന.

ചെറായി ബീച്ചിൽ കാഴ്ചകൾ സുന്ദരം; സുരക്ഷ പരിമിതംവൈപ്പിൻ: നിരവധി വിനോദസഞ്ചാരികളെത്തുന്ന കേരളത്തിലെ തന്നെ പ്രധാനപ്പെട്ട ബീച്ചുകളിലൊന്നാണ് എറണാകുളം ജില്ലയിലെ വൈപ്പിനിലുള്ള ചെറായി ബീച്ച്. പക്ഷേ ഇവിടെ എത്തുന്ന ടൂറിസ്റ്റുകൾക്ക് സുരക്ഷയൊരുക്കുന്ന കാര്യത്തിൽ അധികാരികൾ കണ്ണടയ്ക്കുകയാണ്. ബീച്ച് ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിച്ച അന്നുമുതലുള്ള ആവശ്യമാണ് ബീച്ചിൽ ആവശ്യത്തിന് സുരക്ഷയൊരുക്കണമെന്നുള്ളത്. എന്നാൽ ഇത് ഇപ്പോഴും ആവശ്യമായി തന്നെ നിലകൊള്ളുന്നു. ഫലമോ നിരവധി ജീവനുകളാണ് ഈ ബിച്ചിൽ പൊലിഞ്ഞത്.

കഴിഞ്ഞ അഞ്ചു വർഷത്തെ അപകട മരണങ്ങളുടെ കണക്കെടുത്താൽ ഏഴു ജീവനുകളാണ് തിരയെടുത്തത്. പാല ഭരണങ്ങാനം കൂവത്തോട് ചെറുപുഷ്പാലയം ആശ്രമത്തിലെ ആദ്യവർഷ വൈദിക വിദ്യാർഥി ഇടുക്കി ആനക്കുളം മാങ്കുളം കുഴിയാലിൽ വീട്ടിൽ അജിമോൻ(16) ആണ് ഈ കണ്ണിയിലെ അവസാന ഹതഭാഗ്യൻ. ഒന്നര മാസം മുമ്പായിരുന്നു അപകടം. അജിമോനൊപ്പം തിരയിൽ മുങ്ങിപ്പോയ എട്ട് പേരെ ലൈഫ് ഗാർഡുകൾ ജീവൻ പണയംവച്ചു രക്ഷപ്പെടുത്തുകയും ചെയ്തു.


വേണ്ടത്ര സുരക്ഷാ ഉപകരണങ്ങളില്ല

ബീച്ചിൽ സുരക്ഷ കാമറകൾ സ്‌ഥാപിക്കണമെന്നകാര്യത്തിലും ബന്ധപ്പെട്ട അധികൃതർക്കു മൗനം മാത്രമായിരുന്നു മറുപടി. എന്നാൽ സുരക്ഷാകാര്യം പോലീസിനു തലവേദനയായപ്പോൾ പോലീസ് തന്നെ രംഗത്തിറങ്ങി ബീച്ചിൽ സുരക്ഷ കാമറകൾ സ്‌ഥാപിച്ചു കരയിലെ സുരക്ഷ കുറ്റമറ്റതാക്കി. എന്നാൽ കരയിൽ മാത്രം പോര കടലിലും ടൂറിസ്റ്റുകൾക്ക് സുരക്ഷ വേണം. ഇവിടെ 12 ലൈഫ് ഗാർഡുകളിൽ ആറു പേർവീതം ദിവസവും ഡ്യൂട്ടിയിലുണ്ടാകുമെങ്കിലും ഇവരുടെ കൈകളിൽ ആകെയുള്ള ഉപകരണം ആറു വിസിലുകളും ആറു റെസ്ക്യൂ റ്റ്യൂബുകളും മാത്രമാണ്. കുളിക്കുന്നവർ പരിധിവിട്ടാൽ ഓർമ്മിപ്പിക്കുവാനാണ് വിസിൽ. തിരകളിൽ മുങ്ങിപ്പോകുന്നവർക്ക് ഇട്ടു കൊടുക്കാനാണ് റെസ്ക്യൂ ട്യൂബ്. ഇതു തന്നെ ആറും പഴഞ്ചനാണ്. ഇക്കാരണത്താൽ നിരവധി ടൂറിസ്റ്റുകൾ എത്തുന്ന ചെറായിയിൽ കടലിൽ കുളിക്കുന്നവരുടെ കാര്യത്തിൽ ഒരു ഗ്യാരണ്ടിയുമില്ല. തിരകളിൽപെട്ടു മുങ്ങിപ്പോയാൽ ലൈഫ് ഗാർഡുകളുടെ ജീവൻ പണയംവച്ചും ആളെ രക്ഷപ്പെടുത്തും. എന്നാൽ ബീച്ച് പരിധിയായ 500 മീറ്ററിനു വെളിയിലാണെങ്കിൽ ഇവരുടെ കാഴ്ചയിൽപെടണമെന്നില്ല.

ഗോവ പോലുള്ള ബീച്ചുകളിൽ വിദേശനിർമ്മിത റെസ്ക്യൂ ട്യൂബുകൾ, ലൈഫ് ബോട്ടുകൾ എല്ലാം ഉള്ളതിനാൽ അപകടമരണങ്ങൾ കുറവാണ്. ചെറായിലും ഇതുപോലുള്ള സാമഗ്രികൾ വേണമെന്ന് പറയുന്നുണ്ടെങ്കിലും ചെവിക്കൊള്ളാൻ ആളില്ല. മാത്രമല്ല കടലിൽ കുളിക്കുന്നതിനു പരിധി നിശ്ചയിച്ച് ബോയകൾ സ്‌ഥാപിക്കണമെന്ന നിർദ്ദേശം ഉയർന്നിരുന്നതാണ്.

തിരക്ക് കണക്കിലെടുത്ത് അടിയന്തിരമായി ബീച്ചിൽ ലൈഫ് ഗാർഡുകളുടെ എണ്ണവും സുരക്ഷാ പരിധിയും കൂട്ടണമെന്ന ആവശ്യവും ഉയരുന്നുണ്ട്. നിലവിൽ 500 മീറ്റർ തീരത്തെ സുരക്ഷയാണ് ലൈഫ് ഗാർഡുകളുടെ ഉത്തരവാദിത്ത്വം. എന്നാൽ ബീച്ചിലാകട്ടെ 500 മീറ്ററിനു തെക്കും വടക്കുമായി അധികരിച്ച് ടൂറിസ്റ്റുകൾ കടലിൽ കുളിക്കാനിറങ്ങുന്നുണ്ട്. ഇരുവശങ്ങളിലുമായി 250 മീറ്റർ കൂടി സുരക്ഷ പരിധി വർധിപ്പിച്ചാൽ തൽക്കാല പരിഹാരമായി.

ആനുകൂല്യങ്ങളില്ലാതെ ലൈഫ്ഗാർഡുകൾ

പരാധീനതകളുടേയും അവഗണനയുടേയും നടുവിലാണ് ചെറായി ബീച്ചിലെ ലൈഫ് ഗാർഡുമാർ ജോലി ചെയ്യുന്നത്. സ്വന്തം ജീവൻ പണയപ്പെടുത്തി മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്ന ഇവർക്ക് കയ്യടിയും സ്വീകരണവുമൊക്കെ കിട്ടുമെങ്കിലും രക്ഷാപ്രവർത്തനത്തിനിടയിൽ ഇവർ മരണപ്പെട്ടാൽ കുടുംബം വഴിയാധാരമാകുമെന്നാണ് ഇവർ പറയുന്നത്.

ഇൻഷുറൻസോ മറ്റ് ആനുകൂല്യങ്ങളോ പോലുമില്ലാതെ നാമമാത്രമായ ദിവസ വേതനത്തിനു ജോലിനോക്കുന്നവരാണ് ഇവിടത്തെ ലൈഫ് ഗാർഡുകൾ. ഡ്യൂട്ടിയില്ലാത്തപ്പോൾ വിശ്രമിക്കാനും വസ്ത്രങ്ങൾ മാറാനും പറ്റിയ ഒരു ഇടം പോലുമില്ല. പണി കഴിഞ്ഞിട്ടും ഉദ്ഘാടനം ചെയ്യാതെ കിടക്കുന്ന തീരദേശ പോലീസ് സ്റ്റേഷൻ കെട്ടിടമാണ് ഇപ്പോഴത്തെ ഇവരുടെ വിശ്രമകേന്ദ്രം.

ഇതാകട്ടെ എപ്പോൾ വേണമെങ്കിലും ഒഴിയേണ്ടി വരും. എന്നാൽ ഇവരുടെ പരാധീനതകൾ കേൾക്കാൻ സർക്കാരോ ടൂറിസം തയാറാകുന്നില്ലെന്നാണ് പരാതി.

–ഹരുണി സുരേഷ്