അധരങ്ങളുടെ ഫലമായ സ്തോത്രബലി
സിസ്റ്റർ റോസ്ലിൻ എംടിഎസ്
Thursday, February 15, 2024 9:19 AM IST
സുറിയാനി പാരന്പര്യത്തിൽപ്പെട്ട സഭകളുടെ കുർബാനക്രമത്തിലും യാമനമസ്ക്കാരത്തിലുമൊക്കെ വ്യാപകമായി കാണുന്ന ഒരു പ്രയോഗമാണ് “അധരങ്ങളുടെ ഫലമായ സ്തോത്രബലി’ എന്നത്. എന്താണ് ഈ അധരങ്ങളുടെ ഫലമായ സ്തോത്രബലി? എഡി 70ൽ ഓറശ്ലേം ദേവാലയം നശിപ്പിക്കപ്പെട്ടതോടെ ദേവാലയത്തിലെ ബലിയർപ്പണം നിലച്ചു.
മൃഗങ്ങളുടെ രക്തബലികൾക്ക് പകരം യഹൂദർ പ്രാർഥന ബലിയായി കരുതാൻ തുടങ്ങി (സങ്കീ 141,2). യഹൂദ സ്വാധീനമുണ്ടായിരുന്ന സുറിയാനി പിതാക്കന്മാരിൽ പലരും പ്രാർഥന ബലിയാണെന്ന് പഠിപ്പിച്ചിട്ടുണ്ട്. ബലിയർപ്പിക്കണമെങ്കിൽ ഒരു ബലിപീഠം-മദ്ബഹാ ആവശ്യമാണ്. എന്നാൽ പ്രാർഥനയാകുന്ന ‘അധരങ്ങളുടെ ഫലമായ സ്തോത്രബലി’ അർപ്പിക്കപ്പെടേണ്ട മദ്ബഹാ എവിടെയാണ്?
പിതാക്കന്മാരുടെ ഭാഷ്യമനുസരിച്ച് പ്രാർഥിക്കുന്നവന്റെ ഹൃദയമാണ് ഈ മദ്ബഹാ. പള്ളിയിലെ മദ്ബഹായിൽ അർപ്പിക്കപ്പെടുന്ന പരിശുദ്ധ കുർബാനയോട് ബന്ധപ്പെടുത്തിയാണ് ഹൃദയത്തിൽ നടക്കുന്ന ഈ ബലിയർപ്പണത്തെ പിതാക്കന്മാർ വ്യാഖ്യാനിക്കുന്നത്. പള്ളിയിലെ മദ്ബഹായിൽ അപ്പവും വീഞ്ഞും അർപ്പിക്കപ്പെടുന്പോൾ കർത്താവിന്റെ റൂഹാ ഇറങ്ങി ആ അർപ്പണം പൂർത്തിയാക്കി അവയെ ഈശോയുടെ ശരീരരക്തങ്ങളാക്കുന്നു.
ഇതുപോലെ ഒരു വ്യക്തി തന്റെ ഹൃദയമാകുന്ന മദ്ബഹായിൽ പ്രാർഥനയാകുന്ന രക്തരഹിതബലി അർപ്പിക്കുന്പോൾ ദൈവം തന്റെ റൂഹായെ ഹൃദയമാകുന്ന മദ്ബഹായിലേക്ക് ഇറക്കി പ്രാർഥിക്കുന്ന തന്റെ ആരാധകനെ തന്റെ സാന്നിധ്യം കുടികൊള്ളുന്ന പള്ളിയാക്കി മാറ്റുന്നു. ഒപ്പം അവന്റെ ഹൃദയത്തെ സ്വർഗീയ പള്ളിയിലേക്ക് ഉയർത്തുകയും ചെയ്യുന്നു. അതുകൊണ്ടാണ് പരിശുദ്ധമായ ഹൃദയം കർത്താവിന്റെ മണവറയാണെന്ന് പിതാക്കന്മാർ വ്യാഖ്യാനിക്കുന്നത്.
അധരങ്ങളുടെ സ്തോത്രബലി ദൈവത്തിന്റെ മുന്പിൽ സ്വീകാര്യമാക്കുന്നത് പ്രാർഥിക്കുന്നവന്റെ ഹൃദയത്തിന്റെ നൈർമല്യമാണ്; അതായത് ഒരുവൻ തന്റെ ജീവിതംതന്നെ പ്രാർഥനയാക്കുന്പോഴാണ്; ചുരുക്കത്തിൽ ജീവിതം പ്രാർഥനയും പ്രാർഥന ജീവിതവുമായി മാറുന്പോഴാണ്. അഞ്ചാം നൂറ്റാണ്ടിലെ സുറിയാനി പിതാവായ യോഹന്നാൻ ഈഹീദായ ഈ യാഥാർത്ഥ്യം വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്.
നിങ്ങൾ പ്രാർഥനകൾ ഉരുവിടുന്പോൾ ആത് ആവർത്തിക്കുക മാത്രം ചെയ്യാതിരിക്കുക. നിങ്ങളുടെ അസ്തിത്വം തന്നെ ആ വാക്കുകളായി തീരട്ടെ. അവ നിങ്ങളുടെ പ്രവൃത്തിയിലൂടെ പ്രകടമാകട്ടെ. നിങ്ങളിൽ നിങ്ങളുടെ പ്രവൃത്തികളായി രൂപപ്പെടാത്ത പ്രാർഥനയിലെ വാക്കുകൾക്ക് യാതൊരു പ്രയോജനവും ഇല്ല. ആ പ്രവർത്തനങ്ങൾ വഴി നിങ്ങൾ ദൈവമനുഷ്യരായി കാണപ്പെടണം.
‘അധരങ്ങളുടെ ഫലമായ സ്തോത്രബലി’ എന്ന ആശയം പള്ളിക്കുള്ളിൽ പള്ളികളായി നിലകൊള്ളേണ്ട സഭാതനയരുടെ ഗൗരവമേറിയ ഉത്തരവാദിത്വത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഹൃദയ മദ്ബഹായിൽ ജീവിതമാകുന്ന പ്രാർഥന ബലിയായി അർപ്പിക്കുന്ന വ്യക്തി റൂഹാലയമായി, പള്ളിയായി പരിണമിക്കേണ്ടിയിരിക്കുന്നു.
നോന്പുകാലം പ്രാർഥനയ്ക്കു പ്രാധാന്യം നല്കുന്ന കാലമാണ്. നമ്മുടെ പ്രാർഥനകൾ വെറും അധരവ്യായാമങ്ങൾ മാത്രമാകാതിരിക്കട്ടെ! മറിച്ച് അവ ജീവിതഗന്ധിയാവട്ടെ.
മനഃസാക്ഷിയുടെ നൈർമല്യത്തോടെ രാവും പകലും നമുക്കു പ്രാർഥിക്കാം. അത് നമ്മെ പ്രാർഥനയാക്കി മാറ്റട്ടെ...പ്രാർഥിച്ചു പ്രാർഥിച്ചു പ്രാർത്ഥനയാവാം.