ഇന്ദ്രവല്ലരി പൂചൂടിവരും .....
ഇന്ദ്രവല്ലരി പൂചൂടിവരും .....
വയലാറിന്റെ പ്രസിദ്ധമായ ഒരുചലച്ചിത്രഗാനം തുടങ്ങുന്നത് ഇന്ദ്രവല്ലരി പൂചൂടിവരും സുന്ദര ഹേമന്ത രാത്രി എന്നാണ്. ഉഴിഞ്ഞയുടെ സംസ്കൃനാമം ഇന്ദ്രവല്ലി എന്നാണ്. കവിഭാവനയെപ്പോലും ഉണർത്തിയ ഉഴിഞ്ഞയെപ്പറ്റി ഏറെയൊന്നും ചർച്ചചെയ്യപ്പെട്ടിട്ടില്ല. നിത്യഹരിത സസ്യമാണ്. കൃഷിചെയ്യാതെതന്നെ തൊടികളിലും വീട്ടുവളപ്പിലും യഥേഷ്‌ടം വളർന്നുവരും. അഴകും ആരോഗ്യവുമുള്ള മുടി കാംക്ഷിക്കുന്നവർക്ക് ഒരനുഗ്രഹമാണ് ഈ സസ്യം.

പ്രകൃതി നമുക്കായി എല്ലാം ഒരുക്കിത്തന്നിട്ടുണ്ട്. നാം അത് അറിഞ്ഞ് ഉപയോഗിക്കുന്നില്ല. വിപണിയിൽ നിന്ന് വിലകൊടുത്തു വാങ്ങുന്ന ഷാമ്പുവിന്റെ ഉപയോഗം പല ശാരീരിക പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. കുളിക്കുമ്പോൾ താളിയായി ഈ സസ്യം ഉപയോഗിച്ചാൽ മുടിയിലുള്ള അഴുക്കിനെ നീക്കം ചെയ്ത് മുടിവളർച്ച ത്വരിതപ്പെടുത്തും. ഉരലിൽ ഇടിച്ചോ ഉരസിയെടുത്തോ ഉപയോഗിക്ാം.

അമരിയില, കണ്ണുണ്ണി, ഉഴിഞ്ഞ, പച്ചനെല്ലിക്ക ഇവ ഇടിച്ചുപിഴിഞ്ഞ സ്വരസം മൂന്നു ലിറ്റർ, ശുദ്ധമായ വെളിച്ചെണ്ണ ഒരു ലിറ്റർ, അഞ്ജനക്കല്ല്, ഇരട്ടിമധുരം, കുന്നിവേര് ഇവ 15 ഗ്രാം വീതം അരച്ച് കലക്കുക. പശുവിൻ പാൽ, ആട്ടിൻപാൽ, തേങ്ങാപ്പാൽ, എരുമപ്പാൽ 500 മില്ലി ലിറ്റർ വീതം (അരലിറ്റർ) ഒന്നായി കൂട്ടിചേർത്ത് ഓട്ടുരുളിയിൽ അടുപ്പിൽവച്ച് തീ കത്തിച്ച് മൂന്നു ദിവസം കഴിഞ്ഞ് മണൽപാകത്തിന് അരിച്ചെടുക്കുക. ഭരണിയിലോ കുപ്പിയിലോ ഒഴിച്ചുവച്ച് കുളിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് മുടിയിൽ തേച്ചുപിടിപ്പിക്കുക.

* കുടുംബം: സാപിൻ ഡേഡി.
* ശാസ്ത്രനാമം: കാഡിയോ സ്പർമം ഹാലിക്കോബോ ലിൻ
* സംസ്കൃതം: ഇന്ദ്രവല്ലി, ചക്രലത.

<യ> കുറുന്തോട്ടി


കൊച്ചുകുട്ടികൾ മുതൽ വൃദ്ധന്മാർക്കുവരെ സുപരിചിതമായ കുറുന്തോട്ടിയെപ്പറ്റി ഒരു ശൈലി തന്നെയുണ്ട്, കുറുന്തോട്ടിക്കും വാതം പിടിച്ചോയെന്ന്. വാതരോഗ ചികിത്സയ്ക്ക് ഏറ്റവുമധികം ഉപയോഗിക്കുന്ന കുറുന്തോട്ടി കേരളത്തിലുടനീളം കണ്ടുവരുന്നു. മലയോരങ്ങളിൽ കളയായി വളർന്നു വരുന്നതുകാണാം.

കുറുന്തോട്ടിയിൽ അടങ്ങിയിട്ടുള്ള വാത ശമനഘടകത്തെപ്പറ്റി ആധുനിക ഗവേഷണങ്ങൾക്കുപോലും കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. കുറുന്തോട്ടി വേര് കഷായം വച്ച് കഴിക്കുന്നത് മലയാളികളിൽ ഒരു ശീലമായി കണ്ടുവരുന്നു. ബലാരിഷ്‌ടം, ബലാതൈലം, ധന്വന്തരതൈലം, ക്ഷീരബല ആവർത്തനം എന്നിവയ്ക്കും വാതരോഗ ചികിത്സയ്ക്കുമുള്ള മിക്ക കഷായയോഗങ്ങളിലും കുറുന്തോട്ടി മുഖ്യഘടകമാണ്. കുറുന്തോട്ടിയുടെ കുടുംബത്തിലെ അംഗങ്ങളായ ആനക്കുറുന്തോട്ടിയും ഊരകവും ഔഷധാവശ്യങ്ങൾക്ക് ഉപയോഗിക്കാറുണ്ട്.

കുറുന്തോട്ടി വേര് കഷായമായും വേരിന്റെ തോൽ കൽക്കമായും എള്ളെണ്ണയും പശുവിൻപാലും ചേർത്ത് 101 ദിവസം തുടർച്ചയായി വിധിപ്രകാരം കാച്ചി അരിച്ചെടുക്കുന്നതാണ് ക്ഷീരബല 101 ആവർത്തനം. ഗർഭിണികൾ അഞ്ചാം മാസം മുതൽ കുറുന്തോട്ടിവേര് പാൽകഷായമായി ഉപയോഗിച്ചാൽ സുഖപ്രസവം നടക്കും. ശരീരവേദനകൾക്കും കൈകാൽ കടച്ചിൽ കൈ പൊക്കുന്നതിനും താഴ്ത്തുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് മാറ്റുന്നതിനും കുറുന്തോട്ടിവേരും പ്രസാരണി, അരത്ത, ചുക്ക്, വെളുത്തുള്ളി, ഉഴുന്നുപരിപ്പ് ഇവ കഷായമായി ഉപയോഗിച്ചാൽ അത്ഭുതകരമായ ഫലസിദ്ധി കൈവരും. കുറുന്തോട്ടിവേര് തനിച്ച് കഷായം വെച്ച് കഴിക്കുന്നത് വാതരോഗ പ്രതിരോധ ഔഷധമായി ഉപയോഗിക്കാം.

* കുടുംബം: മാൽവേസി
* ശാസ്ത്രനാമം: സൈഡറ്റെ റൂസലിൻ
* സംസ്കൃതം: ബല, ഖരയഷ്‌ടി.

തയാറാക്കിയത്: <യ>എം.എം. ഗാഥ, വെള്ളിയൂർ