ഉപവാസത്തിന്റെ ഭാവാത്മകത
സിസ്റ്റർ റോസ്ലിൻ എംടിഎസ്
Thursday, February 15, 2024 9:25 AM IST
"ഉപവാസം’ എന്ന നാമത്തിൽ ധ്വനിക്കുന്ന സാധാരണ അർഥം ഭക്ഷണസാധനങ്ങളോടു പുലർത്തുന്ന ബോധപൂർവമായ വിരക്തിയാണ്. എന്നാൽ ഭക്ഷിക്കാതിരിക്കുന്നവരെല്ലാം ഉപവാസകരല്ല. മാലാഖമാർ ഭക്ഷിക്കാത്തവരായാണു സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അവർ ഭക്ഷിക്കുന്നില്ലെന്നു കരുതി നാം അവരെ ഉപവാസകരെന്നു വിളിക്കാറില്ല. ഉപവാസകനും ഭക്ഷിക്കാതിരിക്കുന്ന മാലാഖയും തമ്മിൽ വലിയ വ്യത്യാസമുണ്ട്.
ഭക്ഷിക്കാത്ത മാലാഖ അവന്റെ സ്രഷ്ടാവിനാൽതന്നെ ഭക്ഷിക്കാത്തവനായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അത് അവന്റെ സ്ഥിരസ്വഭാവത്തിന്റെ ഭാഗമാണ്. എന്നാൽ ഉപവാസകൻ അങ്ങനെയല്ല. അവൻ ഭക്ഷണത്തോടുള്ള ആസക്തിക്കു വിധേയനാണ്. എങ്കിലും അവൻ നിയന്ത്രണം പാലിക്കുന്നു.
ഉപവാസം വഴി പ്രയോജനം ഉണ്ടാകുന്നത് ഭക്ഷണം കഴിക്കാത്ത മാലാഖമാർക്കല്ല, പ്രത്യുത ആസക്തിക്കു വിധേയരായ മനുഷ്യർക്കാണ്. എല്ലാവിധ അത്യാർത്തികളിൽനിന്നും ശരീരത്തെയും അതുവഴി മനസിനെയും കാത്തുസൂക്ഷിക്കാനുള്ള തങ്ങളുടെ സന്നദ്ധതയാണ് ഉപവാസത്തിൽ അവർ പ്രകാശിപ്പിക്കുന്നത്.
കുതിരയ്ക്കു തന്റെ സ്വന്തം മനസിന്റെ തോന്നലുകൾക്കനുസരിച്ചു കുതിക്കുന്നതിൽനിന്നു കടിഞ്ഞാണ് തടയിടുന്നു. അതുപോലെ, മനുഷ്യശരീരത്തിലെ പ്രാകൃതവും മൃഗീയവുമായ പ്രവണതകളെ കീഴടക്കാനും ശുദ്ധീകരിക്കാനും ഒരുവനെ ഉപവാസം സഹായിക്കുന്നു.
സുറിയാനി പാരന്പര്യത്തിൽ നോന്പുകാലത്തെ സവിശേഷ ആചരണങ്ങളായി കരുതിയിരുന്നത് പ്രാർഥനയും ഉപവാസവും ദാനധർമവുമാണ്. ഉപവാസം ദൈവത്തിന്റെ മുന്പാകെ സ്വർഗത്തിലെ നിക്ഷേപമായി പരിഗണിക്കപ്പെടുന്നു. ദുഷ്ടനെതിരേയുള്ള ആയുധവും ശത്രുവിന്റെ അന്പുകളെ തടുക്കാനുള്ള പടച്ചട്ടയുമാണത്. എന്നാൽ എന്താണ് ഈ ഉപവാസം? സുറിയാനിപിതാവും "പേർഷ്യൻ മുനി’ എന്ന അപരനാമത്തിൽ വിഖ്യാതനുമായ അഫ്രഹാത്ത് ഉപവാസത്തെ വർണിക്കുന്നത് ഇപ്രകാരമാണ്:
“അപ്പവും വെള്ളവും ഉപേക്ഷിക്കൽ അല്ല ഉപവാസം. അതു മാനസികവും ആത്മീയവുമായ ഉപവാസത്തിനു സഹായകമാകണം. ... വിശക്കുന്നതുവരെയും ദാഹിക്കുന്നതുവരെയും അപ്പവും വെള്ളവും വേണ്ട എന്നുവയ്ക്കുന്നവരുണ്ട്.
വിശന്നാലും ഭക്ഷിക്കാത്തവരും ദാഹിച്ചാലും പാനം ചെയ്യാത്തവരുമുണ്ട്. പരിശുദ്ധിയിൽ തുടരാനായി ലൈംഗികബന്ധങ്ങൾ വേണ്ടെന്നുവയ്ക്കുന്നവരുണ്ട്. തന്റെ ദേഷ്യത്തിനു കടിഞ്ഞാണിടാനും പാഴ്വാക്കുകൾ ഉച്ചരിക്കാതിരിക്കാനുമായി കാവൽ ഏർപ്പെടുത്തുന്നവരുണ്ട്. വെറും കൈയോടെ അധ്വാനിക്കാനായി സന്പാദ്യങ്ങൾ ശേഖരിക്കാത്തവരുണ്ട്.
പ്രാർഥനയിൽ ജാഗ്രത നിലനിർത്താൻ മെത്തകൾ ഉപേക്ഷിക്കുന്നവരുണ്ട്. ഇതെല്ലാം ഒരുമിച്ച് തങ്ങളുടെ ഉപവാസത്തിന്റെ ശൈലിയാക്കുന്നവരുമുണ്ട്.” ചുരുക്കത്തിൽ ഉപവാസം ഭക്ഷണമുപേക്ഷിക്കലിൽമാത്രം പരിമിതപ്പെടുത്തരുത്. ദൈവത്തിലേക്കും ദൈവത്തിന്റെ ഛായയായ മനുഷ്യനിലേക്കും നമ്മെ അടുപ്പിക്കുന്നില്ലെങ്കിൽ നമ്മുടെ ഉപവാസം തികച്ചും വ്യർഥമാണെന്നു നാം മറക്കരുത്.