നുറുങ്ങിയ ഹൃദയം
സിസ്റ്റർ റോസ്ലിൻ എംടിഎസ്
Sunday, February 11, 2024 4:05 PM IST
ഉപവാസത്തിന്റെയും നോന്പിന്റെയും വിശുദ്ധ നാളുകൾക്കു ക്രൈസ്തവലോകം തുടക്കം കുറിക്കുന്പോൾ നമ്മുടെ തപശ്ചര്യകൾ കേവലം അഭ്യാസങ്ങളാകാതെ ആത്മപരിവർത്തന നിശ്ചയങ്ങളാകാൻ ഇടയാകട്ടെ. ഉപവാസം ‘ഉപ’ ‘വസിക്ക’ലാണല്ലോ, അതായത് ‘അടുത്തു വസിക്കൽ’. ആ അർഥത്തിൽ ഉപവാസം ഭക്ഷണമുപേക്ഷിക്കൽ മാത്രമല്ല, മറിച്ച് കർതൃസമീപത്ത് ആയിരിക്കാൻ ഒരാൾ നടത്തുന്ന ബോധപൂർവമായ എല്ലാ ശ്രമങ്ങളുടെയും ആകെത്തുകയാണ്.
കർത്താവിന്റെ എത്രത്തോളം അടുത്തായിരിക്കാൻ നമുക്കു കഴിയും എന്നു ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ നിലവിളികൾ കേൾക്കാവുന്ന ദൂരത്ത്, നമുക്കായി കാതോർത്തു നിൽക്കുന്ന; കൈ നീട്ടിയാൽ നമുക്കു തൊടാവുന്ന അകലത്തായിരിക്കുന്ന, നമ്മുടെ ദൃഷ്ടിപഥത്തിലായിരിക്കുന്ന ദൈവം നമ്മുടെ സ്വപ്നങ്ങളുടെയും സുന്ദരസങ്കല്പങ്ങളുടെയും ഭാഗമാണ്.
എന്നാൽ ‘അമ്മാനുവേലാ’യ (ഇമ്മാനുവേൽ) നമ്മുടെ ദൈവം ഈ സ്വപ്നങ്ങൾക്കൊക്കെ മീതെയാണ്. നമ്മോടുകൂടെയായിരിക്കാൻ ആഗ്രഹിച്ചുകൊണ്ടു പഴയനിയമത്തിൽ കൂടെ നടന്ന നമ്മുടെ തന്പുരാൻ പുതിയ നിയമത്തിൽ നമ്മുടെ ഉള്ളിന്റെ ഭാഗമായി, നമ്മുടെ ഹൃദയത്തിൽ വസിച്ചു നമ്മെ തന്റെ പള്ളിയാക്കി.
ദൈവം വസിക്കാൻ നമ്മുടെ ഹൃദയത്തിനുണ്ടായിരിക്കേണ്ട യോഗ്യതകളെ പ്രതീകാത്മകമായി വർണിക്കാൻ സുറിയാനി പാരന്പര്യത്തിൽപ്പെട്ട സഭാ പിതാക്കന്മാർ ഏറെ യത്നിച്ചിട്ടുണ്ട്. അവയിൽ വളരെ ഹൃദ്യമായ ഒരു പ്രയോഗമാണ് ‘നുറുങ്ങിയ ഹൃദയം’. എന്താണ് ഈ ‘നുറുങ്ങിയ ഹൃദയം?’ ആദ്യകേൾവിയിൽ അനുതാപവിവശമായ അല്ലെങ്കിൽ തീവ്രവ്യഥ അനുഭവിക്കുന്ന അവസ്ഥയുടെ ആവിഷ്കാരമാണോ ‘നുറുങ്ങിയ ഹൃദയം’ എന്നു തോന്നിപ്പോകും.
പക്ഷേ അതിലുപരിയായ ഒരു വിശാല അർഥം ഈ പ്രയോഗത്തിലടങ്ങിയിരിക്കുന്നു. അഞ്ചാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ സുറിയാനിയിൽ ഒരു അജ്ഞാത താപസനാൽ വിരചിതമായ ‘ശ്രേണികളുടെ ഗ്രന്ഥ’ത്തിൽ (Book of Steps) ഹൃദയത്തിന്റെ നുറുങ്ങിയ അവസ്ഥ എന്താണെന്ന് വളരെ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ‘ശഹഖ്’ എന്ന സുറിയാനി ക്രിയാരൂപമാണ് ‘തകരുക’, ‘നുറുങ്ങുക’ എന്നയർഥത്തിൽ ഉപയോഗിച്ചിരിക്കുന്നത്.
പൂർണതയിലേക്ക് പ്രയാണം നടത്തുന്ന ഒരു വ്യക്തി തന്റെ ഉള്ളിലുള്ള ഉപകാരമില്ലാത്ത ലൗകിക അറിവുകളെ തച്ചുടച്ച് യഥാർഥ ജ്ഞാനത്താൽ നിറയാൻ നടത്തുന്ന പ്രയത്നങ്ങളാണ് ഈ ‘നുറുങ്ങൽ’ അഥവാ ‘തകർക്കപ്പെടൽ’ എന്നാണ് അദ്ദേഹം വ്യാഖ്യാനിക്കുന്നത്. ‘നുറുങ്ങിയ ഹൃദയം’ ആ അർഥത്തിൽ ഒരു ഉരിഞ്ഞുമാറ്റലാണ്. ശക്തിയേറിയ യന്ത്രസംവിധാനങ്ങളുപയോഗിച്ച് പഴയ കെട്ടിടസമുച്ചയങ്ങൾ തച്ചുടച്ചു നീക്കം ചെയ്ത് പുതിയവ പണിതുയർത്തുന്നതുപോലെയുള്ള ഒരു പ്രക്രിയയാണത്.
ഒരുവന്റെ അഹവും അവന്റെ ശരികളും അവൻ നേടിയ അറിവുകളുമൊക്കെ ശക്തിയേറിയ ദൈവവചനംകൊണ്ടു തട്ടിത്തെറിപ്പിച്ച് റൂഹായാൽ നിറയുന്ന പ്രക്രിയയാണ് ഹൃദയത്തിന്റെ നുറുങ്ങലിൽ നടക്കേണ്ടത്.
താൻ വലുതെന്നു കരുതുന്ന സകലതും, തന്റെ ജ്ഞാനവും നേട്ടങ്ങളും താൻ എന്ന ഭാവവും തന്റെ ഹൃദയത്തിൽ ഭദ്രമായി സൂക്ഷിക്കപ്പെട്ടിരിക്കുന്ന തന്റെ സ്വകാര്യ നിക്ഷേപങ്ങളുമെല്ലാം ദൈവവചനത്തിന്റെ മഹാശക്തിയാൽ തവിടുപൊടിയാക്കി തട്ടിമാറ്റപ്പെട്ട അവസ്ഥയിൽ ഒരുവൻ അനുഭവിക്കുന്ന ‘ഭാവാത്മകമായ’ ഒരു ‘ശൂന്യത’യാണത്. ആ ശൂന്യതയിലേക്കാണ് ദൈവം ഇറങ്ങി വസിക്കുക. ആ ശൂന്യതയാണ് ഒരുവനെ പള്ളിയാക്കുക; തന്പുരാന്റെ യഥാർഥ ഉപവാസകനാക്കുക.