സ്നേഹസ്മാരകങ്ങൾ പണിയുക
സ്നേഹസ്മാരകങ്ങൾ പണിയുക
തീർഥാടനം–44 / ഫാ. ജേക്കബ് കോയിപ്പള്ളി

ലോകാദ്ഭുതങ്ങളിലൊന്നായ താജ്മഹൽ സ്നേഹസ്മാരകത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. കല്ലിലും മണ്ണിലും വിരിഞ്ഞ സ്നേഹസ്മാരകങ്ങൾക്കപ്പുറം ഹൃദയങ്ങളിൽ കൊത്തിവച്ച ഏറെ സ്നേഹസ്മാരകങ്ങളുണ്ട്. അഗതികളുടെ അമ്മ എന്നു വിശേഷിപ്പിക്കപ്പെട്ട മദർ തെരേസ ഒരു പ്രസംഗ മധ്യേ തനിക്കു ലഭിച്ച ഒരു സ്നേഹസ്മാരകത്തെക്കുറിച്ചു പറഞ്ഞതു ശ്രദ്ധേയമാണ്. അവർ പറഞ്ഞു: പാവപ്പെട്ട മനുഷ്യർ നാം കരുതുന്നതിലും സമ്പന്നരാണ്. അവരുടെ സമ്പന്നത അദ്ഭുതകരമാണ്.

തെരുവിൽക്കിടന്നു മരണത്തോടു മല്ലടിച്ച ഒരു വ്യക്‌തിയെ തന്റെ ഭവനത്തിൽ കൊണ്ടുവന്നു. ദാഹാർത്തനായിരുന്ന ആ മനുഷ്യനു കുടിക്കാനായി വെള്ളം നല്കിയപ്പോൾ ആ മനുഷ്യൻ ഹൃദ്യമായി പുഞ്ചിരിച്ചു. താങ്ക് യൂ എന്നു പറഞ്ഞ് അയാൾ മരണം പ്രാപിച്ചു. ആ മനുഷ്യന്റെ ചിരിയും താങ്ക് യൂ എന്ന പ്രതികരണവും എനിക്കു ലഭിച്ചിട്ടുള്ള എല്ലാ പുരസ്കാരങ്ങളെക്കാളും വലുതായി ഞാൻ കരുതുന്നു. മദർ പറഞ്ഞ ഈ വാക്കുകൾ സ്നേഹസ്മാരകങ്ങൾ കല്ലിലും മണ്ണിലും മാത്രമല്ല എന്നതു വെളിവാക്കുന്നു.

പരമദരിദ്രനായ, മരണത്തോടു മല്ലടിച്ച, ആ രോഗിയുടെ സമ്പന്നത എന്തായിരുന്നു? തന്റെ ജീവിതം ദുരിതങ്ങളാൽ നിറയപ്പെട്ടപ്പോഴും പരാതികൾ പറയാതെ തന്നെ സഹായിച്ച വ്യക്‌തിക്കു പുഞ്ചിരി സമ്മാനിക്കുകയും താങ്ക് യൂ എന്നു പറഞ്ഞ് ഈ ലോകത്തിൽനിന്നു കടന്നുപോവുകയും ചെയ്യുക എത്ര മഹത്വകരമാണ്! എല്ലാം ഉള്ളപ്പോഴും ചുറ്റുപാടും ആളുകൾ ഉള്ളപ്പോഴും പരാതികൾക്ക് ഒരു കുറവുമില്ലാത്ത മനുഷ്യജീവിതങ്ങളുടെ ഇടയിലാണു മരണത്തോടു മല്ലടിച്ച മനുഷ്യൻ കാട്ടിയ പുഞ്ചിരിയുടെയും നന്ദിപ്രകാശനത്തിന്റെയും വ്യതിരിക്‌തത വ്യക്‌തമാക്കുന്നത്.

നാം പടുത്തുയർത്തിയ സ്നേഹസ്മാരകങ്ങൾ എന്തെല്ലാമാണെന്നു ചിന്തിക്കുന്നതു നല്ലതാണ്. ഹൃദയത്തിൽ സൂക്ഷിക്കാൻ പാകത്തിൽ എത്ര സ്നേഹസ്മാരകങ്ങൾ നാം പണിതീർത്തു എന്നുള്ളതിലാണു നമ്മുടെ യഥാർഥ സമ്പന്നത വ്യക്‌തമാവുക. തപസിന്റെ നാളുകളും നോമ്പനുഷ്ഠാനങ്ങളും നമ്മെ ദാരിദ്ര്യം കൈവരിക്കുന്ന മഹത്വത്തെക്കുറിച്ച് ഉൾക്കാഴ്ചയുള്ളവരാക്കണം.

ദാരിദ്ര്യമെന്നതു ജീവിതത്തിൽ പരിശീലിക്കേണ്ടതും പ്രയോഗിക്കേണ്ടതുമായ ഒരു നന്മയാണ്. നാം ദരിദ്രനാവുന്നത് എല്ലാവർക്കും എല്ലാമാകാനാണ്. ഒന്നുമില്ലാത്തവനെ നോക്കി ദരിദ്രൻ എന്നു വിളിക്കുന്ന സമ്പന്നൻ സമ്പത്ത് ക്രമമായി ഉപയോഗിച്ചിരുന്നെങ്കിൽ അങ്ങനെ ഒരു അഭിസംബോധനയുടെ ആവശ്യം വരില്ലായിരുന്നു. സമ്പത്തിനെ ക്രമമായി ഉപയോഗിച്ച് ഉള്ളവനും ഇല്ലാത്തവനും എന്നുള്ള വിടവ് ഇല്ലാതാക്കുക എന്നതാണു കരണീയമായ ജീവിതശൈലി.


സമ്പത്തു പങ്കുവച്ച് ഉപയോഗിക്കുകയും എല്ലാം ദൈവദാനമെന്നും എല്ലാം എല്ലാവർക്കും വേണ്ടി ഉള്ളതാണെന്നുമുള്ള ചിന്തകൾ ജീവിച്ചു തുടങ്ങുമ്പോഴാണ് ഒരുവനു ദരിദ്രനായി പരിണാമം സംഭവിക്കുക. അതു കടം കയറുമ്പോഴും എല്ലാം നഷ്ടപ്പെടുമ്പോഴും എന്നു മനസിലാകുന്നതു ദരിദ്രനേയും ദാരിദ്ര്യത്തേയും കുറിച്ചുള്ള നമ്മുടെ ധാരണപ്പിശകുകൾ കൊണ്ടാണ്.

എത്രയോ സ്‌ഥലങ്ങളിൽ സാധാരണ തുടക്കങ്ങൾ അസാധാരണ സംഭവങ്ങൾക്കു നാന്ദിയായിട്ടുണ്ട്. അതു ദാരിദ്ര്യത്തിന്റെ കരുത്താണ്. ദാരിദ്ര്യം വരിക്കുക എന്നതു ധാർമികമായ വസ്തുതയാണ്. സമ്പന്നർ ദാരിദ്ര്യത്തെ വരിക്കുമ്പോൾ അവന്റെ ജീവിതം സ്നേഹസ്മാരകമാവുകയാണ്. ദാരിദ്ര്യം വരിക്കൽ എന്നുള്ളതു ഭക്ഷണം കഴിക്കാൻ ഇല്ലാതാവുന്നതും നഗ്നത മറയ്ക്കാൻ വസ്ത്രം ഇല്ലാത്തതുമല്ല.

അങ്ങനെയുള്ള അവസ്‌ഥകൾ സാമൂഹികമായ അനീതിയുടെ ഫലമാണ്. സമ്പന്നൻ ദാരിദ്ര്യത്തെ വരിക്കാത്തതുകൊണ്ടു വിശപ്പും നഗ്നതയും ലോകത്തു വർധിക്കുന്നു. വിശക്കുന്നവനിലും ദാഹിക്കുന്നവനിലുമുള്ള നന്മയുടെ കരുത്തിനെ ഉപയോഗിക്കാനാവാതെ അവനെ മരണത്തിനായി തള്ളിവിടുന്ന ഒരവസ്‌ഥയിൽനിന്ന് വ്യക്‌തിയും കുടുംബവും കരകയറണം.

കുരിശിന്റെ പുഷ്പിക്കൽ എന്നൊരു പ്രയോഗമുണ്ട്. കുരിശ് പുഷ്പിച്ചതു കർത്താവിന്റെ ഉയിർപ്പിലൂടെയാണ്. കർത്താവിന്റെ കുരിശ് അവന്റെ സ്നേഹസ്മാരകമാണ്. ദരിദ്രന്റെ സ്വപ്നമാണു പുഷ്പിക്കുന്ന കുരിശ്. അത് അവന്റെ എല്ലാ വഴികളിലും അവനു സാന്ത്വനവും പ്രത്യാശയും നല്കുന്നു. സ്വന്തം ശരീരത്തെ അപ്പമായി പകർത്തിയപ്പോൾ ക്രിസ്തു അവനിൽതന്നെ വിശ്വാസികൾക്കു സ്നേഹസ്മാരകമായി.

പങ്കുവയ്ക്കാൻ കഴിയുക സ്നേഹിക്കുന്നവനാണ്. സ്നേഹിക്കുന്നവനാണു സ്മാരകങ്ങൾക്കു ജന്മം നല്കുക. ഓരോ മനുഷ്യവ്യക്‌തിയും മറ്റനേകം ജീവിതങ്ങൾക്കു മുമ്പിൽ സ്നേഹസ്മാരകങ്ങളാവട്ടെ. ്നേഹസ്മാരകങ്ങളാകുന്നതാണ് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് ഇല്ലാതാക്കുന്നത്. തപസിന്റെ കാലം കഴിയുമ്പോൾ കുറേ സ്നേഹസ്മാരകങ്ങൾ പടുത്തുയർത്തിയതിന്റെ സംതൃപ്തി നമ്മിലുണ്ടാവട്ടെ.