നിർമല ഹൃദയം
സിസ്റ്റർ റോസ്ലിൻ എംടിഎസ്
Monday, February 12, 2024 9:56 AM IST
നമ്മുടെ ഉപവാസത്തിന്റെയും നോന്പിന്റെയും ശ്രേഷ്ഠലക്ഷ്യം ഒരർഥത്തിൽ ഹൃദയനൈർമല്യം നേടുകയാണ്. പരിശുദ്ധനായവന്റെ ചാരത്തുവസിക്കാൻ (ഉപ-വസിക്കുവാൻ) പരിശുദ്ധരായിരിക്കാനുള്ള ശ്രമം.
സങ്കീർത്തനത്തിൽ നാം പ്രാർഥിക്കുന്നു: “ദൈവമേ നിർമലമായ ഹൃദയം എന്നിൽ സൃഷ്ടിക്കണമേ’’ (സങ്കീ. 51,10) . രണ്ടു പദങ്ങൾ മാത്രമുള്ള വളരെ ചെറിയ ഒരു പ്രയോഗമാണെങ്കിലും ‘നിർമലമായ ഹൃദയം’, എന്ന ആശയം സുറിയാനി സഭാപിതാക്കന്മാർക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതെക്കുറിച്ചുള്ള അവരുടെ ആധ്യാത്മിക ചിന്തകൾക്ക് കടലോളം പരപ്പും ആഴവുമുണ്ട്.
വിശുദ്ധഗ്രന്ഥ പാരന്പര്യങ്ങളിൽ ‘ഹൃദയം’ നമ്മുടെ ശരീരത്തിലെ ഒരവയവം മാത്രമല്ല; മറിച്ച് മനുഷ്യവ്യക്തിയുടെ കേന്ദ്രമാണ് - അവന്റെ കാന്പാണ് - അവനിലെ ബാഹ്യ മനുഷ്യന്റെയും ആന്തരിക മനുഷ്യന്റെയും കേന്ദ്രം - ഒരുവന്റെ വികാരങ്ങളുടെയും മനസിന്റെയും ബുദ്ധിയുടെയും ഇരിപ്പിടം. അതിന്റെ സ്ഥാനം നിർണയിക്കാനാവില്ല.
മനുഷ്യന് ദൈവവുമായുള്ള സന്പർക്കം സാധ്യമാകുന്ന സ്ഥലമാണത്. സങ്കീ 27,8ൽ പറയുന്നതനുസരിച്ച് ഹൃദയമാണ് ദൈവത്തോട് സംസാരിക്കുക. മത്താ 6,6ൽ “തന്റെ മുറിയിൽ കടന്ന് വാതിലടച്ച് രഹസ്യത്തിൽ പ്രാർത്ഥിക്കുക” എന്നു പറയുന്നത് ഹൃദയത്തെക്കുറിച്ചാണെന്നാണ് സുറിയാനി പിതാവായ അഫ്രഹാത്ത് വ്യാഖ്യാനിക്കുന്നത്.
അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ മുറി ഹൃദയവും വാതിൽ ‘അധരങ്ങളു’മാണ്. ഹൃദയപരിശുദ്ധിയും മനഃശുദ്ധിയും ഒന്നല്ലെന്നും പിതാക്കന്മാർ പഠിപ്പിക്കുന്നു. ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സുറിയാനി പിതാവായ നിനിവേയിലെ ഇസഹാക്ക് പറയുന്നത് മനഃശുദ്ധിയും ഹൃദയശുദ്ധിയും തമ്മിലുള്ള വ്യത്യാസം ഒരു അവയവവും എല്ലാ അവയവങ്ങളും തമ്മിലുള്ള വ്യത്യാസമാണെന്നാണ്.
ഹൃദയ പ്രാർഥന എന്നു നാം പലപ്പോഴും കേട്ടിട്ടുണ്ട്. പല ആധ്യാത്മിക ഗ്രന്ഥങ്ങളും ഹൃദയപ്രാർഥനയെ ‘ഈശോനാമജപം’ പോലെയുള്ള ചില അഭ്യസനങ്ങളും ചെറിയ പ്രാർഥനകളുടെ ആവർത്തിച്ചുള്ള ഉരുവിടലുമൊക്കെയായി കരുതുന്നുണ്ട്. എന്നാൽ സുറിയാനി പിതാക്കന്മാർക്കു ‘ഹൃദയപ്രാർഥന’ എന്തെങ്കിലും അഭ്യസനമല്ല മറിച്ച് ‘നിർമല ഹൃദയം’ തന്നെയാണ്; അതായത് പരിപൂർണനാക്കപ്പെട്ട വ്യക്തി തന്നെയാണ്.
“ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും” (മത്താ 5,8) എന്ന വിശുദ്ധഗ്രന്ഥഭാഗവും ദൈവവുമായുള്ള സമാഗമത്തിന് ഹൃദയശുദ്ധി എത്രമാത്രം ആവശ്യമാണെന്ന് വെളിവാക്കുന്നുണ്ട്. പിതാക്കന്മാരുടെ ഭാഷ്യമനുസരിച്ച് കർത്താവ് നോക്കുന്നത് ആരാധകന്റെ അർപ്പണവസ്തുവിന്റെ ഗുണമേന്മയിലേക്കല്ല, പ്രത്യുത അവന്റെ ഹൃദയത്തിന്റെ നിർമലതയിലേക്കാണ്.
ആബേലർപ്പിച്ച ബലിവസ്തുവല്ല മറിച്ച് അവന്റെ നിർമല ഹൃദയമായിരുന്നു ദൈവത്തിനുള്ള സ്വീകാര്യ ബലി. പഴയനിയമ വിവരണമനുസരിച്ച് ബലിപീഠത്തിൽ അർപ്പിക്കപ്പെടുന്ന ബലിവസ്തുക്കളിൽ ദൈവം സംപ്രീതനാകുന്നതിന്റെ അടയാളമായിരുന്നു സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്ന അഗ്നി (1 രാജാ 18,38).
ഏഴാം നൂറ്റാണ്ടിലെ സുറിയാനി എഴുത്തുകാരനായ സഹദോണ ഇപ്രകാരം പറയുന്നു: പ്രാർഥിക്കുന്നവന്റെ ഹൃദയപരിശുദ്ധിയുടെ മാധുര്യമേറിയ രുചി അറിഞ്ഞ് ദൈവം തന്റെ റൂഹായാകുന്ന അഗ്നിയെ അയയ്ക്കുന്നു. ആ അഗ്നി നമ്മുടെ ബലികളെ ആഹരിക്കുകയും അവയോടൊപ്പം നമ്മുടെ മനസിനെ സ്വർഗത്തിലേക്കുയർത്തുകയും ചെയ്യുന്നു.
‘ഹൃദയശുദ്ധി’ ദൈവദർശനത്തിന് കാരണമാകുന്നത് എങ്ങനെയെന്നാണ് ഇവിടെ വ്യാഖ്യാനിക്കപ്പെടുന്നത്. നിർമല ഹൃദയമുള്ള ആരാധകനിൽ പ്രീതനായി അവനിലേക്ക് ദൈവമിറക്കുന്ന റൂഹായാകുന്ന അഗ്നി അവന്റെ ഹൃദയത്തെ സ്വർഗത്തിലേക്കുയർത്തി അവന് ദൈവ ദർശനം സാധ്യമാക്കുന്നു. അതായത് അവനെ യഥാർഥ ഉപവാസകനാക്കുന്നു.