അത് ലോകമാകമാനം ചർച്ചയ്ക്കിടയാക്കി. മാധ്യമ വാർത്തകളുണ്ടാക്കിയ സമ്മർദ്ദത്തെ തുടർന്ന് ഒടുവിൽ വനംവകുപ്പ് പേരിനൊരു അന്വേഷണത്തിന് തയാറായി.
പേപ്പാറ വന്യജീവിസങ്കേതത്തിലും പേപ്പാറയോടു ചേർന്നു ള്ള നെയ്യാർ, അഗസ്ത്യവനം മേഖലകളിലും പരിശോധന നടത്താനും റിപ്പോർട്ട് സമർപ്പിക്കാനും നെയ്യാർ വൈൽഡ് ലൈഫ് അസിസ്റ്റന്റ് വാർഡന്റെ നേതൃത്വത്തിൽ ഒരു അന്വേഷണസംഘം നിയോഗിക്കപ്പെട്ടു.
എങ്ങുമെത്താതെ ആ ദൗത്യം ഒടുങ്ങുകയായിരുന്നു.
വീണ്ടും കല്ലാനഅഞ്ചു വർഷത്തിനിപ്പുറം, 2010 മാർച്ച് 17ന് വീണ്ടും കല്ലാന സാലിയുടെ ഫ്രെയിമിലേക്ക് ഓടിക്കയറി. പേപ്പാറ വന്യജീവി സങ്കേതത്തിലെ മാടകപ്പാറ എന്ന ഭാഗത്തെ ജലാശയത്തിൽ വെള്ളം കുടിക്കാനെത്തിയ കൊമ്പനാന, കല്ലാന ‘മിത്താ'ണെന്ന ധാരണയെ പൊളിച്ചടുക്കി.
തലയെടുപ്പുള്ള കുള്ളനാനതന്നെയായിരുന്നു അത്. ഇതോടെ കല്ലാനയെകുറിച്ചുള്ള വിചാരങ്ങൾ വീണ്ടും മാധ്യമങ്ങളിൽ നിറഞ്ഞു. കല്ലാന മായാവി രൂപത്തിൽ വീണ്ടുമെത്തുന്നത് 2013 ജനുവരിയിൽ. 18ന് ഉച്ചയ്ക്ക് മണിതൂക്കി മേഖലയിലാണ് ആനയെ കാണുന്നത്. ഇക്കുറി വീഡിയോ ദ്യശ്യങ്ങളാണ് എടുത്തത്.
അതോടെ കല്ലാന വീണ്ടും വാർത്തയായി. തുടർന്ന് വനം വകുപ്പിലെ ഉന്നത ഉദ്യോഗ്യസ്ഥരെയും കാർഷിക സർവകലാശാല വിദഗ്ധരെയും വെറ്ററിനറി വിദഗ്ധരെയും ഉൾപ്പെടുത്തി അഞ്ചംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തി. അവരുടെ അന്വേഷണവും എവിടെയും എത്തിയില്ല.
ഒരു കാണാക്കാഴ്ചതിരുവനന്തപുരം ജില്ലയുടെ തെക്ക് കിഴക്കുഭാഗത്തായി പരന്നുകിടക്കുന്ന മഴക്കാടുകളാണ് അഗസ്ത്യമല. ഈ മലയുടെ അതിര് അങ്ങ് തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിൽ വരെ എത്തും.
ഈ ഭാഗത്തുള്ള അഞ്ച് വന്യജീവി സങ്കേതങ്ങളും കളക്കാട് കടുവാ സങ്കേതവും തൊട്ടുചേർന്നുള്ള അഗസ്ത്യകൂടം ജൈവോദ്യാനവും അത്യപൂർവ ജീവിവർഗങ്ങളുടെയും സസ്യങ്ങളുടെയും സമ്പുഷ്ടജൈവമേഖലയാണ്.
സൂക്ഷ്മപ്രാണികളുടെയടക്കം സാന്നിധ്യം ഇവിടെയുണ്ട്. അങ്ങിനെയൊരിടത്ത് പിഗ്മി എലിഫന്റുകളുടെ സാധ്യതയെ എന്തിന് സംശയിക്കണം എന്ന ചോദ്യം പ്രസക്തമാണ്.
അതിരുമല, പൊടിയം, ചാത്തൻകോട് ഭാഗങ്ങളിലെ കാണിക്കാരും വനപാലകരും കല്ലാനയുടെ സാന്നിധ്യത്തെ സാക്ഷ്യപ്പെടുത്തുന്നു. കല്ലാനയുടെ കൂട്ടങ്ങളെതന്നെ കണ്ടിട്ടുള്ളവരാണ് ഇവരൊക്കെയും.
സഹ്യവനമേഖലകളിലുള്ള ആദിവാസിവിഭാഗങ്ങൾ രണ്ടുതരം ആനവർഗങ്ങളുണ്ടെന്ന് ഉറച്ചുവിശ്വസിക്കുന്നു. ഇത്തരത്തിലൊരു വർഗീകരണം നേരിൽ കണ്ട് അവർ മനസിലാക്കുകയും ചെയ്തിരിക്കുന്നു.