നിർമല ദർപ്പണങ്ങൾ
സിസ്റ്റര് റോസ് ലിന് എംടിഎസ് ബേസ് തോമാ ദയറ, പാലമറ്റം
Sunday, February 18, 2024 10:12 AM IST
ഉപവാസകൻ ആർജിച്ചെടുക്കേണ്ട ഹൃദയശുദ്ധി അവനിൽ വരുത്തുന്ന രൂപാന്തരീകരണത്തെ ആവിഷ്കരിക്കാൻ സുറിയാനി പിതാക്കന്മാർ ഉപയോഗിച്ച സുന്ദരമായ ഒരു പ്രതിബിംബമാണ് നിർമല ദർപ്പണം.
നിർമല ഹൃദയമുള്ളവൻ തന്നിലും തന്റെ ചുറ്റുമുള്ളവരിലും വിശുദ്ധഗ്രന്ഥത്തിലും പ്രപഞ്ചത്തിലും സഭയിലുമെല്ലാം നിറഞ്ഞു നിൽക്കുന്ന ദൈവത്തെ സദാ ദർശിച്ചുകൊണ്ടിരിക്കുന്നു. ദൈവത്തെ നോക്കിയിരിക്കുന്ന അവൻ അഗ്നിയിൽ വയ്ക്കപ്പെട്ട ഇരുന്പ് അഗ്നി സമാനം ശോഭിക്കുന്നതുപോലെ തന്നിൽ ദൈവിക സത്തയെ പ്രതിഫലിപ്പിക്കുന്ന നിർമല ദർപണമായി പ്രശോഭിക്കുന്നു.
നിർമല ദർപ്പണം എന്ന പ്രതിരൂപത്തിന്റെ അടിസ്ഥാനം മനുഷ്യൻ ദൈവത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്നതാണ് (ഉൽപ്പ 1,26-27). എന്നാൽ പാപം ചെയ്ത മനുഷ്യൻ ഈ ഛായയ്ക്കു മങ്ങലേൽപിച്ചു. വിരൂപമാക്കപ്പെട്ട മനുഷ്യഛായയ്ക്കു ദൈവത്തെ പ്രതിഫലിപ്പിക്കാൻ സാധ്യമല്ല. അതുകൊണ്ടു താൻ സൃഷ്ടിക്കപ്പെട്ട ആദിമപരിശുദ്ധിയിലേക്ക് ഒരുവൻ കടന്നുചെന്നാൽ മാത്രമേ അവന് ഒരു നിർമല ദർപണമായി ദൈവികഛായയെ പ്രതിഫലിപ്പിക്കാനാകൂ.
മാമ്മോദീസായിൽ ഒരുവനിൽ ആദിപിതാവായ ആദത്തിന്റെ പാപംമൂലം മനുഷ്യവംശത്തിനു നഷ്ടമായ ഈ ആദിമ പരിശുദ്ധി പുനഃപ്രതിഷ്ഠിക്കപ്പെടുന്നുണ്ട്. ആ പരിശുദ്ധിയിൽ നിലനിൽക്കാനായി വ്യക്തി നടത്തുന്ന എല്ലാ പ്രയത്നങ്ങളും തന്റെ ഹൃദയമാകുന്ന ദർപണത്തെ നിർമലമായി സൂക്ഷിക്കാനുള്ള തേച്ചുമിനുക്കലുകളാണ്.
അതു തന്നെയാണ് അയാളുടെ തപസ്. കാരണം പുരാതന കാലത്തെ കണ്ണാടികൾ നമ്മുടെ ആറന്മുള കണ്ണാടി പോലെ ലോഹംകൊണ്ടു നിർമിച്ചവയായിരുന്നു. അവ എത്രയധികമായി തേച്ചുമിനുക്കി സൂക്ഷിക്കുന്നുവോ അത്രകണ്ട് അതിൽ നോക്കുന്നവന്റെ മുഖം ശരിയായി പ്രതിഫലിപ്പിക്കാൻ അതിനു കഴിഞ്ഞിരുന്നു.
സീറോമലബാർ സഭയുടെ കുർബാനയിലെ വചനശുശ്രൂഷയിൽ ലേഖനം വായിക്കുന്ന മ്ശംശാനയ്ക്ക് ആശീർവാദം നൽകി കാർമികൻ പ്രാർത്ഥിക്കുന്നു: അവിടന്ന് തന്റെ കൃപാതിരേകത്താൽ നിന്നെ നിർമല ദർപണമാക്കുകയും ചെയ്യട്ടെ’’. ഇപ്രകാരം സ്വഹൃദയത്തെ നിർമലദർപണമായി സൂക്ഷിക്കാൻ തപസനുഷ്ഠിക്കുന്നവന്റെ മുന്നിൽ ദൈവികരഹസ്യങ്ങളെ പ്രതിഫലിപ്പിച്ചുകൊണ്ട് ഈ പ്രപഞ്ചം ഒരു ദർപണമായി പ്രശോഭിക്കുന്നു.
അതിൽ എവിടെ നോക്കിയാലും അവനു ദൈവികമഹത്വം ദർശിക്കാനാകും. വിശുദ്ധ ഗ്രന്ഥവും അവനു മുന്പിൽ ദർപണമായി പ്രശോഭിക്കും. മാർ അപ്രേം തന്റെ ശിഷ്യനായ പുബ്ലിയൂസ് എന്ന ഏകാന്തവാസിക്ക് എഴുതിയ കത്തിൽ ഈ യാഥാർഥ്യം സുന്ദരമായി വിവരിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു:
നിന്റെ കർത്താവിന്റെ വിശുദ്ധ സുവിശേഷം ആകുന്ന തിളങ്ങുന്ന കണ്ണാടി നിന്റെ കൈകളിൽനിന്നു താഴെ വീഴാൻ നീ അനുവദിക്കരുത്. അതിനെ നോക്കുന്ന ഓരോരുത്തരുടെയും ഛായയും അതിലേക്കു സൂക്ഷിച്ചു നോക്കുന്ന ഓരോരുത്തരുടെയും സാദൃശ്യവും അത് പ്രതിഫലിപ്പിക്കുന്നു... അതിൽ നോക്കുന്ന സുന്ദരരുടെ സൗന്ദര്യം അതിനുള്ളിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. നിന്ദ്യരായ വിരൂപരുടെ വൈരൂപ്യങ്ങളും അതിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.
ഈ സ്വാഭാവിക കണ്ണാടി സുവിശേഷത്തിന്റെ പ്രതീകമായിരിക്കുന്നതുപോലെ സുവിശേഷം വാടിപ്പോകാത്ത ആ സ്വർഗീയ സൗന്ദര്യത്തിന്റെ പ്രതീകമാണ്... ഈ കണ്ണാടിയിലേക്ക് സൂക്ഷിച്ചു നോക്കുന്നവർക്കു തങ്ങളുടെ പാപങ്ങൾ അതിൽ ദൃശ്യമാണ്... അവിടെ സ്വർഗരാജ്യം ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.
നിർമലമായ നയനമുള്ളവർക്ക് അത് ദർശിക്കാനാകും. അവിടെ നല്ലവരുടെ മഹോന്നത പദ്ധതികൾ ദൃശ്യമാണ്... ഒപ്പം ഗേഹന്നായിൽ വസിക്കാൻ അർഹരായവർക്ക് അതിലെ ജ്വാലകളും ഈ കണ്ണാടിയിൽ കാണാം.