സൗമ്യം, സുന്ദരം; കബനി എന്ന നിഖില
സൗമ്യം, സുന്ദരം; കബനി എന്ന നിഖില
സത്യൻ അന്തിക്കാടിന്റെ ഭാഗ്യദേവതയിലുള്ളപ്പോഴാണു ബാലേച്ചിയുമായി(ശ്രീബാല കെ. മേനോൻ) പരിചയത്തിലായത്. ഏറെ നാളുകൾക്കുശേഷം ബാലേച്ചി വിളിച്ച് ലൗ 24ഃ7എന്ന പടം ചെയ്യുന്നു, അതിൽ അഭിനയിക്കണമെന്നു പറഞ്ഞു. ഓഡിഷൻ ഒന്നും ഇല്ലായിരുന്നു... ശ്രീബാല കെ. മേനോന്റെ ആദ്യചിത്രം ലൗ 24ഃ7 ലെ നായിക തളിപ്പറമ്പ് സ്വദേശി നിഖില വിമൽ മനസുതുറക്കുന്നു....

കബനിയും ഞാനും

ബോണക്കാട്ടു നിന്നു നാലാമിടം ചാനലിൽ ട്രെയിനിയായി വരുന്ന കബനി എസ് എന്ന നാടൻ പെൺകുട്ടി പിന്നീട് ചാനലിൽ സ്വന്തമായി ഒരിടം കണ്ടെത്തി ബോൾഡാകുന്നു. കബനി എസ് കബനി കാർത്തികയാകുന്നു. ആദ്യത്തെ കബനിക്കാണ് ഞാനുമായി ഇത്തിരി സാമ്യമുള്ളത്. രണ്ടാമത്തെ കബനിയെപ്പോലെ ബോൾഡല്ല. പക്ഷേ, രണ്ടാമത്തെ കബനി എന്നിൽ ഇത്തിരിയൊക്കെയുണ്ട്. ഞാൻ അഭിപ്രായങ്ങളൊക്കെ പറയും. പക്ഷേ, ഒരുപാടു ബോൾഡല്ല.

ദിലീപ ്– പേടി, ടെൻഷൻ, ഫ്രണ്ട്ലി

ഷൂട്ടിംഗിന് ആഴ്ചകൾക്കു മുമ്പാണ് ദിലീപേട്ടനാണു നായകൻ എന്നറിഞ്ഞത്. കേട്ടപ്പോൾ ആദ്യം പേടി തോന്നി. ദിലീപേട്ടനുമായി നേരത്തേ പരിചയമുണ്ടായിരുന്നില്ല. ദിലീപ് ഫ്രണ്ട്ലിയാണ്, കുഴപ്പമൊന്നുമുണ്ടാവില്ല എന്നൊക്കെ പറഞ്ഞ് ബാലേച്ചി ധൈര്യം തന്നു. ഷൂട്ടിംഗ് തുടങ്ങി 10–15 ദിവസം കഴിഞ്ഞാണ് ദിലീപേട്ടൻ സെറ്റിലെത്തിയത്. അന്നു ടെൻഷൻ കൂടി. പരിചയമായപ്പോൾ കുഴപ്പമില്ലെന്നു തോന്നി. ഏറെ ഫ്രണ്ട്ലി ആയി സംസാരിച്ചു. ഡയലോഗ്സ് എടുക്കുമ്പൊഴെല്ലാം ദിലീപേട്ടൻ നല്ല നിർദേശങ്ങൾ തന്നു

കബനിയാകുന്നതിനു ഹോംവർക്ക്

ഷൂട്ടിംഗിനു രണ്ടു ദിവസം മുമ്പ് എറണാകുളത്തു വന്നപ്പോഴാണ് ഫുൾ സ്ക്രിപ്റ്റ് വായിക്കാൻ കിട്ടിയത്. ഡയലോഗ്സ് കാണാപ്പാഠം പഠിക്കേണ്ട എന്നായിരുന്നു നിർദേശം. ന്യൂസ് ആംഗേഴ്സ് വായിക്കുന്നതു നോക്കണം, പക്ഷേ അനുകരിക്കേണ്ട എന്നും. ന്യൂസ് വായിക്കുമ്പോൾ അവർ ഇരിക്കുന്ന പൊസിഷൻ, കാമറയിൽ നോക്കി സംസാരിക്കുന്ന രീതി തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിച്ചു. അതായിരുന്നു കബനിയാകുന്നതിനുള്ള ഏക ഹോംവർക്ക്.

ബാലേച്ചിയുമായി ക്ലോസ്
ബാലേച്ചി എല്ലാവരോടും ഫ്രണ്ട്ലിയായിട്ടാണ് ഇടപെട്ടത്. എനിക്ക് ചേച്ചിയെപ്പോലെ. എന്തും ചെന്നു പറയാം. ഞങ്ങൾ തമ്മിൽ നല്ല ക്ലോസ് ആയിരുന്നതിനാൽ ബാലേച്ചിയുടെ മുമ്പിൽ അഭിനയിക്കാൻ പേടിയുണ്ടായിരുന്നില്ല. അഭിനയിച്ചു തെറ്റിക്കുമപോൾ ബാലേച്ചി ആരെയും ചീത്ത പറയില്ല. ഒന്നുകൂടി എടുത്തുനോക്കാം, ശരിയാകും എന്നു പറയും. നീയാണെങ്കിൽ ഇങ്ങനെയൊരു സന്ദർഭം വരുമ്പോൾ സംസാരിക്കില്ലേ. നീ സംസാരിക്കുന്ന കാര്യങ്ങളാണ് ഞാൻ ഡയലോഗ് ആയി എഴുതിവച്ചത്. അതു പറഞ്ഞാൽ മതി... അതായിരുന്നു ബാലേച്ചിയുടെ രീതി.

കബനിക്ക് എന്റെ ശബ്ദം

കബനിക്കു ഞാൻ തന്നെയാണ് ശബ്ദം കൊടുത്തത്. കണ്ണൂർഭാഷ മാത്രം വശമുള്ള എനിക്കു ട്രിവാൻഡ്രം സ്ളാംഗ് തീരെ അറിയില്ലായിരുന്നു. ഡബ്ബിംഗിലാണ് കുറേയൊക്കെ ശരിയാക്കിയത്. കൃഷ്ണൻ ബാലകൃഷ്ണൻ എന്ന ചേട്ടൻ കൂടെയിരുന്നു പറഞ്ഞുതന്നു ചെയ്യിച്ചു. സെറ്റിലെ ഫോക്കസ് പുള്ളറായിരുന്ന ചേട്ടൻ തിരുവനന്തപുരംകാരനായിരുന്നു. ഷൂട്ടിംഗ് സമയത്ത് അദ്ദേഹം തുണയായി.

സ്നേഹപൂർവം സുഹാസിനി

സുഹാസിനി മാമിനെ ആദ്യ ദിവസം തന്നെ പരിചയപ്പെട്ടു. സിനിമ, വീട്ടുകാര്യങ്ങൾ... എല്ലാം സംസാരിക്കും. ആ സമയത്തായിരുന്നു മണിരത്നം സാറിന്റെ ഓകെ കൺമണിയുടെ റിലീസ്. അതിന്റെ ടെൻഷനൊക്കെ പങ്കുവച്ചിരുന്നു. സന്തോഷവും നല്ല രീതിയിൽ പ്രകടിപ്പിച്ചിരുന്നു. ചിരിക്കുമ്പോൾ ഇങ്ങനെ ചിരിച്ചാൽ മതി, അപ്പോഴാണ് അതു കുടുതൽ ഫീൽ ചെയ്യുക.. മികച്ച നിർദേശങ്ങളുമായി സുഹാസിനി മാം കൂടെനിന്നു.

സീനിയേഴ്സ് സിനിമയോടു സീരിയസ്

ശ്രീനിയങ്കിൾ, സുഹാസിനി മാം, ദീലീപേട്ടൻ, ലെനച്ചേച്ചി ...എല്ലാവരും സീനിയേഴ്സ് ആണല്ലോ. ആരെങ്കിലും എന്തെങ്കിലും പറയുമോ, ഞാൻ അവർക്കൊരു ബുദ്ധിമുട്ട് ആകുമോ എന്നൊക്കെ പേടിയുണ്ടായിരുന്നു. നന്നായി ചെയ്യുന്നുണ്ട് എന്നു പറഞ്ഞ് എല്ലാവരും സപ്പോർട്ട് ചെയ്തു. ശശികുമാർ സാർ എല്ലാവരുമായും നന്നായി സംസാരിച്ചിരുന്നു. കണ്ടാൽ സീരിയസാണെങ്കിലും ഉള്ളുകൊണ്ടു പാവങ്ങളായിരുന്നു എല്ലാവരും. ശ്രീനിയങ്കിളും സുഹാസിനി മാമുമൊക്കെ പറഞ്ഞ സമയത്തു തന്നെ റെഡിയായി കാത്തിരിക്കും. രാവിലെ ആറു മണിക്ക് എണീറ്റു വരണമല്ലോ എന്നാലോചിക്കുമ്പോൾ ആദ്യം എനിക്കു മടിയായിരുന്നു. എല്ലാവരും കറക്ട് സമയത്ത് എണീറ്റു ജോലി ചെയ്യുന്നതും തമാശ പറയുന്നതുമൊക്കെ കണ്ടപ്പോൾ ഞാനും അതിന്റെ ഭാഗമായി. ലെനച്ചേച്ചിയും സെറ്റിൽ വലിയ സപ്പോർട്ട് ആയിരുന്നു.

സ്ത്രീകഥാപാത്രങ്ങൾ ബോൾഡ്

ലൗ 24ഃ7 ൽ എല്ലാ സ്ത്രീകഥാപാത്രങ്ങൾക്കും നല്ല പ്രാധാന്യമുണ്ട്. എല്ലാവരും ബോൾഡ് ആണ്. ജോലിയല്ല വലുത് എ*182;ു പറഞ്ഞു പ്രണയത്തിനു പിന്നാലെ കബനി പോകുന്നില്ല. ഇപ്പോഴത്തെ കാലഘട്ടത്തിലെ പെൺകുട്ടി ചിന്തിക്കുന്നതു പോലെയാണ് എന്റെ കഥാപാത്രവും ചിന്തിക്കുന്നത്.


ജോലിയും ഫാമിലിയും പ്രധാനം

ഞാൻ ഡിഗ്രിക്കു പഠിച്ചതു തളിപ്പറമ്പ് സർ സയിദ് കോളജിലാണ്. മുസ്ലിം പെൺകുട്ടികൾ മിക്കപ്പോഴും നേരത്തേ കല്യാണം കഴിഞ്ഞുപോകുമായിരുന്നു. ഡിഗ്രി കംപ്ലീറ്റ് ചെയ്യണം, നാളെ എന്തെങ്കിലും പ്രശ്നം വന്നാലും നിങ്ങൾക്കു സ്വന്തം കാലിൽ നില്ക്കാൻ ജോലി സഹായിക്കുമെന്നൊക്കെ എന്റെ ഫ്രണ്ട്സിനോടു ഞാൻ പറഞ്ഞിട്ടുണ്ട്. എനിക്കു ജോലിയും ഫാമിലിയും പ്രധാനം. രണ്ടും ഒരുമിച്ചു കൊണ്ടുപോകാനേ കബനിയുടെ സ്‌ഥാനത്തു നിന്നു ചിന്തിച്ചാൽ ഞാൻ നോക്കുകയുള്ളു.

അമ്മവേഷത്തിൽ മഞ്ജുപിള്ള

മഞ്ജുചേച്ചിയും നല്ല സപ്പോർട്ടായിരുന്നു. ഭർത്താവിന്റെ മരണശേഷം ഏറെ കഷ്‌ടപ്പെട്ടു ഫാമിലി കൊണ്ടുപോകുന്ന കഥാപാത്രമായാണ് എന്റെ അമ്മവേഷത്തിലെത്തിയ മഞ്ജുചേച്ചി അഭിനയിച്ചത്. മഞ്ജുചേച്ചി സെറ്റിൽ വന്ന ദിവസം തന്നെ എന്നെ കെട്ടിപ്പിടിച്ചാണു സംസാരിച്ചത്. മകളുടെ റോൾ ചെയ്യുന്ന കുട്ടിയാണെന്ന് അറിഞ്ഞപ്പോൾ തനിക്കും ഇവൾക്കും ഒരേ മുഖച്ഛായയുണ്ടെന്നും മറ്റുമുള്ള കളിവാക്കുകളിലൂടെ ഞങ്ങൾ സൗഹൃദത്തിലായി.

ചാനൽരഹസ്യങ്ങൾ അടുത്തറിഞ്ഞു

ന്യൂസ് റീഡേഴ്സ് കാണാപ്പാഠം പഠിച്ചിട്ടു വായിക്കുകയാണെന്നു പത്താം ക്ലാസ് വരെയൊക്കെ വിചാരിച്ചിരുന്നു. ടെലിപ്രോംപ്റ്റർ ഉണ്ടെന്നു പിന്നീടു മനസിലായി. സെറ്റിൽ ടെലിപ്രോംപ്റ്റർ ഉണ്ടാവില്ലെന്നും കാണാതെ പഠിച്ച് അവതരിപ്പിക്കണമെന്നു പറഞ്ഞ് എല്ലാവരും കൂടി എന്നെ പേടിപ്പിച്ചു. പക്ഷേ, പിന്നീട് ടെലിപ്രോംപ്റ്ററൊക്കെ വന്നു. പിസിആറിൽ നിന്നു ന്യൂസ് റീഡർക്കു നിർദേശം കിട്ടുമെന്നൊക്കെ മനസിലായതു സിനിമയിൽ വന്ന ശേഷമാണ്. ഒരു ചാനലിന്റെ സ്റ്റുഡിയോയിൽ മറ്റുള്ള എല്ലാ ചാനലുകളും വയ്ക്കുമെന്നും ബിബിസി സ്ക്രോൾ ശ്രദ്ധിക്കുമെന്നുമൊക്കെ മനസിലായി.

ഇൻസ്റ്റന്റ് കണി

ഇത്തവണ വിഷു സിനിമാസെറ്റിലായിരുന്നു. കണികാണൽ എനിക്കു വലിയ പ്രാധാന്യമുള്ള കാര്യമാണ്. ഇത്തവണ കണിയൊന്നും കാണാനാവില്ലല്ലോ എന്നു വിഷമിച്ചിരുന്നപ്പോൾ രാത്രി എവിടെനിന്നോ കുറച്ചു കൊന്നപ്പൂ കിട്ടി. ഫോണിൽ കൃഷ്ണന്റെ ഫോട്ടോ ഡൗൺലോഡ് ചെയ്തു. കൊന്നപ്പൂവും മാങ്ങയുമൊക്കെവച്ച് താമസിച്ച റൂമിൽ ഒരു ഇൻസ്റ്റന്റ് കണികണ്ടു.

മികച്ച പ്രതികരണം

സത്യൻ അന്തിക്കാട് സാർ വിളിച്ചു നല്ല അഭിപ്രായം പറഞ്ഞിരുന്നു. മീഡിയയിൽ നിന്നു മികച്ച പ്രതികരണമാണ്. അവരുടെ ലൈഫാണല്ലോ കാണിക്കുന്നത്. കോസ്റ്റ്യൂംസ് മികച്ചതാണെന്നും ചാനലിനുള്ളിൽ നടക്കുന്ന കാര്യങ്ങൾ കൂടുതലായി അറിയാനായി എന്നും ധാരാളം പേർ പറഞ്ഞിരുന്നു.

അൾട്രാമോഡേൺ ആകാനില്ല

ഇപ്പോഴും ചുരിദാറിട്ട് കോളജിൽ പോകാൻ ഇഷ്‌ടമുള്ള കുട്ടിയാണു ഞാൻ. ലൈഫ് സ്റ്റൈലിൽ കാര്യമായ മാറ്റങ്ങൾ ആഗ്രഹിക്കുന്നില്ല. തീരെ നാടനുമല്ല, എന്നാൽ അൾട്രാ മോഡേണും അല്ലാത്ത ഒരു കുട്ടി. ജീൻസൊക്കെ ഇടും. മീഡിയം ആൾക്കാരെപ്പോലെ ഡ്രസ് ചെയ്യാൻ ഇഷ്‌ടപ്പെടുന്നു. ഏറെ മോഡേണായി നടക്കണമെന്നില്ല.

കംഫർട്ടബിൾ ആയതു ചെയ്യും

എന്റെ പരിമിതികൾ എനിക്ക് അറിയാമല്ലോ. അതിനുള്ളിൽ വരുന്ന റോളുകളെ ചെയ്യുകയുള്ളു. എനിക്കു കംഫർട്ടബിൾ ആയിട്ടു തോന്നുന്ന കാര്യങ്ങളേ ഞാൻ ചെയ്യൂ. എന്റെ ശരീരപ്രകൃതിക്കു ഗ്ലാമർ റോൾസ് പറ്റില്ല. തമിഴിൽ ചെയ്തതും നാടൻ കഥാപാത്രങ്ങളാണ്.

വീട്ടുവിശേഷം

അച്ഛൻ പവിത്രൻ സ്റ്റാറ്റിസ്റ്റിക്സിൽ നിന്നു റിട്ടയേർഡായി. അമ്മ കലാമണ്ഡലം വിമലാദേവി. അമ്മ ഡാൻസ് ടീച്ചർ ആയിരുന്നതിനാൽ ഞാനും ഡാൻസ് പഠിച്ചു. പ്രഫഷണൽ ഡാൻസർ എന്നൊക്കെ പറയാൻ മാത്രം എനിക്ക് അറിയില്ല. സിനിമയ്ക്കൊപ്പം ഡാൻസും തുടരും. ചേച്ചി അഖില ഡൽഹിയിൽ പിഎച്ച്ഡി ചെയ്യുന്നു. ഞാൻ അഭിനയിക്കുന്നത് വീട്ടിൽ എല്ലാവർക്കും ഇഷ്‌ടമാണ്. ഞാൻ ഒരു കലാകാരി ആകണം എന്നതായിരുന്നു അവരുടെ ആഗ്രഹം. ഷൂട്ടിംഗ് സെറ്റിൽ അമ്മ ഒപ്പമുണ്ടായിരുന്നു.
ഒമ്പത് കുഴി സമ്പത്ത്, പഞ്ചുമുട്ടായി

ലൗ 24*7 നു മുമ്പ് ഒമ്പത് കുഴി സമ്പത്ത്, പഞ്ചുമുട്ടായി എന്നീ തമിഴ്പടങ്ങൾ ചെയ്തിരുന്നു. നായികാപ്രാധാന്യമുള്ള സിനിമകൾ. പുതുമുഖങ്ങളായ ബാല, മകപ ആനന്ദ് എന്നിവർ നായകന്മാർ. ചിത്രങ്ങൾ റിലീസിംഗിനൊരുങ്ങുന്നു.

കഥകൾ കേൾക്കുന്നു

പുതിയ കഥകളൊക്കെ കേൾക്കുന്നുണ്ട്; തമിഴിൽ നിന്നും മലയാളത്തിൽ നിന്നും. ഒന്നും തീരുമാനിച്ചിട്ടില്ല. നല്ലതിനുവേണ്ടി കാത്തിരിക്കുന്നു.

<യ> ടി.ജി.ബൈജുനാഥ്