നൂറടിയോളം ഉയരത്തിൽ ഒരു മാവ്. ആകാശം മുട്ടെ നില്ക്കുന്ന മാവിന് ഇടയ്ക്കൊന്നും ശിഖരങ്ങളില്ല. തലയ്ക്ക് മാത്രമേ മൂന്നു നാല് കൊന്പുകളുള്ളു.
200 ഇഞ്ചോളം വണ്ണവും ഈ വൃക്ഷരാജനുണ്ട്. പാലക്കുഴി പിസിആറിൽ വനം വകുപ്പിന്റെ ക്യാന്പ് ഓഫീസിനടുത്തുള്ള വനത്തിലാണ് ഈ വന്പൻ മാവുള്ളത്.
നാട്ടുമാവാണെന്നാണ് വനപാലകരും സമീപത്തെ താമസക്കാരനായ ഗണേഷും പറയുന്നത്. തേനൂറുന്ന ചെറിയ മാന്പഴമാണ് ഇതിന്റെ പ്രത്യേകത. പക്ഷേ, അധികമൊന്നും ഉണ്ടാകാറില്ല.
പീച്ചി വാഴാനി വന്യമൃഗ സംരക്ഷണ കേന്ദ്രത്തിൽ പാലക്കാട്, തൃശൂർ ജില്ലാ അതിർത്തിയിലാണ് മാവ് നില്ക്കുന്നത്. ഇത്രയും ഉയരത്തിൽ മാവ് വളരുന്നത് അപൂർവമാണെന്നാണ് വനപാലകരും പറയുന്നത്.