ഗുണ്ടകളെ വളര്ത്തുന്ന രാഷ്ട്രീയം
Thursday, October 26, 2017 2:37 AM IST
സംസ്ഥാനത്തെ എല്ലാ ജില്ലകളിൽനിന്നും ഓരോ എസ്ഐയേയും പത്ത് പോലീസുകാരെയും കണ്ടെത്തി.എല്ലാവരുംമിടുക്കന്മാരായിരിക്കണമെന്നു ഡിജിപിക്കു നിർബന്ധമുണ്ടായിരുന്നു. എസ്ഐമാർക്കും അംഗങ്ങൾക്കും കഴിഞ്ഞ നവംബറിൽ ട്രെയിനിംഗ് കോളജിൽ പരിശീലനവും നൽകി. കേരളത്തിലെ ഗുണ്ടകളെ മുഴുവൻ ഒതുക്കാനായിരുന്നു പരിശീലനം. വലിയ ആവേശത്തിലായിരുന്നു ചുണക്കുട്ടൻമാരായ പോലീസുകാർ. എന്തിനും പോകുന്നവർ. അവർ സ്റ്റേഷനിലേക്കു തിരിച്ചുവന്നു. ഗുണ്ടകളെ പിടിക്കാൻ തയാറായി കാത്തിരുന്നു. എന്നാൽ മുകളിൽ നിന്നും നിർദേശം മാത്രം വന്നില്ല. അത് രാഷ്്ട്രീയ നേതൃത്വം വെട്ടി. അന്നു മുതൽ പാവങ്ങൾ ഹെൽമറ്റ് വേട്ടയും സീറ്റ് ബെൽറ്റും നോക്കി നടക്കുകയാണ്.
ഇതാണ് കേരളം. ഇങ്ങനെയേ ആയിരിക്കുകയുള്ളൂ കേരളം. ഇത് ജനാധിപത്യ രാജ്യമാണ്. ഇവിടെ ഭരിക്കുന്നത് ഏതെങ്കിലും രാഷ്ട്രീയപാർട്ടികളുടെ നേതാക്കളാണെന്ന കാര്യം പോലീസ് പലപ്പോഴും മറന്നിരിക്കുന്നു. ഇപ്പോൾ പോലീസും പഠിച്ചുതുടങ്ങി. അവരും രാഷ്്ട്രീയക്കാരായി മാറിയിരിക്കുന്നു. ഗുണ്ടകളെ തേടി പോകുന്നതിനു മുന്പ് ഏതുപാർട്ടിയിലുള്ളയാളാണെന്ന് അന്വേഷിക്കാനാണ് പോലീസ് തയാറാകുന്നത്. കേരളത്തിൽ ഗുണ്ടകൾക്കും ക്രിമിനലുകൾക്കും രാഷ്ട്രീയചേരി ഇല്ലെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാണ്.
രാഷ്ട്രീയക്കാർക്കെതിരേ ഗുണ്ടാ നിയമം നടപ്പിലാക്കാൻ അനുവദിക്കാത്ത സർക്കാർ ഭരണം നടത്തുന്ന കാലഘട്ടം. ചൈനയിലും റഷ്യയിലും ക്യൂബയിലും രക്തസാക്ഷികൾ ഉണ്ടാകുന്പോൾ പ്രതിഷേധം നടത്തുന്നവർ 57 വെട്ടുവെട്ടി കേരളത്തിൽ മനുഷ്യരെ കൊല്ലുന്നതിനു കൂട്ടുനിൽക്കുന്നു. അതിനൊരു പ്രതിഷേധവുമില്ല.അതെല്ലാം അംഗീകരിക്കപ്പെടുന്ന കാലം. രാഷ്ട്രീയനിറമില്ലാത്ത ഗുണ്ടകളോ ക്വട്ടേഷൻ സംഘങ്ങളോ കേരളത്തിൽ കാണില്ല. ക്വട്ടേഷൻ നേതാവായി കളമേശരിയിൽ നിന്ന് ഒരു സിപിഎം നേതാവ് കടന്നുവന്നപ്പോൾ ജനം ഞെട്ടി. പക്ഷേ, പാർട്ടിക്കാർ ഞെട്ടിയോ; ഇല്ലെന്നാണ്സത്യം. ഇവരെ ആരെയെങ്കിലും പോലീസ് പിടിച്ചെന്നിരിക്കട്ടെ, അവരുടെ കസേര തെറിപ്പിക്കുന്നതരത്തിലേക്ക് കാര്യങ്ങൾ നീങ്ങും. കളമശേരിയിൽ നിന്നും ക്വട്ടേഷൻ നേതാവിനെ പിടിച്ചപ്പോൾ ഐജി എസ്. ശ്രീജിത്തിന്റെ കസേര തെറിപ്പിച്ചു. അതിനുശേഷം ഗുണ്ടകളെ പിടിക്കാനോ അകത്തിടാനോ ശ്രമിച്ചിട്ടില്ല.
മോഷ്ടിച്ച ബൈക്കിൽ ലഹരികടത്തും ക്വട്ടേഷൻ പ്രവർത്തനങ്ങളും നടത്തുന്നതാണു ഗുണ്ടകളുടെ പൊതുരീതി. ആവശ്യം കഴിഞ്ഞശേഷം ബൈക്ക് ഉപേക്ഷിക്കും. എന്നാൽ ഷോറൂമുകളിൽ നിന്നു പുത്തൻ ബൈക്ക് മോഷ്ടിച്ചു ക്വട്ടേഷൻ പ്രവർത്തനം നടത്തുന്ന ചില ഗുണ്ടകളും ഈയിടെ പൊങ്ങിവന്നു. കൊച്ചി മരടിലെ ഷോറൂമിലെ സെക്യൂരിറ്റി ജീവനക്കാരനെ മയക്കിക്കിടത്തി മോഷ്ടിച്ച ബൈക്ക് കണ്ടെത്തിയതു ചെന്നൈയിൽ നിന്നുമാണ്.
ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ആക്രമണങ്ങളും പതിവാണ്. കാസർഗോട് ജില്ലയിൽ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെ തുടർന്ന് അഞ്ചു വർഷത്തിനുള്ളിൽ മരിച്ചത് ആറുപേരാണ്. സ്വർണം, കഞ്ചാവ്, വാഹനമോഷണം , മണൽക്കടത്തുകൾ - ഇതിലുള്ള കുടിപ്പകയാണ് പലരുടെയും കൊലപാതകത്തിനു കാരണമായത്.
പേര് നാഗരാജ്. ഇപ്പോൾ ജയിലിലാണ്. വാളയാർ കടന്ന് കേരളത്തിലെത്തുന്ന സ്പിരിറ്റ് ലോറികളുടെ ചലനവും ദിശയും നിയന്ത്രിച്ചിരുന്നത് ഈ സർവശക്തനാണ്. വാളയാറിൽ അയാളുടെ സ്പിരിറ്റ് ലോറികൾ പിടിച്ചെടുക്കാനും അന്വേഷണം നടത്താനും ഒടുവിൽ അതിസാഹസികമായി കർണാടകത്തിൽ ഈ അധോലോക ഭീകരനെ അറസ്റ്റു ചെയ്യാനും ചങ്കുറപ്പ് കാണിച്ചത് പോലീസാണ്. ഈ നാഗരാജിനുവേണ്ടി ശിപാർശചെയ്യാൻ ഇടപെട്ടവരിൽ കർണാടകത്തിലെ രാഷ്്ട്രീയ പ്രമുഖർ മാത്രമല്ല കേരളത്തിലെ ഉന്നതരായ ചില നേതാക്കളുമുണ്ട്.
രാഷ്്ട്രീയശത്രുക്കളെ ഇല്ലാതാക്കാൻ ക്വട്ടേഷൻ കൊടുക്കുന്നതിനും ഗുണ്ടകളെ നിയോഗിക്കുന്നതിനും കേരളം സാക്ഷിയായിട്ടുണ്ട്. ടി.പി ചന്ദ്രശേഖരൻവധം അതിനൊരു ഉദാഹരണമാണ്. പാർട്ടിയുടെയും നേതാക്കളുടെയും ചരിത്രം ഇവിടെ പറയാതെ കേരളത്തിനറിയാം.ഇന്നും ചർച്ച ചെയ്യപ്പെടുന്ന വിഷയമാണിത്. രാഷ്്ട്രീയ ശത്രുക്കളുടെ പോകട്ടെ, സ്വന്തം പാർട്ടിക്കുള്ളിലെ ഗ്രൂപ്പുവൈരങ്ങൾക്ക് പകവീട്ടാൻപോലും ഗുണ്ടകളെ ഉപയോഗപ്പെടുത്തുന്ന പാരന്പര്യമുണ്ട്. കെപിസിസി ആസ്ഥാനത്ത് രണ്ട് നേതാക്കളെ ഗുണ്ടാപ്പട തല്ലി പതംവരുത്തി പരസ്യമായി വസ്ത്രാക്ഷേപം ചെയ്തതു മറക്കാൻ കഴിയില്ല. ഗുണ്ടാത്തലവൻ ചാനലിൽ പ്രത്യക്ഷപ്പെട്ട് തന്റെ രാഷ്ട്രീയ ആഭിമുഖ്യം ‘അന്തസോടെ’ വെളിപ്പെടുത്തിയതും ജനം മറന്നിട്ടില്ല. ഇതുപോലെ പല കൊലക്കേസ് പ്രതികളെയും മാലയിട്ട് ആഘോഷപൂർവം സ്വീകരിക്കുന്നതും നാം കാണുന്നതാണ്.
അറസ്റ്റിലായ ഗുണ്ടകളെ ആൾക്കൂട്ടത്തിന്റെ സഹായത്തോടെ പോലീസ് സ്റ്റേഷനിൽനിന്ന് മോചിപ്പിക്കാൻ പാർട്ടിക്കാർക്ക് മടിയില്ലാത്ത കാലമാണിത്. ഭരണസംരക്ഷണം ഇവർക്ക് ലഭിക്കുന്നു, ടി.പി വധക്കേസിലെ പ്രതികൾ ജയിലിൽ പോലും മൊബൈൽ ഉപയോഗിക്കുകയും സുഖസൗകര്യങ്ങളിൽ കഴിയുകയും ചെയ്യുന്നതും രാഷ്ട്രീയ സംരക്ഷണമുള്ളതുകൊണ്ടുമാത്രമാണ്.
ഗുണ്ടാ വിരുദ്ധ സ്ക്വാഡ് ?
ഗുണ്ടാ വിരുദ്ധ സ്ക്വാഡിനെ കണ്ടവരുണ്ടോ എന്ന ചോദ്യം ശക്തമായി ഉയരുന്നുണ്ട്. അടുത്തിടെ വിവിധ സ്ഥലങ്ങളിൽ ഗുണ്ടാ ആക്രമണം ഉണ്ടായ പശ്ചാത്തലത്തിൽ സ്ക്വാഡിനെ പൂനർസജ്ജമാക്കുമെന്ന് ഡിജിപി പറഞ്ഞെങ്കിലും നടപ്പാക്കിയിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. ഗുണ്ടകളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും പിന്തുണ നൽകുന്നവരെ കണ്ടെത്താനും കഴിഞ്ഞ വർഷമാണ് സ്ക്വാഡ് രൂപീകരിച്ചത്. എല്ലാ ജില്ലയിലും പ്രവർത്തനം ഉൗർജിതപ്പെടുത്തി ക്വട്ടേഷൻ സംഘത്തെ ഉൾപ്പെടെ അമർച്ചചെയ്യുകയായിരുന്നു ലക്ഷ്യം. പോലീസും ഭരിക്കുന്ന പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുകയാണോ എന്നു തോന്നിപ്പോകുന്ന രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. പോലീസ് സ്റ്റേഷനിലേക്കു കടന്നുചെന്നാൽ പോലീസുകാരുടെ കൈയിലും കാലിലും ചങ്ങലയുംകാണും. രാഷ്ട്രീയക്കാർ ഘടിപ്പിച്ചരിക്കുന്ന ചങ്ങലയാണ്.ഇത് ഉൗരിക്കളയാതെ ഇവർക്ക് ഇറങ്ങാൻ കഴിയില്ല.
സദാചാരപോലീസ് എന്ന ഗുണ്ടകൾ
പേരിന്റെ അർഥം പോലും യോജിക്കാത്ത പദം. ഇന്നു കേരളത്തിൽ സദാചാരപോലീസിന്റെ കളിയാണ്. ഇവരാണ് സമൂഹത്തെ സദാചാരബോധത്തിലേക്കു നയിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നത്. അയലത്തെ വീട്ടിൽ ഒളിഞ്ഞുനോക്കുന്നവനെയും മാങ്ങയും തേങ്ങയും മോഷ്ടിക്കാൻ കയറുന്നവനെയും കെട്ടിയിട്ട് തല്ലുന്ന രീതി പണ്ടുകാലത്തുണ്ടായിരുന്നു. അത്തരത്തിലുള്ള പഴയ സദാചാര വാദത്തിൽ നിന്നുമാണ് ഇപ്പോഴത്തെ സദാചാര പോലീസ് പിറന്നിരിക്കുന്നത്. ഇന്ന് തനിക്കു സാധിക്കാത്തത് അയൽവാസിക്കു സാധിക്കുന്പോഴുള്ള അസൂയയിൽ നിന്നും സദാചാരബോധം ഉണരാറുണ്ട്. ആണും പെണ്ണും ഒന്നിച്ചിരിക്കരുത്, നടക്കരുത്, അത് അമ്മയും മകനുമായാലും ഭാര്യയും ഭർത്താവുമായാലും കാമുകനും കാമുകിയുമായാലും തല്ല് കൊടുത്തിരിക്കും.
കായംകുളം താലൂക്ക് ആശുപത്രിക്ക് കിഴക്കുവശത്തെ റോഡിൽ നഗരസഭ നിർമിച്ച ടാക്സി സ്റ്റാൻഡിലൂടെ നടന്നുപോയ പെണ്കുട്ടിയെ സൂക്ഷിച്ചുനോക്കിയെന്ന് ആരോപിച്ച് സദാചാരപോലീസുകാരായ രണ്ടുപേർ യുവാവിനെ ക്രൂരമായി മർദിച്ചു. തല്ലുകൊണ്ട യുവാവ് രക്ഷപ്പെടാൻകേണപേക്ഷിക്കുന്ന ചിത്രം ഇന്റർനെറ്റിലൂടെ പ്രചരിപ്പിച്ച ചരിത്രവുമുണ്ട്. ഏതാനും വർഷങ്ങൾക്കു മുന്പ് കോഴിക്കോട്ട് സദാചാരഗുണ്ടകൾ ഒരു യുവാവിനെ തല്ലിക്കൊന്നത് വാർത്തയായിരുന്നു. തൃശൂരിൽ യുവാവിനെ നഗ്നനാക്കി മർദിച്ചതും കൊല്ലം അഴീക്കൽ ബീച്ചിൽ സദാചാര ഗുണ്ടായിസത്തിന് ഇരയായ യുവാവ് ജീവനൊടുക്കിയതും മാധ്യമങ്ങളിലൂടെ നമ്മൾ അറിഞ്ഞു. കൊച്ചി മറൈൻഡ്രൈവിൽ ഒന്നിച്ചിരുന്ന യുവതീയുവാക്കളെ ചൂരൽവടി കൊണ്ട് അടിച്ചോടിക്കുന്ന സദാചാരവാദികളെയും കണ്ടു.
കേരളത്തിലെ പോലീസന്റെ സാന്നിധ്യത്തിലാണ് പലപ്പോഴും ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത്. ഭാര്യയും ഭർത്താവും ഒരുമിച്ചുപോയാലും സദാചാര പോലീസ് അവരെ തടയുന്പോൾ തങ്ങൾ ഭാര്യാ ഭർത്താക്കന്മാരാണെന്ന് പറഞ്ഞാൽ ’താലി കാണിക്കൂ’ എന്നുപറയുന്ന സദാചാരഗുണ്ടകളാണ് ഇവിടെ നടമാടുന്നത്. ഫെബ്രുവരി 14 ന് അഴീക്കൽ ബീച്ചിൽ ഇരുന്ന ആണ്പെണ് സുഹൃത്തുക്കളെ അഞ്ച് സദാചാരപോലീസ് ആക്രമിക്കുകയും അപമാനിക്കുകയും അത് ഫേസ്ബുക്കിൽ ഇടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒൻപതുദിവസം കഴിഞ്ഞപ്പോൾ ആ 23 കാരൻ തൂങ്ങിമരിച്ചു. അയാളുടെ ആത്മഹത്യാക്കുറിപ്പിൽ തന്റെ മരണത്തിനുത്തരവാദികൾതന്നെയും പെണ്സുഹൃത്തിനെയും ആക്രമിച്ച സദാചാരഗുണ്ടകളാണ് എന്നെഴുതിയിട്ടുണ്ട്. സദാചാരപോലീസ് ഏത് യുഗത്തിലാണ് ജീവിക്കുന്നത്? സ്ത്രീയും പുരുഷനും തമ്മിൽ ഒരിക്കലും സുഹൃദ്ബന്ധമുണ്ടാകില്ല, ലൈംഗിക ബന്ധമേ ഉണ്ടാകുകയുള്ളൂ എന്ന് പറയുന്നവരെ ക്രിമിനലുകളായിക്കണ്ട് ജയിലിലടയ്ക്കാൻ നിയമം വരേണ്ടതാണ്. വാലന്റയിൻസ് ദിനത്തിൽ സ്കൂട്ടറിനുപിന്നിൽ ഒരു പുരുഷസുഹൃത്തുമായി പോയ സ്ത്രീ കേരളത്തിൽ ആക്രമിക്കപ്പെട്ടു.
ഇനി ഇതു വേണ്ട
രാഷ്്ട്രീയത്തിന്റെ പിന്തുണയായാലും പണത്തിനുവേണ്ടിയാലും ഗുണ്ടായിസം അനുവദിക്കാൻ പാടില്ല. പോലീസ് കൂടുതൽ ശക്തമായി മാറിയില്ലെങ്കിൽ പാവപ്പെട്ട ജനത്തിനു ജീവിക്കാൻ പറ്റാത്ത അവസ്ഥയായി മാറും. പിരിവിനു വേണ്ടികടന്നു വരുന്ന സംഘത്തെ പേടിച്ചു പണം കൊടുക്കുന്ന അവസ്ഥ. ചോദിക്കുന്ന പണം കൊടുത്തില്ലെങ്കിൽ കടകൾ അടിച്ചു തകർക്കുന്ന രീതി അനുവദിക്കാൻ പാടില്ല. നമ്മൾ പ്രതികരിക്കുന്നില്ല. കഴിഞ്ഞ ദിവസം ഒരു സ്ത്രീയെ റെയിൽവേ സ്റ്റേഷനിൽ വച്ചു മാനഭംഗപ്പെടുത്തിയ ഗുണ്ടയ്ക്കെതിരേ ആരും ശബ്ദിച്ചില്ല. ഓട്ടോറിക്ഷക്കാർ പോലും മൊബൈൽ ഫോണിൽ ചിത്രം പകർത്തി രസിക്കുകയായിരുന്നു. എന്തൊരു അവസ്ഥയാണ്. ആർക്കും ആരെയും തല്ലിക്കൊല്ലാവുന്ന അവസ്ഥ. തിരുവനന്തപുരത്തു പട്ടാപ്പകൽ വഴിതടഞ്ഞ ഗുണ്ടകളെ ചോദ്യം ചെയ്ത യുവാവിനെ മർദിക്കുന്പോൾ ഒരു നാട് മുഴുവൻ കണ്ടുനിൽക്കുകയായിരുന്നു. പോലീസും ജനവും പ്രതികരിക്കാൻ തുടങ്ങിയാൽ ഈ ഗുണ്ടകളെ ഇല്ലാതാക്കാൻ കഴിയും. ഇവിടെ ജനത്തിനു സ്വതന്ത്രമായി നടക്കാൻ കഴിയണം. ഗുണ്ടകളെ തീറ്റിപ്പോറ്റി വളർത്തുന്ന രാഷ്ട്രീയക്കാരെ ഈ പരിപാടി ഒന്ന് അവസാനിപ്പിക്കുക. തങ്ങളെ ഭരിക്കുന്ന പാർട്ടി സംരക്ഷിക്കുമെന്ന ബോധ്യമാണ് ഇവരെ വളർത്തുന്നത്.
( അവസാനിച്ചു)
സൂര്യനാരായണൻ