പരിച്ഛേദിക്കപ്പെട്ട ഹൃദയം: പരിശുദ്ധ മദ്ബഹ
സിസ്റ്റര് റോസ് ലിന് എംടിഎസ് ബേസ് തോമാ ദയറ, പാലമറ്റം
Monday, February 19, 2024 4:00 PM IST
“ഹൃദയത്തിന്റെ പരിച്ഛേദനം” വിശാലമായ അർഥമുൾക്കൊള്ളുന്ന ഒരു വിശുദ്ധ ഗ്രന്ഥപ്രയോഗമാണ് (നിയ 10;16, ഉൽപ 17; 7-14, റോമ 2; 29, കൊളോ 2; 11-12). ആദിമ സഭാപിതാക്കന്മാരിൽ പലരും ഇതിനു വ്യാഖ്യാനങ്ങൾ നൽകാൻ ശ്രമിച്ചിട്ടുണ്ട്. ഹൃദയത്തിനു പുറമെ ശരീരത്തിന്റെയും (എസ 44, 9) കാതുകളുടെയും (ജറ 6,10) അധരങ്ങളുടെയും (പുറ 4,10) പരിച്ഛേദനത്തെക്കുറിച്ചുുള്ള സൂചനകൾ വിശുദ്ധഗ്രന്ഥത്തിൽ കാണാം.
ഈ പരിച്ഛേദനങ്ങളുടെയെല്ലാം ആകെത്തുകയാണു ഹൃദയത്തിന്റെ പരിച്ഛേദനം. കാരണം ഹൃദയം സമഗ്രവ്യക്തിയുടെ പ്രതീകമാണ്. ഹൃദയം പരിച്ഛേദിക്കപ്പെടണമെങ്കിൽ നമ്മുടെ സമസ്ത അവയവങ്ങളും പരിച്ഛേദിക്കപ്പെടണം. സഭാപിതാക്കന്മാർ ഇവയ്ക്കു നൽകുന്ന ആത്മീയവ്യാഖ്യാനങ്ങൾ ശ്രദ്ധേയമാണ്.
വ്യർഥസംസാരം, അപവാദങ്ങൾ, നുണകൾ, പരദൂഷണം, ദൈവദൂഷണം ഇവയിൽനിന്നെല്ലാം സ്വന്തം അധരങ്ങളെ കാത്തു സംരക്ഷിക്കാൻ ഒരുവൻ നടത്തുന്ന യത്നങ്ങളാണ് അധരത്തിന്റെ പരിച്ഛേദനം. “കർത്താവേ എന്റെ അധരങ്ങൾക്കു കാവൽ നിറുത്തണമേ’’എന്ന സങ്കീർത്തകന്റെ പ്രാർഥന (സങ്കീ 141;3) പരിച്ഛേദിത അധരങ്ങൾ സ്വന്തമാക്കാനുള്ള ആരാധകന്റെ ആഗ്രഹത്തിന്റെ പ്രകാശനമാണ്. സത്യവിശ്വാസത്തിന് എതിരായ പാഷണ്ഡതകൾ പഠിപ്പിക്കുന്നവർ അപരിച്ഛേദിത അധരങ്ങളുള്ളവരാണ്.
നമ്മുടെ ശരീരവും അക്ഷരാർഥത്തിലല്ല മറിച്ച് ആത്മീയമായി പരിച്ഛേദിക്കപ്പെടേണ്ടിയിരിക്കുന്നു. അതായതു ശരീരത്തിന്റെ എല്ലാ തലങ്ങളിലുമുള്ള മോഹങ്ങളിൽനിന്നും ദുരാശകളിൽനിന്നും ലൈംഗിക വൈകൃതങ്ങളിൽനിന്നും വ്യഭിചാരത്തിൽനിന്നും ഓടിയകന്നു തങ്ങളുടെ ജീവിത സ്ഥിതിക്കനുസൃതം ശുദ്ധത പാലിക്കുന്പോൾ നാം നമ്മുടെ ശരീരത്തിന്റെ പരിച്ഛേദനമാണു നടത്തുന്നത്. നമ്മുടെ ശരീരങ്ങളെ നാം പവിത്രമായി കാക്കുന്പോൾ ദൈവത്തിന്റെ ഉടന്പടി അവിടെ സത്യമായും സംരക്ഷിക്കപ്പെടുന്നു.
നമ്മുടെ കൈകൾ മോഷണത്തിൽനിന്നും കൊള്ളയിൽനിന്നും കൊലയിൽനിന്നും ഛേദിക്കപ്പെട്ടു ദൈവിക കർമങ്ങൾക്കായി മാത്രം നീട്ടപ്പെടണം. രക്തം ചിന്തലിൽ നിന്നും ദുഷ്ടന്മാരുടെ സദസിൽനിന്നും പിന്തിരിഞ്ഞു ദൈവകല്പനകൾക്കനുസൃതം നടക്കാൻ നമ്മുടെ പാദങ്ങളും പരിച്ഛേദിക്കപ്പെടണം. മറുള്ളവരുടെ വസ്തുക്കളിലും അവരുടെ പങ്കാളിയിലും ദൃഷ്ടി പതിപ്പിക്കാതെ ഉന്നതത്തിലുള്ളവയെ നിരന്തരം ധ്യാനിക്കത്തക്കവിധം നമ്മുടെ നയനങ്ങളെ നാം പരിച്ഛേദിക്കണം.
ഉദരത്തെ ദൈവമായി കരുതാതെ ഭോജനാസക്തിയെ നിയന്ത്രിച്ച് ഉപവാസത്തിന്റെ സ്നേഹിതരാകുന്നവരും ലോകത്തിന്റെ വശ്യപരിമളം വെടിഞ്ഞു സുവിശേഷത്തിന്റെ സുഗന്ധം സന്പാദിക്കാൻ യത്നിക്കുന്നവരും തങ്ങളുടെ ഇന്ദ്രിയങ്ങൾ പരിച്ഛേദിതമായി കാക്കുന്നവരാണ്.
ദൈവഹിതം നിറവേറ്റാൻ ശ്രമിക്കുന്പോൾ നമ്മുടെ എല്ലാ അവയവങ്ങളും പരിച്ഛേദനത്തിന്റെ നൊന്പരമറിയും. നമ്മുടെ ഹൃദയം പരിച്ഛേദിതമാകും. പരിശുദ്ധമാക്കപ്പെട്ട ആ ഹൃദയം ദൈവം കുടികൊള്ളുന്ന പരിശുദ്ധ മദ്ബഹയായി പരിശോഭിക്കും.