ഭാസുര നയനം
സിസ്റ്റർ റോസ്ലിൻ എംടിഎസ്
Thursday, February 15, 2024 9:16 AM IST
ഉപവാസം അടുത്തുവസിക്കലാണെങ്കിൽ തന്പുരാന്റെ അടുത്തിരുന്ന് തിരുമുഖദർശനം നേടുക ഉപവാസകന്റെ പരമലക്ഷ്യമാണ്. എന്നാൽ, നമ്മുടെ ഭൗമിക നേത്രങ്ങൾക്കൊരിക്കലും ദൈവത്തെ കാണാനാകില്ല. വിശുദ്ധ ഗ്രന്ഥം പഠിപ്പിക്കുന്നതനുസരിച്ച്, ഹൃദയശുദ്ധിയുള്ളവർക്കാണു ദൈവത്തെ കാണാനാകുക (മത്താ 5:8). അത് അകക്കണ്ണുകൊണ്ടുള്ള കാഴ്ചയാണ്.
നിർമലഹൃദയം സ്വന്തമാക്കിയ ഒരുവനു ലഭിക്കുന്ന ഈ ഉൾക്കാഴ്ചയെ വിവരിക്കാൻ സുറിയാനി സഭയുടെ ആദരണീയ മല്പാന്മാർ ഉപയോഗിക്കുന്ന പ്രതിബിംബമാണു ഭാസുര നയനം (luminous eye). ‘വിശ്വാസത്തിന്റെ കണ്ണുകൾ’, ‘ഹൃദയത്തിന്റെ കണ്ണുകൾ’, ‘ആത്മാവിന്റെ ആന്തരിക നയനങ്ങൾ’ എന്നൊക്കെ ഇതറിയപ്പെടുന്നു. ശാരീരിക നയനങ്ങൾ പ്രവർത്തിക്കണമെങ്കിൽ പ്രകാശം ആവശ്യമാണെന്നു നമുക്കറിയാം.
അതുപോലെതന്നെ ഹൃദയത്തിന്റെ നയനങ്ങൾക്ക് അഥവാ ഭാസുര നയനത്തിന് വിശ്വാസമാകുന്ന പ്രകാശം ആവശ്യമാണ്. ശാരീരിക നയനങ്ങൾക്ക് അദൃശ്യമായവ ഭാസുര നയനങ്ങൾക്കു കാണാനാകുന്നു. സുറിയാനി എഴുത്തുകാരനായ സഹദോണ തന്റെ ‘പരിപൂർണതയുടെ ഗ്രന്ഥ’ത്തി (Book of Perfection)ൽ ഭാസുര നയനങ്ങളുടെ ഈ അതുല്യഭാഗ്യത്തെ ശ്ലാഘിക്കുന്നുണ്ട്:
“ഹൃദയത്തിന്റെ ഭാസുര നയനമേ നീ ഭാഗ്യവതി. സ്രാപ്പേന്മാർ ആരുടെ മുന്പിൽ മുഖം മറയ്ക്കുന്നുവോ അവനെ തന്റെ പരിശുദ്ധിയിൽ വീക്ഷിക്കുവാൻ നിനക്കു കഴിഞ്ഞു.”
സുറിയാനി പിതാവും മഹാകവിയുമായ മാർ അപ്രേമിനു വിശുദ്ധ ഗ്രന്ഥവും സൃഷ്ടപ്രപഞ്ചവും ദൈവത്തിന്റെ രണ്ടു സാക്ഷികളാണ്. ദൈവം മീട്ടുന്ന കിന്നരങ്ങളാണവ. പ്രകൃതി ദൈവത്തിന്റെ കൂദാശയാണ്. ദൈവം പ്രകൃതിയിലൂടെ പ്രതീകങ്ങൾ വഴി സംസാരിക്കുന്നു. മാർ അപ്രേമിന്റെ ഭാസുര നയനങ്ങൾക്കു പ്രപഞ്ചത്തിൽ എവിടെ നോക്കിയാലും ദൈവമഹത്വം ദർശിക്കാനായി.
പ്രകൃതി മുഴുവൻ, മണ്ണും വിണ്ണും പുഷ്പങ്ങളും പക്ഷിമൃഗാദികളും മനുഷ്യനുമെല്ലാം ദൈവത്തിന്റെ അദൃശ്യശക്തിയുടെ ദൃശ്യ അടയാളങ്ങളാണ്. ശിശുസഹജമായ നിഷ്കളങ്കത സ്വന്തമാക്കിയ അദ്ദേഹത്തിന്റെ നിർമല ഹൃദയത്തിനും അദ്ഭുതം നിറഞ്ഞ കണ്ണുകൾക്കും ഈ പ്രപഞ്ചത്തിൽ നിഗൂഢമായിരിക്കുന്ന ദൈവമഹത്വം കാണാനായപ്പോൾ ആ വിസ്മയത്തിൽ അദ്ദേഹം പാടി:
“എവിടേക്കു കണ്ണു തിരിച്ചാലും അവിടെയെല്ലാം ദൈവത്തിന്റെ അടയാളം.
എന്തൊക്കെ വായിച്ചാലും അവിടെയെല്ലാം അവന്റെ പ്രതീകങ്ങൾ.”
(കന്യാത്വഗീതങ്ങൾ 20:12).
വിശ്വാസത്തിന്റെ നയനങ്ങൾ സ്വന്തമായുള്ള ആർക്കും ഈ ഉൾക്കാഴ്ച സ്വന്തമാക്കാനാകുമെന്ന് അദ്ദേഹം പഠിപ്പിക്കുന്നു. ഉദാഹരണമായി, പ്രപഞ്ചത്തിൽ എവിടെ നോക്കിയാലും മാർ അപ്രേമിനു സ്ലീവാ ദർശിക്കാനായി. കപ്പലുകളുടെ പായ്മരത്തണ്ടിലും നിലം ഉഴുതുമറിക്കുന്ന കലപ്പയിലും കൈകൾ വിരിച്ചു പിടിക്കുന്ന മനുഷ്യനിലും ആകാശത്തു പറക്കുന്ന പക്ഷിയിലുമെല്ലാം അദ്ദേഹം കർത്താവിന്റെ സ്ലീവാ ദർശിച്ചു.
മനുഷ്യകരങ്ങളാൽ മനുഷ്യഭാഷയിൽ വിരചിക്കപ്പെട്ടിരിക്കുന്ന വിശുദ്ധ ഗ്രന്ഥവും ശാരീരിക നയനങ്ങൾക്ക് കേവലം അക്ഷരങ്ങളും ഭാഷാപ്രയോഗങ്ങളും മാത്രമാണ്. അവയിൽ നിഗൂഢമായിരിക്കുന്ന ദൈവികസന്ദേശം വായിച്ചറിയാൻ ‘ഭാസുര നയനം’ കൂടിയേ തീരൂ.
പള്ളിയിൽ പരിശുദ്ധ കുർബാനയർപ്പിക്കുന്പോൾ അടയാളങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയും നാം ആഘോഷിക്കുന്ന ദൈവികരഹസ്യങ്ങളുടെ പൊരുളുകളറിയാനും വിശ്വാസത്തിന്റെ നയനമുള്ളവനേ സാധിക്കൂ. അതില്ലാത്തവനു ദീർഘമായ പ്രാർഥനകളും പ്രതീകാത്മകമായ ആചരണങ്ങളുമൊക്കെ വിരസത ജനിപ്പിക്കുന്ന അർഥശൂന്യമായ ചെയ്തികൾ മാത്രമായേ അനുഭവപ്പെടൂ.