കുറ്റാന്വേഷണ നോവൽ പോലെ
Thursday, November 9, 2017 1:51 AM IST
തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടത്തിയ കൃത്യവും സൂക്ഷ്മവുമായ അന്വേഷണമാണ് പ്രതികളെ വലയിലാക്കിയത്.
ഇത്തരമൊരു കേസ് ഇന്ത്യന്‍ പോലീസിന്റെ ചരിത്രത്തില്‍ തന്നെ ആദ്യത്തേതാണെന്ന് വ്യക്തമായതോടെയാണ് പ്രതികളെ കുരുക്കാന്‍ കാര്യക്ഷമമായ അന്വേഷണം വേണമെന്ന് പോലീസ് തീര്‍ച്ചപ്പെടുത്തിയത്. ജയിംസ് ഹാര്ഡ്ലി ചെയ്സിന്റെ കഥകളില്‍ കാണുന്നതുപോലെയായിരുന്നു തട്ടിപ്പും തുടർന്നുള്ള അന്വേഷണവും. കുറ്റാന്വേഷണ നോവല്‍ രചനയുടെ ത്രില്ലിലായിരുന്നു പോലീസിന്റെ അന്വേഷണം നീങ്ങിയത്. കേസിലെ മൂന്നാം പ്രതി ജാനകിയെ ഓഗസ്റ്റ് രണ്ടിന് തന്നെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ എല്ലാം സഹോദരി ശൈലജ പറഞ്ഞിട്ടാണെന്നും താന്‍ നിരപരാധിയാണെന്നും ജാനകി പോലീസിനോട് സമ്മതിച്ചു.
ജാനകിയുടെ പ്രായം പരിഗണിച്ച് പയ്യന്നൂര്‍ മജിസ്ട്രേറ്റ് കോടതി അവര്‍ക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു. എല്ലാ വിവരങ്ങളുടേയും രേഖകളും തെളിവുകളും സമ്പാദിച്ച പോലീസ് ശൈലജയോടും കൃഷ്ണകുമാറിനോടും ഡിവൈഎസ്പി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടുവെങ്കിലും ഇരുവരും മുന്‍കൂര്‍ ജാമ്യഹർജി ഫയല്‍ ചെയ്ത ശേഷം ഒളിവില്‍ പോവുകയായിരുന്നു. ഇതിനിടയില്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ച ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ തൃശൂരിലെ പോലീസ് അധികൃതരെ കണ്ട് ബാലകൃഷ്ണന്റെ ദുരൂഹമരണം അന്വേഷിക്കാന്‍ ആവശ്യപ്പെട്ട് വീണ്ടും പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
ഓഗസ്റ്റ് 16 ന് മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് 17 ന് രാവിലെയാണ് ശൈലജയും ഭര്‍ത്താവ് കൃഷ്ണകുമാറും 15 ദിവസത്തോളം നീണ്ട ഒളിവ് ജീവിതം അവസാനിപ്പിച്ച് തളിപ്പറമ്പ് ഡിവൈഎസ്പി മുമ്പാകെ കീഴടങ്ങിയത്. ഡിവൈഎസ്പി ഓഫീസില്‍ വച്ച് മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് ഇതൊക്കെ കള്ളക്കേസാണെന്നും എഴുതിയതെല്ലാം നിങ്ങള്‍ മാറ്റിയെഴുതേണ്ടി വരുമെന്നും വാദി പ്രതിയാകുന്നത് കാണിച്ചുതരാമെന്നും പറഞ്ഞ ശൈലജ ഫോട്ടോയ്ക്ക് ചിരിച്ചുകൊണ്ട് പോസ് ചെയ്യാനും മടിച്ചില്ല. പോലീസ് ആദ്യം ചോദ്യം ചെയ്ത കൃഷ്ണകുമാര്‍ തനിക്കൊന്നും അറിയില്ലെന്നും ശൈലജ പറഞ്ഞതനുസരിച്ച് പ്രവര്‍ത്തിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും പോലീസിനോട് സമ്മതിച്ചു. എന്നാല്‍ അഭിഭാഷകയുടെ നയചാതുരിയോടെ പോലീസിന് മുന്നില്‍ വാദിച്ച ശൈലജയെ തെളിവുകള്‍ ഒന്നൊന്നായി നിരത്തി ചോദ്യം ചെയ്ത ഡിവൈഎസ്പിയോട് ചെയ്ത തട്ടിപ്പുകളെല്ലാം തികച്ചും ന്യായമെന്ന നിലയിലായിരുന്നു പ്രതികരണം. എന്തുകൊണ്ട് മരണപ്പെട്ട ബാലകൃഷ്ണനെ ഭാര്യയായ ജാനകിയെ ഒരുനോക്ക് കാണിക്കാതെ ഷൊര്‍ണൂരില്‍ സംസ്കരിച്ചു എന്ന ഡിവൈഎസ്പിയുടെ ചോദ്യത്തിന് മുന്നിലാണ് ശൈലജ പതറിയത്. പോലീസ് ശേഖരിച്ചതും വിവരാവകാശപ്രകാരം കര്‍മസമിതി ശേഖരിച്ചതുമായ എല്ലാ തെളിവുകളും പോലീസ് നിരത്തിയതോടെ ശൈലജയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല.
ഇതിനിടയില്‍ ഡോക്ടര്‍ കുഞ്ഞമ്പുനായരുടെ മക്കളുടെ മക്കളും മറ്റ് ബന്ധുക്കളും തളിപ്പറമ്പിലെത്തുകയും നിലവിലുള്ള സ്ഥലം കയ്യേറി താമസിക്കുന്നവരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് രേഖാമൂലം പരാതി നല്‍കുകയും ചെയ്തിരുന്നു. പ്രതികള്‍ അറസ്റ്റിലായതറിഞ്ഞ് എല്ലാ ബന്ധുക്കളും ഡിവൈഎസ്പി ഓഫീസിലെത്തിയിരുന്നു. പയ്യന്നൂര്‍ മജിസ്ട്രേറ്റ് കോടതി ജൂലൈ 21 ന് ഉത്തരവിട്ടത് മുതല്‍ സജീവമായി അന്വേഷണം നടത്തിയ പോലീസ് സംഘം 28-ാമത്തെ ദിവസമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കുഞ്ഞമ്പുനായരുടെ മരണശേഷം തളിപ്പറമ്പിലും പരിസരങ്ങളിലും അനാഥാവസ്ഥയില്‍ കിടക്കുന്ന ഏതാണ്ട് അന്‍പത് ഏക്കറോളം വരുന്ന ശതകോടികളുടെ സ്വത്തുക്കള്‍ കൈയടക്കിയവരെ ഒഴിവാക്കുന്നതിനും അവ യഥാര്‍ത്ഥ അവകാശികള്‍ക്ക് ലഭിക്കുന്നതിനും അവസരം ഒരുങ്ങിയിരിക്കയാണ്. ശരിക്കും കര്‍മം ചെയ്യുന്ന ഇത്തരം കര്‍മസമിതികള്‍ ഉണ്ടായിരുന്നുവെങ്കില്‍ തേഞ്ഞുമാഞ്ഞുപോകുന്ന കേസുകളും തട്ടിപ്പുകളും സിബിഐയെ ഏല്‍പ്പിക്കണമെന്ന മുറവിളി അവസാനിപ്പിക്കാനാവുമെന്നാണ് അന്വേഷണങ്ങള്‍ അവസാനിക്കുമ്പോള്‍ നാട്ടുകാരുടെ പ്രതികരണം.
ആന്റി ക്ലൈമാക്സ്
സ്വത്ത് തട്ടിയെടുക്കല്‍ കേസില്‍ ജാമ്യത്തിലിറങ്ങി എല്ലാം ശാന്തമായി എന്ന് വിചാരിച്ചിരിക്കവേയാണ് ഓര്‍ക്കാപ്പുറത്ത് ബാലകൃഷ്ണന് കൊലപാതക കേസിൽ ശൈലജയും കൃഷ്ണകുമാറും അറസ്റ്റിലായത്. ബാലകൃഷ്ണന്റെ മരണത്തേക്കുറിച്ച് അന്വേഷിക്കാന്‍ ചുമതലപ്പെട്ട ക്രൈം ഡിറ്റാച്ച്മെന്റിന്റെ അതീവ രഹസ്യമായ ഓപ്പറേഷനാണ് ഇരുവരേയും വീഴ്ത്തിയത്. തെളിവുകള്‍ നിരത്തിവച്ചുള്ള ചോദ്യം ചെയ്യലില്‍ പിടിച്ചുനില്‍ക്കാനാവാതെ കുറ്റം സമ്മതിച്ച ഇരുവരേയും പോലീസ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്.
കോഴിക്കോട്ടെ ഏതെങ്കിലും സ്വകാര്യ ആശുപത്രിയിലെത്തിച്ച് തന്ത്രത്തില്‍ സ്വത്ത് മുഴുവന്‍ കൈവശപ്പെടുത്തുകയെന്നതായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നാണ് ഇരുവരും പോലീസിനോട് വെളിപ്പെടുത്തിയത്. എന്നാല്‍ തനിച്ച് ചോദ്യം ചെയ്തപ്പോള്‍ പരസ്പരം കുറ്റപ്പെടുത്താനാണ് ഇരുവരും ശ്രമിച്ചതെന്ന് പോലീസ് വെളിപ്പെടുത്തി. ഇതാണ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത് കൂടുതല്‍ തേളിവുകള്‍ പോലീസ് ശേഖരിക്കുന്നത്. സാഹചര്യത്തെളിവുകളും പൂർണമായി ഇരുവര്‍ക്കും എതിരായിരിക്കയാണ്.
അതിനിടയില്‍ 400 കോടിയോളം വരുന്ന ഡോ.കുഞ്ഞമ്പുനായരുടെ സ്വത്തുവകകള്‍ പലരും കൈയേറിയത് വീണ്ടെടുക്കാനുള്ള ഭാരിച്ച ശ്രമം നടത്തിവരികയാണ് ആക്ഷന്‍ കമ്മിറ്റി.
കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ ആക്ഷൻ കമ്മിറ്റി പിരിച്ചു വിട്ട് കുടുംബത്തിലെ ഒരാള്‍ക്ക് കേസ് നടത്തുന്നതിനും മറ്റുമായി പവര്‍ ഓഫ് അറ്റോര്‍ണി നല്കി അവരെ കേസ് നടത്തിപ്പിന് സഹായിക്കുക എന്ന ദൗത്യമായിരിക്കും കമ്മിറ്റി കൈക്കൊള്ളുക. അര്‍ഹതപ്പെട്ടവര്‍ക്ക് സ്വത്തുക്കള്‍ യഥാവിധി ലഭിക്കുന്നതിനുള്ള സഹായവും ആക്ഷന്‍ കമ്മിറ്റി നല്‍കുമെന്നും കണ്‍വീനര്‍ പത്മന് കോഴൂര്‍ പറഞ്ഞു.
(അവസാനിച്ചു)
തിരുത്ത്
മരണശേഷം മറനീങ്ങിയത് എന്ന പരന്പരയുടെ രണ്ടാം ലക്കത്തിൽ ഡോ. കുഞ്ഞന്പുനായർ മരിച്ചത് 1992ലാണെന്നും അദ്ദേഹത്തിന്റെ മക്കളിലൊരാളായ യശോദ ജീവിച്ചിരിപ്പില്ലെന്നും പരാമർശിച്ചിരുന്നു. എന്നാൽ കുഞ്ഞന്പുനായർ മരിച്ചത് 1988 ഓഗസ്റ്റ് 25നാണ്. അദ്ദേഹത്തിന്റെ മക്കളി ലൊരാളായ യശോദ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. തെറ്റു പറ്റിയ തിൽ ഖേദിക്കുന്നു.
കെ.പി. രാജീവന്