കത്തെഴുതിയ ഓർമകളിൽ...
എത്രയും പ്രിയപ്പെട്ട വായനക്കാർ അറിയുന്നതിന്..
കുറേക്കാലമായി ഇതുപോലൊരു കത്തെഴുതിയിട്ട്. ഇന്ന് രണ്ടുംകൽപ്പിച്ച് എഴുതാമെന്ന് കരുതി. എത്രകാലമായി കാണും ഇതുപോലൊരു കത്തു വായിച്ചിട്ട്. എപ്പഴോ കൈവിട്ടുപോയ കത്തെഴുത്ത് ഈ പുതുവർഷത്തിൽ തിരിച്ചുപിടിക്കാമെന്ന് കരുതിയാണ് ഈ കത്തെഴുതുന്നത്. സുഖം തന്നെ എന്നു കരുതുന്നു. ഇവിടെയും എല്ലാവർക്കും സുഖം തന്നെ. ശരിക്കുപറഞ്ഞാൽ കത്തെഴുത്തിന്റെ രീതികളെല്ലാം മറന്നുതുടങ്ങിയിരിക്കുന്നു. അവ എന്നെന്നേക്കും മറവിയിലേക്ക് മറയാതിരിക്കും മുമ്പ് എന്തെങ്കിലും കുറിക്കട്ടെ...
കത്തെഴുത്ത് ഒരു ഹോബിയായിരുന്നില്ല, ഒരു ശീലമായിരുന്നു. എത്ര കത്തുകൾ എത്രപേർക്കെഴുതിയിരിക്കുന്നു.

എത്രയും പ്രിയപ്പെട്ട അച്ഛനും അമ്മയും വായിച്ചറിയാൻ....

എന്നു തുടങ്ങുന്ന കത്തുകൾ എത്രയോ തവണ എഴുതിയിട്ടുണ്ടാകും. ദൂരെ ദിക്കിലേക്ക് ജോലിക്കായും പഠിക്കാനായും പോയ മക്കളുടെ ഈ കത്തിനുവേണ്ടി കാത്തിരുന്ന അച്ഛനമ്മമാർ ഏറെയായിരുന്നു. ആഴ്ചയിൽ ഒരു കത്തുവീതമെങ്കിലും എഴുതണമെന്ന് മക്കളോട് നിർബന്ധപൂർവം പറഞ്ഞിരുന്ന അച്ഛനമ്മമാരുണ്ടായിരുന്നു. ഇന്നത്തെ പോലെ കംപ്യൂട്ടറും മൊബൈലുമൊന്നും ഇല്ലാതിരുന്ന അക്കാലത്ത് ഇൻലൻഡിലും പോസ്റ്റ് കാർഡിലും കവറിലുമായി വരുന്ന കത്തുകൾ തന്നെയായിരുന്നു വിശേഷങ്ങളും വർത്തമാനങ്ങളും അറിയാനായി ഉണ്ടായിരുന്നത്.

കഴിഞ്ഞ ഒരു തലമുറയോടു കൂടിയാണ് കത്തെഴുത്ത് പതിയെപ്പതിയെ ഇല്ലാതായത്. പോസ്റ്റോഫീസുകളിൽകുന്നകൂടിയിരുന്ന ഇൻലൻഡുകളും പോസ്റ്റുകാർഡുകളും കവറുകളും ഇ–മെയിലിന്റെ വരവോടെ ഇല്ലാതായി. പക്ഷേ കത്തെഴുത്ത് ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയവർ ഇന്നും കത്തെഴുതുന്നുണ്ട്. മറുപടി കാത്തിരിക്കാതെ....

വീട്ടിലെ വിശേഷങ്ങൾ മാത്രമല്ല നാട്ടിലേയും അയൽവീട്ടിലേയും ബന്ധുവീട്ടിലേയുമൊക്കെ വിശേഷങ്ങൾ പണ്ടത്തെ കത്തുകളിൽ ഉൾപ്പെടുത്താറുണ്ട്. എം.ടി.വാസുദേവൻനായർ രചിച്ച് ഐ.വി.ശശി സംവിധാനം ചെയ്ത ആൾക്കൂട്ടത്തിൽ തനിയെ എന്ന ചിത്രത്തിൽ മമ്മുട്ടിക്ക് സീമ നാട്ടിൽ നിന്ന് അയയ്ക്കുന്ന കത്ത് മമ്മുട്ടി മോഹൻലാലിന് വായിച്ചുകൊടുക്കുന്ന രംഗമുണ്ട്. കത്തെഴുത്ത് എങ്ങനെ രസകരമാക്കാമെന്ന് ആ സീൻ കണ്ടാൽ ബോധ്യപ്പെടും. നാട്ടിലേയും വീട്ടിലേയും എല്ലാ വിശേഷങ്ങളും ഫലിതസാഹിത്യത്തിൽ അവതരിപ്പിച്ചിട്ടുണ്ട് ആ കത്തിൽ.

ഇൻലൻഡിൽ കത്തെഴുതുമ്പോൾ സ്‌ഥലപരിമിതി അവസാനമെത്തുമ്പോഴാണ് അനുഭവപ്പെടാറുള്ളത്. അപ്പോൾ വേഗം വിശേഷം ചുരുക്കി ഇൻലൻഡിന്റെ സൈഡിൽ കുറിച്ചിടും. മുകളിൽ തീയതി, സ്‌ഥലം എല്ലാം എഴുതിയിട്ടുണ്ടാകും.

നീ അയച്ച കത്തുകിട്ടി. വിശേഷങ്ങളറിഞ്ഞ് സന്തോഷിക്കുന്നു. ഞങ്ങൾക്കിവിടെ സുഖം തന്നെ. എന്നാണ് നാട്ടിലേക്ക് വരുന്നത്. ഓണത്തിന് ലീവ് കിട്ടില്ല്യേ...തുടങ്ങി പരസ്പരം സംസാരിക്കുന്ന ടോണിൽ കത്തെഴുതുന്നവർ ഏറെയുണ്ടായിരുന്നു. കൺമുന്നിൽ വന്നു നിന്ന് സംസാരിക്കുന്ന പോലെയുണ്ടാകും അവരുടെ ആ കത്തുകൾ വായിച്ചാൽ.


ഇടവഴികളിലൂടെ വെയിൽ വകവയ്ക്കാതെ സൈക്കിളിലോ കുടചൂടി നടന്നോ പോസ്റ്റുമാനെത്തുമ്പോൾ സൈക്കിൾ ബെല്ലോ പോസ്റ്റ് എന്നുള്ള വിളിയോ കേൾക്കാം. കവറുകളിൽ ഒട്ടിച്ചിട്ടുള്ള സ്റ്റാമ്പുകൾ പതിയെ അടർത്തിയെടുത്ത് സൂക്ഷിച്ചുവയ്ക്കാറുള്ള ആ കുട്ടിക്കാലം മറക്കാൻ പറ്റുമോ..
വിദേശത്തു നിന്നും വരുന്ന കവറിന് നാട്ടിൻപുറത്ത് ഡിമാൻഡേറെയായിരുന്നു. എയർമെയിൽ കവറിന്റെ തലയെടുപ്പൊന്ന് വേറെയായിരുന്നു. ഫോറിൻ സ്റ്റാമ്പും കിടിലൻ. അകത്തെ പേപ്പറാണെങ്കിലോ സിൽക്ക് തുണിപോലെ സോഫ്റ്റ്. മഞ്ഞ നിറത്തിലുള്ള ആ പേപ്പറിന് ചിലപ്പോൾ നല്ല മണമുണ്ടാകാറുണ്ട്. സെന്റിന്റെ മണം എന്ന് അക്ഷരങ്ങൾ നിറഞ്ഞ ആ പേപ്പർ മണത്തിട്ട് എത്രയോ തവണ പറഞ്ഞിട്ടുണ്ട്..
കത്തെഴുത്ത് ശരിക്കും ഒരു കലയാണ്. പത്രപ്രവർത്തനത്തിന്റെ മറ്റൊരു ഫോർമാറ്റ്. കഴിഞ്ഞ കാര്യങ്ങൾ കൃത്യമായി ചുരുക്കി അവതരിപ്പിക്കുന്ന കല. കത്തുവായിക്കുന്നയാൾക്ക് എല്ലാം ഒരു ചിത്രത്തിലെന്നപോലെ കാണാൻ സാധിക്കണം. ഇന്ന് കത്തെഴുത്ത് മത്സരം തന്നെ പോസ്റ്റൽ ഡിപ്പാർട്ടുമെന്റ് സംഘടിപ്പിക്കാറുണ്ട്. കത്തെഴുത്തിലൂടെ ബന്ധങ്ങൾ തമ്മിൽ ഒരു ഇഴയടുപ്പം ഉണ്ടായിരുന്നു. മറുപടി വരാതെ കത്തെഴുത്ത് നിർത്തിയ ബന്ധങ്ങളുമുണ്ടായിരുന്നു. കത്തുണ്ടോ എന്ന് ചോദിച്ച് പോസ്റ്റോഫീസിൽ കാത്തുനിന്നിരുന്ന കൗമാരക്കാലം ന്യൂജനറേഷൻ കുട്ടികൾക്ക് അന്യമാണ്. സെക്കൻഡുകളുടെ കാലംശം വേഗത്തിൽ ഇ–മെയിലും വാട്സാപ്പ് സന്ദേശങ്ങളും കൈമാറാൻ കഴിയുമ്പോൾ എഴുത്തിനും കത്തിനുമൊക്കെ പ്രാധാന്യം ഇല്ലാതാവുന്നത് സ്വാഭാവികം.

പക്ഷേ അങ്ങനെ ഇല്ലാതായിപ്പോകേണ്ട ഒന്നല്ല കത്തെഴുത്ത്. അതിനെ തിരിച്ചു
കൊണ്ടുവരണം. ഈ പുതുവർഷത്തിൽ മനസിൽ ഉറപ്പിക്കുന്ന പ്രതിജ്‌ഞകളിലും സ്വയം പാസാക്കുന്ന റെസല്യൂഷനുകളിലും കത്തിനെ ഉൾപ്പെടുത്തുക. ഇൻലൻഡ് മേടിച്ച് പഴയ മഷിപ്പേനയിൽ മഷി നിറച്ച് പഴയപോലെ പ്രിയപ്പെട്ടവർക്ക് കത്തെഴുതാമെന്ന് മനസിൽ ഉറപ്പിക്കുക. കത്തെഴുതുക. അതു കൈയിൽ കിട്ടുമ്പോഴുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ..

എത്രയും പ്രിയപ്പെട്ട എന്നു തുടങ്ങുന്നതു പോലെ തന്നെ കത്തെഴുത്ത് അവസാനിപ്പിക്കുമ്പോഴും ചില പതിവ് ചിട്ടവട്ടങ്ങളുണ്ട്.

എന്ന് സസ്നേഹം, സ്നേഹത്തോടെ, എന്ന് സ്വന്തം തുടങ്ങി പല തരത്തിലും സ്നേഹവാത്സല്യങ്ങൾ കത്തെഴുത്തിന്റെ അവസാനം നിറഞ്ഞൊഴുകാറുണ്ട്...
ചിലരെല്ലാം ആയിരക്കണക്കിന് ഉമ്മകൾ കത്തുവഴി വിടാറുമുണ്ട്.
കത്തുകൾ നിധിപോലെ എടുത്തു സൂക്ഷിച്ചുവയ്ക്കുന്നവർ ഇന്നുമുണ്ട്. പല പ്രശസ്ത വ്യക്‌തികളുടേയും കത്തുകൾ ഇന്ന് ചരിത്രസ്മാരകമായി പല മ്യൂസിയങ്ങളിലും അക്കാദമികളിലുമൊക്കെ സൂക്ഷിച്ചുവച്ചിട്ടുണ്ട്.

അപ്പോൾ തൽക്കാലം കത്തുചുരുക്കുന്നു...
ഈ കത്ത് കിട്ടി വായിച്ചാലുടൻ പ്രിയപ്പെട്ടവർക്കായി ഒരു കത്തെങ്കിലും എഴുതുമെന്ന് പ്രതീക്ഷിക്കുന്നു..
തിക്കിനും തിരക്കിനുമിടയിൽ അൽപസമയം കത്തെഴുതാനായി നീക്കിവയ്ക്കാൻ ശ്രമിക്കുക..
ആ കത്ത് കിട്ടുന്നവർക്കുള്ള സന്തോഷം വിവരിക്കാനാവില്ലെന്നോർക്കുക..

സ്നേഹപൂർവം
സ്വന്തം.....